sections
MORE

ലണ്ടനിൽ 30 വർഷം ഇന്ത്യൻ റസ്റ്ററന്റ് നടത്തി; ഇപ്പോൾ പുതിയ ദൗത്യവുമായി കേരളത്തിൽ...

ruchirasa
SHARE


നല്ല പുട്ട്, നാടൻ അരിയുടെ ദോശയും ഇഡ്ഢലിയും, ചമ്മന്തിയും സമോവർ ചായയും. കേൾക്കുമ്പോൾത്തന്നെ കഴിക്കണമെന്നു തോന്നിയില്ലേ.  ചാലക്കുടിക്കടുത്തു മുരിങ്ങൂർ‌ ജംക്‌ഷനിലെ രസ ഇന്ത്യ എന്ന റസ്റ്ററന്റ് തുറന്നിരിക്കുന്നതു അതിനുവേണ്ടിയാണ്. നാട്ടുകാർക്കു നല്ല സദ്യയും പ്രാതലും കൊടുക്കാൻ. ലണ്ടനിൽ 2 റസ്റ്ററന്റുള്ള രസ ഗ്രൂപ്പ് ഇന്ത്യയിൽ ആദ്യമെത്തിയതു മുരിങ്ങൂരാണ്. കാരണം ലണ്ടനിലെ രസ ഗ്രൂപ്പ് ഉടമ ദാസ് ശ്രീധരൻ ഇപ്പോൾ മിക്ക സമയവുമുള്ളത് ഇതിനടുത്താണ്.

ലണ്ടനിൽ 30 വർഷം വെജിറ്റേറിയൻ ഇന്ത്യൻ റസ്റ്ററന്റ് നടത്തിയ ദാസിനു നാട്ടിലെത്തിയപ്പോഴാണ് മനസ്സിലാകുന്നത് ദോശയും പുട്ടുമെല്ലാം നാടുവിടാൻ കുപ്പായമിട്ടു നിൽക്കുകയാണെന്ന്. അതോടെ കേരളത്തിൽ‌ നാടൻഭക്ഷണത്തിന്റെ ശൃംഘല തുടങ്ങുകയെന്ന ലക്ഷ്യവുമായി എല്ലാ മാസവും ദാസ് നാട്ടിലെത്താൻ തുടങ്ങി. നല്ല നാടൻ പാചകക്കാരെ കിട്ടാനില്ലാതെ വന്നതോടെ അതിനുള്ള ശ്രമമായി.

പാചകത്തോടു മമതയുള്ളവരെ കണ്ടെത്തി കൊണ്ടുവന്നു രസ ഗുരുകുല എന്ന റിസോർട്ടിൽ  പരിശീലിപ്പിച്ചു തുടങ്ങി. അവരാണു രസയെന്ന റസ്റ്ററന്റിന്റെ നടത്തിപ്പുകാർ.  വിഭവങ്ങളുടെ വലിയ പട്ടിക രസയിലില്ല.   രസയുടെ സ്വന്തം കൃഷിയിടത്തിലുള്ള പച്ചക്കറിയും അരിയുമാണു ഉപയോഗിക്കുക. പൂർണമായും രാസവളമില്ലാത്ത പച്ചക്കറിയും അരിയും. രാവിലെ 7നു ദോശയോടു കൂടി തുടങ്ങും. സമോവറിൽ ചായയുണ്ടാക്കാനറിയുന്ന ചായ മാസ്റ്ററെ തപ്പിപ്പിടിച്ചു കൊണ്ടുവന്നിട്ടുണ്ട്. ചില്ലു ഗ്ലാസിൽ നല്ല നാടൻ ചായ.

thrissur-Rasa-India-Restaurant
ചാലക്കുടിക്കടുത്തു മുരിങ്ങൂർ‌ ജംക്‌ഷനിലെ രസ ഇന്ത്യ റസ്റ്ററന്റ്.

ദോശയും പുട്ടുമാണ് രാവിലത്തെ വിഭവങ്ങൾ. അട പോലുള്ള സാധനങ്ങളും കിട്ടും. ഉച്ചയോടെ സദ്യ തുടങ്ങുകയാണ്. ഇലയിട്ടു നാടൻ സദ്യ. കല്യാണത്തിനു വിളമ്പാറുള്ള തമിഴ് ചുവയുള്ള സദ്യയല്ല. കായ ഉപ്പേരിയും സാമ്പാറും കടലയും പരിപ്പും ഓലനുമെല്ലാമുള്ള നാടൻ സദ്യ. ഉണക്കലരിയുടെയോ ഗോതമ്പിന്റെയോ പായസവും.

വൈകിട്ട് ഉണ്ണിയപ്പത്തിനുവേണ്ടി മാത്രമുള്ള തട്ടുകട തുടങ്ങും. ഉണക്കലരിയുടെ ഉണ്ണിയപ്പം. ബേക്കറികളിൽ കിട്ടുന്നതുപോലുള്ള മൈദ ചേർത്ത ഉണ്ണിയപ്പമല്ല, പഴയ നാടൻ നെയ്യപ്പംതന്നെ. ചായയും പരിപ്പുവടയും ഉഴുന്നുവടയുമെല്ലാം വൈകിട്ടു കിട്ടും.  രസയുടെ കഞ്ഞി തേടി ദുരെനിന്നുപോലും ആളുകൾ എത്തുന്നു. ചെറുപയറും നാളികേരപ്പാലുമെല്ലാം ചേർന്ന കഞ്ഞിയും ചമ്മന്തിയും ഉപ്പേരിയും പപ്പടവും ഏതു സമയത്തും തയാറാണ്.

ചേന പെപ്പർ ഫ്രൈപോലുള്ള വിഭവങ്ങളും ചപ്പാത്തിക്കു കൂട്ടിനുണ്ട്. മൈദ ചേരാത്ത ചപ്പാത്തിയാണു നൽകുന്നത്. കഞ്ഞിയിലൂടെ നമ്മുടെ പാരമ്പര്യംതന്നെയാണു തിരിച്ചുപിടിക്കുന്നതെന്നു ദാസ് കരുതുന്നു. പരിസരത്തെ നാട്ടുകാർക്കു അവരുടെ പച്ചക്കറിയും അച്ചാറും ചക്കവരട്ടിയുമെല്ലാം ഇവിടെ കൊണ്ടുവന്നു വിൽക്കാനും സൗകര്യമുണ്ട്.ദേശീയപാതയിൽ പലയിടത്തും രസ തുടങ്ങാനുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.


തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA