കളക്ടർ ബ്രോയുടെ 'ചാലഞ്ച്' ഏറ്റെടുത്ത് തുമ്മാരുകുടി, 10 മിനിറ്റ് റെസിപ്പി റെഡി !

Grilled Salmon
SHARE

പാചകത്തിന് വേണ്ടി ആളുകൾ ഏറെ സമയം കളയുന്നത് കുറയ്ക്കാൻ ഫേസ്ബുക്കിൽ പോസ്റ്റിട്ട മുരളി തുമ്മാരുകുടിയോട് ആളുകൾക്ക് ചോദിക്കാനുണ്ടായിരുന്നത് കുറഞ്ഞ സമയം കൊണ്ട് തയാറാക്കാവുന്ന വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണ്. ഇതാ പറക്കുന്ന വിമാനത്തിൽ നിന്നൊരു ഉഗ്രൻ ജനീവ സ്പെഷൽ ഗ്രിൽഡ് സാൽമൺ ഇൻ വൈറ്റ് വൈൻ, മൊത്തം 10 മിനിറ്റ്!.

മുരളി തുമ്മാരുകുടിയുടെ പാചകക്കുറിപ്പിന്റെ പൂർണരൂപം;

ദുബായിൽ നിന്നും ജനീവക്ക് വിമാനത്തിൽ കയറിയതായിരുന്നു ഇന്നലെ. പണ്ടൊക്കെ വിമാനത്തിൽ കയറിയാൽ പിന്നെ ഇമെയിലും ഇന്റർനെറ്റും ഒന്നുമില്ല, അതുകൊണ്ട് വായിക്കുകയോ സിനിമ കാണുകയോ ഒക്കെയാണ് പതിവ്. പക്ഷെ കാലം മാറി, വിമാനത്തിൽ തന്നെ ഇപ്പോൾ ഹൈസ്പീഡ് ഇന്റർനെറ്റ് ഉണ്ട്, അതുകൊണ്ട് ഫേസ്ബുക്ക് സുഹൃത്തുക്കളും ആയി സംവദിക്കാം എന്ന് കരുതി.

പാചകത്തിന് വേണ്ടി ആളുകൾ ഏറെ സമയം കളയുന്നു എന്നൊരു പരാതി എനിക്ക് പണ്ടേ ഉണ്ട്. അങ്ങനെയാണ് പാചകം പോസ്റ്റ് എഴുതിയത്. പോസ്റ്റിട്ട് പത്തു മിനിറ്റിനകം തന്നെ സംഗതി വൈറൽ ആകും എന്നെനിക്ക് മനസ്സിലായി. ചറപറാ കമന്റ്റ് വരാൻ തുടങ്ങി, അര മണിക്കൂറിനകം ആയിരം ലൈക്ക് കടന്നു, ഒരു മണിക്കൂറിനുള്ളിൽ ഓൺലൈൻ മാധ്യമങ്ങളിൽ വരാൻ തുടങ്ങി..

അപ്പോഴാണ് ബ്രോയുടെ വരവ്.

"ഡയലോഗ് അടിക്കാതെ റെസിപ്പി പോസ്റ്റ് സ്വാമീ" എന്നൊരു വെല്ലുവിളി.

നാല്പതിനായിരം അടി മുകളിൽ ഇരുന്ന് ഞാൻ എങ്ങനെയാണ് ഇൻസ്റ്റന്റ് പാചകം കാണിച്ചു കൊടുക്കുന്നത്.

"നിങ്ങൾ അല്ലേ ഇൻസ്‌പെക്ടർ, നിങ്ങൾ തന്നെ ഉണ്ടാക്കിയാൽ മതി" എന്നൊക്കെ ഞാൻ പറഞ്ഞു നോക്കി.

"ങ്ങളല്ലേ മൂത്തത്, ങ്ങൾ ഉണ്ടാക്കിക്കോളീ" എന്ന് ബ്രോ.

അപ്പൊ ബ്രോക്കും മറ്റനവധി സുഹൃത്തുക്കൾക്കും വേണ്ടി ഞാൻ തന്നെ കണ്ടുപിടിച്ച എന്റെ റെസിപ്പി ഇവിടെ. ഗ്രിൽഡ് സാൽമൺ ഇൻ വൈറ്റ് വൈൻ, ജനീവ സ്റ്റൈൽ".

ചേരുവകൾ

  • സാൽമൺ ഫിലെ - 300 ഗ്രാം
  • ജെനോവ സ്പെഷ്യൽ പെസ്റ്റോ - 3 സ്പൂൺ (ബേസിൽ ഇലകൾ, ചീസ്, ഒലിവ് ഓയിൽ ഇവ കൂട്ടി അരച്ചതാണ്)
  • ചെറിയ ഉരുളക്കിഴങ്ങ് - 2 എണ്ണം
  • ചെറി റ്റൊമാറ്റോ - 2 എണ്ണം
  • വൈറ്റ് വൈൻ - 50 മില്ലി

പാചകം ചെയ്യേണ്ട വിധം

സാൽമൺ നന്നായി കഴുകി ജെനോവ പെസ്റ്റോ കൊണ്ട് മാരിനേറ്റ് ചെയ്യുക. മാരിനേറ്റ് ചെയ്‌ത സാൽമൺ മൈക്രോവേവ് ചെയ്യാവുന്ന ഒരു പാത്രത്തിൽ വച്ച് അതിന് ചുറ്റും രണ്ടായി മുറിച്ച ഉരുളക്കിഴങ്ങും ചെറി റ്റൊമാറ്റോയും വയ്ക്കുക. 50 മില്ലി വൈറ്റ് വൈൻ പാത്രത്തിൽ ഒഴിക്കുക, പാത്രം വേണ്ട തരത്തിൽ സീൽ ചെയ്ത് ആറു മിനുട്ട് മൈക്രോവേവ് ചെയ്യുക. മൈക്രോവേവ് ഓഫ് ആയി അഞ്ചു മിനുട്ട് കഴിഞ്ഞാൽ എടുത്ത് ഉപയോഗിക്കാം.

(ജനീവ ഒക്കെ ആയത് കൊണ്ട് വൈൻ ചുമ്മാ സ്റ്റൈലിന് ഒഴിക്കുന്നതാണ് കേട്ടോ, വൈൻ പറ്റാത്തവർക്ക് സ്പ്രൈറ്റ് ഒഴിച്ചാലും കുഴപ്പമില്ല, സത്യം).

സമയം - മൊത്തം 10 മിനിറ്റ്, ഒരു ഗ്ലാസ് വൈനിന്റെ കൂടെ ഗംഭീരം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA