ADVERTISEMENT

കർക്കടകത്തിൽ ഔഷധക്കഞ്ഞിയാണു നമുക്കു ശീലം. രാജ്യത്തിന്റെ പല ഭാഗത്തും ഔഷധവീര്യം കൊണ്ട് പേരുകേട്ട പല ധാന്യങ്ങളും ഫലങ്ങളും പ്രചാരത്തിലുണ്ട്.

ജീവകവും, ധാതുസമ്പുഷ്ടവുമാണ് കർണാടകയിൽ വ്യാപകമായി കൃഷി ചെയ്യുന്ന ഡിയാന അരി. ഉയർന്ന ഫൈബറാണ് ഈ അരിയുടെ മറ്റൊരു പ്രത്യേകത. പ്രമേഹ രോഗികൾക്ക് ധൈര്യമായി കഴിക്കാവുന്ന അരിയാണ് ഡിയാന.

ഉത്തരാഖണ്ഡിലെ മലനിരകളിൽ കൃഷി ചെയ്യുന്ന ഔഷധഗുണ സമ്പുഷ്ടമായ ധാന്യമാണ് ജങ്കോര. ഉയർന്ന അളവിലുള്ള പ്രോട്ടീൻ, കാൽസ്യം, ഇരുമ്പ്, ധാതുക്കൾ, വിറ്റാമിൻ ബി എന്നിവ ജങ്കോരയുടെ പ്രത്യേകതയാണ്. പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവർക്ക് ഈ ധാന്യം ഔഷധമാണെന്നു പറയപ്പെടുന്നു.

ഫൈബർ, കലോറി സമൃദ്ധമായ മുളയരി നമ്മളിൽ പലരും കഴിച്ചിട്ടുണ്ട്. വയനാട്, കേരള അതിർത്തിയിലെ ഗോത്രഗ്രാമങ്ങളിലാണ് ഇതു കൂടുതലായും ഉൽപാദിപ്പിക്കപ്പെടുന്നത്. മുളയുടെ പൂവിൽ നിന്നാണ് മുളയരി ശേഖരിക്കുക. വാതസംബന്ധമായ രോഗങ്ങൾക്ക് മുളയരി ഔഷധമാണ്.

മഞ്ഞളിൽ ലോകത്ത് ഏറ്റവും മികച്ചതെന്നു വിലയിരുത്തപ്പെടുന്നു മേഘാലയയിലെ ലകദോങ് മഞ്ഞൾ. മഞ്ഞളിന്റെ മികവിന്റെ മാനദണ്ഡമായ കുർകുമിൻ പദാർഥത്തിന്റെ അളവ് ലകദോങ് മഞ്ഞളിൽ 6 മുതൽ ഏഴു ശതമാനം വരെയാണ്. സാധാരണ മഞ്ഞളിൽ അത് 2–3 ആണ്.

നാരങ്ങ വർഗങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റാമിൻ സി(51 ശതമാനം) അടങ്ങിയിരിക്കുന്നത് മണിപ്പൂരിലെ കച്ചായി ഗ്രാമത്തിൽ കൃഷി ചെയ്യുന്ന നാരങ്ങകളിലാണ്. കച്ചായി നാരങ്ങ ഫെസ്റ്റിവൽ മണിപ്പൂരിലെ പ്രധാന വ്യാപാരമേള കൂടിയാണ്.

ഹിമാചൽ പ്രദേശിൽ പ്രചാരത്തിലുള്ള വെളുത്തുള്ളി ഉപ്പ് ഔഷധവീര്യമേറിയതും രുചിയിൽ വേറിട്ട അനുഭവം സമ്മാനിക്കുന്നതുമാണ്. കല്ലുപ്പിൽ വെളുത്തുള്ളി ചേർത്ത് റോസ്റ്റ് ചെയ്തെടുക്കുന്നതാണ് ഇത്. ഉപ്പിന്റെ സ്വാഭാവിക ഗുണത്തെ വെളുത്തുള്ളിയുടെ സവിശേഷതകൾ കൂടി ചേർന്ന് ഇരട്ടിയാക്കുന്നു. രക്തസമ്മർദം, പ്രമേഹം എന്നിവയെ നിലയ്ക്കു നിർത്താൻ ഉത്തമം.

ലോകത്തു തന്നെ ഏറ്റവും മികച്ച ഔഷധഗുണമുള്ള ഇഞ്ചിയാണ് അസമിലെ കർബി അങ്‌ലോങ് ജില്ലയിൽ കൃഷി ചെയ്യുന്നത്. കുറഞ്ഞ ഫൈബറും ഉയർന്ന പോഷക ഉള്ളടക്കവുമാണ് ഇതിനുള്ളത്. പേശീ വേദന, ദഹനക്കേട് എന്നിവയ്ക്കെല്ലാം മികച്ച ഔഷധമാണ്.

വിളർച്ച, സന്ധിവാതം, മൂത്രാശയ രോഗങ്ങൾ എന്നിവയ്ക്ക് പരിഹാരമായി ഹിമാലയത്തോട് ചേർന്നു കിടക്കുന്ന സംസ്ഥാനങ്ങളിൽ ആളുകൾ കട്ടൻചായയിൽ ഇട്ടു കുടിക്കുന്ന ചൊറിയണ്ണമാണ് ബിച്ചു ബുട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com