ADVERTISEMENT

ചിലർ ഉണ്ണൂന്നതു കണ്ടാൽത്തന്നെ വയർ നിറയും; ആസ്വദിച്ച് നല്ല വൃത്തിയും വെടിപ്പുമായി. കൈവിരലുകൾ കണ്ടാൽ ഭക്ഷണം കഴിച്ചതാണെന്നേ തോന്നില്ല. എന്നാൽ വേറെ ചിലരുണ്ട്. ഒച്ചയും ബഹളവുമായി വാരിവലിച്ച് മഹാ അലമ്പായി ഭക്ഷണം അകത്താക്കും. അത്തരം കക്ഷികളെ കണ്ടാൽ ഉള്ള വിശപ്പുകൂടി പോകും. തീൻമേശയിലെ പെരുമാറ്റം നാം യഥാർഥത്തിൽ ആരാണെന്നു വെളിപ്പെടുത്തും. തീൻമേശയിൽ പാലിക്കേണ്ട മര്യാദകൾ അറിഞ്ഞിരിക്കേണ്ടത്, അതു കൊണ്ടുതന്നെ അത്യാവശ്യമാണ്. 

അതിഥികൾക്കു ഭക്ഷണം വിളുമ്പുന്നതിലും അവരോടൊപ്പം കഴിക്കുന്നതിലുമൊക്കെ ചില ചിട്ടവട്ടങ്ങളുണ്ട്. ഇക്കാര്യത്തിലും നിർഭാഗ്യവശാൽ സായിപ്പ് തന്നെയാണ് നമ്മുടെ മാർഗദർശി. സ്വാഭാവികമായും സായിപ്പിന്റേതായ ശീലങ്ങളും ഭക്ഷണ സമ്പ്രദായവും മുൻനിർത്തിയാണ് ഈ പെരുമാറ്റ സംഹിത. ലോകമെമ്പാടും ഔപചാരിക വിരുന്നുകളിലും മേൽത്തരം റസ്‌റ്ററന്റുകളിലും ഇന്ന് ഏറെക്കുറെ ഉപയോഗിക്കുന്നത് ഇത്തരം മാതൃകകളാണ്.

മറ്റുള്ളവർക്ക് ഒരു തരത്തിലും അലോസരമുണ്ടാക്കാതിരിക്കുകയെന്നതാണ് തീൻമേശമര്യാദകളുടെ അടിസ്‌ഥാന സന്ദേശം. അതുകൊണ്ടാണ് ശബ്‌ദമുണ്ടാക്കാതെ ഭക്ഷണം കഴിക്കണമെന്നു നിഷ്‌കർഷിക്കുന്നത്. ഉച്ചത്തിൽ ചവച്ചരയ്‌ക്കുക, ഏമ്പക്കം വിടുക, കൈ കഴുകുമ്പോഴും മറ്റും ഉറക്കെ കാർക്കിച്ചു തുപ്പുക, വെള്ളമോ ചായയോ കുടിക്കുമ്പോൾ ശബ്‌ദമുണ്ടാക്കുക, ഭക്ഷണം കഴിക്കുന്ന കൈ ഉപയോഗിച്ച് വിളമ്പുക എന്നിവയൊക്കെ ഒഴിവാക്കേണ്ട ശീലങ്ങളാണ്.

സ്‌പൂൺ, ഫോർക്ക്, നൈഫ് എന്നിവ ഉപയോഗിച്ചു മാത്രമേ ഭക്ഷണം കഴിക്കാവൂ എന്നു തെറ്റിദ്ധരിക്കേണ്ട. എങ്കിലും ഉപയോഗിക്കേണ്ടിവന്നാൽ ശ്രദ്ധിക്കുക. കൈ ഉയർത്തി സംസാരിക്കുന്ന സമയത്ത് സ്‌പൂൺ,ഫോർക്ക് എന്നിവ പ്ലെയിറ്റിൽ വയ്‌ക്കുക.സ്‌പൂൺ, ഫോർക്ക്, പ്ലെയിറ്റ് എന്നിവ കൂട്ടിമുട്ടി ശബ്‌ദമുണ്ടാക്കാതിരിക്കാനും ശ്രമിക്കുക. ഇന്ത്യൻഭക്ഷണം – പ്രത്യേകിച്ച് നാൻ, റൊട്ടി തുടങ്ങിയവ– കൈ കൊണ്ടു തന്നെയാണ് കഴിക്കുക. വൃത്തിയായി, അന്തസ്സായി ഭക്ഷണം കഴിക്കുക എന്നതാണ് പ്രധാനം.

അടുത്തിരിക്കുന്നയാളുടെ പ്ലേറ്റിനു മുകളിലൂടെ കൈയെത്തിച്ച് ഭക്ഷണം എടുക്കുന്നത് മറ്റുള്ളവർക്കും നിങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്‌ടിക്കും. ആ പാത്രം ഇങ്ങോട്ടു നീക്കി വയ്ക്കാമോ എന്നു ചോദിച്ചാൽ തീരുന്ന പ്രശ്‌നമേയുള്ളൂ. വൈൻ, ബിയർ, മദ്യം, വെള്ളം എന്നിവ അതിഥിയുടെ ഇടതുവശത്തുനിന്നും സ്‌നാക്കുകളും മറ്റും വലതുവശത്തുനിന്നുമാണ് വിളമ്പുക. 

ഭക്ഷണം വായിൽ വച്ചുകൊണ്ടു സംസാരിക്കരുത്. വായിൽ കൊള്ളുന്നതിലധികം ഭക്ഷണമെടുക്കുന്നതും മോശമാണ്. ഫോർക്കും സ്‌പൂണുമൊക്കൈ വായിൽ വച്ചോളൂ, അടുത്തിരിക്കുന്നയാൾ നിങ്ങളുടെ എത്ര അടുത്ത സൃഹൃത്തുമായിക്കൊള്ളട്ടെ, അദ്ദേഹത്തിന്റെ പ്ലേറ്റിൽനിന്നു ഭക്ഷണമെടുക്കുന്നത് മര്യാദയല്ല. തീൻമേശയിലെ നാപ്‌കിൻ മൂക്കു ചീറ്റാനുള്ളതല്ല, അധരം തുടയ്ക്കാനുള്ളതാണ്.

English Summary : The importance of table manners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com