sections
MORE

30 വർഷമായി കട്ടൻചായയ്ക്ക് 1 രൂപ; കുട്ടേട്ടന് കോഴിക്കോട്ടുകാരുടെ ആദരം

Kuttettan
കോഴിക്കോട് പാളയം മാരിയമ്മൻ കോവിലിനു സമീപം ഒരു രൂപ നിരക്കിൽ കട്ടൻ ചായ വിൽക്കുന്ന പി.കെ കുട്ടൻ.
SHARE

മൂന്നുപതിറ്റാണ്ടായി കട്ടൻചായയെ ഒരു രൂപയ്ക്കു കോഴിക്കോട്ടുകാരുടെ കുട്ടൻചായയാക്കി മാറ്റുന്ന കുട്ടേട്ടന് ആദരം. കുട്ടേട്ടനെയും കുടുംബത്തെയും ഇന്നു കാരശ്ശേരി സഹകരണ ബാങ്ക് ദത്തെടുക്കും. ഇന്നു വൈകിട്ട് 5ന് തളി ക്ഷേത്രത്തിനു സമീപത്തെ കുട്ടേട്ടന്റെ കടയിൽ ചേരുന്ന യോഗത്തിൽ ബാങ്ക് ചെയർമാൻ എൻ.കെ.അബ്ദുറഹ്മാൻ പ്രഖ്യാപനം നിർവഹിക്കും. കുട്ടേട്ടന്റെ മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി ഒരു ലക്ഷം രൂപ കൈമാറും. പഠനം പൂർത്തിയാക്കിയ ശേഷം മക്കളിൽ ഒരാൾക്കു കാരശ്ശേരി ബാങ്കിന്റെ മ്യൂസിയത്തിൽ ജോലി നൽകും. വീട് നവീകരിച്ചു നൽകും. യോഗത്തിൽ കൗൺസിലർ പി.എം.നിയാസ് ആധ്യക്ഷ്യം വഹിക്കും.

കടുപ്പം വേണ്ടുവോളം
ചില കാര്യങ്ങളിൽ കടുപ്പം കൂടിയ കട്ടൻചായ തന്നെയാണു, ‘പൂരം പിറന്ന പുരുഷ’നായ കുട്ടേട്ടൻ. ഭാര്യയും മക്കളും ബന്ധുക്കളും സുഹൃത്തുക്കളും അടക്കം പലരും ചായയുടെ വില കൂട്ടാൻ പലപ്പോഴും നിർബന്ധിച്ചിട്ടും ഒരു രൂപയിൽ കുട്ടേട്ടൻ ഉറച്ചുനിന്നു. ഫലമോ, 3 പതിറ്റാണ്ടു മുൻപു വാടകയ്ക്ക് എടുത്ത ഒറ്റമുറി കടയിലുള്ള മണ്ണെണ്ണ സ്റ്റൗവിൽ സമോവർ ഇപ്പോഴും തിളച്ചുകെ‌ാണ്ടേയിരിക്കുന്നു. സമോവറിനും സ്റ്റൗവിനും ഗ്ലാസുകൾക്കും മാത്രമാണു മാറ്റം. പിന്നെ, കുട്ടേട്ടന്റെ താടിമീശയ്ക്കും. 1983ൽ തുടങ്ങിയ കാലത്ത് പാൽച്ചായയാണ് ഒരു രൂപയ്ക്കു നൽകിയത്. അന്ന് കട്ടൻചായയ്ക്കാണ് ആവശ്യക്കാരേറെ. ഇതോടെ പാൽ മിച്ചം വന്നു നഷ്ടം തുടങ്ങിയതോടെയാണു പാൽച്ചായ നിർത്തലാക്കിയത്. കടയുടെ ഉദ്ഘാടനം തന്നെ നഷ്ടത്തിലായിരുന്നു.

മണ്ണെണ്ണയ്ക്കു 2 രൂപയും പഞ്ചസാരയ്ക്കു 3 രൂപയുമാണ് അന്നു വില. 300 രൂപ ചെലവിൽ കട ഉദ്ഘാടനം ചെയ്ത് ആദ്യദിവസം കിട്ടിയത് 149 രൂപ. അന്നു സഹായികളുമുണ്ടായിരുന്നു. ഏറെനാളായി ഒറ്റയാനാണ്. ഇപ്പോഴും രാവിലെ 8.30 മുതൽ നിന്ന നിൽപിൽ ചായ എടുക്കുന്ന കുട്ടേട്ടൻ 12ന് കട അടയ്ക്കുമ്പോഴും ചായ തേടിയുള്ള വരവു നിലയ്ക്കുന്നില്ല. 150 ചായ വരെ എടുക്കാറുണ്ട്.

ആദ്യകാലങ്ങളിൽ വൈകിട്ടും കടയുണ്ടായിരുന്നു. മോളെ സ്കൂളിൽ നിന്നു കെ‌ാണ്ടുവരേണ്ട ഉത്തരവാദിത്തം തുടങ്ങിയതോടെ വൈകിട്ടു കട തുറക്കാറില്ല. കട്ടൻചായ മാത്രമല്ല കടയിൽ കടികളുമുണ്ട്. മുൻകാലങ്ങളിൽ കടികൾ സ്വയം തയാറാക്കുകയായിരുന്നു. ഇപ്പോൾ പുറമേ നിന്നു വാങ്ങിവയ്ക്കുന്നതാണ്. അതിനാൽ വിലവ്യത്യാസമുണ്ട്. 5 മുതൽ 7 രൂപ വരെയാണു കടികളുടെ വില. 2018 ജൂലൈ മുതൽ 2019 ജനുവരി വരെ കട തുറന്നില്ല. ഹാർട്ട് പണിമുടക്കിയതായിരുന്നു കാരണം. പിന്നെ, മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സ. മരുന്നുകളുടെ സഹായത്തോടെയാണു വീണ്ടും കടയിൽ എത്തിയത്. ഇപ്പോൾ കുഴപ്പമില്ലെന്നു പറഞ്ഞു ചിരിക്കുന്നു. കടുപ്പത്തോടെ ചായ എടുക്കുന്ന കുട്ടേട്ടന്റെ ദിവസം തുടങ്ങുന്നത് കൃഷ്ണനെ വിളിച്ചാണ്.

കൃഷ്ണാ, ഗുരുവായൂരപ്പാ എന്നു വിളിച്ചു ദിവസം തുടങ്ങുന്ന കുട്ടേട്ടൻ വീട്ടുകാര്യങ്ങളിൽ ഭാര്യ ധനലക്ഷ്മിയെ സഹായിച്ച ശേഷം കടയിൽ എത്തും. പിന്നെ തിരക്കോടു തിരക്ക്. തിരക്കാണെങ്കിലും സാധാരണക്കാർ പറഞ്ഞുകേട്ട ഒട്ടേറെ നേതാക്കളുമായി അടുത്ത് ഇടപെട്ടിട്ടുണ്ട് കുട്ടേട്ടൻ. കട തുടങ്ങുന്നതിനു മുൻപ്, സേവാദൾ പ്രവർത്തകനായിരുന്ന കാലത്ത്, ഡൽഹിയിൽ ക്യാംപിനു പോയപ്പോൾ മുണ്ടുടത്ത്, ഷർട്ട് തോളത്ത് ഇട്ടുനടന്ന കുട്ടേട്ടനെ കണ്ടു പിടിച്ചുനിർത്തി ഷർട്ടിന്റെ ബട്ടൺ ഇട്ടുകെ‌ാടുത്തതു രാജീവ് ഗാന്ധി! തണുപ്പത്ത് അങ്ങനെ നടന്നാൽ രോഗം പിടിപെടുമെന്നു പറഞ്ഞായിരുന്നു രാജീവിന്റെ സ്നേഹാന്വേഷണമെന്നു കുട്ടേട്ടൻ ഒ‌ാർക്കുന്നു. പ്രധാനമന്ത്രിയാകുന്നതിനു മുൻപ് കോഴിക്കോട്ട് ആർഎസ്എസ് സമ്മേളനത്തിന് എത്തിയ അടൽബിഹാരി വാജ്പേയ്ക്കെ‌ാപ്പം അളകാപുരിയിൽ ചായ കുടിച്ചിട്ടുമുണ്ട് കുട്ടേട്ടൻ. അളകാപുരിയിൽ സ്ഥിരം സന്ദർശകനായിരുന്ന കാലത്ത് അവിടെ പതിവ് അതിഥിയായിരുന്ന നടൻ സത്യൻ, കുട്ടേട്ടനെ വിളിച്ചുകെ‌ാണ്ടുപോയി യക്ഷി എന്ന സിനിമ കാണിച്ചതും കൗതുകമുള്ള ഒ‌ാർമ. കോൺഗ്രസിന്റെ ആദ്യകാല പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കുട്ടേട്ടന്റെ പ്രിയ നേതാവ് ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും ലീഡർ കെ.കരുണാകരനുമാണ്. ബാങ്കിന്റെ സഹായം സ്വീകരിക്കുന്നതിൽ ഭാര്യയ്ക്കും മക്കൾക്കും അൽപം സങ്കോചമുണ്ടായിരുന്നു. എന്നാൽ, പെ‌ാതുസേവനം മുൻനിർത്തി ബാങ്ക് നൽകുന്ന ആദരമായാണു താൻ അതിനെ കാണുന്നതെന്നും കുട്ടേട്ടൻ പറയുന്നു. 2 പെൺമക്കളാണു കുട്ടേട്ടന്. ആതിര ഫാറൂഖ് കോളജിലെ എംഎസ്‌സി വിദ്യാർഥിനി. ഭദ്ര സാമൂതിരി എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA