ADVERTISEMENT

കൊറോണ വൈറസ്  ബാധയുടെ  പശ്ചാത്തലത്തിൽ കടൽ കടക്കാൻ കഴിയാതെപോയ ഞണ്ടുകൾ നാട്ടിൻപുറങ്ങളിലെ തീൻമേശകളെ സമ്പന്നമാക്കുന്നു. കയറ്റുമതിയിൽ ഉണ്ടായ തടസ്സത്തെ തുടർന്നു  വിലയിൽ ഉണ്ടായ വൻ ഇടിവാണു രുചിയേറിയ ഞണ്ടുകൾ നാട്ടുകാർക്കും വാങ്ങി ഉപയോഗിക്കാനുള്ള സാഹചര്യം ഒരുക്കിയത്. അതേസമയം  ഞണ്ടുകൾ  വളർത്തുന്നവർക്കും വിപണനം ചെയ്യുന്നവർക്കും ഈ സാഹചര്യം വൻ തിരിച്ചടിയാവുകയും ചെയ്തു.

crab-kochi

കൊറോണ ഭീതിക്കു  മുൻപുണ്ടായിരുന്നതിനേക്കാൾ ഞണ്ട് വില ഇപ്പോൾ മൂന്നിലൊന്നായിരിക്കുകയാണ്.  നേരത്തെ  കിലോഗ്രാമിനു  2200 രൂപയോളം കിട്ടിയിരുന്ന മുന്തിയ ഇനത്തിന്  ഇപ്പോൾ ലഭിക്കുന്നത്  900 രൂപ മാത്രം. മറ്റിനങ്ങൾക്കും  വില കാര്യമായി കുറഞ്ഞിട്ടുണ്ട്. നേരത്തെ എത്ര  സ്റ്റോക്ക് ഉണ്ടെങ്കിലും  എടുക്കുന്നതായിരുന്നു കച്ചവടക്കാരുടെ പതിവെങ്കിൽ ഇപ്പോൾ കഴിയുന്നത്ര കുറച്ചു  ചരക്കാണ്  എടുക്കുന്നത്. കയറ്റുമതിയെക്കുറിച്ചുള്ള  ആശങ്ക  മൂലം  വലുപ്പമേറിയ  ‍ഞണ്ടുകൾ  കച്ചവടക്കാർ  ഒഴിവാക്കുകയാണ്.  

ദിവസങ്ങളോളം സ്റ്റോക്ക് ചെയ്തശേഷമാണ് ഇപ്പോൾ വിദേശ വിപണിയിലേക്കു ഞണ്ടുകൾ  കയറ്റിവിടുന്നത്.  ഇത്തരത്തിൽ സൂക്ഷിച്ചുവയ്ക്കുന്ന സമയത്തു ‍ഞണ്ടുകൾ  ചത്തുപോയാൽ ഉണ്ടാകുന്ന വലിയ നഷ്ടം ഒഴിവാക്കാനാണത്രെ  വലുപ്പമേറിയവ   കച്ചവടക്കാർ ഒഴിവാക്കുന്നത് .

ചൂടു കൂടുകയും വേനൽക്കാല ചെമ്മീൻകെട്ടുകളുടെ   കാലാവധി അവസാനിക്കാറാവുകയും  ചെയ്യുന്ന  ഇപ്പോഴാണ്  ഏറ്റവുമധികം  ഞണ്ടുകൾ വിപണിയിലെത്തുന്നത്. അതുകൊണ്ടുതന്നെ ഡിമാൻഡ് ഇല്ലെങ്കിലും വിളവെടുക്കാതിരിക്കാൻ കഴിയാത്ത അവസ്ഥയിലാണു   കർഷകർ.   

ഇതോടെയാണു  ഞണ്ടുകൾ വൈപ്പിനിൽ പ്രാദേശിക വിപണിയിലേക്ക് എത്താനുള്ള വഴി തെളിഞ്ഞത്. മാത്രമല്ല ഇത്തരത്തിൽ  രുചിയേറിയ ഞണ്ടുകൾ കുറഞ്ഞ വിലയ്ക്കു  വാങ്ങാൻ കഴിയുന്ന സാഹചര്യം ഇനി ഉണ്ടാകില്ലെന്ന  കണക്കുകൂട്ടലിലും പലരും ഇത്തരം ഞണ്ടുകൾ വാങ്ങി ഉപയോഗിക്കുന്നുണ്ട്.

English Summary: Sea Crab in Kochi 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com