ADVERTISEMENT

എഴുപത് വര്‍ഷത്തിൽ ഇതാദ്യമായി കോല്‍ക്കത്തയിലെ ചരിത്ര പ്രസിദ്ധമായ കോഫി ഹൗസ് അടച്ചു. നക്‌സലിസം കൊടുമ്പിരിക്കൊണ്ട കാലത്ത് പോലും തുറന്ന് പ്രവര്‍ത്തിച്ച കോഫി ഹൗസിന് താത്ക്കാലികമായി താഴ് വീണത് കൊറോണ വൈറസ് ഭീതിയെ തുടര്‍ന്നാണ്. നിരവധി ഓര്‍മ്മകളുറങ്ങുന്ന ഈ കോഫി ഹൗസ് മാര്‍ച്ച് 31 വരെയാണ് താത്ക്കാലികമായി അടച്ചിരിക്കുന്നത്. 

ഗവണ്‍മെന്റില്‍ നിന്ന് പ്രത്യേക നിര്‍ദ്ദേശമൊന്നും ഉണ്ടായിട്ടില്ലെന്നും ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കണമെന്ന പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെയും ആഹ്വാനത്തെ തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും കോഫി ഹൗസ് മാനേജ്‌മെന്റ് അറിയിച്ചു.

1942ല്‍ ആല്‍ബര്‍ട്ട് ഹാളിലാണ് കോഫി ബോര്‍ഡ് ആദ്യം കോഫി ജോയിന്റ് ആരംഭിച്ചത്. 1947ല്‍ കോഫി ഹൗസെന്ന് പേരിട്ട് നഗരത്തിന്റെ പാരമ്പര്യവും സംസ്‌കാരവുമായി ഇത് ബന്ധിപ്പിക്കപ്പെട്ടു. കവികളുടെയും സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും സിനിമാക്കാരുടെയും സാംസ്‌കാരിക നായകന്മാരുടെയുമൊക്കെ സംഗമ സ്ഥലമായിരുന്നു കോഫി ഹൗസ്.

1958 ല്‍ മാനേജ്‌മെന്റ് ഇത് അടച്ച് പൂട്ടാന്‍ തീരുമാനിച്ചെങ്കിലും ആ വര്‍ഷം തന്നെ പുനരാരംഭിച്ചു. പ്രസിഡന്‍സി കോളജിലെയും കല്‍ക്കത്ത യൂണിവേഴ്‌സിറ്റിയിലെയും പ്രഫസര്‍മാര്‍ ഈ പാരമ്പര്യ ഇടത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അന്ന് ഗവണ്‍മെന്റിന് നിവേദനം നല്‍കിയിരുന്നു. 

കോഫി ഹൗസ് അടച്ച് പൂട്ടാനുള്ള തീരുമാനമെടുക്കാന്‍ ഇവിടെ ഒത്തുചേര്‍ന്ന പേട്രന്‍മാരെല്ലാം വികാരധീനരായി. കാപ്പി കുടിച്ച് മന്നാഡേയുടെ കോഫി ഹൗസ് ഗാനവുമാലപിച്ചാണ് അവര്‍ പിരിഞ്ഞത്. മാര്‍ച്ച് 31ന് സ്ഥിതിഗതികള്‍ അവലോകനം ചെയ്ത് കോഫി ഹൗസ് വീണ്ടും തുറക്കുന്ന കാര്യത്തില്‍ മാനേജ്‌മെന്റ് തീരുമാനമെടുക്കും.  ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശങ്ങളും പിന്തുടരുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. 

English Summary: The iconic Coffee House in Kolkata's College Street will remain shut till March 31 over coronavirus pandemic.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com