ADVERTISEMENT

ആരോഗ്യകരമായ ചില ഭക്ഷ്യ വസ്തുക്കളും അവയുടെ ഗുണങ്ങളും പരിചയപ്പെടാം

ചെറുനാരങ്ങ

അഴകും ആരോഗ്യവും നൽകുന്ന ഒരു ഫലമാണിത്. ചെറുനാരങ്ങയിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ദഹനക്കേട്, ചർമദോഷം, മലബന്ധം എന്നിവയ്‌ക്ക് ചെറുനാരങ്ങ ഫലപ്രദം. പയോറിയ, മോണപഴുപ്പ്, വായ്‌നാറ്റം എന്നിവയ്‌ക്കു ചെറുനാരങ്ങാനീരും പനിനീരും ചേർത്ത് ദിവസേന രണ്ടുനേരം കവിൾക്കൊണ്ടാൽമതി. ആമാശയത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനക്ഷമത വർധിപ്പിക്കാൻ ചെറുനാരങ്ങയ്‌ക്ക് കഴിവുണ്ട്. വേനലിൽ തളർന്നു വരുന്നവർക്ക് ഒരു ഗ്ലാസ് നാരങ്ങാവെള്ളം കിട്ടിയാലുണ്ടാകുന്ന ഉണർവും, ഉന്മേഷവും സംതൃപ്‌തിയും പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഈന്തപ്പഴം

ഈന്തപ്പഴം അഥവാ ഈത്തപ്പഴം ക്ഷയം, പ്രമേഹം, ഗ്രഹണി, വാതം, ആർത്തവസംബന്ധമായ അസുഖങ്ങൾ ഇവയ്‌ക്കൊക്കെ ഔഷധം പോലെ പ്രയോജനപ്രദം. മലബന്ധം, കഫശല്യം, വിളർച്ച ഇവയ്‌ക്കൊക്കെ ഗുണപ്രദം. അത്താഴത്തിനുശേഷം രണ്ട് ഈന്തപ്പഴം കഴിക്കുകയും, ആനുപാതികമായി പശുവിൻപാൽ കുടിക്കുകയും ചെയ്യുന്നത് ആരോഗ്യത്തിനും ധാതുപുഷ്‌ടിക്കും നല്ലതാണ്. ഗർഭകാലത്തു സ്‌ത്രീകൾ തുടർച്ചയായി ഈന്തപ്പഴം കഴിച്ചാൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ആരോഗ്യവും അഴകും കൂടുമെന്നു പറയാറുണ്ട്.

തക്കാളി

എ, ബി, സി വിറ്റാമിനുകളും ഇരുമ്പ്, കാൽസ്യം, ഫോസ്‌ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം, ചെമ്പ് എന്നിവയും ശരീരത്തെ വേണ്ടപോലെതന്നെ പോഷിപ്പിക്കുന്ന മൂന്നുതരം അമ്ലങ്ങളും ഇതിലുണ്ട്. രക്‌തം ശുദ്ധീകരിക്കുകയും നാഡീ - ഞരമ്പുകൾക്ക് ഉത്തേജനം നൽകാൻ ടോണിക്ക് പോലെ പ്രവർത്തിക്കുകയും ചെയ്യുന്നു. മലബന്ധം അകറ്റുന്ന തക്കാളി രക്‌തസ്രാവമുള്ള മൂലക്കുരുരോഗികൾക്ക് ഏറെ ആശ്വാസം നൽകുന്നു. അവർ നിത്യവും ഓരോ ഗ്ലാസ് തക്കാളിനീര് കുടിക്കുന്നതു രോഗശമനത്തിന് ആശ്വാസപ്രദമാണ്. വിളർച്ചയെയും അതുമൂലമുള്ള തളർച്ചയെയും തക്കാളി മാറ്റുന്നു.

നെല്ലിക്ക

പ്രകൃതി തരുന്ന വൈറ്റമിൻ സി ഗുളികകളാണ് നെല്ലിക്ക. ഒരൊറ്റ നെല്ലിക്കയിൽനിന്നു ലഭിക്കുന്ന വൈറ്റമിൻ സി 20 മധുര നാരങ്ങയിൽനിന്നു കിട്ടുന്ന പോഷകമൂല്യത്തിനു തുല്യമാണത്രേ. ക്ഷയം, ചുമ, ശ്വാസം, ഹൃദ്രോഗം, ശുക്ലദോഷം എന്നിവയ്‌ക്കൊക്കെ നെല്ലിക്ക പ്രയോജനപ്രദം. ശ്വാസകോശ സംബന്ധമായ എല്ലാ അസുഖങ്ങൾക്കും നെല്ലിക്ക അതിശയകരമായ ഫലം നൽകുന്നു.

മൂത്ത നെല്ലിക്ക ചതച്ചുപിഴിഞ്ഞ് എടുത്ത നീര് തേനും മഞ്ഞൾപ്പൊടിയും ചേർത്ത് കുറേശെ കഴിക്കുന്നത് പ്രമേഹത്തിനു ഔഷധത്തിന്റെ ഫലം ചെയ്യും.

English Summary: Gooseberry, Tomato, Lemon, Healthy Food

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com