ADVERTISEMENT

സ്വന്തം വീട്ടിൽ കഴിച്ചതിലും മികച്ച ഭക്ഷണം ലോകത്ത് എവിടെ ചെന്നാലും കിട്ടില്ലെന്ന് മുരളി തുമ്മാരുകുടി. നല്ല ഭക്ഷണം കഴിക്കാനായി മറ്റു നാടുകളിൽ പോയി പരീക്ഷണം നടത്തരുതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

ചേട്ടൻ സഞ്ചരിച്ച സ്ഥലങ്ങളിലെ ഭക്ഷണ ശീലങ്ങൾ പറയാമോ ?

ഭക്ഷണം ഏറ്റവും ഇഷ്ടമുള്ള ഒരാളാണ് ഞാൻ എന്ന് കണ്ടാൽത്തന്നെ അറിയാം. യാത്ര ഒരുപാട് ഇഷ്ടമാണ്, യാത്ര ചെയ്യുമ്പോൾ അവിടെയുള്ളതെന്തും, ഭക്ഷണമുൾപ്പടെ, പരീക്ഷിച്ചു നോക്കുന്ന സാഹസിയുമാണ്. അതുകൊണ്ട് ലോകത്ത് ചെന്നയിടങ്ങളിലെല്ലാമുള്ള വിഭവങ്ങൾ ധാരാളമായി ട്രൈ ചെയ്തിട്ടുണ്ട്. ഇന്ത്യൻ നഗരങ്ങളിലെ തെരുവോര ഭക്ഷണം കഴിച്ച് ഇമ്മ്യൂണിറ്റി ഉണ്ടാക്കിയത് കൊണ്ടാകണം ഇതുവരെ ഭക്ഷണത്തിനുള്ള പരീക്ഷണം പാരയായിട്ടില്ല !

പറയൂ, ഏറ്റവും നല്ല ഭക്ഷണം എവിടുത്തെയാണ്?

സ്വന്തം അമ്മയുണ്ടാക്കി തരുന്ന ഭക്ഷണമാണ് ഏറ്റവും നല്ലത്.

ഇത് അമ്മയുടെ പാചകത്തെ പുകഴ്‌ത്തുന്നതല്ല. ഭക്ഷണത്തിലെ നല്ലതും ചീത്തയും നമ്മൾ എന്താണ് ശീലിച്ചത് എന്നതിനെ അനുസരിച്ചിരിക്കും. വെളിച്ചെണ്ണയിൽ വറുത്തെടുത്ത രണ്ട് ഉണക്കമീൻ ഉണ്ടെങ്കിൽ എനിക്ക് എത്ര ചോറ് വേണമെങ്കിലും ഉണ്ണാം. ലോകത്തിലെ ലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷണ സമയത്ത് ഉണക്ക മീൻ കൊടുത്താൽ അവർ ശർദ്ദിച്ചു കൊണ്ട് ടോയ്‌ലറ്റിലേക്ക് ഓടും. ലഞ്ചിന് പതിനായിരം രൂപ വിലയുള്ള ഹോട്ടലിലെ വിഭവങ്ങൾ ഒരുപക്ഷെ, നമ്മുടെ നാക്കിന് ഒരു രുചിയും തോന്നിക്കില്ല. വിവിധ നാടുകളിലെ ഭക്ഷണത്തെ, ഭക്ഷണ രീതികളെ നല്ലത്, ചീത്ത, മ്ലേച്ഛം എന്നൊക്കെ വിലയിരുത്തുന്നത് യാത്രകൾ പോയിട്ടും മനസ്സ് വികസിക്കാത്ത ആളുകളാണ്.

അപ്പോൾ ‘നല്ല’ ഭക്ഷണം കഴിക്കാനായി മറ്റു നാടുകളിൽ പോയി പരീക്ഷണം നടത്തരുത്. നമുക്ക് പരിചയമില്ലാത്ത നാടുകളിലെ ഭക്ഷണം ചിലപ്പോൾ നമുക്ക് ഇഷ്ടപ്പെട്ടേക്കാം (തായ് ലാൻഡിലെ ടോം യാം സൂപ്പും പശ്ചിമാഫ്രിക്കയിലെ അലോക്കോയും. അത് നമ്മൾ ശീലിച്ച രീതികളുമായി ചേർന്ന് നിൽക്കുന്നത് കൊണ്ടാണ്. മറ്റു പല വിഭവങ്ങളും നമുക്ക് ഒട്ടും പരിചയമില്ലാത്തതാണ്, അതിനാൽ രുചിയും ഇല്ലാത്തതായി തോന്നാം. കുറച്ചു നാൾ തുടർച്ചയായി കഴിക്കുമ്പോൾ അതിന് രുചി ഉണ്ടായി വരികയും ചെയ്യും.

യാത്ര പോകുമ്പോൾ ആ നാടുകളിലെ ഭക്ഷണം കഴിക്കുമെന്ന് ആദ്യമേ തീരുമാനിക്കുക, അതിനായി മനസിനെ തയാറാക്കുക. ആദ്യകാലത്തൊക്കെ ഞാൻ യാത്രയുടെ അവസാന ദിവസമാണ് ഭക്ഷണ പരീക്ഷണങ്ങൾക്കായി മാറ്റിവെച്ചിരുന്നത്. ഭക്ഷണം വയറ്റിൽ പിടിക്കാതെ വരികയോ മറ്റോ ചെയ്താൽ നേരെ വീട്ടിൽ പോകാമല്ലോ. ഇപ്പോൾ പിന്നെ എല്ലാ ഭക്ഷണവും ശീലമായി.

എവിടെ ആയാലും ശുചിത്വം ആണ് ആദ്യം ശ്രദ്ധിക്കുന്നത്. ഇതിന്റെ അർത്ഥം ഏറ്റവും ശുചിയുള്ള ഭക്ഷണ ശാലകളിൽ നിന്ന് മാത്രമാണ് ഭക്ഷണം കഴിക്കാറുള്ളത് എന്നല്ല. തെരുവോരത്തെ കടകളിൽ നിന്നാണ് എപ്പോഴും പരീക്ഷണം ആരംഭിക്കുന്നത്. അവിടെയും ശ്രദ്ധിക്കുന്ന പല കാര്യങ്ങളുണ്ട്.

1. മുറിച്ചു വച്ചിരിക്കുന്ന പഴങ്ങൾ വാങ്ങി കഴിക്കാറില്ല.
2. സാലഡുകൾ ഒരു കാരണവശാലും കഴിക്കില്ല.
3. വറുത്ത് വെച്ചിരിക്കുന്ന ഭക്ഷണം ആണെങ്കിൽ എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതാണോ എന്ന് കണ്ണ് കൊണ്ടും നാവുകൊണ്ടും ശ്രദ്ധിക്കും.
4. ഗ്രിൽ ചെയ്ത ഭക്ഷണമാണ് കൂടുതൽ കഴിക്കുന്നത്, പ്രത്യേകിച്ചും മൽസ്യം. പക്ഷെ അല്പമെങ്കിലും പഴകിയ ചുവ ഉണ്ടെങ്കിൽ കഴിക്കില്ല.
5. പല രാജ്യങ്ങളിലും വെള്ളം - കുപ്പി വെള്ളം ആണെങ്കിൽ പോലും കുടിക്കാറില്ല. പകരം സാധാരണ പതിവില്ലെങ്കിലും സ്പ്രൈറ്റ് അല്ലെങ്കിൽ ഓറഞ്ചിന വാങ്ങി കുടിക്കും.

ഭക്ഷണത്തപ്പറ്റി ഒട്ടും ഉറപ്പില്ലാത്ത സാഹചര്യമാണെങ്കിൽ നേരെ മക് ഡൊണാൾഡിലേക്ക് വിടും. ലോകത്തെവിടെയാണെങ്കിലും അവർക്ക് അവരുടേതായ ചില പ്രോട്ടോക്കോൾ ഉണ്ട്. തടി കേടാവില്ല. മറ്റു സാഹചര്യങ്ങളിൽ അവിടെ പോകാറില്ല, ലോകത്തെവിടെയാണെങ്കിലും പ്രത്യേകിച്ച് രുചിയൊന്നുമില്ല.

ഇന്ത്യയിലെ മസാല ദോശ പോലെ ഫ്രാൻസിൽ കിട്ടുന്ന ഒരു വിഭവമാണ് ക്രേപ്പ്. ദോശപോലെ തന്നെയാണ്. അതിനകത്ത് ജാമോ, ന്യൂട്ടെല്ലെയൊ, മുട്ടയോ, ചീസോ സ്റ്റഫ് ചെയ്യും. എനിക്ക് വലിയ ഇഷ്ടമാണ്, യൂറോപ്പിൽ വരുന്നവർക്ക് സ്ഥിരം വാങ്ങിക്കൊടുക്കുന്നതുമാണ്.

ജപ്പാനിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ അടുത്ത് കിട്ടുന്ന ഉണ്ണിയപ്പം പോലെ ഒരു സ്നാക്ക് ഉണ്ട്. ടോക്കോയാക്കി എന്നാണ് അതിന്റെ പേര്. ഉണ്ണിയപ്പം പോലെ അപ്പക്കാരയിൽ ആണ് ഉണ്ടാക്കുന്നത്, ഫ്രഷ് ആയി കഴിക്കാം, വ്യത്യസ്തമാണ്.

ജനീവയിൽ അതി പ്രശസ്തമായ ഒരു റെസ്റ്റോറന്റ്റ് ഉണ്ട്, Café du Paris. 1930 മുതൽ ജനീവ റയിൽവേ സ്റ്റേഷന്റെ മുന്നിൽ അതുണ്ട്. അവിടെ ഭക്ഷണത്തിന് മെനു ഇല്ല, കാരണം ഒറ്റ ഐറ്റമേ അവിടെ ഉള്ളൂ. ഒരു ഹോട്ട് പ്ളേറ്റിന് മുകളിൽ വച്ച് ചെറുതായി വേവിച്ച ബീഫ് സ്റ്റേക്ക്. മിക്കവർക്കും അറിയാവുന്നത് കൊണ്ട് അതിനെപ്പറ്റി കൂടുതൽ പറയുന്നില്ല. ജനീവയിൽ മാത്രം കിട്ടുന്ന മറ്റൊരു സ്റ്റേക്ക് ഉണ്ട്, ടാർട്ടാർ സ്റ്റേക്ക്. അതും ബീഫ് തന്നെയാണ്, പക്ഷെ വേവിച്ചതല്ല എന്ന് മാത്രം. ബീഫ് വളരെ ചെറുതായി കൊത്തിയരിഞ്ഞ് കുറച്ചു സ്‌പൈസസ് ഇട്ട് ബ്രെഡിന്റെ കൂടെ കഴിക്കുന്നു. നാട്ടിൽ നിന്നും വരുന്നവർക്ക് ഞാൻ ഇത് സ്ഥിരം ഓഫർ ചെയ്യാറുണ്ട്, പക്ഷെ അധികമാരും ആ ഓഫർ സ്വീകരിക്കാറില്ല.

പരിചയമില്ലാത്തതാണെങ്കിലും ഏറെ രുചികരമായ ഒന്നാണ് ഒച്ചിനെ വെണ്ണയിൽ വറുത്തത്. ലോകത്ത് അനവധി രാജ്യങ്ങളിൽ ഇതൊരു സ്പെഷ്യലിറ്റി ഇനമാണ്. ബ്രസൽസിൽ പോകുന്നവർ തീർച്ചയായും പരീക്ഷിച്ചു നോക്കണം. ഫ്രാൻസിലും ആഫ്രിക്കയിലും ജപ്പാനിലും ഇത് കിട്ടും.

ഒരു രാജ്യത്തേക്ക് യാത്ര ചെയ്യുന്നതിന് മുൻപ് ആ രാജ്യത്തെ പ്രത്യേകതയുള്ള ഭക്ഷണ വിഭവങ്ങൾ എന്തൊക്കെയാണെന്ന് കണ്ടുപിടിക്കുന്നത് എന്റെ സ്വഭാവമാണ്. അങ്ങനെയാണ് ഞാൻ ബീജിങ്ങിലെ പീനസ് എംപോറിയം എന്നൊരു റെസ്റ്ററന്റ്റ് ഉണ്ടെന്ന് ബി ബി സിയിൽ വായിക്കുന്നത്. കുതിര മുതൽ ആടുവരെയുള്ള വിവിധ മൃഗങ്ങളുടെ പുല്ലിംഗം കൊണ്ട് മാത്രം ഉണ്ടാക്കുന്ന വിഭവങ്ങളാണ് അവിടുത്തെ പ്രത്യേകത. അടുത്ത തവണ ചൈനയിൽ പോയപ്പോൾ ഞാൻ ഈ റെസ്റ്ററന്റ് അന്വേഷിച്ചിറങ്ങി.

പക്ഷെ നിരാശയായിരുന്നു ഫലം. ചൈനയിലെ ഒരു ഫുഡ് ഡയറക്ടറിയിലും പീനസ് എംപോറിയം എന്നൊരു കടയില്ല. അന്നീ ഗൂഗിൾ ട്രാൻസ്ലേറ്റ് ഒന്നും ഇതുപോലെ ലഭ്യമല്ലാത്തതിനാൽ ചൈനീസ് വെബ്‌സൈറ്റ് ഉണ്ടോ എന്ന് കണ്ടുപിടിക്കാനും പറ്റില്ല.

കൂടെയുള്ള ദ്വിഭാഷി സ്ത്രീയായതിനാൽ അവരോട് ഇക്കാര്യത്തിൽ ഉപദേശം നേടാനും ബുദ്ധിമുട്ടാണല്ലോ. സാധാരണ ഹോട്ടൽ റിസപ്‌ഷനിൽ ഉള്ളവരോടാണ് പിന്നെ ചോദിക്കാനുള്ളത്, അവരും പൊതുവിൽ സ്ത്രീകൾ തന്നെയാണ്. ആ ഫ്ലോ അങ്ങ് പോയി.

പിൽക്കാലത്ത് എന്നൊക്കെ ബീജിങ്ങിൽ പോകുന്പോഴും ഞാൻ ഈ റെസ്റ്ററന്റിനെ പറ്റി അല്പം അന്വേഷണങ്ങൾ നടത്തും. ഓരോ തവണയും അത് ഫലം കാണില്ല, തിരിച്ചു പോരും.

പക്ഷെ ഗൂഗിൾ ട്രാൻസ്‌ലേറ്റ് വികസിച്ചു വന്ന കാലത്ത് ഞാൻ ആ റെസ്റ്ററന്റ് കണ്ടുപിടിക്കുക തന്നെ ചെയ്തു. ചൈനീസ് ഭാഷയുടെ പ്രത്യേകത കൊണ്ട് ഒരു റെസ്റ്റോറന്റിന്റെ പേര് അവർ എഴുതുന്നതും ഇംഗ്ളീഷിൽ പരിഭാഷപ്പെടുത്തുന്നതും ഏറെ വ്യത്യസ്തമായിരിക്കും. ചൈനീസിൽ ആ റെസ്റ്റോറന്റിന്റെ പേര് ‘ചട്ടിയിലെ ശൗര്യം’ ( 'the strength inside the pot') എന്നാണ്.

ഒരു വൈകുന്നേരം ഞാൻ അവിടെ പോയിരുന്നു, സംഗതി സത്യമാണ്, മെനു ഉണ്ട്. ആരുടെ ശൗര്യമാണ് ഞാൻ അകത്താക്കിയത് എന്ന് ഞാൻ പറയുന്നില്ല. ചിത്രം നോക്കി ഊഹിക്കാൻ ശ്രമിക്കുകയും വേണ്ട...

English Summary: Food Experiments Around the World, Muralee Thummarukudy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com