ADVERTISEMENT

വെറുതെയിരിക്കുമ്പോൾ മനസ്സിൽ പലതും തോന്നുമെന്നു പറയുന്നത് വെറുതെ അല്ല. ലോക്ഡൗണിന്റെ ആദ്യദിനം മുതൽ സമൂഹമാധ്യമങ്ങളിൽ പാചകപരീക്ഷണങ്ങൾ നിറയുകയാണ്. കഞ്ഞി, ചമ്മന്തി, കുഴിമന്തി, പൊറോട്ട, ബീഫ്, ചക്ക, ചക്കക്കുരുവിഭവങ്ങൾ എന്നിവ കൊണ്ട് ‘ലൈക്കടി’ നേടുകയായിരുന്നു പലരും. അങ്ങനെയിരിക്കെയാണ് പുതിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ‘വട എന്തെന്ന് അറിയാത്ത മലയാളി’യെന്ന പരിഭവത്തോടെ അതു പലരും വിവിധ ഗ്രൂപ്പുകളിൽ ഫോർവേഡ് ചെയ്ത് കഴിഞ്ഞു. വെറുമൊരു നേരംപോക്കിന് ഒരു വിദേശ മലയാളി ഉഴുന്നുവടയെടുത്ത് ഇതെന്തു പലഹാരം എന്നു ചോദിച്ചതാണ് ചൂടുവട പോലെ സമൂഹ മാധ്യമങ്ങളിൽ മൊരിഞ്ഞ് കറങ്ങി നടന്നത്. ‘ഇതെന്ത് പലഹാരമാണ്.... ഇൗ പലഹാരത്തിന്റെ പ്രത്യേകത... ഇൗ ദ്വാരത്തിലൂടെ നോക്കിയാൽ മറുപുറം കാണാം’ എന്നെല്ലാം വിഡിയോയിൽ പറഞ്ഞതു കേട്ടപ്പോൾ എല്ലാവർക്കും ആദ്യം പരിഭവം, പിന്നെ ചിരി. ആ വിഡിയോയിലുള്ള ജേസേട്ടന്റെ നമ്പർ തപ്പിയെടുത്തു വിളിക്കുന്ന വിഡിയോയും പിന്നാലെ വന്നു. ആദ്യ വിഡിയോ കണ്ടവർ രണ്ടമാത്തെ വിഡിയോ കണ്ടപ്പോൾ ഇങ്ങനെ പറഞ്ഞു കാണും – എന്നാലും എന്റേ... ജോസേട്ടാ അല്ല (വട) ജോസേട്ടാ.... (ജോസേട്ടൻ ഇത് വായിക്കാൻ ഇടവന്നാൽ എഫ്ബി ലൈവിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.)

ആലുവ സ്വദേശിയായ ജോസ് വിഡിയോയിൽ ഒരു വടയും കൈയിൽ പിടിച്ച് വളരെ ഗൗരവത്തിൽ പറഞ്ഞു തുടങ്ങി:

‘ഹലോ സുഹൃത്തുക്കളെ, ഇതാണ് ഒരു പലഹാരം! യൂട്യൂബിൽ കണ്ടതാണ്, ഇതിന്റെ പേര് ... എന്താണ്? ഹാ, വട എന്ന പലഹാരം. ഇത് മറ്റേ ഉഴുന്ന് അരച്ചിട്ടുണ്ടാക്കുന്ന ഒരു പ്രത്യേക പലഹാരമാണ്. കൊള്ളാം. ഈ സാധനം ഞാൻ ഉണ്ടാക്കി നോക്കിയപ്പോൾ നല്ല രസമായിട്ടു തോന്നി. ഇതിന്റെ പ്രത്യേകത എന്തെന്നു വച്ചാൽ ഇതിന്റെ നടുക്കു കൂടി നോക്കിയാൽ അപ്പറത്തു കൂടി ആരെങ്കിലും വരുന്നതൊക്കെ കാണൻ പറ്റും. ഇത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. ഇപ്പോൾ ഞാൻ ഗൂഗിളിൽ നോക്കിയപ്പോൾ ഇത് കണ്ടു, ഇത് പാവങ്ങളുടെ ഭക്ഷണം എന്നാണ് അറിയപ്പെടുന്നത്. ചില ആൾക്കാർ ഇത് ഉണ്ടാക്കി കടകളിൽ കൊണ്ടു പോയി വിൽക്കാറുണ്ടെന്നും പറയപ്പെടുന്നു. മഴയത്തും വെയിലത്തുമൊക്കെ... എന്തായാലും ഞങ്ങൾ ഇതൊന്ന് ഉണ്ടാക്കി നോക്കി നല്ല രസമുണ്ട്, നിങ്ങളും ഇതൊന്നു പരീക്ഷിക്കണം.’

എന്നാലും ആരെടാ വട അറിയാത്ത മലായാളി എന്ന കൗതുകം അന്വേഷിച്ച് ഒരു മലയാളി തന്നെ ജോസേട്ടനെ വിളിച്ചു കാര്യം അന്വേഷിച്ചു

മലയാളി ഫോണിൽ : ‘ഇവിടെ നിങ്ങളുടെ വടയെക്കുറിച്ച് ഒരു സംസാരം ഉണ്ടായല്ലോ... ഞങ്ങളിങ്ങനെ അദ്ഭുതപ്പെട്ടു, വടയുണ്ടാക്കാൻ അറിയാത്ത മലയാളിയെക്കുറിച്ച് ഇവിടെ ഇങ്ങനെ ചർച്ച നടത്തുവായിരുന്നു...

ജോസ് : ഞാനിങ്ങനെ ഇഷ്ടം പോലെ വടയൊക്കെ ഉണ്ടാക്കികൊണ്ടിരുന്നൊരാളാണ് നാട്ടിൽ. കൂട്ടുകാരുടെ അടുത്ത് ഒരു തമാശയ്ക്കുവേണ്ടി വിഡിയോ എടുത്ത് ഇട്ടതാണ്.

മലയാളി : ഞങ്ങൾ ഓർത്തു, പണ്ട് നമ്മുടെ നാട്ടിൽ പാക്ക് (അടയ്ക്ക) പറിച്ചോണ്ടിരുന്ന ഒരാൾ പട്ടാളത്തിൽ പോയിട്ടു തിരിച്ചു വന്നപ്പോൾ എന്തുട്ട് കായാണിത് എന്നു ചോദിച്ചതു പോലെയായിപ്പോയി.

ജോസ്: കുറേ നാളു കൂടി വീട്ടിൽ വട ഉണ്ടാക്കി വിജയിച്ചപ്പോൾ സന്തോഷത്തിന് വിഡിയോ ഇട്ടതാണ്. കുറേപ്പേർ തെറി വിളക്കുന്നുണ്ട്. ലോകത്തിന്റെ പലഭാഗത്തു നിന്നും തെറി കേട്ടു കഴിഞ്ഞു. ഇനി അന്റാർട്ടിക്കയിൽ നിന്നു മാത്രമേ തെറി കേൾക്കാൻ ബാക്കിയുള്ളു. ശരിക്കും വടയുണ്ടാക്കാൻ അറിയാമെന്ന് അന്വേഷിക്കുന്നവരോട് പറഞ്ഞേക്കൂ...

വടകളിൽ രാജാവാണ് ഉഴുന്നുവട 

ആവിപൊങ്ങുന്ന മസാല ദോശയുടെ അരികുപറ്റി ഇരിക്കാൻ അവകാശമുള്ളവൻ. മറ്റൊരു വടയും ആ സ്ഥാനത്ത് നമ്മൾ കണ്ടിട്ടില്ല. രൂപം കൊണ്ടും രുചികൊണ്ടും ആർക്കും ‘നിഷേധിക്കാൻ’ ആകാത്ത സാന്നിധ്യം. എണ്ണയിൽ മൊരിഞ്ഞ്, തവിട്ടു നിറത്തിൽ, വേപ്പിലത്തുമ്പ് പുറത്തേക്കു കാട്ടി, പതുപതുപ്പോടെ കൊതിപ്പിക്കുന്ന ഉഴുന്നുവട ദക്ഷിണേന്ത്യയുടെ സ്വന്തം പലഹാരമാണ്. മെദു വട എന്നാണ് ഉഴുന്നുവടയുടെ ശരിക്കുമുള്ള പേര്. മാർദവം എന്ന അർഥമുള്ള ‘മെദു’ എന്ന വാക്കിൽ നിന്നാണ് അതുണ്ടായത്. ഭക്ഷണപ്രിയർക്ക് ഇതാ ഉഴുന്നു വടയുടെ രുചിക്കൂട്ട്

ഉഴുന്നിനൊപ്പം കറിവേപ്പില, പച്ചമുളക്, കുരുമുളക്, ഉള്ളി എന്നിവ ചേർത്താണ് ഉഴുന്നുവട ഉണ്ടാക്കുന്നത്.

ചേരുവകൾ

  • ഉഴുന്ന് – 2 കപ്പ്
  • സവാള – 1 
  • പച്ചമുളക് – 2 
  • കറിവേപ്പില
  • ഇഞ്ചി – ചെറിയ കഷ്ണം
  • കായപ്പൊടി – കാൽ ടീസ്പൂൺ
  • കുരുമുളക്
  • ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം

രണ്ടു കപ്പ് ഉഴുന്ന് 6 മണിക്കൂർ വെള്ളത്തിൽ ഇട്ടു കുതിർത്തു പറ്റുമെങ്കിൽ വെള്ളം ഒട്ടും ചേർക്കാതെ ഗ്രൈൻഡർ ഉപയോഗിച്ച് അരച്ചെടുക്കുക. അല്ലെങ്കിൽ മിക്സിയിൽ ഓരോ സ്പൂൺ വെള്ളം ഒഴിച്ച് അരച്ചെടുക്കാം. മാവിലേക്ക് ഒരു ചെറിയ സവാള പൊടിയായി അരിഞ്ഞതും  രണ്ടു പച്ചമുളകും കുറച്ചു കറിവേപ്പില അരിഞ്ഞതും ഒരു ചെറിയ കഷ്ണം ഇഞ്ചി പൊടിയായി അരിഞ്ഞതും കാൽ ടീസ്പൂൺ കായപ്പൊടിയും പത്ത് കുരുമുളക് മണികളും ചേർത്ത് നന്നായി യോജിപ്പിച്ചു കൈ കൊണ്ട് അല്ലെങ്കിൽ മരത്തവി  കൊണ്ട് നന്നായി അടിക്കുക. പാകത്തിന് ഉപ്പും ചേർക്കുക. അപ്പോൾ തന്നെ ഉണ്ടാക്കാം. 

എണ്ണ ചൂടാകുമ്പോൾ, കൈ കുറച്ചു തണുത്ത വെള്ളത്തിൽ മുക്കി മാവ് ചെറിയ ഉരുളകൾ ആക്കി എടുത്തു നടുക്ക് ഒരു തുള ഇട്ട് എണ്ണയിൽ  മറിച്ചും  തിരിച്ചും ഫ്രൈ ചെയ്ത് എടുക്കാം. 

English Summary: Viral Vada Video, NRI Malayali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com