ADVERTISEMENT

ജീവിതത്തിലെ മറക്കാനാകാത്ത ഭക്ഷണ ഓർമ്മയെകുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?. ചിലർക്ക് വായിൽ  കപ്പലോടിക്കുന്ന രുചി ഓർമ്മയാകും മറ്റുചിലർക്ക് ഇഷ്ടഭക്ഷണം കിട്ടിയിട്ടും കഴിക്കാൻ പറ്റാത്ത വിശപ്പിന്റെ ഓർമ്മയാകും. ലോക്ഡൗൺ സമയം ഓർമ്മകളിലേക്കുള്ള തിരിച്ചു പോക്കിന്റെ സമയം കൂടിയാണ്. രസകരമായ കൊതിയോർമ്മ പങ്കു വച്ചിരിക്കുന്നത് ആൻ പാലിയാണ്

ആൻപാലി എഴുതിയ കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം

ഇഷ്ടമുള്ള ഭക്ഷണങ്ങൾ മുന്നിലെത്തിയിട്ടും അതിലൊന്ന് തൊടാൻ പോലും കഴിയാതെ ഇരിക്കുന്ന അവസ്ഥയോളം ഗതികെട്ട നേരം വേറൊന്നുമില്ലെന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ.

ഇരുപത്തഞ്ചു നോമ്പെടുക്കുന്ന സമയം ഹോസ്റ്റലിലെ കൂട്ടുകാരിയുടെ അച്ഛൻ കാണാൻ വരുമ്പോൾ മത്തി വറുത്തത് കൊണ്ടുവന്നത് ഗ്ലും എന്ന് വെള്ളം വിഴുങ്ങി നോക്കിയിരിക്കുന്നതും ടോൺസിലൈറ്റിസ് പിടിച്ചു പനിച്ചിരിക്കുമ്പോൾ യാതൊരു പ്രതിപക്ഷബഹുമാനവുമില്ലാതെ അനിയത്തി ഇരുന്ന് ഐസ്ക്രീം കഴിക്കുന്നതുമൊക്കെ എന്തെല്ലാം മാനസികസമ്മർദ്ദങ്ങളിൽ കൊണ്ടോയി ചാടിച്ചിട്ടുണ്ടെന്നതും ചരിത്രം.

എന്നാലും ചില ഇന്റർവ്യൂലൊക്കെ മറക്കാനാവാത്ത ഒരു കൊതിയോർമ്മ പറയൂ എന്ന് പറഞ്ഞാൽ ഒന്നേയുള്ളൂ. ഒന്നരപതിറ്റാണ്ടു മുന്നത്തെ സംഭവമാണ്. ആലപ്പുഴയിൽ വെച്ചൊരു അഡ്വെർടൈസ്‌മെന്റിന്റെ ഷൂട്ട് ഉണ്ട്, പുണെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നും പഠിച്ചിറങ്ങിയ സംവിധായകനാണ്, പരസ്യചിത്രങ്ങളല്ല സിനിമകളാണ് താത്പര്യം, പിന്നെ നാടിന്റ നന്മയ്ക്കും അന്തസ്സിനും അഖണ്ഡതയ്ക്കുമെല്ലാം വേണ്ടി ഈ പരസ്യം ചെയ്യുന്നുവെന്ന് മാത്രം എന്ന ലൈനാണ് . ഡിഗ്രി വരെ പഠിച്ചതും ജീവിച്ചതുമൊക്കെ കൊട്ടാരക്കര ആണെങ്കിലും കക്ഷിക്ക്‌ വായ തുറന്നാൽ ഹിന്ദിയെ വരൂ, അതും ഒരു ലോഡ് പുച്ഛത്തിന്റെ ഡെക്കറേഷൻ ഒക്കെയായിട്ട്.

അങ്ങനെ പറഞ്ഞ പ്രകാരമുള്ള ഷൂട്ടിംഗ് ദിവസമെത്തി. ഔട്ഡോർ ആയതു കൊണ്ടും ഏതാണ്ടൊരു ഒന്നരമണിക്കൂർ യാത്ര ഉള്ളത് കൊണ്ടും രാവിലെ തന്നെ പുറപ്പെട്ടു. അടുക്കളേലോട്ട് നോക്കിയപ്പോ ചെറുപയർ പുഴുങ്ങിത്തുടങ്ങിയിട്ടേയുള്ളു. എന്നാപ്പിന്നെ ഷൂട്ടിംഗ് ലൊക്കേഷനിൽ ചെന്നിട്ടാവാം ബ്രെക്ഫാസ്റ് എന്ന് കരുതി പുറപ്പെട്ടു.

എന്റെ ഒപ്പം അന്ന് വല്ല്യച്ഛനും പിന്നെ വല്യച്ഛന്റെ ഒരു സുഹൃത്തുമാണുള്ളത്. അന്ന് ഞങ്ങളുടെ ഡ്രൈവർ ഒരു മികച്ച കേൾവിക്കാരനായിരുന്നു , എന്തിനും ഏതിനും മൂളും , കൂടെ അതെന്നതാ, ആണോ , അയ്യോ , അയ്യോ എന്നീ പ്രയോഗങ്ങളും വാരിക്കോരി വിതറിക്കോളും. ആത്മസംതൃപ്തിക്ക് മറ്റെന്തു വേണം ? രണ്ടു പേരും വണ്ടിയിലോട്ടു കേറിയപ്പോ മുതൽ ധീര-വീര-അത്ഭുത-കഥകൾ പങ്കു വെച്ച് തുടങ്ങിയതു കൊണ്ട് ഞാൻ കിടന്നുറങ്ങി,. ഇടയ്ക്കൊന്നു കണ്ണ് തുറന്നപ്പോൾ ആലപ്പുഴയിലേക്കുള്ള വഴിയൊക്കെ വെള്ളം കേറിക്കിടക്കുകയാണ്,വണ്ടി മന്ദാകിനി മോഡലിൽ നിരങ്ങിയാണ് പോകുന്നത്.

പ്രതീക്ഷിച്ചതിലും അരമണിക്കൂർ താമസിച്ചാണ് ആലപ്പുഴയിൽ എത്തുന്നത്. എന്നാലും വണ്ടി നിന്ന് പോവാതെ അവിടം വരെ എത്തിയ സമാധാനത്തിലായിരുന്നു ഞാൻ. ലൊക്കേഷനിൽ ചെന്നിറങ്ങി ചുറ്റും നോക്കിയപ്പോ കുറെ ഡാന്സര്സ് ഹോളി പോലെ കളർ വാരി എറിയുന്നു , അതിന്റെ നടുക്ക് കൂടി കളർ റിബ്ബണുകളുമായി ഓടുന്നുഒരു ചെണ്ടയുടെ' അടുത്ത് നിന്ന് മുടി കിലുക്കി തുള്ളിച്ചാടുന്നു. ദൈവമേ , എൺപതുകളിലെ ഏതോ ഹിന്ദി സിനിമയുടെ പാട്ടുസീൻ പോലൊരു സീൻ . വണ്ടീന്ന് പതുക്കെ ബാഗൊക്കെ എടുത്തു നിക്കുമ്പോൾ ഒരു ഹിന്ദിക്കാരി കൊച്ചു വന്ന് ചടപടാന്ന് എന്തൊക്കെയോ പറഞ്ഞു, ആ പറഞ്ഞതിൽ മേക്കപ്പ് എന്ന വാക്കുള്ളതുകൊണ്ടു മാത്രം , "ഓക്കേ, ഐ ആം ഫൈൻ , താങ്ക്യൂ" എന്ന അറിയാവുന്ന ഭാഷയിൽ മറുപടി പറഞ്ഞു ഞാൻ അവളുടെ പിറകെ ചെന്നു.

അന്നവിടെ നല്ല ആത്മാർത്ഥത ഉള്ള മേക്കപ്പ് ആര്ടിസ്റ്റായിരുന്നു, അങ്ങേര് എന്റെ ഇരുനിറമുള്ള മുഖത്തേക്ക് വൈറ്റ് വാഷ് ചെയ്യുന്നപോലെ മേക്കപ്പ് ഇട്ടോണ്ടേയിരുന്നു. എന്റെ കണ്ണാണെങ്കിൽ കുറച്ചപ്പുറത്തുള്ള വടയിലും പൂരിയിലും ഇങ്ങനെ ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നു. പണ്ടാരവിശപ്പ്! ഒടുക്കം മേക്കപ്പ് കഴിഞ്ഞു ഇനിയെന്തെങ്കിലും കഴിക്കാമെന്നു കരുതിയപ്പോ ഇപ്പൊ ഷൂട്ട് ചെയ്യാമെന്ന് സംവിധായകൻ വക പ്രഖ്യാപനം. ഓ ആയിക്കോട്ടെ ! ഉച്ച വരെ ഓടിയും ചാടിയും തിരിഞ്ഞും ചിരിച്ചും അങ്ങനെ പോയി.

ഉച്ചക്ക് ഊണ് കഴിക്കാൻ ഇരുന്നപ്പോൾ ആകാശത്തു നിന്ന് ഒരാവശ്യവുമില്ലാത്ത ഒരിടിമിന്നൽ, ചാറ്റൽ മഴ. അയ്യോ , മഴ വന്നാൽ മൊത്തം കുളമാകുമല്ലോ എന്ന് ഹിന്ദിയിൽ പ്രാകി സംവിധായകൻ ചാടിയെണീറ്റു . കൂടെ ബാക്കിയുള്ളവരും. മുന്നിലിരിക്കുന്ന കരിമീനിനെ ഉപേക്ഷിച്ചു പോവാൻ ഒരു താല്പര്യവുമുണ്ടായിട്ടല്ല, എന്നാലും ചുറ്റുമുള്ളവരുടെ കഷ്ടപ്പാടാലോചിച്ചപ്പോൾ ഇരുന്നു കഴിക്കാൻ തോന്നിയില്ല, അപ്പൊ തന്നെ ഞാനും ഓടിച്ചെന്നു. എന്തായാലും വൈകിട്ടൊരു നാലുമണിയോടെ ഷൂട്ടിംഗ് കഴിഞ്ഞു. എന്നാപ്പിന്നെ അപ്പൊത്തന്നെ വീട്ടിലേക്ക് തിരിക്കാമെന്ന് വിചാരിച്ചു. വീണ്ടും കാപ്പിയും പഫ്‌സും ഉള്ളിവടയുമൊക്കെ എത്തിയപ്പോളേക്കും വൈകിക്കണ്ട എന്ന് കരുതി എല്ലാരോടും ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ പറഞ്ഞു പിരിഞ്ഞു.

കുറച്ചു ദൂരം എത്തിയപ്പോളേക്കും എനിക്ക് വിശപ്പ് അൺസഹിക്കബിൾ ആയി. ഞാൻ വല്യച്ചനോട് ഇവിടെ അടുത്തെങ്ങാനും ഏതെങ്കിലും കഴിക്കാൻ കിട്ടുവോന്ന് നോക്കാമല്ലേ എന്ന് മൃദുവായി മൊഴിഞ്ഞു. "ശേ , നിന്റെ കൊഴപ്പമിതാ, ടൌൺ വിടുന്നോടം വരെ നോക്കിയിരുന്നു , എന്നാലിത് നേരത്തെ പറയേണ്ടേ ?ഇനിയിപ്പോ കോട്ടയം എത്തട്ടെ..." അപ്പൊ അതാ ആത്മമിത്രം ഇടപെടുന്നു ,"അതിനെന്നാന്നെ ? എന്റെ അനിയത്തീടെ വീട് ഇവിടെ അടുത്താ, അവളുടെ വീട്ടിലോട്ട് പോവാം." നോട്ട് ദ പോയിന്റ്- രാവിലെയും ഉച്ചക്കും ഭക്ഷണം കഴിച്ച മനുഷ്യർക്ക് ആ സമയത്തു വിശക്കില്ല എന്ന് മനസ്സിലാക്കാത്തതും അറിയാത്ത മനുഷ്യരുടെ വീട്ടിലോട്ട് പോവുന്നതെന്തിനാ എന്ന് ചോദിക്കാനുള്ള വിവരവും ഇല്ലാതെ പോയത് എന്റെ തെറ്റ് !

അങ്കിളിന്റെ അനിയത്തിയുടെ വീട്ടിൽ എത്തിയപ്പോ അവര് ഞങ്ങളെ ഡൈനിങ് റൂമിൽ തന്നെയിരുത്തി. ഒരിത്തിരി വലുപ്പമുള്ള ഡൈനിങ് ടേബിളാണ്. അതിന്റെ അങ്ങേ വശത്തിരുന്നു ഒരു പെൺകുട്ടി ചെറിയ ഒരു കുട്ടിയെ പഠിപ്പിക്കുന്നുണ്ടായിരുന്നു. അങ്കിൾ അവരെ എനിക്ക് പരിചയപ്പെടുത്തിതന്നു . ആന്റിയുടെ മൂത്തമോളാണ് , കൂടെയുള്ള കുട്ടി ആന്റിയുടെ ഭർത്താവിന്റെ അനിയന്റെ മകളും. അവൾക്കു LKG അഡ്മിഷന് വേണ്ടിയുള്ള കലാപരിപാടിയാണ് നടക്കുന്നത്.

അങ്കിളിനെയും വല്യച്ചനെയും നോക്കി ചിരിച്ച പെൺകുട്ടി എന്നെ നോക്കുന്നേ ഇല്ല. ഞാൻ ചിരിച്ചിട്ടും ഹെലോ പറഞ്ഞിട്ടും ഒരു അനക്കവുമില്ല , മാത്രമല്ല അതുവരെയില്ലാത്ത എനർജിയിൽ കുട്ടിയെ പഠിപ്പിക്കുകയും ചെയ്യുന്നു. ആന്റി നല്ല കുക്ക് ആണ്, ആന്റിയുടെ ഭർത്താവ് മിടുക്കനൊരു കർഷകനും , അവർക്കു വീടിനോടു ചേർന്നൊരു നേഴ്‌സറിയുമുണ്ട്. അവിടെ വന്ന പുതിയ ചെടികൾ കാണാനായി വല്യച്ചനും സുഹൃത്തും ഒരു മുങ്ങൽ. "മോളവിടെയിരിക്ക് , ഞാനിപ്പോ വരാം " എന്നും പറഞ്ഞു ആന്റി അടുക്കളേലോട്ട് പോയി. ഞാനാണെങ്കിൽ ആ വീട്ടിലെ ജനലുകൾക്കൊക്കെ എത്ര കമ്പിയുണ്ടെന്ന് എണ്ണിക്കൊണ്ടിരുപ്പായി.

ആന്റി ആദ്യം ഒരു വലിയ ട്രേയിൽ ചായക്കപ്പുകൾ കൊണ്ട് വന്നു. ചായ കുടിക്കാറില്ല , എന്നാലും അടുക്കളയിൽ നിന്നും നല്ല സുഗന്ധമൊക്കെ വരുന്നതിന്റെ പച്ചപ്പിൽ കാത്തിരുന്നു.പിന്നാലെ നല്ല ചൂട് പഴംപൊരിയുമായി ആന്റി വരുന്ന വഴിക്ക്, ഭർത്താവ് മുറ്റത്തു നിന്ന് നീട്ടി വിളിച്ചു," നീയാ കത്തിയിങ്ങു കൊണ്ടുവന്നേ , ഞാനൊരു കമ്പെടുക്കട്ടെ ". അത് കേട്ടതും ആന്റി ഓർമ്മയില്ലാതെ പഴംപൊരി മകൾ ഇരിക്കുന്നതിന്റെ മുന്നിൽ കൊണ്ട് വെച്ച് ഒരു പോക്ക്. അതായത് ടേബിളിൽ എന്റെ മുന്നിലുള്ള പകുതിഭാഗവും കഴിഞ്ഞു ഏറെ ദൂരെയായിരിക്കുന്ന ഒരു പ്ളേറ്റ് ചൂട് പഴംപൊരി വിത്ത്‌ മണം and ഗുണം. ബട് ആ ചേച്ചിക്ക് അതൊന്ന് എന്റെ നേർക്ക് നീക്കിവെച്ചുതരാനുള്ള ഒരു മനസ്സുമില്ലെന്ന് ആദ്യമേ പിടികിട്ടി.

ചേച്ചിയുടെ മുഖത്തിൽ കുറച്ചു മുൻപുള്ള അപ്രിയത്തിനൊന്നും ഒരു കുറവുമില്ലെങ്കിലും ആ മുന്നിലിരിക്കുന്ന പഴംപൊരിയെ പ്രതി ഞാൻ പരമാവധി വോട്ടേജിൽ ഒന്നുകൂടി ചിരിച്ചു കാണിക്കാൻ ശ്രമിച്ചു. നോ റെസ്പോൺസ് ! ഇനി ഒന്ന് എണീറ്റ് ചെന്നാലോ, അല്ലെപ്പിന്നെ കൈ നീട്ടിയെടുത്താലോ എന്നൊക്കെ ചിന്തിച്ചു നേരം കളയുന്നതിനിടയിൽ ആ കുഞ്ഞിക്കൊച്ച് അതിലൊരു പഴംപൊരിയിൽ തൊട്ടു. ചേച്ചി അവളുടെ കൈക്കിട്ടൊരു കൊട്ട്! ഡും ! എന്റെ സകലപ്ലാനും അതോടെ മഴവെള്ളത്തിലായി !

എന്തായാലും അഞ്ചുമിനിറ്റിനുള്ളിൽ കൃഷിയിടം കാണാനിറങ്ങിയവർ ഏതോ പ്ലാവിന്റെയോ മാവിന്റെയോ തൈ ആയി തിരിച്ചെത്തി,കസേരേലൊന്നിരിക്കാതെ നിന്ന നിപ്പിൽ തന്നെ ചായേം കുടിച്ചിറക്കി. ഞങ്ങൾ ഇറങ്ങുന്ന സമയത്തും ആന്റി ടീവീ പ്രോഗ്രാം കാണാറുണ്ടെന്നും അടുത്ത തവണ പള്ളിപ്പെരുന്നാളിന്‌ വരുമ്പോൾ പുതിയ വാഴവിത്തു കൂടി കൊണ്ടുതരാമെന്നുമൊക്കെ പറഞ്ഞുകൊണ്ടിരുന്നു. ഞാൻ ചിരിച്ചു , മകൾ എന്തായാലും പഠിപ്പിക്കലിൽ മുഴുകിയിരിക്കുകയാണ് , വീട്ടിൽ വന്നവര് പോകുമ്പോൾ തല ഒന്നുയർത്തിനോക്കുന്നു പോലുമില്ല, എന്നാ മുടിഞ്ഞ കോൺസെൻട്രേഷനാ ! എനിക്ക് അസൂയ കൊണ്ട് കണ്ണ് നിറഞ്ഞു പോയി !

ആ പ്രായം വരെയും ഒരു പകൽ മുഴുവനും വിശന്നിരുന്ന ഓർമ്മകളൊന്നും ഉണ്ടായിരുന്നില്ല, വിശപ്പിനേക്കാളും ഭക്ഷണമേശയിൽ കണ്ട അപമാനമാണ് മറക്കാൻ കഴിയാത്തത്. അന്ന് ഏറെ വൈകി പാലായിലെ വീട്ടിൽ ചെന്നപ്പോൾ മമ്മി നല്ല പഴംപൊരി ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു. അപ്പോൾ മാത്രമല്ല പലസമയങ്ങളിലും മനസ്സിൽ ആഗ്രഹിക്കുന്ന ഭക്ഷണം ഞാൻ പറയാതെ തന്നെ മമ്മി ഉണ്ടാക്കി വെക്കാറുണ്ട്, എങ്കിലും അന്നത് കണ്ടപ്പോൾ ഒന്ന് അത്ഭുതപ്പെട്ടു. ഇപ്പൊ ഇടയ്ക്കിടെ സാവനും ഗാമിയും 'ഞാനിന്നലെ നെയ്പത്തൽ ആലോചിച്ചതേയുള്ളൂ', 'എനിക്ക് രസം കൂട്ടാൻ കൊതിയായിരുന്നു' എന്നൊക്കെ പറയുമ്പോൾ തോന്നുന്ന അതേ അത്ഭുതം.

ഈക്കാണുന്ന ചിത്രം എന്റെ കസിന്റെ കല്യാണത്തിന് എടുത്തതാണ് , ആൽബത്തിൽ നിന്നുള്ള പഴയഫോട്ടോകൾ ദിവസവും അയച്ചുതരുന്നത് മമ്മിക്കൊരു നേരമ്പോക്കാണ്. ആ വിളമ്പിതരുന്നതും മമ്മി തന്നെയാണ് , അല്ലെങ്കിലും എനിക്ക് എന്ത് വേണമെന്നും എത്ര വേണമെന്നും മമ്മിയേക്കാൾ നന്നായി വേറെ ആർക്കാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത് ?

English Summary: Food Memories by Writer Ann Palee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com