ദുഖവെള്ളിയുടെ കഞ്ഞി : ജോൺ പോൾ

johnpaul
SHARE

സാമാന്യം ദീർഘമായ ശുശ്രൂഷാക്രമങ്ങളാണ് ദുഃഖവെള്ളിയാഴ്‌ചയുടെ ആചരണത്തിൽ യാക്കോബായ, ഓർത്തഡോക്‌സ് സഭാ വിഭാഗങ്ങൾക്കുള്ളത്. രാവിലെ തുടങ്ങിയാൽ കബറടക്ക ശുശ്രൂഷ കൂടി കഴിഞ്ഞു പള്ളിയിൽ നിന്നും പിരിയുമ്പോൾ ഉച്ചതിരിഞ്ഞു മൂന്നു മണിയെങ്കിലുമാകും. പഴയ ചിട്ടയനുസരിച്ച് ആ പകൽ ഉപവസിക്കണമെന്നാണ്. കഷ്‌ടാനുഭവത്തിന്റെ സാധർമ്യമായി രാവിലെ വെറും വയറ്റിൽ ആര്യവേപ്പിന്റെ ഇല അതിന്റെ കയ്‌പത്രയും ചവച്ചരച്ചു തിന്നിരുന്നതോർക്കുന്നു. ശുശ്രൂഷയുടെ ഇടപാദങ്ങളിൽ പള്ളിയിൽ നിന്നും അരക്കവിൾ കയ്‌പുനീർ (ചെന്നായം ചൊറുക്കയിൽ കലക്കിയത്) തൊണ്ടയിലിറ്റിച്ചു തന്നിരുന്നതും ഇതേവിധം പ്രതീകാത്മകമായാണ്. തുടക്കം തൊട്ടവസാനം വരെയുള്ള ക്രമങ്ങളിൽ ഏതാണ്ട് ഒരു നൂറു തവണയെങ്കിലും നിൽക്കുന്ന നിൽപിൽ നിന്നും മുട്ടുകുത്തി തറയിൽ ശിരസ് മുട്ടിച്ചു കുമ്പിട്ടും പ്രതിവാക്യങ്ങളും പ്രതിസ്‌തോത്രങ്ങളും വിലാപത്തിന്റെ ഗീതങ്ങളും ഉറക്കെ ചൊല്ലിക്കൊണ്ടുമാണ് ആരാധനയിൽ പങ്കെടുക്കുക.

ക്രമങ്ങളത്രയും കഴിയുമ്പോൾ ഒരു പരവേശം സ്വാഭാവികമാണ്. കുടലാകെ ഉണങ്ങി സന്ധികളാകെ വലിഞ്ഞു തൊണ്ടയിൽ ചെറിയ വരൾച്ച അനുഭവപ്പെടും. നാട്ടിലായാലും നഗരത്തിലായാലും വീടെത്തി അടുപ്പു തെളിച്ചു ഭക്ഷണമൊരുക്കുമ്പോൾ പരവേശം ഇരട്ടിക്കും; നേരമേറെ വൈകും. ഇതു മുൻകൂട്ടി കണ്ടിട്ടാവണം പള്ളിയിൽ തന്നെ അൽപം ഭക്ഷണമൊരുക്കാമെന്നു പണ്ടു കാരണവൻമാർ തീരുമാനിച്ചത്. വിശന്നു വരണ്ടിരിക്കുമ്പോൾ ഖരഭോജ്യത്തേക്കാൾ നന്ന് അർധദ്രാവക രൂപത്തിലുള്ള കഞ്ഞി എന്നു തീരുമാനിച്ചതും ദീർഘവീക്ഷണത്തോടെയാവണം. പതിവു തെറ്റിച്ച് ആമാശയ കോശങ്ങൾക്കു വരിക്കേണ്ടി വന്ന നിർബന്ധിത വിശ്രമത്തിനിടയിൽ കയ്‌പുനീരിന്റെ ലേപനത്തിലെ ഔഷധപരമായ ഗുണവും മുൻകൂട്ടി കണ്ടിരിക്കണം. സമൂഹത്തിന്റെ വ്യത്യസ്‌ത ശ്രേണികളിൽപെട്ടവർ ഭേദവ്യത്യാസമില്ലാതെ വരാന്തയിലും മുറ്റത്തും നിരന്നിരുന്നു കഞ്ഞിയും പയർ ഉലർത്തിയതും മാങ്ങാ അച്ചാറും സ്വച്‌ഛമായി കഴിക്കുന്ന കാഴ്‌ച ഈ സഭകളിലെ ദേവാലയങ്ങളിലും മാർത്തോമ്മാ സഭയുടെ ദേവാലയങ്ങളിലും ദുഃഖവെള്ളിയാഴ്‌ച മധ്യാഹ്ന പതിവാണ്.

പണ്ടു നാട്ടിൽ ചെറായി വലിയ പള്ളിയിലെ പഞ്ചാരമണൽ മുറ്റത്ത് ചമ്രം പടഞ്ഞിരുന്നു തെങ്ങോല കൊണ്ടുള്ള തരികിടയ്‌ക്കുള്ളിൽ മണലിലൊരു കുഴിയെടുത്ത് അതിനുമീതെ വാഴയിലച്ചീളു നിരത്തി അതിൽ ചൂടു കഞ്ഞി വീഴ്‌ത്തി പയറുലർത്തിയതും മാങ്ങ അച്ചാറും കൂട്ടി പ്ലാവിലക്കുമ്പിൾ കൊണ്ടു മൃഷ്‌ടാന്നം കുടിച്ച നാളുകളിലെ രുചി സുകൃതം ഇപ്പോഴുമുണ്ടു നാവിൽ. ചൂടുകഞ്ഞിയുടെ സ്വർഗീയ ലഹരിയിൽ വാഴയില വാടുമ്പോഴുള്ള നറുഗന്ധവും. നഗരത്തിലെത്തിയപ്പോൾ പള്ളിവരാന്തയിൽ പായ മടക്കി അതിലിരുന്നു വസ്‌തി പിഞ്ഞാണത്തിൽ കഞ്ഞിയും ഇലച്ചീന്തിൽ അനതാരികളും വിളമ്പി സ്‌പൂൺ കൊണ്ടു കോരിയായി പാനം. പയറുലർത്തിയതിനും മാങ്ങയച്ചാറിനും അലങ്കാരമായി അവൽ വിളയിച്ചതുകൂടി പരിഷ്‌കാരത്തിന്റെ ഭാഗമായി ഇടചേർന്നു പിന്നീട്. (ചിലയിടങ്ങളിൽ നേർച്ചയായി അവൽ വിളയിച്ചതു വിളമ്പുന്നതു പതിവുള്ളതാണല്ലോ). ദുഃഖവെള്ളിക്കു മുൻപുള്ള തിങ്കൾ ചൊവ്വ ദിനങ്ങളിൽ വീടുകളിൽ നിന്നും നേർച്ചയായി കൊണ്ടുവരുന്ന പച്ചമാങ്ങകൾ ഇടവകാംഗങ്ങളായ വീട്ടമ്മമാരിരുന്ന് അച്ചാറിക്കുന്ന ശ്രമദാനത്തിന്റെ അനുഷ്‌ഠാനം ഇന്നും തുടർന്നു പോരുന്നു. ഇതിന്റെ ഭാഗമായ സൊറവട്ടങ്ങളിൽ നിന്നും നോയമ്പു വീടിക്കഴിഞ്ഞാൽ നടത്തുവാൻ പാകത്തിനു പല കല്യാണാലോചനകളും തിരിനീട്ടാറുണ്ടായിരുന്നുവത്രേ.

മരണവീടുകളിൽ ശവസംസ്‌കാരത്തിനു ശേഷം ഒരുക്കുന്ന കഞ്ഞിവിരുന്നിന് പഷ്‌ണിക്കഞ്ഞി എന്നു പേരുവീണത് പട്ടിണി കിടന്ന ശേഷം കഴിക്കുന്ന കഞ്ഞി എന്ന അർഥത്തിലാവണം. ആ രീതിവട്ടത്തിൽ നിന്നു തന്നെയാണ് ദുഃഖവെള്ളിയാഴ്‌ചയൊടുവിലെ ഈ കഞ്ഞിയനുഷ്‌ഠാനവും രൂപപ്പെട്ടുവന്നത്. ക്രിസ്‌തുവിന്റെ കുരിശുമരണത്തെയും സംസ്‌കാരത്തെയും പ്രാർഥനാപൂർവം ആചരിക്കുന്ന ശുശ്രൂഷയാണല്ലോ ദുഃഖവെള്ളിയുടേത്.

മരണ വിവരമറിഞ്ഞു വരുന്നവർ സംസ്‌കാര ശുശ്രൂഷ കഴിഞ്ഞു വീണ്ടും മരണവീട്ടിൽ സന്ധിച്ച് ദുഃഖിതരായ വീട്ടുകാരുമായി ഹൃദയൈക്യം പ്രകാശിപ്പിച്ച ശേഷം മാത്രം മടങ്ങുക എന്നതായിരുന്നു മുൻകാലങ്ങളിലെ പതിവ്. മരണവീടുകളിലേക്ക് ഇന്നത്തെപ്പോലെ വിസിറ്റിങ് വീസയുമായി ഹ്രസ്വ സന്ദർശനത്തിന് ആരും വന്നു കയറാറില്ലായിരുന്നു. മരണം നടന്നാൽ പിന്നെ ആ വീട്ടിൽ സംസ്‌കാരം കഴിഞ്ഞ് മടങ്ങിയെത്തി (ചാണകം മെഴകിയ വീടാണെങ്കിൽ അടുക്കള പുതുതായി മെഴുകിയ ശേഷമേ അടുപ്പിൽ തീ കത്തിക്കാറുള്ളൂ.) വന്നു ചേർന്നവർക്ക് അയൽവീട്ടുകാർ കടുംകാപ്പി തങ്ങളുടെ വീട്ടിലുണ്ടാക്കി കൊണ്ടുവന്നു നൽകും. സംസ്‌കാര ശുശ്രൂഷ കഴിഞ്ഞ് എല്ലാവരും വീട്ടിലെത്തുമ്പോൾ അതിനകം അയൽവീടുകളിൽ നിന്നും തയാറാക്കി കൊണ്ടുവരുന്ന ചൂടുകഞ്ഞിയും പയറുലർത്തിയതും മാങ്ങയച്ചാറും വിളമ്പും. ആ പഷ്‌ണിക്കഞ്ഞി കൂടി കഴിച്ചിട്ടേ മരണമന്വേഷിച്ചു വന്നവർ മടങ്ങാറുള്ളൂ.

ജാതിമത ഭേദമെന്യേ നമ്മുടെ നാട്ടിൽ പതിവുണ്ടായിരുന്ന വഴക്കമാണിത്. ഓരോ സമൂഹവിഭാഗത്തിന്റെയും ഭോജന സംസ്‌കാരത്തിനനുസരിച്ച് വിഭവങ്ങളിൽ മാറ്റം ഉണ്ടായിരുന്നുവെന്നു മാത്രം. ഹൈന്ദവ ഭവനങ്ങളിൽ കഞ്ഞിക്കു പകരം ഊണാകും. അതിൽ വിഭവങ്ങൾ പേരിനു മാത്രമായിരിക്കും. ചൂടുചോറ്. സാമ്പാറിനു പകരം ഒരു പുളിങ്കറി. ഒരു മെഴുക്കുപുരട്ടി. ചിലപ്പോൾ ഒരച്ചാറും. അത്രതന്നെ. ഇതത്രയും അയൽഗൃഹങ്ങളിൽ നിന്നു തന്നെയാണ് ഉണ്ടാക്കിക്കൊണ്ടുവരിക. മുസ്‌ലിം സമുദായത്തിലാണെങ്കിൽ അവരുടെ നോമ്പുതുറ വിഭവങ്ങൾക്കു സമാനമായ വിഭവങ്ങളായിരിക്കും ഒരുക്കുക. കൊച്ചിയിലെ കച്ച് വംശജർക്കിടയിൽ പരിപ്പു വേവിച്ചതും ചോറും ഇടകലർത്തിയുണ്ടാക്കുന്ന കുന്നിച്ചോറ് എന്ന പ്രത്യേക മിശ്രിതമാണ് പതിവ്. നാടിന്റെ സഹജമായ വഴക്കങ്ങൾ ഇവിടെ അധിവസിക്കുന്ന എല്ലാവരും രീതി പതിവുകളുടെ വ്യത്യാസങ്ങളോടെയാണെങ്കിലും ഒരുപോലെ ആചരിച്ചുപോന്നു.

രുചി സല്ലാപത്തിൽ 2014 ൽ പ്രസിദ്ധീകരിച്ച ലേഖനം

English Summary: John Paul Puthussery, Good Friday celebrated in the Holy week

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA