ADVERTISEMENT

കുടുംബം ഏവർക്കും ഏറ്റവും പ്രിയപ്പെട്ട ഇടം . അവിടം ഏറ്റവും മനോഹരമാകുന്നത് സ്നേഹത്തോടെ രുചികരമായ  ഭക്ഷണം പങ്കുവയ്ക്കുമ്പോഴാണ്. അങ്ങിനെ ഭക്ഷണം കഴിക്കുവാൻ ഇഷ്ടപെടുന്നവരുടെയും പാചകം ചെയ്യുവാൻ ഇഷ്ടപെടുന്നവരുടെയും ഒരു ചെറിയ ഓൺലൈൻ കൂട്ടായ്മയാണ്  De Chef എന്ന ഫുഡ് ഗ്രുപ്പ്,  ഒരു കുടുംബംപോലെ പാചകവും ബന്ധങ്ങളും കാണുന്നയിടം.  അവിടത്തെ അഡ്മിൻസിന്റെയും മോഡറേറ്റർസിന്റെയും സൗഹൃദ സംഭാഷണങ്ങളിൽ നിന്നുയർന്നുവന്ന ആശയമായിരുന്നു കുടുംബദിനത്തിൽ ഒരു ബിരിയാണിയുണ്ടാക്കുക എന്നത്. 

പരസ്പരം ഒരിക്കൽപോലും കണ്ടിട്ടില്ലാത്തവർ ഒരുമയോടെ ഒന്നിച്ചുണ്ടാക്കിയ ബിരിയാണി. ഇംഗ്ലണ്ട്, മഹാരാഷ്ട്ര, ചെന്നൈ, കൊല്ലം, കോട്ടയം, എറണാകുളം... അടുക്കളകൾ വഴി...കുന്നംകുളം ഊണുമേശയിൽ വിരുന്ന് വന്ന ബിരിയാണി കഥ ഇങ്ങനെയാണ്...

മഹാരാഷ്ട്രയിൽ നിന്ന്  സിനി വെള്ളം തിളപ്പിക്കുമ്പോൾ യു കെയിൽ നിന്ന് രമ്യ അരികഴുകി റെഡിയാക്കുന്നു. അതേസമയം കരുനാഗപ്പള്ളിയിൽ നിന്ന് സുനിത സവാളയും കൂട്ടും അരിഞ്ഞ് കോട്ടയത്തുള്ള ലിജിയെ ഏൽപ്പിക്കുന്നു. അത് നേരേ കരുനാഗപ്പള്ളിയിലുള്ള രജിതയുടെ കൈകളിലേക്ക്, കറിവച്ച്  ഷാനവാസ് കുഴുവേലിപ്പടിയിൽ ദം ചെയ്തെടുക്കുന്നു.  ചെന്നൈയിൽ നിന്ന്  നയന ഇത് അലങ്കരിച്ച് കുന്നംകുളത്തുള്ള നിവിൽ സാമുവലിന്റെ  ഊണുമേശയിലേക്ക്.

ഹൈദരാബാദി ചിക്കൻ ബിരിയാണി  (രുചിക്കൂട്ട് തയാറാക്കിയത് കെ സി ബ്രോസ്)

ആവശ്യമുള്ള സാധനങ്ങൾ:
1) കഴുകി വൃത്തിയാക്കിയ ചിക്കൻ : രണ്ട് കിലോ
2) ബിരിയാണി റൈസ് : ഒരു കിലോ
3) മുളകുപൊടി : 3 സ്പൂൺ
4) മഞ്ഞൾപ്പൊടി : അര സ്പൂൺ
5) ഗരം മസാല : 2 സ്പൂൺ
6) പച്ചമുളക് പേസ്റ്റ് : 2 സ്പൂൺ
7) ജിഞ്ചർ ഗാർലിക് പേസ്റ്റ് : 2 സ്പൂൺ
8) ഏലയ്ക്ക : 8 എണ്ണം
9) ഗ്രാമ്പു : 6 എണ്ണം
10) കറുകപ്പട്ട : 2 തണ്ട്
11) ജാതിക്ക പൊടിച്ചത് : ഒരു സ്പൂൺ
12) ബേ ലീഫ് : 2 എണ്ണം
13) തക്കോലം : 2 എണ്ണം
14) പുതിനയില അരിഞ്ഞത് : ആവശ്യത്തിന്
15) മല്ലിയില അരിഞ്ഞത് : ആവശ്യത്തിന്
16) തൈര് : ഒരു കപ്പ്
17) നെയ്യ് : 2 സ്പൂൺ
18) സവാള ചെറുത് : 10 എണ്ണം ചെറുതായി നീളത്തിൽ അരിഞ്ഞു വറുത്തെടുത്തത്
19)കുങ്കുമപ്പൂ പാലിൽ കലക്കിയത് : മുക്കാൽ കപ്പ് അല്ലെങ്കിൽ അര സ്പൂൺ മഞ്ഞൾ പൊടി പാലിൽ കലക്കിയത് മുക്കാൽ കപ്പ്.
20) പെരും ജീരകം : അര സ്പൂൺ
21) ലെമൺ സിറപ്പ് : 2 സ്പൂൺ
22) ഉപ്പ് : ആവശ്യത്തിന്

തയാറാക്കുന്ന വിധം :
കഴുകി വൃത്തിയാക്കിയ ചിക്കനിലേക്ക് മുളകുപൊടി, മഞ്ഞൾപൊടി, ജിഞ്ചർ ഗാർലിക് പേസ്റ്റ്, ഉപ്പ് എന്നിവ നന്നായി ചേർത്ത് പിടിപ്പിക്കണം. ശേഷം അതിലേക്ക് മുകളിൽ പറഞ്ഞ അളവിൽ നിന്നും പകുതി അളവ് ഏലയ്ക്ക,ഗ്രാമ്പൂ,ജാതിക്കായ പൊടിച്ചത്,തക്കോലം, കറുകപ്പട്ട, ഒരു ബേ ലീഫ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യണം. ശേഷം പച്ചമുളക് പേസ്റ്റ് ആക്കിയതും ഒരു പിടി മല്ലിയിലയും,അര പിടി പുതിന ഇലയും, പകുതി ഭാഗം സവാള വറുത്തെടുത്തതും, ഒരു സ്പൂൺ സവാള വറുത്ത എണ്ണയും ചേർത്ത് നന്നായി ഉടച്ച് മിക്സ് ചെയ്തു ഒരു മണിക്കൂർ വയ്ക്കണം.

ഇതേ സമയം തന്നെ ബിരിയാണിക്കുള്ള അരിയും നമുക്ക് തയ്യാറാക്കണം. അതിനായി ബിരിയാണി റൈസ് നന്നായി കഴുകി വൃത്തിയാക്കി ഒരു മണിക്കൂർ വെള്ളത്തിൽ കുതിരാനായി വയ്ക്കണം.

ഒരു മണിക്കൂറിനു ശേഷം മരിനേറ്റ് ചെയ്തു വച്ച ചിക്കനിലേക്ക് ഒരു കപ്പ് തൈരും ഒരു സ്പൂൺ ഗരം മസാലയും ഒരു സ്പൂൺ ലെമൺ സിറപ്പും നന്നായി ചേർത്ത് മിക്സ് ചെയ്തു വയ്ക്കണം.

ആദ്യം ബിരിയാണിക്കുള്ള റൈസ് തയാറാക്കി എടുക്കണം. കലം അടുപ്പിൽ വച്ച ശേഷം രണ്ടര ലിറ്റർ വെള്ളം അതിലേക്ക് ഒഴിക്കണം എന്നിട്ട് ബാക്കിയുള്ള മുഴുവൻ മസാല കൂട്ടുകളും പെരും ജീരകവും ചേർത്ത് വെള്ളം തിളപ്പിക്കണം. വെള്ളം തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് കഴുകി വൃത്തിയാക്കിയ റൈസും ഒരു സ്പൂൺ നെയ്യും ചേർത്തു റൈസ് മുക്കാൽ ഭാഗം വേവ് ആക്കി വെള്ളം ഊറ്റി ഇറക്കി വയ്ക്കണം.

ഇനി നമുക്ക് ദം തയാറാക്കാം. അടുപ്പ് കത്തിച്ച് ബിരിയാണി ചെമ്പ് വച്ച ശേഷം മാരിനേറ്റ് ചെയ്തു വച്ച ചിക്കൻ അതിലേക്ക് നിരത്തി ഇടണം. എന്നിട്ട് ഒരു ലെയർ റൈസ് അതിലേക്ക് ഇട്ട ശേഷം കുറച്ച് സവാള വറുത്തതും,മല്ലിയിലയും പുതിനയിലയും ലെമൺ സിറപ്പും കുങ്കുമ പൂവ് പാലിൽ കലക്കിയത് അല്ലെങ്കിൽ മഞ്ഞൾ പൊടി പാലിൽ കലക്കിയതും ഒരു സ്പൂൺ നെയ്യും ഇതിലേക്ക് വിതറണം. പിന്നീട് കുറച്ച് റൈസ് മാറ്റിയ ശേഷം ബാക്കിയുള്ള റൈസും ഇതേ ചേരുവകളും ഇതിലേക്ക് ഇടണം എന്നിട്ട് നേരത്തെ മാറ്റി വച്ച റൈസ് വച്ച് ഇതിനെ വീണ്ടും ടോപ്പ് ചെയ്യണം എന്നിട്ട് സവാള വറുത്ത എണ്ണ ഇതിൻറെ മുകളിൽ തൂവണം. ഇനി ദം ചെയ്യാനായി ബിരിയാണി ചെമ്പ് അതിന്റെ മൂടി വച്ച് നന്നായി അടയ്ക്കണം എന്നിട്ട് മൈദ ഉപയോഗിച്ച് ദം കെട്ടണം. മൂടിയുടെ മുകളിൽ ഭാരം എന്തെങ്കിലും വെച്ചശേഷം കുറച്ചു തീക്കനൽ കൂടെ വാരിയിടണം.

ആദ്യത്തെ അഞ്ച് മിനിറ്റ് നല്ല തീയിൽ വേണം ദം റെഡി ആക്കണ്ടത്. അടുത്ത പത്ത് മിനിറ്റ് മീഡിയം തീയിലും റെഡിയാക്കണം. 15 മിനിറ്റ് കഴിയുമ്പോൾ തീ തീരെ കുറച്ച്, ചെറിയ തീയിൽ ഒരു 20 മിനിറ്റ് കൂടെ വേവിക്കണം. 35 മിനിറ്റ് കഴിയുമ്പോൾ തീ ഓഫാക്കി ദം പൊട്ടിച്ച് ഒരു 15 മിനിറ്റ് മാറ്റിവെക്കുക. രുചികരമായ ഹൈദരാബാദി ചിക്കൻ ബിരിയാണി ഇപ്പോൾ റെഡി ആയിട്ടുണ്ട്. വറുത്ത സവാള/മല്ലിയില /പുതിനയില എന്നിവ ഉപയോഗിച്ച് ഗാർണിഷ് ചെയ്തു ഹൈദരാബാദി ചിക്കൻ ബിരിയാണി സെർവ്വ് ചെയ്യാവുന്നതാണ്.

English Summary: International family day Cooking Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com