ഓട് മീനേ കണ്ടം വഴി; പത്തിൽ തോറ്റിട്ടും സ്വയം ജയിപ്പിച്ച ഉണ്ണി!

unnie-george
ഉണ്ണി ജോർജ്
SHARE

അടുപ്പത്തു വെട്ടിത്തിളയ്ക്കുന്ന മീൻകറിക്ക് ഉപ്പുകൂടിയാൽ എന്തു ചെയ്യും? എടുത്തു വാഴച്ചുവട്ടിൽ കമിഴ്ത്തുമോ? ഒരുവട്ടമെങ്കിലും അടുക്കളയിൽ കയറിയ ആരും അതു പറയില്ല. ഒരു കഷണം ഉരുളക്കിഴങ്ങു മുറിച്ചിട്ട് സംഗതി ബാലൻസാക്കും. പിന്നെ കപ്പയ്ക്കു കൂട്ടിപ്പിടിപ്പിച്ച്, എന്തുരുചി എന്നു വിരലു വരെ നക്കും. ജീവിതവും അത്രേയുള്ളു എന്ന് ഉണ്ണി പറയുന്നു. പാളിയെന്ന് ആരു പറഞ്ഞാലും തിരിച്ചു പിടിക്കാനും രുചി കൂട്ടാനും എത്രയോ വഴികൾ. നമ്മൾതന്നെ വിചാരിക്കണമെന്നു മാത്രം.

പരീക്ഷയിൽ തോറ്റ് പാളീസായവരും ഒന്നിനും കൊള്ളില്ലെന്ന പരിഹാസം കേട്ടുമടുത്ത് നാടുവിടാൻ പ്ലാനിടുന്നവരും ഒന്നു ശ്രദ്ധിക്കുക, നിങ്ങൾ ഉറപ്പായും വായിക്കണം ഈ ഉണ്ണിക്കഥ. എന്നിട്ട്, എന്തിനോ വേണ്ടി തിളയ്ക്കുന്നെന്നു സങ്കടപ്പെടുന്ന ജീവിതത്തിലേക്ക് നിങ്ങളുടെ ‘രുചി’ ഒരു നുള്ളു ചേർക്കുക. ജീവിതത്തിന്റെ സ്വാദ് കൂടും; സന്തോഷവും. 

ലോക്ഡൗണിൽ നാട്ടുകാർ മൊത്തം വീട്ടിലടച്ചിരിപ്പായിരുന്നെങ്കിലും വ്ലോഗർമാർക്ക് കൊയ്ത്തായിരുന്നു. വിഡിയോകൾക്ക് കാഴ്ചക്കാരുടെ എണ്ണം കുതിച്ചുകയറുന്നു. കൊള്ളാവുന്ന വിഡിയോയാണെങ്കിൽ അവർ ആ വ്ലോഗറുടെ മറ്റു വിഡിയോകൾ തിരഞ്ഞുപിടിച്ചു കാണും, അടുത്തതിനു കാത്തിരിക്കും. ഇക്കാലത്ത് കൂണുപോലെ പൊട്ടിമുളച്ചത് ഫുഡ് വ്ലോഗുകളാണ്. നേരംകൊല്ലാനും വിജയിച്ച വ്ലോഗർമാരെ മാതൃകയാക്കി ലൈക്കും കിട്ടിയാൽ ഇത്തിരി കാശും കൈക്കലാക്കാനും വിഡിയോ എടുത്തിട്ടവരുമുണ്ട്. വ്ലോഗിങ്ങിനെ സീരിയസായി കാണുന്നവർ അറിയേണ്ട കഥയാണ് ഉണ്ണിയുടേത്. 

രണ്ടു വർഷം മുൻപ് വരുമാനം കണ്ടെത്താൻ എല്ലാ വഴികളും അടഞ്ഞപ്പോൾ യൂട്യൂബ് ചാനൽ തുടങ്ങി അത് വിജയകരമായി കൊണ്ടുപോകുന്നതിന്റെ വിശേഷങ്ങൾ മനോരമ ഓൺലൈനോട് പങ്കുവയ്ക്കുന്നത് ഒഎംകെവി ഉണ്ണിയാണ്. ഫിഷിങ് സ്പെഷൽ വിഡിയോകളിലൂടെ യൂട്യൂബിലെ ട്രെൻഡിങ് ചാനലാണ് ഒഎംകെവി ഫിഷിങ്. ഓട് മീനേ കണ്ടം വഴി എന്നാണ് പൂർണരൂപം. മീന്‍ വിഭവങ്ങളാണ് പ്രധാനമായും ഉണ്ണി ഉണ്ടാക്കുക. പക്ഷേ അതിനായി ദിവസങ്ങളുടെ കഷ്ടപ്പാടുണ്ട്. കായലിൽ വല വിരിച്ച് മീൻ പിടിക്കണം. അതിന് ചിലപ്പോൾ ദിവസങ്ങളെടുക്കും. 

വിജയകരമായി ഈ ചാനൽ കൊണ്ടുപോകുന്നതിനെ കുറിച്ച് ഉണ്ണി പറയുന്നു...‘‘ഞാൻ പത്താം ക്ലാസിൽ തോറ്റയാളാണ്, പക്ഷേ ഞാനിതു വരെ ചാനലിനു വേണ്ടി ഒരാളുടെ അടുത്തും സഹായം ചോദിച്ചു പോകാറില്ല. ചാനൽ തുടങ്ങാനും ആളുകളിലേക്ക് എത്തിക്കാനും എല്ലാത്തിനുമുള്ള ട്യൂട്ടോറിയൽ യൂട്യൂബിൽ തന്നെ ലഭ്യമാണ്. അവിടുന്നു തന്നെ  കണ്ടും കേട്ടും പഠിച്ചെടുത്തു. വീട്ടിൽ‍ നെറ്റ്‌വർക്ക് പോലും ഇല്ല (ഇപ്പോഴും). ഒന്നര രണ്ടു കിലോമീറ്റർ അപ്പുറം പോയിട്ടാണ് ഫോണിൽ വിഡിയോകണ്ട് പഠിച്ചെടുത്തത്. ഇത്രയേ ഉള്ളൂ കാര്യം.’  എറണാകുളം ജില്ലയിലെ കുമ്പളങ്ങി സ്വദേശിയാണ് ഉണ്ണി.

രക്ഷപ്പെടാൻ സ്വയം തീരുമാനിച്ചാൽ ആരും തടയില്ല...

ഒരു വിദ്യാഭ്യാസവും വിവരവും ഇല്ലാത്ത നീയാണോ ചാനൽ തുടങ്ങിയത് എന്നുവരെ ആൾക്കാർ എന്നോടു ചോദിച്ചിട്ടുണ്ട്. വിവരവും വിദ്യാഭ്യാസവും രണ്ടാണ്. നമ്മൾ വെറുതേ ഇരിക്കുമ്പോഴും വരുമാനത്തിനുള്ള വക കണ്ടെത്തിയാൽ രക്ഷപെട്ടു എന്നു പറയാം. യൂട്യൂബ് വിഡിയോകൾ ചെയ്യാൻ തീരുമാനിച്ചപ്പോൾ വീട്ടുകാരോടു പറഞ്ഞു, ആറ് മാസത്തെ സമയം തരണം, അതിനു ശേഷം ഇത് ശരിയായില്ലെങ്കിൽ ഏതെങ്കിലും തുണിക്കടയിൽ ജോലിക്ക് പൊയ്ക്കോളാം. വീട്ടിൽനിന്നു നല്ല സഹകരണം കിട്ടി. ആറു മാസം കൊണ്ടു തന്നെ ആദ്യത്തെ പ്രതിഫലവും കിട്ടി. ഇതിന് പ്രത്യേകിച്ച് ഇൻവെസ്റ്റ്മെന്റ് വേണ്ട. നെറ്റ് റീചാർജ് ചെയ്യാനുള്ള കാശ് മാത്രം മതി. ചാനൽ തുടങ്ങുമ്പോൾ എന്റെ കൈയിൽ ഒന്നും ഇല്ലായിരുന്നു. ഇപ്പോൾ ധാരാളം കൂട്ടുകാരുണ്ട്, ഇതിനു വേണ്ട അത്യാവശ്യം സാധനങ്ങൾ എല്ലാം ഉണ്ട്.

ഒന്നുകിൽ പഠിക്കണം അല്ലെങ്കിൽ ഒഴപ്പണം...

സ്കൂളിലെ കൂട്ടുകാർ ചോദിച്ചു, നാണക്കാരനായ നീയാണോ ഇതൊക്കെ ചെയ്യുന്നതെന്ന്. സ്കൂളിൽ വളരെ ഒതുങ്ങി നടന്നിരുന്ന ആളായിരുന്നു ഞാൻ. 

പ്രോഗ്രസ് കാർഡിൽ ഒപ്പിടാൻ എത്തിയ അമ്മയോട് ടീച്ചർ പറഞ്ഞു: ‘ഒന്നുകിൽ പഠിക്കണം, അല്ലെങ്കിൽ ഒഴപ്പണം. ഇവനൊക്കെ എന്തിന് വന്നതാണെന്ന് അറിയാൻ പാടില്ല!’ 

വീട്ടുകാർ പഠിക്കാൻ വിട്ടതു കൊണ്ട് വെറുതെ ഇങ്ങനെ ക്ലാസിൽ വന്ന് നോക്കിയിരിക്കും, വൈകിട്ട് തിരിച്ചു പോകും. പത്താം ക്ലാസ്സ് പരീക്ഷയിൽ തോറ്റു. പിന്നെ ചെറിയ ജോലികൾക്കു പോയിത്തുടങ്ങി. അന്ന് താത്പര്യം ഉള്ള ഒരേ ഒരു കാര്യം സിനിമയായിരുന്നു. സിനിമ കാണാനും കഥ എഴുതാനും വളരെ ഇഷ്ടമായിരുന്നു. ആ താത്പര്യം ഉള്ളതു കൊണ്ട് മദ്യപിക്കാനും സിഗരറ്റ് വലിക്കാൻ പോകാനുമൊന്നും സമയം കിട്ടിയില്ല. കുറേ എഴുതും, കുറേ കളയും.. ഛോട്ടാ മുംബൈ സിനിമയുടെ ലൊക്കേഷനിൽ അസിസ്റ്റന്റ് ഡയറക്ടർമാരുടെ അടുത്ത് കഥ പറയാൻ പോയിട്ടുണ്ട്. പിന്നെ ജീവിതത്തിൽ പ്രേമം, കല്ല്യാണം. അതിനു ശേഷം അസുഖമായി കിടപ്പിലായി. രണ്ട് വൃക്കകളും തകരാറിലായി, വൃക്ക മാറ്റി വയ്ക്കേണ്ടി വന്നിരുന്നു. ചെറിയ തൊഴിലുകൾ ചെയ്തു ജീവിച്ചിരുന്ന എനിക്കും കുടുംബത്തിനും അത് താങ്ങാവുന്നതിനുമപ്പുറമായിരുന്നു. 

വൃക്ക മാറ്റിവച്ചപ്പോൾ ബാധ്യത; ‘ഫുഡ്‌‌ വ്ലോഗ്’ തുടങ്ങി ജീവിതം തിരികെപ്പിടിച്ചു

fishing-unnie
ഉണ്ണി ജോർജ്

ഓപ്പറേഷൻ കഴിഞ്ഞ സമയത്ത് മാസം പതിമൂവായിരം രൂപ വേണമായിരുന്നു മരുന്നിനു മാത്രം. നല്ല വിദ്യാഭ്യാസമില്ലാത്തൊരാൾ ഏതു ജോലി ചെയ്താലും പതിനായിരം രൂപയ്ക്ക് മുകളിൽ കിട്ടില്ല. നാട്ടുകാരൊക്കെ പിരിവ് എടുത്താണ് ഓപ്പറേഷൻ നടത്തിയത്. മറ്റുള്ളവരുടെ സഹായം കൊണ്ട് ഒരുപാടു കാലം മുന്നോട്ടു പോകാൻ പറ്റില്ല. ആ സമയത്ത് ഞാൻ തന്നെ ആലോചിച്ച് കണ്ടുപിടിച്ചതാണ് യൂട്യൂബ് ചാനൽ തുടങ്ങുന്ന കാര്യം. വീട്ടിൽ നെറ്റ്‌വർക്ക് ഇല്ല. രാവിലെ നടക്കാൻ പോകുമ്പോൾ റേഞ്ച് ഉള്ള സ്ഥലം നോക്കി വിഡിയോ കണ്ടു പഠിച്ച ശേഷമാണ് ഇതിനെക്കുറിച്ച് കൂട്ടുകാരോടു സംസാരിച്ചത്. കേട്ടവരൊന്നും നെഗറ്റീവായി പറഞ്ഞില്ല. താൻ എന്തെങ്കിലും ചെയ്യടോ എന്നാണ് പറഞ്ഞത്. പിന്നെ, ഇതിൽനിന്നു പൈസ കിട്ടും എന്ന് ഉറപ്പുണ്ടോ എന്നു മാത്രം ചോദിച്ചു. കൂട്ടുകാരനോട് മൊബൈലിൽ എടുത്തു തരാമോ എന്നാണ് ചോദിച്ചത്. അപ്പോൾ അവൻ പറഞ്ഞു അവന്റെ ക്യാമറയിൽ എടുക്കാമെന്ന്. പരിപാടി തുടങ്ങി. ആദ്യത്തെ കുറച്ച് വിഡിയോ കൂട്ടുകാരൻ എഡിറ്റ് ചെയ്ത് തന്നു. പിന്നെ അളിയൻ തന്ന പൈസ കൊണ്ട് കംപ്യൂട്ടർ വാങ്ങി വീട്ടിൽത്തന്നെ എഡിറ്റ് ചെയ്യാൻ തുടങ്ങി. ഇന്നും ഒൻപതിനായിരത്തോളം രൂപ വേണം മരുന്നിന്. കുടുംബവും സുഹൃത്തുക്കളും പിന്തുണയുമായി എപ്പോഴും കൂടെയുണ്ട്.

ചാനൽ തുടങ്ങി ഒരു വർഷം കഴിഞ്ഞശേഷം ഞങ്ങളുടെ അടുത്തുള്ളൊരു ചേട്ടൻ വന്ന് പറഞ്ഞു: ‘നീ ഇങ്ങനെ വിഡിയോ എടുത്ത് നടന്നിട്ട് പൈസ വല്ലതും കിട്ടുമോ? കടയിൽ വല്ല ജോലിയും ശരിയാക്കി തരാം. എവിടേലും പോയി ജോലി ചെയ്യ്. ഇങ്ങനെ പൊട്ടൻ കളിച്ച് നടക്കല്ലേ’. 

ഞാൻ പറഞ്ഞു: ‘ചേട്ടാ കുഴപ്പമില്ല, അത്യാവശ്യം പൈസയൊക്കെ കിട്ടുന്നുണ്ട്.’ 

നുണപറയരുതെന്നും പറഞ്ഞ് പുള്ളി കുറച്ച് ഉപദേശിച്ചു പോയി. അതിനു ശേഷം അദ്ദേഹം കണ്ണൂരിലെവിടെയോ ഒരു പരിപാടിയിൽ പോയി പ്രസംഗിച്ചപ്പോൾ കുമ്പളങ്ങിക്കാരനാണെന്നു പറഞ്ഞു. ആ ചടങ്ങിലെ വിശിഷ്ട അതിഥിയായിരുന്ന വ്യക്തി ഉച്ചഭക്ഷണ സമയത്ത് ഇദ്ദേഹത്തെ വിളിപ്പിച്ചു. ഇദ്ദേഹം വിചാരിച്ചു പ്രസംഗമൊക്കെ കേട്ട സന്തോഷത്തിൽ വിളിപ്പിച്ചതായിരിക്കുമെന്ന്. 

വിശേഷമൊക്കെ ചോദിച്ചിട്ട് അദ്ദേഹം പറഞ്ഞു: ‘കുമ്പളങ്ങിയിലല്ലേ വീട്, അവിടെ ഒരു പയ്യൻ ഉണ്ട്, മീൻ പിടിക്കുന്ന വിഡിയോ ചെയ്യുന്നത്... അയാളെ അറിയാമോ?’

‘അങ്ങനെ ഒരാൾ കുമ്പളങ്ങിയിൽ ഇല്ലല്ലോ?’ എന്നായി ചേട്ടൻ. അങ്ങനെയാണെങ്കിൽ താൻ കുമ്പളങ്ങിക്കാരനല്ലെന്ന് പറഞ്ഞ് വിഡിയോ കാണിച്ചു കൊടുത്തു. ‘ലോകം മുഴുവൻ അവന്റെ വിഡിയോ കാണുന്നുണ്ടല്ലോ എന്നിട്ട് നിങ്ങൾ എന്താണ് അവനെ പ്രോത്സാഹിപ്പിക്കാത്തത്...?’ 

വിഡിയോ കണ്ടപ്പോൾ ചേട്ടന് എന്നെ മനസ്സിലായി. അറിയാവുന്നയാളാണെന്ന് പറഞ്ഞു.

ഓരോ വിഡിയോയും പ്രതീക്ഷയാണ്...

unnie-vlogger
ഉണ്ണി ജോർജ്

ഫിഷിങ് മാത്രമല്ല പിടിക്കുന്ന മീനിനെ കറി വച്ചാൽ ഭക്ഷണവും കഴിച്ചിട്ടു പോകാമല്ലോ എന്ന് ക്യാമറാമാൻ പറഞ്ഞപ്പോഴാണ് പാചകം തുടങ്ങിയത്. മീൻ പിടിക്കുന്നതു മാത്രമല്ല അത് പാചകം ചെയ്യുന്നതും ഇപ്പോൾ കാഴ്ചക്കാർ പ്രതീക്ഷിക്കുന്നു. ഏറ്റവും ഇഷ്ടപ്പെട്ട വിഡിയോ ഏതെന്ന് ചോദിച്ചാൽ അത് ഇനിയും പോസ്റ്റ് ചെയ്യാൻ പോകുന്നതെന്നാണ് ഉത്തരം. ഓരോ വിഡിയോയും പ്രതീക്ഷ തരുന്നതാണ്. ഈ വിഡിയോ എല്ലാവരിലേക്കും എന്ന പ്രതീക്ഷയിലാണ് ഓരോ വിഡിയോയും പോസ്റ്റ് ചെയ്യുന്നത്. ഇഷ്ടപ്പെട്ട ജോലി ചെയ്യുന്നതിന്റെ സന്തോഷം എപ്പോഴുമുണ്ട്.

ഭക്ഷണത്തിന് ഭാഷയില്ല; ലോകപ്രസിദ്ധനായ മാർക്ക് വിൻസിനൊപ്പം

mark-unnie
ലോകപ്രസിദ്ധ ഫുഡ് വ്ളോഗർ മാർക്ക് വിൻസിനൊപ്പം ഉണ്ണിയും എബിൻ ജോസും

മാർക്ക് വിൻസ് ലോകപ്രസിദ്ധ ഫുഡ് വ്ലോഗറാണ്. ഭക്ഷണം കഴിക്കാൻ വേണ്ടി എന്തും ചെയ്യും. എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്തു കൊണ്ടിരിക്കും. ഭയങ്കര എനർജിയാണ്. ഫുഡ് വ്ലോഗർ എബിൻ വഴിയാണ് മാർക്കിനൊപ്പം പാചകം ചെയ്യാൻ അവസരം ലഭിച്ചത്. ആ വിഡിയോയ്ക്ക് ശേഷം രസകരമായൊരു സംഭവമുണ്ടായി. എന്റെ ചാനലിലെ ഫിഷിങ് വിഡിയോ കണ്ട് യൂറോപ്പിൽ നിന്നൊക്കെ മലയാളികൾ പലരും മെസേജുകൾ അയക്കാറുണ്ട്. അവിടുത്തെ മലയാളികൾ കൂടുതലും മാർക്കിന്റെ വിഡിയോ കാണാറുണ്ട്. മാർക്കിനൊപ്പമുള്ള വിഡിയോ ഷൂട്ട് കഴിഞ്ഞ് എഡിറ്റിങ് നടക്കുന്ന സമയം ന്യൂസീലൻഡിൽ നിന്നൊരാൾ വിളിച്ചു, ചാനലിലെ വിഡിയോയെ കുറിച്ച് അഭിപ്രായമൊക്കെ പറഞ്ഞു. കുറച്ചും കൂടി മെച്ചപ്പെടുത്തണം, കുറെ കഥയൊക്കെ പറഞ്ഞു. ചില കാര്യങ്ങളൊന്നും ശരിയല്ല, ഞാനൊരാളുടെ പേര് പറയാം. ചിലപ്പോൾ അറിയില്ലായിരിക്കും മാർക്ക് എന്നൊരാളുണ്ട്, ലോകപ്രസിദ്ധനാണ് പുള്ളിയുടെ വിഡിയോയൊക്കെ കാണണം. എന്നൊക്കെ പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു ‘ഓകെ, ശ്രമിക്കാം’. കുറച്ച് ദിവസം കഴി‍ഞ്ഞ് മാർക്കിനൊപ്പമുള്ള വിഡിയോ പോസ്റ്റ് ചെയ്തു. കണ്ടശേഷം പുള്ളി വീണ്ടും വിളിച്ചു. ‘എടോ, ഞാൻ കണ്ടെടോ...എന്നോട് ക്ഷമിക്കൂ’ എന്നൊക്കെ പറഞ്ഞു...! 

സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കൂട്ടിയിട്ട് കാര്യമില്ല

വരുമാന മാർഗമെന്ന നിലയ്ക്ക് പലരും ഇപ്പോൾ യൂട്യൂബ് ചാനൽ ആരംഭിച്ച് സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കൂട്ടാൻ ശ്രമിക്കാറുണ്ട്. അങ്ങനെ ചെയ്തിട്ട് പ്രത്യേകിച്ച് കാര്യമില്ല, കാണുന്നവരുെട എണ്ണം കൂട്ടിയാലേ നേട്ടമുണ്ടാകൂ. ആഴ്ചയിൽ രണ്ട് അല്ലെങ്കിൽ മൂന്ന് വിഡിയോകൾ ഇടാറുണ്ട്. ടിക്ക് ടോക്ക് പൂട്ടിപ്പോയതു കൊണ്ട് എല്ലാവരും യൂട്യൂബിലേക്ക് വരാൻ തുടങ്ങിയിട്ടുണ്ട്. ഒരു കണക്കിന് ഞങ്ങളെപ്പോലുള്ള ഫുഡ് വ്ലോഗേഴ്സിന് അത് നല്ലതാണ്. ജാട എന്ന സംഭവം യൂട്യൂബിൽ എടുക്കില്ല. യൂട്യൂബിൽ അഞ്ച് ദിവസത്തിൽ ഒരിക്കൽ വിഡിയോ അപ്‌ലോഡ് ചെയ്യണം. ചൊവ്വാ, വെള്ളി ദിവസങ്ങളിലാണ് ഞാൻ വിഡിയോ അപ്‌ലോഡ് ചെയ്യുന്നത്. കൂടുതൽ വിഡിയോ ഉള്ളപ്പോൾ ഇട ദിവസങ്ങളിലും ഇടും. വിഡിയോ ചെയ്യാൻ തുടങ്ങിയതിനു ശേഷം ഏറ്റവും സന്തോഷം തോന്നിയത് 1000 സബ്സ്ക്രൈബേഴ്സ് തികഞ്ഞ ദിവസമാണ്, ഒന്നുമില്ലായ്മയിൽനിന്ന് പിച്ചവച്ചു വന്നതു കൊണ്ടാണെന്ന് തോന്നുന്നു. വിഡിയോ ചെയ്യാൻ തുടങ്ങിയ ശേഷം ധാരാളം സുഹൃത്തുക്കളെ കിട്ടിയിട്ടുണ്ട്.

യൂട്യൂബ് ചാനൽ തുടങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാഴ്ചക്കാർക്ക് ഇഷ്ടപ്പെട്ടത് കൊടുക്കുക എന്നതാണ് അടിസ്ഥാന തത്വം.

1. ആദ്യം യൂട്യൂബിനെപ്പറ്റി പഠിക്കണം. മറ്റുള്ളവരുടെ ചാനൽ കണ്ട്, എന്നാൽപിന്നെ ഒരെണ്ണം തുടങ്ങിയേക്കാം എന്നു കരുതുന്നതിൽ കാര്യമില്ല.

ഞാൻ ഈ ചാനലിലേക്ക് എത്തുന്നത് എന്തെങ്കിലും ചെയ്തില്ലെങ്കിൽ ജീവിക്കാൻ പറ്റില്ല എന്ന സാഹചര്യം വന്നപ്പോഴാണ്. ഒന്നര മാസം ഇതിനെക്കുറിച്ച് പഠിച്ചിട്ടാണ് ഇതിലേക്ക് വന്നത്. പഠിക്കുമ്പോൾ ചിലർക്കു തോന്നും ഇത് ശരിയാവില്ലായെന്ന്. ഒരുപാട് കടമ്പകൾ കടക്കണം. പലരും പല രീതിയിലാണ് പറയുന്നത്. ഈ കടമ്പകൾ പലരും കടക്കാറില്ല.

2. എങ്ങനെ അവതരിപ്പിക്കും എന്നതാണ് മറ്റൊരു പ്രശ്നം.

എനിക്ക് അങ്ങനെയൊരു പ്രശ്നം വന്നില്ല. കൂട്ടുകാരൻ ക്യാമറയുമായി എത്തി, തുടങ്ങിക്കോളാൻ പറഞ്ഞു. അങ്ങ് തുടങ്ങി, ആ ഒരു രീതിയിലാണ് ഇപ്പോഴും. 

3. റീച്ച് കിട്ടുന്നില്ല– 

ഉള്ളടക്കത്തിന്റെ പ്രശ്നമാണ്. ചെയ്യുന്ന വിഡിയോകളിൽ എന്തെങ്കിലും പ്രത്യേകതയുണ്ടാകണം.

4. വീഡിയോകൾ ആവശ്യത്തിന് തയാറാക്കി വയ്ക്കണം. 

സാധാരണ എല്ലാവരും ഒരു വിഡിയോ എടുക്കും, അത് അപ്‌ലോഡ് ചെയ്യും. പിന്നെ കുറേ ദിവസം കഴിഞ്ഞാണ് അടുത്ത വിഡിയോ അപ്‌ലോഡ് ചെയ്യുന്നത്. അങ്ങനെ ചെയ്യരുത്. തുടങ്ങുന്നതിനു മുൻപ് അഞ്ച് വിഡിയോ എങ്കിലും തയാറാക്കി വയ്ക്കണം. ഇതും പലർക്കും പറ്റില്ല, ചാനൽ തന്നെ വേണ്ടെന്നു വച്ച് തിരിച്ചു പോകും. അങ്ങനെ തിരിച്ചു പോകാതെ 100 പേർ വന്നാൽ അതിൽ ഒരു 10 പേരേ വിജയിക്കുകയുള്ളു. അഞ്ച്, ആറ് മാസമാകുമ്പോൾ പലരും ഇട്ടിട്ട് പോകും. യൂട്യൂബിനെക്കുറിച്ച് പഠിച്ചിട്ട് തുടങ്ങുക. അവൻ യൂട്യൂബ് ചാനൽ തുടങ്ങിയല്ലോ, എന്നാപ്പിന്നെ എനിക്കും ചെയ്യണം എന്ന് ഭാവത്തിൽ വരുന്നവർക്ക് പിടിച്ച് നിൽക്കാൻ പറ്റാറില്ല. മീൻപിടുത്തത്തിനൊക്കെ ഇറങ്ങുമ്പോൾ സംഭവം അത്ര എളുപ്പമല്ല. ക്യാമറ ഓൺ ആയിക്കഴിഞ്ഞാൽ മീൻ ഓടി വരില്ലല്ലോ? മീനും കൂടി വിചാരിക്കണം പിടിക്കണോ വേണ്ടയോ എന്ന്! മീൻപിടുത്ത വിഡിയോ അഞ്ചു ദിവസം വരെ എടുത്തിട്ടുണ്ട് ഒരു എപ്പിസോഡ് ചിത്രീകരിക്കാൻ. ഒരു മീനിനെ ലക്ഷ്യമാക്കി രാവിലെയും വൈകുന്നേരവും പോകേണ്ടി വന്നു, അഞ്ചാമത്തെ ദിവസം മീനിനെ കിട്ടി. മിക്ക വിഡിയോകളും ഇങ്ങനെയാണ്. നല്ല ക്ഷമ വേണ്ട ജോലിയാണ് മീൻ പിടുത്തവും. ജീവിതത്തിൽ കുറച്ച് ക്ഷമയും അച്ചടക്കവുമുണ്ടെങ്കിൽ രക്ഷപ്പെടാൻ പറ്റുമെന്നാണ് വിശ്വാസം.

5. പുതിയതായി ചാനൽ തുടങ്ങുന്നവർ വിജയികളുടെ പാതയല്ല പഠിക്കേണ്ടത്. നിർത്തിപ്പോയവരുടെ അനുഭവങ്ങളാണ് കേൾക്കേണ്ടത്. അവർക്ക് എവിടെയാണ് പരാജയം സംഭവിച്ചത് എന്നാണ് മനസ്സിലാക്കേണ്ടത്, ആ ഘട്ടം നേരിടുക. വിജയിച്ച ആൾക്കാരുടെ കഥ കേട്ടിട്ട് തുടക്കക്കാർക്ക് ഗുണമുണ്ടാകുമെന്ന് തോന്നുന്നില്ല.

വെബ്സീരീസ് ഉടൻ വരും...

ലോക്ഡൗൺ അല്ലായിരുന്നെങ്കിൽ ഈ സമയത്ത് വിദേശത്ത് പോകേണ്ടതായിരുന്നു. എഴുതിയ കഥകളൊക്കെ വച്ച് ഒരു വെബ് സീരീസിനുള്ള സ്ക്രിപ്റ്റിന്റെ പണിപ്പുരയിലായിരുന്നു ലോക്ഡൗണിൽ. പറ്റിയൊരു പ്രൊഡ്യൂസറെ അന്വേഷിക്കുന്നുണ്ട്.

English Summary: Unnie George's Youtube channel OMKV is getting more popular everyday, his life is a tale of inspiration.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA