ADVERTISEMENT

ഈ കാണുന്നത് ഏതെങ്കിലും അതിമനോഹരമായ കരീബിയൻ ബീച്ചോ ദ്വീപോ ആണെന്നൊക്കെയാവും പെട്ടെന്ന് കാണുമ്പോൾ ചിന്തിക്കുക. ഇത് രുചിയൂറും  കേക്കാണ്. ഇപ്പോൾ ട്രെൻഡായിക്കൊണ്ടിരിക്കുന്ന ഒരു കേക്ക് മോഡലാണിത്. യാത്രകളൊക്കെ മുടങ്ങി എവിടെയും പോകാനാകാതെ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ മാനസികമായി ഏറെ വിഷമിച്ചിരിക്കുന്ന സമയത്ത് മനസ്സിന് അൽപ്പം കുളിർമയേകുന്ന കാഴ്ചയായി മാറുകയാണ് ഈ ജെല്ലി കേക്കുകൾ. 

ജെലാറ്റിൻ ഉപയോഗിച്ചാണ് കേക്കിലെ കടലിന്റെ രംഗങ്ങൾ നിർമിച്ചിരിക്കുന്നത്. വളരെ സമയമെടുത്ത് ഉണ്ടാക്കിയെടുക്കുന്ന കേക്കുകളാണ് ഇവയെങ്കിലും  അവ കാണുമ്പോഴുള്ള സുഖം ഒന്ന് വേറെ തന്നെ. ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ള കേക്ക് നിർമാതാക്കൾ പലതരത്തിലുള്ള ദ്വീപുകളുടെയും ബീച്ചുകളുടെയും മാതൃകയിൽ കേക്കുകൾ ഉണ്ടാക്കാൻ ശ്രമിച്ചു. 

ന്യൂസിലൻഡ്കാരിയായ മറിയം ഖാൻ നിർമിച്ച സമുദ്ര കേക്ക് കണ്ടാൽ ഒറിജിനൽ ഒരു കടൽ ആണെന്നേ തോന്നു. താൻ ഇന്നുവരെ ഉണ്ടാക്കിയ കേക്കുകളിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ കേക്കാണിതെന്നും ഇതുണ്ടാക്കാൻ രണ്ടു ദിവസം എടുത്തെന്നും അവർ പറയുന്നു. 

റഷ്യയിലെ മോസ്കോയിലെ സ്വീറ്റ് ലാൻഡ് കേക്കിലെ പേസ്ട്രി ഷെഫ് അന്ന ഫിലാറ്റോവ, താൻ ഈ വർഷം ആദ്യം തായ്‌ലൻഡിലേക്ക് നടത്തിയ  ഒരു യാത്രയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരു ദ്വീപ് ജെല്ലി കേക്ക് സൃഷ്ടിച്ചത്. ആ രാജ്യത്തിന്റെ സൗന്ദര്യം ശരിക്കും കൗതുകകരമായിരുന്നുവെന്നും ഫൈ ഫൈ ദ്വീപുകളാണ് തനിക്ക്  പ്രചോദനമായതെന്നും വെറുമൊരു കേക്ക് കഷണം ആണെങ്കിലും ആളുകൾ ഈ സ്ഥലത്തിന്റെ ഭംഗി ആസ്വദിക്കണമെന്ന് താൻ ആഗ്രഹിച്ചുവെന്നും അന്ന ഫിലാറ്റോവ പറഞ്ഞു. ഫിൻ‌ലാൻ‌ഡ്, ഫ്രഞ്ച് പോളിനേഷ്യ, കരീബിയൻ എന്നിവിടങ്ങളിലെ യഥാർത്ഥ ദ്വീപുകളെ അടിസ്ഥാനമാക്കിയുള്ള കേക്കുകളും താൻ ഉണ്ടാക്കിയിട്ടുണ്ടെന്ന് ഫിലാറ്റോവ. 

എന്തായാലും ഒറിജിനൽ ദ്വീപുകളെ വെല്ലുന്ന വിധത്തിലുള്ളതാണീ ജെല്ലി കേക്കുകളെന്ന് അവയുടെ ട്രെഡിംഗ് ഫോട്ടോകളിൽ നിന്ന് തന്നെ വ്യക്തം. യാത്രകൾ മിസ്സ് ചെയ്യുന്ന പലരും ഈ കേക്കുകൾ വാങ്ങിക്കഴിച്ച് ആശ്വാസം കണ്ടെത്താൻ ശ്രമിക്കുമായിരിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com