ADVERTISEMENT

ലോക്ഡൗണ്‍ സമയത്ത് യുകെയിലെ ഡര്‍ബിഷെറില്‍ വീടുവൃത്തിയാക്കിയ വ്യക്തിയെ തേടിയെത്തിയത് വന്‍ സൗഭാഗ്യം. 51 കാരനായ ഒരു നിർമാണത്തൊഴിലാളി തന്റെ വീടു വൃത്തിയാക്കുന്നതിനിടെയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള വീഞ്ഞുപാത്രം കണ്ടെത്തിയത്.  ഈ പാത്രത്തിന് ഒരു ലക്ഷം പൗണ്ട് (95 ലക്ഷം രൂപ) വിലവരും. അപൂര്‍വമായ ബെയ്ജിങ് ഇനാമല്‍ കൊണ്ടുണ്ടാക്കിയ 15 സെന്റീമീറ്റര്‍ വലുപ്പമുള്ള പാത്രം 18 ാം നൂറ്റാണ്ടിലേതാണെന്നു ലേലക്കമ്പനിയായ ഹാന്‍സണ്‍സ് വിലയിരുത്തുന്നത്. തിളങ്ങുന്ന മ‍ഞ്ഞയിൽ പൂക്കളുടെ ചിത്രപ്പണികളുള്ളതാണ് ടീപോട്ടിന്റെ ആകൃതിയിലുള്ള പാത്രം. 

രണ്ടാം ലോക മഹായുദ്ധകാലത്ത് ഏഷ്യയിലായിരുന്ന മുത്തച്ഛൻ അവിടെനിന്നു കൊണ്ടുവന്നതാണ് പാത്രമെന്ന് പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഉടമ പറഞ്ഞു. പിന്നീടത് കുറേക്കാലം അയാളുടെ അമ്മയുടെ പാത്രഅലമാരയിലിരുന്നു. അമ്മയുടെ മരണശേഷം മറ്റു സാധനങ്ങൾക്കൊപ്പം കെട്ടിപ്പൊതിഞ്ഞ് ഒരു ബന്ധുവിന്റെ ഗാരിജിൽ വച്ചു. അവിടെ ഏറെക്കുറെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ലേക്ഡൗൺ കാലത്ത് ഗാരിജിലെ സാധനങ്ങൾ അടുക്കിപ്പെറുക്കുന്നതിനിടയിലാണ് പാത്രമുള്ള പെട്ടി കണ്ണിൽപെട്ടത്. അതുൾപ്പെടെയുള്ള സാധനങ്ങൾ ഒരു ചാരിറ്റി ഷോപ്പിനു കൈമാറാനായിരുന്നു പദ്ധതി. ചായപ്പാത്രമെന്നു കരുതിയിരുന്ന ഇതിന് എന്തോ പ്രത്യേകതയുണ്ടെന്ന് മുൻപുതന്നെ തോന്നിയിരുന്നെന്ന് ഉടമ പറയുന്നു. അതിനെപ്പറ്റി എന്തെങ്കിലും അറിയാൻ കഴിയുമോ എന്ന് ഇന്റർനെറ്റിൽ തിരയവേ, യാദൃച്ഛികമായാണ് ഒരു ലേലക്കമ്പനിയുടെ വെബ്സൈറ്റിൽ ചൈനീസ് പാത്രത്തിനോടു സാദൃശ്യമുള്ള രണ്ടു പാത്രങ്ങൾക്ക് വൻവിലയിട്ടിരിക്കുന്നതു ശ്രദ്ധയിൽപെട്ടത്. തുടർന്ന് ഉടമ പാത്രം കമ്പനിയിലെത്തിച്ചു. അവരുടെ പരിശോധനയിലാണ് അത് ചൈനയിലെ ചെൻലോങ് ചക്രവർത്തിയുടെ (1735-1799) കൊട്ടാരത്തിൽ നിന്നുള്ളതാവാമെന്നു കണ്ടെത്തിയത്. 

സാധാരണ ഇതിന് ഇരുപതിനായിരം മുതല്‍ നാല്‍പതിനായിരം വരെ പൗണ്ട് ലഭിക്കാന്‍ സാധ്യതയുണ്ട് എന്നാല്‍ ചൈനക്കാര്‍ ഇതിന് ഒരു ലക്ഷം പൗണ്ട് വരെ നല്‍കിയേക്കാമെന്നാണ് ലേലക്കമ്പനിയുടെ വിലയിരുത്തൽ. ഇതിനു സമാനമായ,  ചെൻലോങ്ങിന്റെ കാലത്തെ രണ്ടു പാത്രങ്ങൾ തയ്‌വാനിലെ നാഷനല്‍ പാലസ് മ്യൂസിയത്തിലും ചൈനയില്‍ ബെയ്ജിങ്ങിലെ പാലസ് മ്യൂസിയത്തിലും സൂക്ഷിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 24ന് നടക്കുന്ന ഓണ്‍ലൈന്‍ ലേലത്തില്‍ വീഞ്ഞുപാത്രം വില്‍പനയ്ക്കു വയ്ക്കാനാണ് ഉടമയുടെ പരിപാടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com