ADVERTISEMENT

ആഴ്ചയിൽ ഒന്നോ രണ്ടോ തവണയെങ്കിലും താൻ മുരിങ്ങക്കാ വിഭവം കഴിക്കാറുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതു കഴിഞ്ഞ ദിവസമാണ്. സാമ്പാറിൽ തലമുക്കിയിട്ടിരുന്ന മുരിങ്ങക്കോൽ അതു കേട്ടതു മുതൽ ഗമയിൽ തുള്ളിച്ചാടുകയാണ്. മുറ്റത്തെ മുല്ലയ്ക്കു മണമില്ലെന്നു പറയുന്നതുപോലെയാണു മുരിങ്ങയോടും മുരിങ്ങക്കായോടും ഇൻസ്റ്റ ചങ്ക്‌സിന്റെ ഇടപെടൽ. കറിയിൽ മുരിങ്ങക്കാ കണ്ടാൽ പാത്രത്തിന്റെ സൈഡിലേക്കു മാറ്റിവയ്ക്കും. മുരിങ്ങയിലയോടും പഥ്യം. പൂവാണെങ്കിലും പുച്ഛം. പക്ഷേ, ശാസ്ത്രം പറയും മുരിങ്ങ മഹാസംഭവമാണെന്ന്... ഉത്തരേന്ത്യയിൽ മുരിങ്ങ ഇപ്പോഴും വിശിഷ്ടഭോജ്യംതന്നെ.  സെഹജൻ (മുരിങ്ങക്കായും മുരിങ്ങയിലയും) കറികളിലും പലഹാരങ്ങളിലും അവർ സമൃദ്ധമായി ഉപയോഗിക്കുന്നു. പ്രധാനമന്ത്രി പറഞ്ഞത് മുരിങ്ങയില പറാത്തയുടെ കാര്യമാണ്. ചെറുതായി അരിഞ്ഞ മുരിങ്ങയില ആട്ടയ്‌ക്കൊപ്പം ചേർത്താണു പറാത്ത നിർമാണം. 

മുരിങ്ങയെന്ന സർവാംഗ സുന്ദരി

muringa-thalippu

1. കായ - വൈറ്റമിൻ എയും സിയും സമൃദ്ധമായി ഉണ്ട്. പോരാത്തതിനു കാൽസ്യം, പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം എന്നിവയും വിവിധ ബി കോംപ്ലക്‌സുകളും. 

2. ഇല - വൈറ്റമിൻ സിയുടെ സ്രോതസ്സ്. മുരിങ്ങയില നീര് അര ഔൺസ് വീതം കഴിക്കുന്നതു ഹൈപ്പർ ടെൻഷൻ കുറയ്ക്കും. മുലയൂട്ടുന്ന അമ്മമാർക്കു മുലപ്പാൽ കുറഞ്ഞാൽ, തേങ്ങാപ്പാൽ ചേർത്തു തയാറാക്കുന്ന കഞ്ഞിയിൽ മുരിങ്ങയില ചേർത്തു കൊടുക്കുന്നത് ഉത്തമം. മുരിങ്ങയില ഉപ്പ് ചേർത്ത് അരച്ചിടുന്നതു സന്ധികളിലെ നീര് കുറയ്ക്കും. ഇലയിൽ അമിനോ ആസിഡുകളും ധാരാളം. മുരിങ്ങയില സത്ത് നേർപ്പിച്ച്, പുഷ്പിക്കാറായ വിളകളിൽ തളിച്ചാൽ വിളവ് വർധിക്കും. 

3. കുരു - മൂത്ത മുരിങ്ങക്കായുടെ കുരുവെടുത്ത് റോസ്റ്റ് ചെയ്തു കഴിക്കാം. വൈറ്റമിൻ സിയുടെ കേന്ദ്രം. 

4. പൂവ് - മുരിങ്ങപ്പൂവിലെ ആന്റിബയോട്ടിക് ഘടകങ്ങൾ തൊണ്ടയിലും ചർമത്തിലും അണുബാധ തടയാൻ സഹായിക്കുന്നു. ഇലയിലും കായയിലും ഈ ഘടകങ്ങളുണ്ട്. പൂവ് കൊണ്ടുള്ള തോരൻ ഉദരകൃമി ശമിപ്പിക്കും. 

5. എണ്ണ - മുരിങ്ങക്കുരുവിൽനിന്നുണ്ടാക്കുന്ന എണ്ണ ഭക്ഷ്യയോഗ്യം. കുരുവിൽനിന്നെടുക്കുന്ന തൈലം വാതരോഗങ്ങൾക്ക് ഉത്തമം. 

6. തൊലി - മുരിങ്ങത്തൊലി ചതച്ചെടുക്കുന്ന നീര് പുരട്ടുന്നതു സന്ധിവാതത്തോട് അനുബന്ധിച്ചിട്ടുണ്ടാകുന്ന വേദന ശമിപ്പിക്കും. പശ നിർമാണത്തിനും തൊലി ഉപയോഗിക്കാറുണ്ട്. 

7. വേര് - മുരിങ്ങയുടെ വേര് അരിഞ്ഞെടുക്കുന്നതിൽനിന്നു വേർതിരിച്ചെടുക്കുന്ന സത്ത് ചില ഫുഡ് സപ്ലിമെന്റുകളിൽ ഉപയോഗിക്കാറുണ്ട്. 

8. മുരിങ്ങമരം - വെള്ളവും വായുവും ശുദ്ധീകരിക്കാൻ മുരിങ്ങയ്ക്കു കഴിവുണ്ടെന്നും വിശ്വാസം. കുറഞ്ഞ ചെലവിൽ ജലം ശുദ്ധീകരിക്കാൻ യുഎസിൽ നടത്തിയ ഒരു പരീക്ഷണത്തിലെ പ്രധാന ഘടകം മുരിങ്ങയിൽനിന്നെടുത്ത പ്രോട്ടീനായിരുന്നു.  

ഇതു വായിച്ച് പറമ്പിലേക്കിറങ്ങുമ്പോൾ മുരിങ്ങയില്ലെങ്കിൽ വിഷമിക്കേണ്ട. മുരിങ്ങമരത്തിന്റെ കമ്പുകൾ ഒന്നര മീറ്റർ നീളത്തിൽ മുറിച്ചു നടാം. രണ്ടടി താഴ്ചയിൽ കുഴിയെടുത്തശേഷം മേൽമണ്ണും അടിവളവും ചേർത്തു നിറച്ച് നട്ടാൽ നല്ലവണ്ണം പിടിക്കും. കൃഷിവകുപ്പിൽ നിന്നും മുരിങ്ങത്തൈകൾ കിട്ടും. 

(വിവരങ്ങൾക്കു കടപ്പാട് - ഡോ. ജ്യുവൽ ജോസ്, കോത്തല ഗവ. ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫിസർ) 

നാട്ടറിവുകൾ: കൃഷി വകുപ്പ്

മുരങ്ങയില ചേർത്ത പറാത്ത തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

  • മുരിങ്ങയില – 1 കപ്പ്
  • ഗോതമ്പ് പൊടി – 1 കപ്പ്
  • അയമോദകം – 1/2 ടീസ്പൂൺ
  • മുളകുപൊടി – 1/2 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • പച്ചമുളക് – 1 എണ്ണം (ചെറുതായി മുറിച്ചത്)
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • വെള്ളം – ആവശ്യത്തിന്
  • ഓയിൽ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

1. മുരിങ്ങയില പത്ത് മിനിറ്റ് വെള്ളത്തിൽ ഇട്ട് വച്ച ശേഷം കഴുകി വൃത്തിയാക്കി എടുക്കാം. ഇത് ചെറിയതായി അരിഞ്ഞ് എടുക്കണം.
2. ഒരു പാത്രത്തിൽ മുരങ്ങയില അരിഞ്ഞത്, ഗോതമ്പ്പൊടി, ഉപ്പ്, അയമോദകം, പച്ചമുളക്, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ നന്നായി യോജിപ്പിച്ച് എടുക്കാം. ആവശ്യത്തിന് വെള്ളം ചേർത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതു പോലെ കുഴച്ച് എടുക്കാം.
3. ഇത് ചെറിയ ഉരുളകളാക്കി പരത്തി നെയ്യ് അല്ലെങ്കിൽ ഓയിൽ പുരട്ടിയ തവയിൽ വേവിച്ച് എടുക്കാം. ചെറു ചൂടോടെ ചട്ണിക്കും തൈരിനുമൊപ്പം കഴിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com