ADVERTISEMENT

ദക്ഷിണേന്ത്യയുടെ ഔദ്യോഗിക ഭക്ഷണം തിരഞ്ഞെടുക്കാനായൊരു മത്സരമുണ്ടെങ്കിൽ ആദ്യ സ്ഥാനങ്ങളിലൊന്നിൽ ഇഡ്ഡലിയുണ്ടാകും. ആന്ധ്രപ്രദേശ് മുതൽ കേരളം വരെ ദക്ഷിണേന്ത്യയിലെല്ലായിടത്തും ഇഡ്ഡലിയും സാമ്പാറും ഇഷ്ട വിഭവമാണ്. എന്നാൽ, ഇഡ്ഡലിക്കൊരു തലസ്ഥാനമുണ്ടെങ്കിൽ അതു തമിഴകമാണ്. കേരളത്തിന്റെ മീൻ കറി പോലെ, തമിഴകത്തു ഇഡ്ഡലിക്ക് എത്ര വൈവിധ്യങ്ങളാണ്. മുരുകൻ ഇഡ്ഡലി കട, ഇഡ്ഡലി ഫാക്ടറി തുടങ്ങി ഇഡ്ഡലിയിൽ തുടങ്ങി അവിടെ അവസാനിക്കുന്ന എത്ര കടകളാണു ചെന്നൈയിൽ മാത്രമുള്ളത്. ഇഡ്ഡലി ലോകത്തെ ഏറ്റവും ബോറൻ ഭക്ഷണമാണെന്ന കമന്റ് കേൾക്കുമ്പോൾ, നല്ല ചൂടുള്ള സാമ്പാറൊഴിച്ച ഇഡ്ഡലി പോലെ ചെന്നൈയ്ക്കാർക്കു ചോര തിളക്കും. 

ചെന്നൈയുടെ ഇഡ്ഡലി വിശേങ്ങൾ: ഇഡ്ഡലി @ 185

കോട്ടയത്ത് എത്ര മത്തായിമാരുണ്ടെന്നു പണ്ട് ജോൺ ഏബ്രഹാം ചോദിച്ചതു പോലെയാണു തമിഴകത്തിലെ  ഇഡ്ഡലിയുടെ കാര്യം. ഇഡ്ഡലിക്കു എത്ര വെറൈറ്റിയുണ്ടെന്നു ചോദിച്ചാൽ കുഴഞ്ഞുപോകും. 185 വരെയുണ്ടെന്നു ചിലർ എണ്ണും.ചില ജനപ്രിയ ഇനങ്ങൾ ഇവയാണ്

സാധാരണ ഇഡ്ഡലി 

പേരിൽ തന്നെയുണ്ട് അതിന്റെ സ്വഭാവം. 

ഓട്സ് ഇഡ്ഡലി 

പ്രമേഹ രോഗികളുടെ പ്രിയപ്പെട്ട ഇനം. ഓട്സ് പൊടിയും കാരറ്റുമാണു പ്രധാന ഘടകങ്ങൾ.

തിനയ് ഇഡ്ഡലി 

ചോളം കൊണ്ടുള്ള ഇഡലി

കാഞ്ചീപുരം ഇഡ്ഡലി 

അരിക്കു പകരം റവ ഉപയോഗിച്ചാണു കാഞ്ചീപുരം ഇഡലി തയ്യാറാക്കുന്നത്. 

പൊടി ഇഡ്ഡലി 

ചെന്നൈയിലെ ജനപ്രിയ ഇനങ്ങളിലൊന്ന്. ഇഡ്ഡലിക്കു മേൽ ചെറിയ  എരിവ് പകരുന്ന പൊടി 

ഖുഷ്ബു ഇഡ്ഡലി 

പേരിൽ തന്നെയില്ലേ എല്ലാം. 

ചമ്മന്തി മുതൽ മട്ടൻ കറിവരെ

ചെന്നൈയിൽ ഇഡ്ഡലി  സാമ്പാറും  തന്നെയാണു ഇണപിരിയാത്ത കൂട്ടുകാർ. ചില സമയത്തു പക്ഷേ, ആളു മാറിപ്പിടിക്കും. തേങ്ങാ ചമ്മന്തി മുതൽ മീൻ കറി, മട്ടൻ കറി വരെയായി വൈവിധ്യമാർന്ന കോമ്പോകൾ ചെന്നൈയിൽ ലഭ്യം. 

തടികുറയ്ക്കാം

തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഭക്ഷണമാണു ഇഡ്ഡലി യെന്നു ന്യൂട്രിഷന്മാർ പറയുന്നു. ലളിത ഭക്ഷണമായതിനാൽ പെട്ടെന്നു ദഹിക്കും. എണ്ണയോ മറ്റോ തൊടാത്തതിനാൽ ശരീരത്തിനു ഹാനികരമായ ഒന്നുമില്ല. കലോറി ഏറ്റവും കുറവുള്ള ഭക്ഷണങ്ങളിലൊന്ന്. പ്രോട്ടീൻ സമൃദ്ധം.  

ഒട്ടും ബോറടിക്കാത്ത ഇഡ്ഡലി കഴിക്കാം

സോജൻ ജോസഫ് (ഐടി പ്രഫഷനൽ)

‘ഇഡ്ഡലിയിൽ സാമ്പാറ് ഒഴിച്ചു കഴിക്കുമ്പോഴുള്ള ആ സുഖമുണ്ടല്ലോ, ഒരു ബർഗറിനും അതു  തരാനാവില്ല. ചെന്നൈയിലേക്കു സ്വാഗതം. ഒട്ടും ബോറടിക്കാത്ത ഇഡ്ഡലി കഴിക്കാമെന്നുറപ്പുതരുന്നു. കൂട്ടിനു ചമ്മന്തിയോ , സാമ്പാറോ, മീൻ കറിയോ, മട്ടൻ കറിയോ, എല്ലാം  ഇഷ്ടം പോലെ’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com