ADVERTISEMENT

ഇടുക്കിയിൽ വന്നു കപ്പ ബിരിയാണിയും എല്ലും കപ്പയുമൊക്കെ കഴിച്ചവർക്കറിയാം ഹൈറേഞ്ചിന്റെ പവർ. നല്ല എരിവും പുളിയുമുള്ള നാടൻ വിഭവങ്ങളാണു ഇടുക്കിയുടെ രുചിപ്പെരുമയ്ക്കു പിന്നിൽ. അതിലും നാടനായൊരു സ്പെഷൽ ബിരിയാണിയുണ്ട് ഇടുക്കിയിൽ.  ഹൈറേഞ്ചിലേക്കുള്ള പ്രവേശന കവാടമായ തൊടുപുഴ മോർ ജംക്‌ഷനിലെ ഭാരത് ഹോട്ടലിൽ അടുത്ത കാലത്തു സൂപ്പർ ഹിറ്റായൊരു ഐറ്റം. വാരിയെല്ല് ദം ബിരിയാണി. പോത്തിന്റെ വാരിയെല്ലുകൊണ്ടു നാവിൽ കൊതിയൂറുന്ന ഒന്നാന്തരം ബിരിയാണി. ഉച്ചനേരങ്ങളില്‍ മസാലയുടെ അതിപ്രസരമില്ലാതെ നല്ല നാടൻ ബിരിയാണിയുടെ സുഗന്ധമാണ് ആ പ്രദേശമാകെ. ഹോട്ടലിൽ മുൻകൂട്ടി അറിയിച്ചാൽ ഒരു വാരിയെല്ലു മുഴുവനായി ദം ചെയ്തു ബിരിയാണിയാക്കി മുന്നിൽ വച്ചു തരും. മഞ്ഞൾപ്പൊടി അല്ലാതെ മറ്റൊരു മസാലയും ബിരിയാണിയിൽ ഇല്ലെന്നതാണ് ഈ നാടൻ ബിരിയാണിയുടെ പ്രത്യേകത. ഗരം മസാലയും കുരുമുളകുപൊടിയും ഇതിൽ ഉപയോഗിക്കുന്നില്ല. 

സാധാ ബിരിയാണിയിൽ വെന്തുടഞ്ഞ വാരിയെല്ലിന്റെ ഇറച്ചിയും മജ്ജയും തീർക്കുന്ന രുചിമേളം ഒന്ന് അനുഭവിച്ചറിയണം.  ഹോട്ടലിൽ അടുത്ത കാലത്ത് അവതരിപ്പിച്ച വിഭവം  സൂപ്പർ ഹിറ്റായതിന്റെ സന്തോഷത്തിലാണു ഉടമ റഷീദ്. 

മനോരമഓൺലൈൻ പാചകത്തിന്റെ വായനക്കാർക്കായി നാടൻ വാരിയെല്ല് ദം ബിരിയാണിയുടെ രുചിക്കൂട്ട്

നാടൻ വാരിയെല്ല് ദം ബിരിയാണി
നാടൻ വാരിയെല്ല് ദം ബിരിയാണി. ചിത്രം : റെജു അർനോൾഡ്

പോത്തിന്റെ വാരിയെല്ലു നുറുക്കി വൃത്തിയാക്കി വയ്ക്കുക. ഇതിലേക്കു മഞ്ഞൾപ്പൊടി, പൊതിന, മല്ലിയില, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ നന്നായി അരച്ചു പുരട്ടി 2–3 മണിക്കൂർ മാറ്റി വയ്ക്കാം. മറ്റൊരു പാത്രത്തിൽ എണ്ണയൊഴിച്ചു സവാള നന്നായി വഴറ്റിയ ശേഷം അതിലേക്കു അൽപം തക്കാളിയും ബാക്കിയുള്ള ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി പേസ്റ്റും ചേർത്തു കൊടുക്കാം. മസാല പുരട്ടിവച്ച വാരിയെല്ല് കുക്കറിൽ നന്നായി വേവിച്ചെടുക്കണം. ഇതു പാത്രത്തിലേക്കു ചേർത്തു നന്നായി ഇളക്കുക. ആവശ്യത്തിനു ഉപ്പും ചേർത്തു കൊടുക്കാം. നന്നായി യോജിപ്പിച്ച ശേഷം മാറ്റി വയ്ക്കാം.

മറ്റൊരു പാത്രത്തിൽ ഒരു കിലോ കൈമ അരി വേവിക്കാൻ 2 ലീറ്റർ വെള്ളം വയ്ക്കുക. ഇതിലേക്കു 150 മില്ലിലീറ്റർ നെയ്യും ആവശ്യത്തിനു ഉപ്പും സുഗന്ധവ്യഞ്ജനങ്ങളും ചേർത്തുകൊടുക്കാം. ഒരു ചെറുനാരങ്ങയുടെ നീരും ചേർക്കാം. അരി വെന്തു വെള്ളം വറ്റിയാൽ ദം ഇട്ടു മാറ്റിവയ്ക്കാം. കുറച്ചു നേരത്തിനു ശേഷം വേവിച്ച വാരിയെല്ലിനു മുകളിലേക്കു ചോറ് ഇട്ടുകൊടുക്കാം. അണ്ടിപ്പരിപ്പ് മുന്തിരി എന്നിവ വിതറി വീണ്ടും ദം ചെയ്യുക. അരമണിക്കൂറിനു ശേഷം ദം പൊട്ടിച്ചു ചൂടോടെ കഴിക്കാം. 

English Summary : Beef Ribs Biriyani, Nadan Recipe from Thodupuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com