ADVERTISEMENT

പുസ്തകങ്ങളോടും സിനിമയോടും മൊഹബത്തുള്ള സിനിമാക്കാരൻ, മെലിഞ്ഞ ശരീരം കൊണ്ടും ശബ്ദത്തിന്റെ പ്രത്യേകത കൊണ്ടും ചിരിപ്പിച്ച് ചിരിപ്പിച്ച് മലയാളികളുടെ മനസ്സിൽ കയറിയ ഇന്ദ്രൻസ്, വസ്ത്രാലങ്കാരത്തിലൂടെ സിനിമയിലെത്തി അഭിനയ രംഗത്ത് വിസ്മയം തീർത്ത സാധാരണക്കാരനാണ്. ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് 2018-ൽ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. മലയാളികളുടെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന, ജാഡയില്ലാത്ത നടനാണ് ഇന്ദ്രൻസ്. സിനിമാ താരങ്ങൾ വണ്ണം കൂടാതിരിക്കാൻ ചെയ്യുന്ന പ്രത്യേക ഡയറ്റുകൾ ഒന്നും ആവശ്യമില്ലാത്തൊരാൾ. പ്രത്യേകിച്ച് ഭക്ഷണ താത്പര്യങ്ങളും ഇല്ല. വെജിറ്റേറിയൻ വിഭവങ്ങൾ ദേശ വ്യത്യാസമില്ലാതെ എവിടെനിന്നും കഴിക്കാൻ ഇഷ്ടം. സാമ്പാർ, പുളിശ്ശേരി. ഇഡ്ഡലി, ചോറ് എന്നിങ്ങനെ പോകുന്നു പ്രിയ വെജ് വിഭവങ്ങൾ. ഭക്ഷണം ആവശ്യത്തിനു മാത്രം. ഈരാറ്റുപേട്ടയിൽ മേപ്പടിയാൻ എന്ന സിനിമയുടെ ലൊക്കേഷനിൽനിന്ന് ‘അൽപം’ ഭക്ഷണ വിശേഷങ്ങളുമായി ഇന്ദ്രൻസ്. 

വണ്ണമില്ലാത്ത കാലത്ത് അൽപം വണ്ണം വയ്ക്കാൻ ആഗ്രഹിച്ചിരുന്നു. ഇറച്ചിയും മീനും കഴിച്ചാൽ മത്രമേ വണ്ണം വയ്ക്കുകയുള്ളു എന്നതു മനസ്സിലാക്കിയപ്പോൾ ‘വണ്ണ’ത്തിനുള്ള ശ്രമം ഉപേക്ഷിച്ചു. വണ്ണം വയ്ക്കാൻ ആഗ്രഹിച്ച് ഇതൊക്കെ ചെയ്ത് നടക്കാതായപ്പോൾ നിരാശ തോന്നി. പക്ഷേ അങ്ങനെ ശ്രമിച്ചതു പോലും തെറ്റായിപ്പോയി എന്നു പിന്നീടു തോന്നി. കാരണം ശരീരപ്രകൃതിയിൽ മാറ്റം വരാതിരുന്നതു കൊണ്ടാകും അന്ന് സിനിമയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞത് എന്നാണ് എന്റെ വിശ്വാസം. പിന്നെ നന്നായി വ്യായാമം ചെയ്യാറുണ്ടായിരുന്നു.

ഇക്കാലത്ത് തീരെ മെലിഞ്ഞിരിക്കുന്നു എന്ന് സങ്കടപ്പെടുന്നവരോട് ഒന്നും പറയാതിരിക്കുന്നതാണ് നല്ലതെന്നു തോന്നുന്നു. അവരുടെ ചിന്തയും ഭക്ഷണരീതിയുമൊക്കെ വേറെയാണ്. നമ്മൾ പറയുന്ന കാര്യങ്ങൾ അവർക്ക് ചിലപ്പോൾ പ്രാകൃതമായി തോന്നും എന്നാണ് എനിക്കു തോന്നുന്നത്.

കൂട്ടുകൂടി ഭക്ഷണം കഴിക്കാൻ പോകുന്ന പരിപാടിയൊന്നും ഇല്ല. അങ്ങനെ ആരെങ്കിലും വിളിച്ചാൽത്തന്നെ പിൻവാങ്ങുകയാണ് പതിവ്. മറ്റൊന്നും കൊണ്ടല്ല, അത്രയൊന്നും കഴിക്കാൻ പറ്റാറില്ല. ഇച്ചിരി എന്തെങ്കിലും കഴിക്കുമ്പോഴേ വയറു നിറയുമല്ലോ പിന്നെ എന്തു ചെയ്യാനാണ്.

ഉള്ളത് പങ്കിട്ടു കഴിച്ച കുട്ടിക്കാലം

കുട്ടിക്കാലത്ത് ഉള്ള ഭക്ഷണം സഹോദരങ്ങളുമായി പങ്കുവച്ച് കഴിക്കുമായിരുന്നു. കിട്ടുന്ന ഭക്ഷണത്തിൽനിന്ന് ഒരു ഓഹരി അവിടെ ഇല്ലാത്ത ആൾക്കു വേണ്ടി മാറ്റി വച്ചാണ് കഴിച്ചിരുന്നത്. പിടിവാശികളൊ വഴക്കുകളോ ഇല്ലായിരുന്നു. പാചകം ചെയ്യാറില്ല.

ചൈനയിലെ കടുകട്ടി ഭക്ഷണവും ചോപ്സ്റ്റിക്കും

 

2019 ലെ ഷാങ്ഹായ് ചലച്ചിത്രമേളയിൽ പുരസ്കാരം സ്വീകരിക്കാൻ പോയപ്പോഴത്തെ ചൈനീസ് ഭക്ഷണ വിശേഷം സൈബർ ലോകത്ത് വൈറലായിരുന്നു. ചോപ് സ്റ്റിക് ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്ന വിഡിയോ അദ്ദേഹം പങ്കുവച്ചത് ‘പാവം.. പുള്ളിക്കാരന് മലയാളം അറിയാമായിരുന്നേൽ എന്നോട് കൈ കൊണ്ടു വാരി കഴിച്ചോളാൻ പറഞ്ഞേനെ’ എന്ന കുറിപ്പോടെയാണ് പങ്കുവച്ചത്.

indrans-family
ഇന്ദ്രൻസ് ഭാര്യ ശാന്തകുമാരിയ്ക്കൊപ്പം

ചേട്ടന് പ്രത്യേകിച്ച് ഭക്ഷണ ഇഷ്ടങ്ങൾ ഒന്നും ഇല്ല: ശാന്തകുമാരി ഇന്ദ്രൻസ്

ഇന്ദ്രൻസിന്റെ ഭക്ഷണ ഇഷ്ടങ്ങളെക്കുറിച്ച് ഭാര്യ ശാന്തകുമാരി : നാടൻ രുചികളാണ് പ്രിയം, വെജിറ്റേറിയൻ വിഭവങ്ങളാണ് ഇഷ്ടം, ഭക്ഷണകാര്യത്തിൽ ചേട്ടന് നിർബന്ധങ്ങളോ ആവശ്യങ്ങളോ ഇല്ല. ഒന്നോ രണ്ടോ ദോശയോ ഇഡ്ഡലിയോ കഴിക്കുമ്പോഴേ വയറു നിറയുന്ന ആളാണ്. ദോശയ്ക്കൊപ്പം സാമ്പാർ, ഉഴുന്നുപൊടി ചമ്മന്തി തുടങ്ങിയവയൊക്കെ ഇഷ്ടമാണ്. മകന്റെ ഭാര്യ സ്വാതി യൂട്യൂബ് വിഡിയോകൾ നോക്കി പുതിയ പാചകപരീക്ഷണങ്ങളൊക്കെ ചെയ്യുന്നതിന് നല്ല പ്രോത്സാഹനം കൊടുക്കാറുണ്ട്. എല്ലാവരും ഒന്നിച്ച് പുറത്ത് പോയി ഭക്ഷണം കഴിക്കുന്നതൊക്കെ വളരെ കുറവാണ്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എന്തായാലും കഴിക്കും. വീട്ടിൽ സാധാരണ ആഹാരക്രമമായതു കൊണ്ടു തന്നെ ഇവിടുള്ളവർക്ക് വണ്ണം കൂടുന്നുമില്ല കുറയുന്നുമില്ല.

English Summary : Food Talk With Actor Indrans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com