ADVERTISEMENT

നമുക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണമേതാ? റസ്റ്ററന്റുകളിലെ വിൽപനക്കണക്ക് നോക്കിയാൽ അത് കോഴിയാണ്. സസ്യാഹാര പ്രേമികളെയും ബീഫിനു പ്രേമലേഖനമെഴുതുന്നവരെയും മറന്ന് പറയുകയല്ല, ലോകം മുഴുവൻ പല രൂപത്തിൽ ഭാവത്തിൽ കോഴിയെ ഇഷ്ടപ്പെടുന്നു. കോഴി ബിരിയാണി, ചിക്കൻ ഫ്രൈഡ്റൈസ്, കുഴിമന്തി, അൽഫാം, പൊരിച്ച കോഴി മുതൽ കറികൾ, റോസ്റ്റുകൾ, ഗ്രില്ലുകൾ, ബർഗറുകൾ, സാൻഡ്‌വിച്ചുകൾ വരെ. പ്രായ, ലിംഗ ഭേദമന്യേ നമ്മൾ കോഴിയെ ആഹരിക്കാൻ താത്പര്യപ്പെടുന്നു. ഇക്കാലത്തെ കേരളത്തിൽ ഗ്രിൽഡ് ചിക്കൻ യുവതീയുവാക്കളുടെ ഹരമായി മാറിക്കൊണ്ടിരിക്കുന്നു. പലയിടത്ത് പല പേരാണ്. ഷവായ്, ബാർബിക്യു അങ്ങനെ. പല മസാലകൾ. കൂടെ കഴിക്കാനും പല പല സംഗതികൾ.

ഗ്രിൽഡ് ചിക്കന്റെ കൂടെ കഴിക്കുന്ന സംഭവങ്ങൾ പറഞ്ഞ കൂട്ടത്തിൽ മധുരമില്ലാത്ത പായസം പോലൊന്ന് ഉണ്ടല്ലോ. മയോണൈസ്. ഇവൻ പല ഫ്ലേവറുകളിൽ ഉണ്ട്. വെളുത്തുള്ളി ചേർത്ത ഗാർലിക് മയോന്നൈസ് ആണ് ധാരാളമായി കേരളത്തിൽ കണ്ടുവരുന്നവൻ. ഒരു കുട്ടിപ്പിഞ്ഞാണത്തിൽ അവൻ ഗ്രിൽഡ് ചിക്കന്റെയും ഫ്രഞ്ച് ഫ്രൈസിന്റെയും കൂടെ നമ്മുടടുത്തേക്ക് വരും. ചൂടുകോഴി ചെറിയ കഷണങ്ങളായി കൈ കൊണ്ട് ചീന്തിയെടുത്ത്, ഗാർലിക് മയോയിൽ അഥവാ, മധുരമില്ലാത്ത പായസത്തിൽ മുക്കി നമ്മൾ കഴിക്കും. ചിലയിടങ്ങളിലെ കോഴികൾ ലേശം എരിവ് കൂട്ടിയവയായിരിക്കും. അങ്ങനെ വരുമ്പോൾ, അതൊന്ന് ബാലൻസ് ചെയ്യാൻ നമ്മൾ പായസം കൂടുതൽ ഉപയോഗിക്കും. പണ്ടൊക്കെ ഫ്രഞ്ച് ഫ്രൈസ് കെച്ച്പ്പിൽ മുക്കി കഴിച്ചിരുന്നവർ, ഇന്ന് കെച്ചപ്പിനെ പരിച്ഛേദം ഉപേക്ഷിച്ച്, മയോണൈസിൽ മുക്കിയാണ് ഉരുളക്കിഴങ്ങവനെ പൊരിച്ചത് കഴിക്കുന്നത്. കോഴിയുടെ മറ്റൊരു രൂപമായ ഷവർമയിൽ ചേർക്കപ്പെടുന്ന മയോണൈസിനനുസരിച്ച് നമ്മുടെ ചുണ്ടിൽ പുഞ്ചിരി വിരിയുന്നു. കുഴി മന്തിയിലെ ചോറ്, പുളിശ്ശേരിയെന്ന പോലെ മയോണൈസ് ഒഴിച്ച് കുഴച്ച് കഴിച്ച് പുഞ്ചിരി അട്ടഹാസമാക്കാനും നമുക്ക് മടിയില്ല.

grilled-chicken

മയോണൈസവർകളുടെ കൺസ്ട്രക്‌ഷൻ എങ്ങിനെയെന്നറിഞ്ഞിരുന്നാൽ നമ്മളവനെ പുളിശ്ശേരിക്കു പകരം ഉപയോഗിക്കുമോ എന്ന് സംശയമാണ്. പച്ചമുട്ടയിൽ സസ്യ എണ്ണ ചേർത്ത് നന്നായി യോജിപ്പിച്ച്, ആവശ്യത്തിന് ഉപ്പും പൊടിക്ക് പഞ്ചസാരയും നാരങ്ങാ നീരും ചേർത്താണിവനെ തയാറാക്കുന്നത്. എല്ലാം പച്ചയ്ക്ക്. ശരീരത്തെ ഭംഗിയായി ദ്രോഹിക്കാൻ കഴിവുള്ള സാച്ചുറേറ്റഡ് ഫാറ്റുകൾ, സോഡിയം, കൊളസ്‌ട്രോൾ ഒക്കെ നന്നായി ഇവനിൽ അടങ്ങിയിരിക്കുന്നു. ഇവനെ കഴിക്കുന്ന നമ്മളിൽ പക്ഷേ അവയൊന്നും അടങ്ങിയിരുന്നെന്നു വരില്ല, എല്ലാവനും കൂടി വളരെ ആക്ടീവായി ഹൃദയത്തെ പിടിച്ച് ഞെരിച്ചുകളയും. ഒന്നുകൂടെ മന്തി മയോണൈസ് കണക്ക് നോക്കിയാൽ, ഒരാൾ കഴിക്കുന്ന മന്തി റൈസിൽ ഇരുന്നൂറ്റമ്പതോളം കിലോ കാലറി ഊർജമാണ് ഉണ്ടാവുക. അത്രയും ഊർജം വെറും ഇരുപത്തഞ്ച്-മുപ്പത് ഗ്രാം മയോണൈസിൽ ഉണ്ട്. കൂടെ മറ്റാളെക്കൊല്ലികളും.

ശരീരം സംരക്ഷിക്കാൻ കസർത്തും മറ്റും ചെയ്യുന്ന, ജിംനേഷ്യത്തിൽ പോകുന്ന ചിലർ സാധാരണയായി കഴിക്കാൻ താത്പര്യപ്പെടുന്ന ഭക്ഷണമാണ് ഗ്രിൽഡ് ചിക്കൻ. ശരീര സംരക്ഷണാർഥം, അവരതിന്റെ കൂടെ വരുന്ന ഫ്രഞ്ച് ഫ്രൈസിനെ അവഗണിച്ചു കളയും, പക്ഷേ മയോണൈസ് പാവമല്ലേ, അവനിരുന്നോട്ടെ എന്നുവയ്ക്കും. കസ്റ്റമർക്ക് സന്തോഷമായിക്കോട്ടെ എന്ന് കരുതി ചുരുങ്ങിയത് ഒരു പത്തുമുപ്പതു ഗ്രാം മയോണൈസ് റസ്റ്ററന്റുകാർ ചിക്കന്റെ കൂടെ ഇനാമായി നല്കുമല്ലോ. മസാലയിടാത്ത ഗ്രിൽഡ് ചിക്കന്റെ പോഷക ഗുണങ്ങളെ സ്മരിച്ച് ജിംഘാനക്കാരൻ അവനെ മയോണൈസിൽ മുക്കി ആഹരിക്കും. അതോടെ പൂർത്തിയായി. മണിക്കൂറുകൾ കഷ്ടപ്പെട്ട് വ്യായാമം ചെയ്ത് കത്തിച്ചു കളഞ്ഞ ഊർജം മുഴുവൻ ഞൊടിയിടയിൽ വളരെ അനാരോഗ്യപൂർവം ശരീരത്തിൽ തിരിച്ചെത്തും. 

shawarma

ഷവർമയുണ്ടാക്കുന്ന ജീവനക്കാർ പറയും, കസ്റ്റമേഴ്‌സിന്റെ മയോണൈസ് പ്രേമത്തെ കുറിച്ച്. മുഴുവൻ ചിക്കൻ കഷണങ്ങളും മയോണൈസിൽ കുളിപ്പിച്ച് ഷവർമയിൽ നിറച്ചാൽ അവർ കൂടുതൽ സന്തോഷത്തോടെ വർത്തിക്കുന്നത് കാണാനാകുമത്രേ. ഇതൊന്നും പോരാഞ്ഞ് മയോണൈസിൽ കുതിർന്ന ഷവർമ, മുക്കി കഴിക്കാൻ ലേശം മയോണൈസ് പൊതിഞ്ഞു കൊടുക്കുന്നവരും ഉണ്ട്. റസ്റ്ററന്റുകളിൽ മന്തി വിളമ്പുന്നവർ നേരിടുന്ന അടിയന്തര സാഹചര്യം, രണ്ടാമതും മൂന്നാമതും മയോണൈസ് ചോദിച്ചു വാങ്ങുന്ന ഉശിരൻ കസ്റ്റമർമാരെ നേരിടലാണ്. വില കൂടിയ ഒന്നായതു കൊണ്ട് രണ്ടും മൂന്നും തവണ മയോണൈസ് നൽകിയാൽ ‘ഹോട്ടൽ മുതലാളി’ കെട്ടും കെട്ടി രാജ്യം വിടേണ്ടി വരും. ആരോഗ്യത്തിനും സർവോപരി പോക്കറ്റിനും ഹാനികരമായി ഇവനെ തളയ്ക്കാനെന്താണ് വഴി?

രുചി കൂടുതലാണ്, കഴിക്കാൻ ഹരമാണ് എന്നതിലൊന്നും തർക്കമില്ല. രുചി കൂടുതലുള്ള സംഗതികൾ മിക്കതും ശരീരത്തിനു നല്ലതല്ലെന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ മട്ടൻ, ചെമ്മീൻ, ചോക്കലേറ്റ് തുടങ്ങിയവയെല്ലാം നാം മിതമായി ഉപയോഗിക്കാൻ ശീലിച്ചു. ശീലിച്ചില്ലെങ്കിലും, ശീലിക്കാൻ ശ്രമിക്കുക എങ്കിലും ചെയ്യുന്നു. പക്ഷേ മയോണൈസിനെ നമ്മളങ്ങനെ ഉപദ്രവകാരിയായി കാണുന്നത് കുറവാണ്. ചിക്കന്റെയോ മന്തിയുടെയോ ഒക്കെ കൂടെ കിട്ടുന്ന ഒരു സാധനം. അവനെ ഒരു ഭക്ഷണ പദാർഥമായല്ല, മറിച്ച് എന്തെങ്കിലും ഭക്ഷണം മുക്കിക്കഴിക്കാനുള്ളതായിട്ടാണ് നമ്മൾ ശീലിച്ചത്. പ്രധാന ഭക്ഷണത്തേക്കാൾ ശരീരദ്രോഹം, ചെറിയ അളവിൽത്തന്നെ അവൻ ചെയ്യുമെന്നറിയാതെ പ്രായ, ലിംഗ ഭേദമന്യേ നമ്മളവനെ അകത്താക്കുന്നു. സംഗതിയെന്താണെന്ന് മനസ്സിലാക്കി, ചെറിയ അളവിൽ വല്ലപ്പോഴും ഉപയോഗിക്കാനുള്ളതാണ് മയോണൈസെന്ന് വിളമ്പുന്നവനും കഴിക്കുന്നവനും പലപ്പോഴും അറിയുന്നില്ല.

(റസ്റ്ററന്റ് കൺസൽറ്റന്റും ബ്ലോഗറുമാണ് ലേഖകൻ. അഭിപ്രായം വ്യക്തിപരം)

English Summary : Is Mayonnaise Good or Bad for You?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com