ADVERTISEMENT

ഉള്ളി അഥവാ സവാള, സർക്കാരുകളെ മറിച്ചിടാൻ വരെ ശേഷിയുള്ള ഭീകരനാണ്. ഉള്ളി വില അങ്ങനെയിരിക്കുമ്പോൾ നൂറ് കടക്കും. അപ്പോൾ ജനം വിഷമിക്കും. അതിപ്പോ ജനത്തിന് വിഷമിക്കാൻ ഇതല്ലെങ്കിൽ വേറെ പ്രാരബ്ധം കാണും. കഴിഞ്ഞ ഡിസംബറിൽ നൂറ്റെഴുപതെന്ന റെക്കോർഡ് വില സാധിച്ചിരുന്നു. ഈ ഡിസംബറിൽ റെക്കോർഡ് തകരുമായിരിക്കും അല്ലേ?

ജനത്തിന്റെ ഗൃഹ ഭരണ റെക്കോർഡുകളെല്ലാം തകർക്കുന്ന ഉള്ളിവില വിഷമം സഹിക്കാനാവാതെ, പ്രതിപക്ഷം സമരവുമായി റോഡിലിറങ്ങും. ക്ഷമിക്കണം, റോഡിലല്ല, ഫെയ്സ്ബുക്കിലിറങ്ങും. ഇക്കാലം അതാണല്ലോ അതിന്റെയൊരു രീതി. അങ്ങനെ ചിലപ്പോ സർക്കാരാ ഉള്ളി സമരത്തിൽ പ്രതിരോധത്തിലാവും, വീഴും, വീഴാതിരിക്കും.

ഇതിപ്പോ പറയാൻ കാരണം, ഏതാനും ആഴ്ചകൾക്കു മുൻപ് മുപ്പതു രൂപയിൽ താഴെയായിരുന്ന ഉള്ളിവില ഇന്നലെ ദക്ഷിണേന്ത്യയിലെ പ്രധാന മൊത്തവില മാർക്കറ്റുകളിൽ എൺപത് കടന്നു. അതിനർഥം ചില്ലറ വിൽപനക്കടകളിൽ തൊണ്ണൂറു കടന്നു എന്നാണ്. സാധാരണ പോലെ സർക്കാരിപ്പോൾ ഒന്നും ചെയ്യില്ല. നൂറ് എന്ന റൗണ്ട് ഫിഗർ കടക്കണം. എന്നാലേ സംഗതി ചൂടാവൂ. അപ്പോളേ ജനത്തിന്റെ വിഷമം ഫെയ്സ്‌ബുക്കിലെ പ്രതിപക്ഷം കാണൂ. ഫെയ്സ്‌ബുക്കിലെ, ട്വിറ്ററിലെ ഒക്കെ പോസ്റ്റ് കണ്ടാലേ രാജ്യത്ത് ഇങ്ങനെയൊരു കാര്യം നടക്കുന്നത് ബഹുമാനപ്പെട്ട സർക്കാർ അറിയൂ. കഴിഞ്ഞ തവണത്തെ പോലെ തുർക്കീന്നു വരെ ഉള്ളിയിറക്കി കളിക്കാനൊക്കെ ആ സമയത്ത് പറ്റും. ഇല്ലെങ്കി പറ്റിക്കും. ഉള്ളിയുടെ കൃഷി സീസൺ ഭാരത സർക്കാരിനറിയില്ലേ, രാജ്യത്തെ കാലാവസ്ഥാ പ്രവചന സംവിധാനത്തിന് കൃഷിയെ സഹായിക്കാനാവില്ലേ, വേണ്ട മുൻകരുതലെടുത്താൽ ഈ രണ്ടാഴ്ച കൊണ്ട് മൂന്നിരട്ടി വില വർധന വരുന്ന ചവിട്ടുനാടകം ഒഴിവാക്കിക്കൂടേ എന്നൊക്ക ചോദിച്ചാൽ, സർക്കാർ കാര്യം മുറപോലെ എന്നുത്തരം.

ഉള്ളിവില നൂറിനോടടുക്കുമ്പോൾ നമ്മളെന്തു ചെയ്യും? ഉള്ളിയില്ലാതെ ജീവിക്കാനാവുമോ? ഉള്ളി ചേർത്ത റൊട്ടി, ഉള്ളിക്കറി കൂട്ടി കഴിക്കുമ്പോൾ പോലും ഒരു കഷ്ണം ഉള്ളി പാത്രത്തിന്റെ അരികിൽ വേണം എന്ന് നിർബന്ധമുള്ള ഉത്തരേന്ത്യക്കാരന് സംഗതി പാടായിരിക്കും. പക്ഷേ നമ്മൾ മലയാളികൾക്കിത് നടപ്പിലാക്കാനാവുമോ? ഉള്ളിവില പഴയപോലെ മൂന്നു കിലോയ്ക്ക് നൂറ് എന്ന സാധാരണ സ്ഥിതി പ്രാപിക്കുന്നവരേക്കെങ്കിലും? ലേശം ചരിത്രം പരിശോധിച്ചാലോ? എല്ലാ രാജാക്കന്മാരും മരം വച്ചു പിടിപ്പിച്ചു, റോഡ് നിർമിച്ചു, കിണർ കുഴിച്ചു രീതിയിലുള്ള സ്‌കൂൾ ടെക്സ്റ്റ് ബുക്ക് ചരിത്രമല്ല. മലയാളിയും ഉള്ളിയും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രം.

ലോകത്തിൽ ആദ്യം കൃഷി ചെയ്യപ്പെട്ട പച്ചക്കറികളിൽ ഒന്നത്രേ ഉള്ളി. ഇന്ത്യയടക്കമുള്ള മധ്യേഷ്യൻ രാജ്യങ്ങളിൽ അയ്യായിരത്തിൽ പരം വർഷങ്ങൾക്ക് മുൻപിവനെ കൃഷി ചെയ്യുന്നത് കണ്ടവരുണ്ടത്രേ. അങ്ങനെയുള്ള ഉള്ളി ഉത്തരേന്ത്യൻ ഭക്ഷണ സമ്പ്രദായത്തിന്റെ ആണിക്കല്ലാവുന്നതിൽ തെറ്റില്ലല്ലോ. പക്ഷേ നമ്മൾ മലയാളികൾ ഇവനെ അങ്ങനെ കണ്ടിട്ടില്ല, ഉപയോഗിച്ചിട്ടില്ല, ഈ നൂറ്റാണ്ടിന്റെ തുടക്കം വരെ. ബംമ്പായ് ഉള്ളി എന്നാണിവൻ സ്വാതന്ത്ര്യം കിട്ടുന്ന കാലത്തൊക്കെ കേരളത്തിൽ അറിയപ്പെട്ടത്. ബോംബെയിൽനിന്ന് വിരുന്നു വന്ന ഉള്ളി എന്നർഥം. അതി പുരാതന കാലം മുതൽ ഞങ്ങളിവിടെയുണ്ട് എന്ന് സ്വയം പറയുന്ന പല ഹിന്ദു, ക്രിസ്ത്യൻ, മുസ്‌ലിം കുടുംബങ്ങളിൽ അന്വേഷിച്ചു. എല്ലാവരും അസന്നിഗ്ധമായി പ്രസ്താവിക്കുകയുണ്ടായി; ഉള്ളി പഴയകാല കറികളിലോ, എന്തിന് തീൻമേശയിൽ തന്നെയോ കേരളത്തിലെവിടെയും ഉണ്ടായിരുന്നില്ല എന്ന്.

ഒന്നാലോചിച്ചാൽ, നല്ല ഒരു സദ്യവട്ടം ഒരുക്കുന്നതിൽ എവിടെയെങ്കിലും ഉള്ളി വേണോ? സാമ്പാറിനല്ലാതെ? സാമ്പാറിൽത്തന്നെ ഉള്ളി വേണമെന്നില്ല എന്നും ചില പാചകക്കാർ. സാമ്പാർ കേരളത്തിന്റെ തനത് ഭക്ഷണമല്ല എന്നും ഓർക്കണം. പച്ചടി, കിച്ചടി, അവിയൽ, ഓലൻ, കാളൻ, പുളിശ്ശേരി, കൂട്ടുകറി, എരിശേരി, തോരൻ, മെഴുക്കുപുരട്ടി, ഉപ്പിലിട്ടത്, അച്ചാർ, പുളിയിഞ്ചി... എവിടെ? ഉള്ളിയെവിടെ? ഇനി, നമുക്കൊരു യഥാർഥ നസ്രാണി സദ്യയുടെ കൂട്ടമെടുക്കാം. കപ്പ മുതൽ പിടി വരെ. കോഴിക്കറി മുതൽ കരളു റോസ്റ്റ് വരെ. ചിലതിൽ ചെറിയുള്ളി എത്തിനോക്കിയേക്കാം എന്നതൊഴിച്ചാൽ, എവിടെ ഉള്ളി? ചെറിയുള്ളി ഇല്ലങ്കിലും ഇതൊക്കെ ഉണ്ടാക്കാവുന്നതേയുള്ളൂ. മുസ്‌ലിം കുടുംബങ്ങളുടെ പണ്ടത്തെ ഇഷ്ട വിഭവങ്ങളുടെയും കഥയിതു തന്നെ. പക്ഷെ, ഇന്നൊരു മലയാളിഭക്ഷണം വിളമ്പുന്ന റസ്റ്ററന്റിന്റെയോ ശരാശി വീട്ടിലെയോ പച്ചക്കറി വാങ്ങലിൽ ഉള്ളി മുന്നിൽ നിൽക്കുന്നു. അതെങ്ങനെ വന്നു?

നല്ല ഒരു പാചകക്കാരൻ തന്റെ ഇറച്ചിക്കറിയിൽ ഉള്ളി ഒഴിവാക്കാൻ ശ്രമിക്കും. കാരണം അവൻ ചേർന്നാൽ ‘‘വെള്ളം പൊട്ടും’’. അതായത് ഒരു വെള്ളച്ചുവ വരും, കറിക്ക്. പല ഗംഭീര ‘‘ബിരിയാനിക്കാരും’’ തങ്ങളുടെ വെപ്പിൽ പൊരിച്ച ഉള്ളി മാത്രമേ ഉപയോഗിക്കൂ. ഇറച്ചിയുടെ കൂടെ ഉള്ളിയരിഞ്ഞ് ചേർത്താൽ വെള്ളച്ചുവ വരുന്നത് ഒഴിവാക്കാൻ കൂടിയാണിത്. അപ്പോൾപിന്നെ സാധാരണ മലയാളിക്ക് ഉള്ളിയെങ്ങനെ നിത്യ ജീവിതത്തിന്റെ ഭാഗമായി? മലയാളികൾ ഭക്ഷണ കാര്യത്തിലെന്നല്ല, എല്ലാത്തിലും പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ തയാറാണ്. പുത്തൻ കാര്യങ്ങൾ വരുമ്പോൾ ആദ്യമൊന്ന് മടിച്ചേക്കാമെങ്കിലും, നന്നെന്ന് തോന്നിയാൽ നമ്മളത് ഏറ്റെടുക്കും. അങ്ങിനെ നമ്മൾ ഏറ്റെടുത്ത ഒരുവനാണ് ഉള്ളി. അവനില്ലെങ്കിലും മലയാളിക്ക് പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ല. നമ്മുടെ യഥാർഥ ഭക്ഷണത്തിൽ അവൻ ഇല്ല. ചില മറുനാടൻ പരിപാടികൾക്കവൻ വേണം താനും. വില കൂടുമ്പോൾ, വേണ്ടാന്ന് വയ്ക്കാൻ നമുക്കെളുപ്പമാണെന്നു സാരം. ഉത്തരേന്ത്യക്കാർ ഉള്ളിയാൽ കണ്ണീരണിയുന്ന കാലം കഴിഞ്ഞ്, കുറഞ്ഞ വിലയ്ക്കവൻ പിന്നെയും വരും. അതു വരെ കാത്തിരിക്കാൻ ഒന്നു ശ്രമിച്ചാൽ, നമുക്കെളുപ്പമായിരിക്കും.

English Summary : Price of onion shot up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com