കൊച്ചി നുണയുന്ന പോർച്ചുഗീസ് രുചി; ഡേമിയന്റെ കൈപ്പുണ്യം

HIGHLIGHTS
  • പോർച്ചുഗലിന്റെയും അതിന്റെ കോളനികളുടെയും വിഭവങ്ങൾ തനതായ രുചിയിൽ ആസ്വാദകരിലേക്ക് എത്തിക്കുന്ന ഷെഫ്
  • പസ്റ്റേൽ ദേ നറ്റ പോലുള്ള തനത് വിഭവങ്ങൾ രുചിയൊട്ടും കുറയാതെ തയാറാക്കുക എന്നത് ശ്രമകരമാണ്
damien
ഡേമിയൻ ജൂഡ് റെയ്നോൾഡ്
SHARE

നാടൻ വിഭവങ്ങളും ആഗോള വിഭവങ്ങളും വേവുന്ന അടുക്കളയാണ് കൊച്ചി. പലതരം രുചികളുടെ മേളത്തിനിടെ, പോർച്ചുഗീസ് വിഭവങ്ങളുടെ തനതു രുചി കൊച്ചിയിലെ ഭക്ഷണപ്രേമികൾക്കു മുന്നിൽ തുറന്നുവയ്ക്കുകയാണ് ഡേമിയൻ ജൂഡ് റെയ്നോൾഡ് എന്ന ഇരുപത്തി മൂന്ന് വയസ്സുകാരൻ; ‘പ്രോജക്ട് പോർച്ചുഗൽ’ എന്ന ആശയത്തിലൂടെ. പോർച്ചുഗലിന്റെയും അതിന്റെ കോളനികളുടെയും വിഭവങ്ങൾ തനതായ രുചിയിൽ ആസ്വാദകരിലേക്ക് എത്തിക്കുന്ന ഷെഫ്. പസ്റ്റേൽ ദേ നറ്റ പോലുള്ള തനത് വിഭവങ്ങൾ രുചിയൊട്ടും കുറയാതെ തയാറാക്കുക എന്നത് ശ്രമകരമാണ്. പോർച്ചുഗലിലെ ഏറ്റവും രുചികരമായ വിഭവമാണിത്. മുട്ട മുഖ്യ ചേരുവയായ പേസ്ട്രിയാണ് പസ്റ്റേൽ ദേ നറ്റ. പുറംതോട് കറുമുറാന്ന് കടിച്ചെടുക്കാം. അകത്തേക്കു ചെല്ലുമ്പോൾ പൂവിതൾ പോലെ മൃദുലം.

കളിനറി ആർട്സിൽ ഉപരിപഠനത്തിനു പോകാമെന്ന ഡോമിയന്റെ ആഗ്രഹത്തിന്റെ കനലിൽ വെള്ളമൊഴിച്ചായിരുന്നു കോവിഡിന്റെ വരവ്. പക്ഷേ ഡേമിയൻ ചുമ്മാതിരുന്നില്ല. കൊച്ചിയിലെ ഫൂഡ് മാർക്കറ്റിനെപ്പറ്റി പഠിച്ചു. കൂടുതലും  കേക്കും പേസ്ട്രിയും പോലുള്ള രുചികളായിരുന്നു കണ്ടത്. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹത്തിലാണ് പോർച്ചുഗീസ് – ബ്രസീലിയൻ മിക്സ് ഫുഡ് ഐറ്റംസ് ഉണ്ടാക്കാൻ തീരുമാനിച്ചത്. ആദ്യം വളരെക്കുറച്ചു മാത്രം ഉണ്ടാക്കി. പക്ഷേ ആവശ്യക്കാർ കൂടി വന്നു. തന്റെ ഷെഫ് ലൈഫിനെക്കുറിച്ച് ഡേമിയൻ ജൂഡ് റെയ്നോൾഡ് മനോരമഓൺലൈനോട് സംസാരിക്കുന്നു. 

പത്താം ക്ലാസ് കഴിഞ്ഞ് ഹോം സയൻസ് പഠനത്തിന് ശേഷം കൾനറി ആർട്സ് പഠിക്കാൻ മണിപ്പാൽ എംഐടിയിൽ ചേർന്നു. അവിടുത്തെ പഠനവും ഇന്റേൺഷിപ്പും കഴിഞ്ഞ് ബോറ്റേകോയിൽ ഒരു വർഷം ജോലി ചെയ്തു. ഇന്ത്യലെ ഏറ്റവും മികച്ച ബ്രസീലിയൻ – ലാറ്റിൻ അമേരിക്കൻ ക്യുസിനാണ്, ഇന്റർനാഷനൽ സർവീസാണ് ഇവിടുത്തെ പ്രത്യേകത.  കളിനറിയിലെ ഉപരി പഠനസാധ്യതകൾ തിരിച്ചറിഞ്ഞ് അവിടുത്തെ ജോലി രാജിവച്ച് സ്പെയിനിലേക്കു പോകാനിരിക്കെയാണ് കൊറോണ എത്തിയത്. കളിനറി ആർട്സ് രാജ്യത്തിനകത്തും വിദേശത്തും ഏറെ ജോലിസാധ്യതയുള്ള മേഖലയാണ്. പാചകം, ടേബിൾ മാനേഴ്സ് തുടങ്ങി കേറ്ററിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കളിനറി ആർട്സിൽപെടുന്നു. പാചകമേഖലയിലെ ആകര്‍ഷക പ്രഫഷനുകളായ ഷെഫ്, കുക്ക് എന്നിവയാകാനും കളിനറി ആർട്സ് പഠിക്കണം. ലോകത്തെമ്പാടും ഈ മേഖല കരുത്താർജിക്കുകയാണ്. 

എവരി പ്ളേറ്റ് ഈസ് എ പീസ് ഓഫ് ആർ‌ട്ട്...

പഠനത്തിന്റെ ഭാഗമായുള്ള ഇന്റേൺഷിപ്പിന് ബോംബേ കാന്റീനിൽ ജോലി ചെയ്യാൻ സാധിച്ചതാണ് ഈ മേഖലയിൽ നിൽക്കണോ വേണ്ടയോ എന്ന തീരുമാനമെടുക്കാൻ സഹായിച്ചത്. ഏറ്റവും മികച്ച ജോലി അന്തരീക്ഷമാണ് അവിടെ ലഭിച്ചത്. നീണ്ട മണിക്കൂറുകൾ നിന്നുള്ള ജോലി ഭാരം ഇല്ല, ജോലിയിൽ മികവു പുലർത്തിയാൽ അവിടുത്തെ ഷെഫ്മാർക്കൊപ്പം പ്ലേറ്റിങ് ചെയ്യാനുള്ള അവസരം ലഭിക്കും. കുക്കിങ്, സെർവിങ് എന്നതിൽ ഉപരിയായി എവരി പ്ളേറ്റ് ഈസ് എ പീസ് ഓഫ് ആർ‌ട്ട് എന്നു പഠിച്ചത് അവിടെനിന്നാണ്. 

ഇന്റർനാഷനൽ ക്യുസിൻ അല്ലെങ്കിൽ  ഗ്ലോബൽ  കഫേ

പുതുമയുള്ള വിഭവങ്ങൾ പരീക്ഷിക്കാൻ കേരളത്തിലുള്ളവർക്ക് താത്പര്യമുണ്ട്, പക്ഷേ ഇവിടെ അളവ് വളരെ പ്രധാനമാണ്. ഗുണത്തേക്കാൾ നോക്കുന്നത് അളവിലാണ്. ഗ്ലോബൽ കഫേകൾക്ക് ഇവിടെ സ്വീകാര്യത ലഭിക്കുമെന്നാണ് കരുതുന്നത്. പ്രോജക്ട് പോർച്ചുഗൽ എന്ന കൺസപ്റ്റ് ‍‍‍‍‍‍ഡിസംബർ വരെയാണ്, ക്രിസ്മസ് സ്പെഷൽ വിഭവങ്ങളുടെ പണിപ്പുരയിലാണ് ഡേമിയൻ.

തെറ്റ് ഒരിക്കൽ പറ്റും, അത് ആവർത്തിക്കരുത് എന്നതാണ് ഡേമിയന്റെ ലൈഫ് മോട്ടോ. അതുകൊണ്ടുതന്നെ ഏത് കാര്യം ചെയ്യുമ്പോഴും ഓർഗനൈസ്ഡാകാൻ ശ്രദ്ധിക്കാറുണ്ട്. കൃത്യമായ ഷെഡ്യുളിലാണ് ജോലി ചെയ്യുന്നത്. കുക്കിങ് മിക്കപ്പോഴും രാത്രയിലായിരിക്കും. അമ്മ അടുക്കളയിൽനിന്ന് ഇറങ്ങുന്ന സമയത്ത് ഡേമിയന്റെ ജോലി തുടങ്ങും. രാത്രി 11 മുതൽ രാവിലെ വരെ ബേക്കിങ്ങിനാവശ്യമായ കാര്യങ്ങൾ ഒരുക്കും. 7 ദിവസത്തെ ജോലി രീതി എങ്ങനെയെന്നു നോക്കാം.

ചൊവ്വ – ലാഭ നഷ്ടങ്ങൾ കണക്കു കൂട്ടും. അടുത്ത ആഴ്ചയിലേക്കുള്ള സാധനങ്ങൾ വാങ്ങും. ഗ്ലൂട്ടൻ ഫ്രീ ചീസ് ബ്രഡ് ഉണ്ടാക്കി വയ്ക്കും

ബുധൻ – വീക്കെൻഡ് സ്പെഷൽ റെസിപ്പി മാർക്കറ്റിങ് ആക്ടിവിറ്റികൾ ഇൻസ്റ്റഗ്രാമിൽ ചെയ്യും. അതോടൊപ്പം സോസുകൾക്കുള്ള ചേരുവകൾ തയാറാക്കിവയ്ക്കും.

വ്യാഴം – എല്ലാ സോസുകളും തയാറാക്കും.

വെള്ളി – ഡോണറ്റ് മേക്കിങ്, പസ്റ്റേൽ ദേ നറ്റ അങ്ങനെ സ്പെഷൽ വിഭവങ്ങൾ തയാറാക്കും.

ശനി, ഞായർ – ഓർഡർ അനുസരിച്ച് ഫ്രഷായി വിഭവങ്ങൾ ആൾക്കാരിലേക്ക്. തയാറാക്കിയതെല്ലാം സെയിൽ ചെയ്യാനുള്ള ദിവസങ്ങൾ.

തിങ്കൾ – വിശ്രമം

രുചിയും സംസ്കാരങ്ങളും ഇഴചേർന്ന രുചിക്കൂട്ടുകളും അനുഭവങ്ങളും തേടിയുള്ള യാത്രകളാണ് ഡേമിയനെ കാത്തിരിക്കുന്നത്.

English Summary : Project Portugal, a gastronomical journey.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA