ADVERTISEMENT

ഇഷ്ടമുള്ള കാര്യം ചെയ്ത് വരുമാനമുണ്ടാക്കുന്നത് സന്തോഷകരമാണ്. അന്യനാട്ടിൽ, വീട്ടിലിരുന്ന്, സ്വന്തം കൈപ്പുണ്യം കൊണ്ട് മികച്ച വരുമാനമുണ്ടാക്കുന്ന ഒരു വീട്ടമ്മയുടെ ‘മധുരക്കഥ’യാണിത്. ഖത്തറിലെ പ്രവാസി വീട്ടമ്മയായ നഹാന നിസ്സാറിന്റെ സ്പെഷൽ, നാവില്‍ വച്ചാല്‍ അലിഞ്ഞു പോകുന്നത്ര രുചികരമായ കേക്കുകളാണ്. തീം കേക്കുകള്‍ അടക്കം ഏതു വെറൈറ്റിയും നഹാനയുടെ കൈകളില്‍ ഭദ്രം. ഒരിക്കല്‍ വാങ്ങിയവര്‍ പിന്നെ ഈ കേക്കുകളുടെ ആരാധകരാകും എന്നതില്‍ സംശയമില്ല. ഇതിനായി 'cakery' എന്നൊരു ഫെയ്സ്ബുക് പേജും നഹാനയ്ക്കുണ്ട്.

കേക്കുകളും നഹാനയും കൂട്ടായതിനു പിന്നിൽ രസകരമായൊരു കഥയുണ്ട്. ബിടെക് കംപ്യൂട്ടര്‍ സയന്‍സ് പഠിച്ച നഹാനയ്ക്ക് ചെറുപ്പം മുതല്‍ പാചകം ഏറെ ഇഷ്ടമായിരുന്നു. പുതിയ റെസിപ്പികള്‍ കണ്ടെത്തുകയും പരീക്ഷിക്കുകയുമായിരുന്നു ഹോബി. അക്കാലത്ത് ഏറ്റവും കൂടുതല്‍ തവണ ഫ്ലോപ്പായതു ബേക്കിങ് ആയിരുന്നു. 2011 ല്‍ പഠനം കഴിഞ്ഞ ഉടൻ, ദോഹയില്‍  ഉദ്യോഗസ്ഥനായ മുഹമ്മദ്‌ ഷഫീഖിനെ വിവാഹം കഴിച്ച് നഹാന ദോഹയിലെത്തി.

സ്വന്തമായി ജോലി ചെയ്തു സമ്പാദിക്കണം എന്നയാഗ്രഹം ചെറുപ്പം മുതലേ ഉള്ളിലുണ്ടായിരുന്നങ്കിലും കുടുംബം, കുട്ടികളുടെ ജനനം അങ്ങനെ തിരക്കുകൾ വന്നതോടെ സ്വന്തം വരുമാനം എന്ന ആഗ്രഹം തൽക്കാലത്തേക്കു നഹാനയ്ക്ക് മാറ്റി വയ്ക്കേണ്ടി വന്നിരുന്നു. മൂത്ത മകള്‍ മന്ഹയുടെ ജനനശേഷമാണ് പഴയ ബേക്കിങ് പരീക്ഷണങ്ങള്‍ നഹാന പൊടിതട്ടിയെടുക്കുന്നത്. എവിടെയാണ് തെറ്റിയതെന്നും തിരുത്തേണ്ടതെന്നും ബേക്കിങ് വിദഗ്ധരുടെ വിഡിയോകള്‍ കണ്ടു മനസ്സിലാക്കി. പെര്‍ഫെക്‌ഷന്‍ വേണമെന്നു തോന്നിയപ്പോള്‍ നല്ലൊരു ബേക്കിങ് ക്ലാസും അറ്റന്‍ഡ് ചെയ്തു. അപ്പോഴും കേക്കുകള്‍ തനിക്കൊരു വരുമാനമാര്‍ഗ്ഗമാകുമെന്ന് നഹാന സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.

nenas-kitchen-03

പാചകം ഇഷ്ടമായത് കൊണ്ട് തുടങ്ങിയ യുട്യൂബ് ചാനലായ 'nenaskitchen' ല്‍ ബേക്കിങ് വിഡിയോകള്‍ പോസ്റ്റ്‌ ചെയ്യാനും മക്കള്‍ക്ക് കേക്കുകള്‍ ഉണ്ടാക്കി കൊടുക്കാനും വേണ്ടിയാണ് നഹാന ബേക്കിങ് പഠിച്ചത്. പക്ഷേ ഭര്‍ത്താവിന്റെ ഓഫിസിലേക്ക് ഒരിക്കല്‍ കൊടുത്തുവിട്ട കേക്കിന് കിട്ടിയ അഭിനന്ദനവും  പിന്നീടൊരിക്കല്‍ മക്കളുടെ ക്ലാസ്സിലെ കൂട്ടുകാര്‍ക്കും രക്ഷിതാക്കള്‍ക്കും നല്‍കിയ കേക്കിനു ലഭിച്ച പ്രോത്സാഹനവും നഹാനയ്ക്ക് ആത്മവിശ്വാസം നല്‍കി. ആയിടയ്ക്കാണ് ഒരു സുഹൃത്ത് വഴി, അമ്പതു പേരുള്ള ഒരു ഗെറ്റ് ടുഗതറിന് ഒരു കേക്ക് നല്‍കാനുള്ള ഓര്‍ഡര്‍ ലഭിക്കുന്നത്. ആദ്യത്തെ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഭയമായിരുന്നു എന്ന് നഹാന പറയുന്നു. അഞ്ചു മണിക്കൂര്‍ എടുത്താണ് ആ ഓര്‍ഡര്‍ ചെയ്തത്. കേക്ക് കൊടുത്ത ശേഷം അതിന്റെ റിവ്യൂ അറിയാന്‍ പേടിയോടെ കാത്തിരുന്ന ദിവസത്തെക്കുറിച്ച് പറയുമ്പോള്‍ നഹാനയുടെ മുഖത്തു ചിരി വിടരും. കാരണം ആ ഓര്‍ഡര്‍ നഹാനയുടെ ജീവിതത്തില്‍ ഒരു നാഴികക്കല്ലായി. ആ കേക്ക് കഴിച്ച എല്ലാവരും നഹാനയുടെ നമ്പര്‍ വാങ്ങി. അങ്ങനെയാണ് 'cakery' ഉണ്ടാകുന്നത്.

nenas-kitchen-02

ഫ്രഷ്‌ ക്രീമില്‍ ചെയ്യുന്ന തീം കേക്കുകള്‍ ആണ് നഹാനയുടെ ഏറ്റവും വലിയ ഹിറ്റ്‌. ആവശ്യക്കാര്‍ക്ക് വേണ്ട മോഡല്‍ ചോദിച്ചു മനസ്സിലാക്കി അവരുടെ താല്പര്യങ്ങള്‍ക്ക് അനുസരിച്ചാണ് നഹാന കേക്കുകള്‍ ചെയ്യുന്നത്. നോര്‍മല്‍ കേക്കുകളും ചെയ്യാറുണ്ടങ്കിലും ഏറ്റവുമധികം ഓര്‍ഡര്‍ ലഭിക്കുന്നത് തീം കേക്കുകള്‍ക്കാണ്. പുതിയ രുചികള്‍ പരീക്ഷിക്കുമ്പോള്‍, സമയമെടുത്ത്‌ ഉണ്ടാക്കി നോക്കി ആ രുചി ഇഷ്ടമായാല്‍ മാത്രമേ അത് പിന്നീടു മറ്റൊരാള്‍ക്ക് താന്‍ നിര്‍ദേശിക്കാറൂള്ളൂ എന്ന് നഹാന പറയുന്നു. ചിലര്‍ അവരുടെ ഇഷ്ടവും ഐഡിയയും കേക്കിന് ഓര്‍ഡര്‍ നല്‍കുമ്പോള്‍ത്തന്നെ പറഞ്ഞു തരും. മറ്റു ചിലര്‍ കേക്കിന്റെ മുഴുവന്‍ ഐഡിയയും നഹാനയ്ക്ക് വിട്ടു കൊടുക്കും. ബേക്കിങ്ങിന് ഉപയോഗിക്കുന്ന എല്ലാ സാധനങ്ങങ്ങളും നൂറു ശതമാനം ഗുണമേന്മയുള്ളതാകണം എന്നതില്‍ നഹാനയ്ക്ക് നിര്‍ബന്ധമുണ്ട്. ഇതുതന്നെയാണ് കേക്കറിയുടെ വിജയവും.

ബിടെക് കഴിഞ്ഞ് ഒരു ജോലിക്ക് പോകാന്‍ സാധിക്കാതെ പോയതിന്റെ സങ്കടം കുറേകാലം ഉള്ളിലുണ്ടായിരുന്നു എങ്കിലും ഇന്ന് ഏറ്റവും പ്രിയപ്പെട്ട ബേക്കിങ് ചെയ്തു വരുമാനം നേടുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല എന്ന് നഹാന പറയുന്നു. സ്വന്തമായി ഒരു വരുമാനത്തിലുപരി, എന്തെങ്കിലും ചെയ്യുന്നുവെന്ന സംതൃപ്തി ജീവിതത്തെ പോസിറ്റീവാക്കി മാറ്റിയെന്നു നഹാന പറയും.

കേക്ക് മേക്കിങ്ങിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു ഫുള്‍ സപ്പോര്‍ട്ട് ആയി കൂടെ നില്‍ക്കുന്ന ഭര്‍ത്താവാണു തന്റെ ഏറ്റവും വലിയ ആത്മവിശ്വാസം എന്ന് നഹാന പറയുന്നു. മക്കള്‍ മന്ഹയും മെഹ്റിനും ഭര്‍ത്താവും അടങ്ങുന്നതാണ് നഹാനയുടെ കുടുംബം. 

English Summary : Nenas Kitchen, Home Baker.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com