ADVERTISEMENT

മോരും വെള്ളത്തിന്റെ വില പൈസയുടെ കണക്കിൽ വാങ്ങിയ ‘ഇടിച്ചുകുത്തി മോരുംവെള്ള സ്പെഷലിസ്റ്റ്’ ശിവരാമപിള്ള ഓർമ്മയിൽ. മാവേലിക്കര പുതിയകാവിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനു സമീപത്തെ റോഡിൽ   45 വർഷമായി സ്പെഷൽ മോരുംവെള്ളം വിൽപന നടത്തിയിരുന്ന ഓലകെട്ടിയമ്പലം അമ്പഴവേലിൽ ശിവരാമപിള്ളയെ (74) ഇന്നലെ രാവിലെയാണു ‘പ്ലാസ്റ്റിക് മേൽക്കൂരയുള്ള കൊച്ചുകട’യുടെ സമീപത്തെ വസ്തുവിൽ മരിച്ചനിലയിൽ കാണപ്പെട്ടത്.ഹൃദയാഘാതമാണു മരണകാരണമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. 

റോഡരികിലെ മതിലിനെ പുറകുവശത്തെ ഭിത്തിയാക്കി ചാക്കുകൾ ചേർത്തു നിർമിച്ച ചെറിയ കട. ആദ്യം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന്റെ മതിൽ ആയിരുന്നു, പിന്നീടത് എതിർവശത്തെ വീടിന്റെ മതിലായി. ഇഞ്ചി, പച്ചമുളക്, കാന്താരി, കറിവേപ്പില, ചെറിയ ഉള്ളി, ഉപ്പ് എന്നിവ വൃത്തിയാക്കിയ ഗ്ലാസിലിട്ട് ഉരുളൻ തടികൊണ്ടിടിച്ചു പ്ലാസ്റ്റിക് ജാറിൽ സൂക്ഷിച്ചിരിക്കുന്ന മോര് ഒഴിച്ച് വെള്ളവും ചേർത്തു അൽപ്പം ഐസും ഇട്ട് പ്ലാസ്റ്റിക് കുപ്പിയിലാക്കി ശക്തിയായി കുലുക്കും. പിന്നീടതു പ്ലാസ്റ്റിക് മഗ്ഗിലേക്കു പകർന്നു പകുതിയൊരു ഗ്ലാസിലാക്കി കൊടുക്കും. 

സാധനങ്ങൾ എടുക്കുന്നതു മുതൽ കുലുക്കി തരുന്നതു വരെ എല്ലാത്തിനും പ്രത്യേക താളം ഉണ്ടായിരുന്നു, ആ താളവും മോരുംവെള്ളത്തിന്റെ രുചിയും ആയിരുന്നു ശിവരാമന്റെ സ്റ്റൈൽ. മോരുംവെള്ളം കുടിച്ചു കഴിഞ്ഞാൽ എത്ര രൂപയെന്നു ചോദിക്കുന്നവരോടു 12 രൂപയെങ്കിൽ 1200 എന്നു പൈസ കണക്കിൽ തുക പറഞ്ഞിരുന്നു.  പാൽവാങ്ങി ഉറയൊഴിച്ചു ഉണ്ടാക്കുന്ന മോരും അതിരാവിലെ എഴുന്നേറ്റു ചന്തയിൽ പോയി വാങ്ങുന്ന   നാടൻ സാധനങ്ങളുമാണ് ഉപയോഗിച്ചിരുന്നത്.  ശിവരാമപിള്ള ആനുകാലിക സംഭവങ്ങളിലും ചരിത്രത്തിലും വിജ്ഞാനകോശം തന്നെയായിരുന്നു. മോരിന്റെ ആവശ്യത്തിനായി പാൽ വാങ്ങുന്ന വീട്ടിലെ പശുവിനും പുല്ല് എത്തിക്കുമായിരുന്നു. ലോക്ഡൗൺ കാലത്ത് ആക്രി പെറുക്കിയായിരുന്നു ഉപജീവനം. തന്റെ സമ്പാദ്യം ചിലർക്ക് കടമായി കൊടുത്തിരുന്ന ശിവരാമൻ ഷെയർമാർക്കറ്റിലും നിക്ഷേപം നടത്തിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com