സ്ത്രീകൾക്കുമാത്രമായി കർക്കടകത്തിൽ കോഴിക്കോട്ടുകാർ തയാറാക്കുന്ന പരമ്പരാഗത കോഴിമരുന്നും ജീരകക്കോഴി സൂപ്പും

HIGHLIGHTS
  • മുട്ടയിടാറായ പിടക്കോഴിയെ പിടിച്ച് നാട്ടുമരുന്നുകളും ഒറ്റമൂലികളും പശുവിൻനെയ്യുമൊക്കെ ചേർത്ത് തയാറാക്കുന്ന ഭക്ഷണമാണ് കോഴിമരുന്ന്.
kozhimarunnu
SHARE

തുള്ളിക്കൊരുകുടം പേമാരി. തണുപ്പു പെയ്യുന്ന പെരുമഴക്കാലമാണ് കർ‍ക്കടകം. ഉഴിച്ചിലും പിഴിച്ചിലും ആയുർവേദ സുഖചികിത്സയുമൊക്കെയായി നാട്ടിലെങ്ങും തകൃതിയായി ആരോഗ്യസംരക്ഷണം കൊണ്ടാടുന്ന കാലം. മരുന്നുകഞ്ഞി കുടിച്ച് ശരീരം ശുദ്ധിയാക്കുന്നവരുമുണ്ട്. എന്നാൽ രുചിയുടെ കാര്യത്തിൽ എന്നും തനിമയും പുതുമയും കാത്തുസൂക്ഷിക്കുന്ന കോഴിക്കോട്ടുകാർക്ക് കർക്കടകത്തിൽ വ്യത്യസ്തമാർന്നൊരു രുചിക്കൂട്ടുണ്ട്. ആയുർവേദ ചികിത്സ നടത്താൻ‍ പണമില്ലാത്ത പാവപ്പെട്ട, സാധാരണക്കാരായ ആളുകൾ പിന്തുടരുന്ന ഭക്ഷണക്രമമാണല്ലോ ഔഷധക്കഞ്ഞി. എന്നാൽ  കോഴിക്കോട്ട് പണ്ടുകാലംതൊട്ടേ സ്ത്രീകൾക്കുവേണ്ടി മറ്റൊരു രുചിക്കൂട്ടാണ് തയാറാക്കാറുള്ളത്.

ആരോഗ്യം വേണം, വീട്ടമ്മയ്ക്ക്

ജീവിതത്തിന്റെ നല്ലൊരുഭാഗവും അടുക്കളയിൽ തീയുംപുകയുമേറ്റ് രാപ്പകൽ കഷ്ടപ്പെടുന്നവരാണല്ലോ വീട്ടമ്മമാർ. പണ്ടുകാലത്ത് സ്ത്രീകളുടെ ജീവിതം യാതനകളുടേതായിരുന്നു. അടുപ്പിൽ വിറകൂതി തീ കത്തിച്ച് ഭക്ഷണം ഉണ്ടാക്കുമ്പോൾ പുക ശ്വസിച്ചും തീയേറ്റും ശരീരം പതിയെപതിയെ അവശമാവും. അരകല്ലും അമ്മിക്കല്ലുമായുള്ള യുദ്ധം വേറെ. അതുകൊണ്ടായിരിക്കാം, പണ്ടേയ്ക്കു പണ്ടേ കോഴിക്കോട്ടെ ഗ്രാമീണർ കർക്കടകം സ്ത്രീകളുടെ ദേഹരക്ഷാ കാലമായി മാറ്റിവച്ചത്.

കോഴിക്കോടിന്റെ ഉൾനാടൻ പ്രദേശങ്ങളിൽ പിന്തുടരുന്ന ഒരു രീതിയുണ്ട്. കർക്കടകം തുടങ്ങിയാൽ  ഭർത്താവിന്റെ വീട്ടിൽനിന്ന് സ്വന്തം വീട്ടിലേക്ക് ഒരു യാത്ര പോവും. കോഴിമരുന്ന് കഴിക്കാനുള്ള യാത്രയാണ്. സ്വന്തം വീട്ടിലേക്ക് മകൾ വരുന്നതുംകാത്ത് അമ്മ കോഴിമരുന്ന് തയാറാക്കി കാത്തിരിക്കും. അതേ സമയം ആ വീട്ടിലേക്ക് വിവാഹംകഴിച്ചുവന്ന നാത്തൂൻമാർ ഈ കാലയളവിൽ മരുന്നുകഴിക്കാൻ അവരുടെ വീട്ടിലേക്ക് മരുന്നു കഴിക്കാൻ പോയിട്ടുമുണ്ടാവും.

∙ എന്താണീ കോഴിമരുന്ന്?

മുട്ടയിടാറായ പിടക്കോഴിയെ പിടിച്ച് നാട്ടുമരുന്നുകളും ഒറ്റമൂലികളും പശുവിൻനെയ്യുമൊക്കെ ചേർത്ത് തയാറാക്കുന്ന ഭക്ഷണമാണ് കോഴിമരുന്ന്. നാലു മാസം പ്രായമുള്ള പിടക്കോഴിയെയാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്. പണ്ടുകാലത്ത് നാട്ടിൻപുറങ്ങളിൽ തഴച്ചുവളരുന്ന ചെടികൾക്കിടയിൽനിന്ന് ഔഷധസസ്യങ്ങൾ തിരഞ്ഞെടുക്കാൻ ഒട്ടുമിക്ക ആളുകൾക്കും കഴിഞ്ഞിരുന്നു. എന്നാൽ ഇന്നീ നാട്ടറിവുകൾ ആർക്കുമില്ലല്ലോ. മാത്രവുമല്ല, നാട്ടിലെവിടെയെങ്കിലും കാടു കണ്ടാൽ അത് തൊഴിലുറപ്പുകാരുടെ കത്തിക്കിരയാവും. അതുകൊണ്ട് ഇക്കാലത്ത് വൈദ്യശാലകളിൽനിന്നു കിട്ടുന്ന നാട്ടുപച്ചമരുന്നുകളാണ് ആശ്രയം. 

ഓരോ നാട്ടിലും മരുന്നിന്റെ ചേരുവകളിലും മരുന്നുണ്ടാക്കുന്ന രീതിയിലും പ്രാദേശികമായ വ്യത്യാസമുണ്ട്. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ആറു വ്യത്യസ്ത രീതികളുണ്ട്. ജില്ലയുടെ കിഴക്കൻ ഭാഗങ്ങളിലെ രീതിയല്ല കടത്തനാടൻ ഭാഗങ്ങളിൽ സ്വീകരിക്കാറുള്ളത്. കേരളത്തിന്റെ മറ്റുഭാഗങ്ങളിൽ പ്രസവശുശ്രൂഷയ്ക്ക് തയാറാക്കാറുള്ള മരുന്നുകോഴിയിൽനിന്ന് വ്യത്യസ്തമാണ് കോഴിക്കോട്ടുകാരുടെ കോഴിമരുന്ന്.

കോഴിമരുന്നിന്റെ നാടൻ രുചിക്കൂട്ട്

സാധാരണക്കാർക്ക് സ്വന്തം വീട്ടിൽ തയാറാക്കാവുന്ന കോഴിമരുന്നിന്റെ കുറിപ്പടി കോഴിക്കോട് നന്മണ്ട സ്വദേശിയായ വീട്ടമ്മ ഹാജറ കുന്നോത്ത് വിവരിക്കുന്നു. കോഴിമരുന്നു തയാറാക്കുന്നതിന്റെ ആറു രീതികളിൽ പ്രധാനപ്പെട്ട രീതിയാണിത്.

നാലു മാസം പ്രായമുള്ള മുട്ടയിടാറായ നാടൻ പിടിക്കോഴിയാണ് മരുന്നു തയാറാക്കാൻ വേണ്ടത്. ഉരലിൽ ഇടിച്ചെടുത്ത കോഴിയെ ചെറിയ ജീരകം ഇട്ട് വെള്ളത്തിൽ വേവിച്ചെടുക്കും. മുക്കാൽ ഭാഗം വെള്ളം വറ്റിവരുമ്പോൾ ഇതിലേക്ക് അയമോദകം, ഉലുവ, കുരുമുളക്, കരിംജീരകം, കറുവപട്ട, ഏലയ്ക്ക എന്നിവ പൊടിച്ചതു ചേർക്കും. ഇതിനൊപ്പം പച്ചമഞ്ഞൾ, ഇഞ്ചി, ചെറിയ ഉള്ളി, കറിവേപ്പില എന്നിവയും ചേർക്കും. തുടർന്ന് നാടൻപശുവിന്റെ നെയ്യ് ഉപയോഗിച്ച് താളിച്ചെടുക്കും. ഇതിനൊപ്പം ചേർക്കാനുള്ള ചില്ലറ മരുന്നുകൂട്ടുകൾ തറിമരുന്നു തയാറാക്കുന്ന ആയുർവേദശാലയിൽനിന്ന് വാങ്ങിയിട്ടുണ്ടാവും. ഇതുകൂടി ചേർക്കും.  സാധാരണ ഉപ്പ് ചേർക്കില്ല. മൺചട്ടിയും മരത്തവിയും ഉപയോഗിച്ചാണ് പാചകം. 

രാവിലെ ഭക്ഷണത്തിനു മുൻപും രാത്രി ഭക്ഷണ ശേഷവും കോഴി മരുന്ന് കഴിക്കും. ഒരു പിടക്കോഴിയെയോ അല്ലെങ്കിൽ മൂന്നു പിടിക്കോഴിയേയോ മരുന്നാക്കിയാണ് കഴിക്കുക. മരുന്ന് കഴിക്കുമ്പോൾ പൂർണ വിശ്രമം വേണം. അതിനാൽ മുടിപ്പുതച്ച് കിടക്കുന്നതാണ് പതിവ്.

ഏഴു ദിവസം അല്ലെങ്കിൽ ഒൻപതു ദിവസം കൊണ്ടേ  ഇത്രയും മരുന്ന് കഴിച്ചു തീരൂ. കഴിച്ചു തീരുന്ന അത്രയും ദിവസം നല്ലരിക്ക ആചരിക്കും. അത്രയും ദിവസം കൂടി ദേഹമനങ്ങിയുള്ള കഠിനമായ ജോലികൾ ചെയ്യില്ല.

hajira
ഹാജറ കുന്നോത്ത്

നാട്ടുവൈദ്യരുടെ രുചിക്കൂട്ട്

കോഴിമരുന്നിൽ ചേർക്കാനുള്ള ഔഷധക്കൂട്ട് വാമൊഴിയായി തലമുറകളിലേക്ക് കൈമാറി വരുന്നതാണ്. മൂന്നുതരം ജീരകവും ത്രിഫലയും മുതൽ അനേകം നാട്ടുമരുന്നുകളുടെ ചേരുവയാണ് ഔഷധക്കൂട്ടിലുള്ളത്. ചിലയിടങ്ങളിൽ 41 തരം അങ്ങാടിമരുന്നുകൾ ചേർക്കുമെന്ന് പറയാറുണ്ട്. എന്നാൽ ചൊല്ലിവരുന്ന ശ്ലോകപ്രകാരം ഇത്രയും മരുന്നുകളില്ല. മരുന്നുണ്ടാക്കുന്നതിന്റെ ചേരുവയും മരുന്നു കഴിച്ചാലുള്ള ഫലവും ശ്ലോകത്തിൽ പറയുന്നുണ്ട്.

ഒരു കോഴിക്കുള്ള കോഴിമരുന്ന് നാട്ടുവൈദ്യൻമാരുടെ കടയിൽനിന്നു വാങ്ങിക്കാം. മരുന്നുണ്ടാക്കുന്നതിന്റെ തലേദിവസം കുറുന്തോട്ടി, കരിങ്കുറിഞ്ഞി ഇവ കഷായം വെയ്ക്കുക. കലത്തിൽ ഇരട്ടി വെള്ളം വെച്ച് കുറുക്കിയെടുത്താണ് കഷായുമുണ്ടാക്കേണ്ടത്. ഇത് അരിച്ചെടുത്ത് വയ്ക്കണം. മുട്ടയിടാറായ നാടൻ പിടക്കോഴിയെ വൃത്തിയാക്കി കഴുകി ചെറുതാക്കി കൊത്തിമുറിക്കുക. കഷായത്തിൽ കോഴിമരുന്നും കോഴിയും ചേർത്ത് നന്നായി വേവിക്കുക. വെള്ളം പകുതി വറ്റുമ്പോൾ ഒരുകിലോ ചെറിയ ഉള്ളി, കുറച്ച് ഇന്തുപ്പ്, 200 മില്ലി ലിറ്റർ എള്ളെണ്ണ, കുറച്ച് നെയ്യ് എന്നിവ ചേർത്ത് നന്നായി ഇളക്കി വറ്റിച്ച് എണ്ണ ഊറിവരുന്ന പരുവത്തിൽ വാങ്ങിവയ്ക്കുക. ഇതാണ് കോഴിമരുന്ന്. ഇത്രയും മരുന്ന് ഒരാൾ മൂന്നുദിവസം കഴിക്കണം. മരുന്നു കഴിക്കുമ്പോൾ കൂടെ വെള്ളംകുടിക്കാൻ പാടില്ല. കഴിക്കുന്ന ദിവസങ്ങളിൽ വിശ്രമം അത്യാവശ്യമാണ്. 

∙ നാടൻ സൂപ്പാക്കാം, ജീരകക്കോഴിയെ 

കോഴിമരുന്ന് തയാറാക്കുന്നതിനു പകരം ചിലർ കോഴിസൂപ്പും തയാറാക്കാറുണ്ട്. ജീരകക്കോഴി സൂപ്പെന്നാണ് കോഴിക്കോട്ടെ ഗ്രാമങ്ങളിൽ ഇതിനുവിളിപ്പേര്.

മുട്ടയിടാറായ ഒരു നാടൻകോഴിയെ തൂവൽ പറിച്ചെടുത്ത് കഴുകി വൃത്തിയാക്കി ചെറുതായി കൊത്തിമുറിക്കുക. ഒരു നാളികേരം ചിരവി പിഴിഞ്ഞ് ആദ്യത്തെ പാൽ മാറ്റിവച്ച് രണ്ടാം പാലിൽ കോഴി നന്നായി വേവിക്കുക. ഇറച്ചിയിൽനിന്ന് എല്ല് വേർപെടുത്തി വയ്ക്കുക. എല്ല് കുടഞ്ഞ് മജ്ജ എടുത്ത് ഇറച്ചിയുടെ കൂടെയിട്ട് ആവശ്യത്തിന് ഇന്തുപ്പ്, നൂറു ഗ്രാം ജീരകം അരച്ചതും 50 ഗ്രാം കുരുമുളക് പൊടിച്ചതും കുറച്ച് ചെറിയ ഉള്ളി അരിഞ്ഞതും യോജിപ്പിക്കുക. തേങ്ങയുടെ മാറ്റിവച്ച പാൽ ചേർത്ത് നന്നായി വേവിച്ച് വറ്റിച്ചെടുക്കുക. ചെറിയ ഉള്ളി ചെറുതായരിഞ്ഞ് നെയ്യിൽ മൂപ്പിച്ച് ഇതിലേക്ക് ചേർക്കുക. ഒരു കോഴിയെ ഒരാൾ കഴിക്കണമെന്നാണ് നിയമം. 

soup

English Summary : Kozhimarunnu is a mix of herbal medicines.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS