തലശ്ശേരി ശേലിൽ പച്ചടി; പാചകത്തിലും വിനീത് മുദ്ര

onam-vinith
SHARE

അരങ്ങിലാണെങ്കിലും അടുക്കളയിലാണെങ്കിലും മുദ്രയിലൊരു ശ്രദ്ധ വേണമെന്നാണു നടനും നർത്തകനുമായ വിനീതിന്റെ അഭിപ്രായം. മുദ്ര മാറിയാൽ നൃത്തത്തിന്റെ ഭാവം മാറും പോലെ അടുക്കളയിൽ കൈയ്യടക്കം പാളിയാൽ വിഭവത്തിന്റെ രുചി മാറും. ഓണക്കാലമാണെങ്കിലും അല്ലെങ്കിലും അടുക്കളയിൽ കയറി പാചകം ചെയ്യാൻ ഒരു മടിയും ഇല്ലാത്തയാളാണു വിനീത്. നല്ല തലശ്ശേരി ശേലിലുള്ള വിഭവങ്ങളങ്ങനെ രുചിയോടെ ഉണ്ടാക്കാനും വിളമ്പാനും ഏറെ ഇഷ്ടമുള്ളയാൾ. 1993ൽ അന്നത്ത മദ്രാസ് പട്ടണത്തിൽ സ്ഥിര താമസമാക്കിയ വിനീത് ഇന്നിപ്പോൾ ചെന്നൈ നഗരത്തിനൊപ്പം ചേർന്ന് ആഘോഷിക്കുന്നത് 28–ാം ഓണമാണ്. ഇതിനു മുൻപും സിനിമകളുടെ ഭാഗമായും പഠനകാലത്തും ചെന്നൈയിൽ പലതവണ ഓണം ആഘോഷിച്ചിരുന്നു. അതു കൊണ്ടു തന്നെ മദ്രാസോണം എന്നും പ്രിയപ്പെട്ടതാണ് തനിക്കെന്നു പറയുന്നു വിനീത്. 

സാഹചര്യങ്ങൾ അനുകൂലമെങ്കിൽ വീട്ടിൽ സദ്യ ഒരുക്കുന്നതിൽ ഒരു മടിയുമില്ല. കാളൻ, ഓലൻ, പുളിശ്ശേരി, അവിയൽ അങ്ങനെ എല്ലാ വിഭവങ്ങളെല്ലാം ഉണ്ടാകും. വടക്കൻ മലബാർ സ്റ്റൈൽ കൂട്ടുകറിയാണു മറ്റൊരിനം. പിന്നെ, പൊടുത്തോൽ എന്നു ഞങ്ങൾ വിളിക്കുന്ന ഉപ്പേരി (മെഴുക്കുപുരട്ടി), പുളിയിഞ്ചി, സാമ്പാർ, പരിപ്പു കറി ഒപ്പം പാലട, പാൽപായസം. അവിയൽ, ഓലൻ, കാളൻ, പച്ചടി എന്നിവയാണു സദ്യയിലെ ഏറ്റവും വലിയ ഹൈലൈറ്റുകൾ. 

വിനീത് ഉണ്ടാക്കിയ പച്ചടി കഴിച്ചവരാരും പിന്നെ ആ രുചി മറക്കില്ല. കാരണം, നടനം പോലെ തന്നെ ഏകാഗഗ്രമായും കയ്യടക്കത്തോടെയുമാണ് ആ പച്ചടി തയാറാക്കുക.  ‘വിഭവങ്ങൾ ഉണ്ടാക്കുന്നതു മാത്രമല്ല ഓണക്കാലത്തിന്റെ സന്തോഷം, അതു സ്നേഹത്തോടെ വിളമ്പുന്നതു കൂടിയാണ്.. പിന്നെ, എല്ലാത്തവണത്തെയും പോലെ വലിയ ആഘോഷമില്ല ഇത്തവണ. ശരിക്കും ഇത്തവണത്തെ ഓണം ഒരു പ്രാർഥനയാണ്. എല്ലാ ദുരിതങ്ങളും മാറി ലോകത്തു സന്തോഷവും സമാധാനവും പുലരണേയെന്ന പ്രാർഥനയാണ് മനസ്സിലുള്ളത്..’  – വിനീത് പറയുന്നു.

വിനീത് സീക്രട്ട് ഓഫ് പച്ചടി 

കുമ്പളങ്ങ ചെറിയ കഷ്ണങ്ങളായി മുറിച്ച് പച്ചമുളകിട്ട് ഉപ്പും ചേർത്തു കുറച്ചു വെള്ളത്തിൽ വേവിക്കുക. വെന്തു കഴിയുമ്പോൾ ചെറിയ ഉള്ളിയും തേങ്ങയും കടുകും ചേർത്ത് അൽപമൊന്ന് അരച്ചെടുക്കാം. അത് വെന്തു പാകമായ കുമ്പളങ്ങാക്കൂട്ടിലേക്കിട്ട് ഒരു തിള വരുമ്പോഴേക്ക് നല്ല കട്ടതൈര് ഒഴിച്ചിളക്കുക. അവസാനം കടുകും ഉണക്കമുളകും കറിവേപ്പിലയും താളിച്ച് ചേർക്കുക. കൂടുതൽ തിളയ്ക്കാതെ നോക്കണം. കൂടുതൽ തിളപ്പിച്ചാൽ തേങ്ങയുടെ സ്വാദ് പോകും. കടുകിലാണ് ഈ പച്ചടിയുടെ സ്വാദ്. കടുകിന്റെ അളവും അരയ്ക്കലിന്റെ ഗുണവുമാണു രുചി നിർണയിക്കുക. ഇതൊരു തലശ്ശേരി സ്റ്റൈലാണ്. 

English Summary : Thalassery special pachadi Recipe by Actor Vineeth.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA