വേദനയായി നൗഷാദിന്റെ വിയോഗം; തിരിച്ചു വരുമെന്നു പ്രതീക്ഷിച്ചു : ലക്ഷ്മി നായർ

HIGHLIGHTS
  • ഷെഫ് നൗഷാദിന്റെ ഓർമകൾ സങ്കടത്തോട് കൂടിയാണ് ഞാൻ ഇവിടെ പങ്കു വയ്ക്കുന്നത്.
  • ഒരുപാട് അവസരങ്ങളിൽ ഞങ്ങൾ ഒരുമിച്ച് പാചക മത്സരങ്ങൾ ജഡ്‌ജ്‌ ചെയ്തിട്ടുണ്ട്.
chef-noushad-lekshmi-nair
SHARE

രുചിവൈവിധ്യം കൊണ്ട് വിസ്മയം തീർക്കുന്ന നൗഷാദ് എന്ന സുഹൃത്തിന്റെ വിയോഗം ഞെട്ടലോടെയാണ് അറിഞ്ഞതെന്നു പാചക വിദഗ്ധ ലക്ഷ്മി നായർ. നൗഷാദിനെപ്പറ്റിയുള്ള ഓർമകൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയായിരുന്നു അവർ. മാഞ്ചസ്റ്ററിൽ മകള്‍ പാര്‍വതിക്കൊപ്പമാണ് ഇപ്പോൾ ലക്ഷ്മി നായർ.

‘ഷെഫ് നൗഷാദിന്റെ ഓർമകൾ സങ്കടത്തോടെയാണ് ഞാൻ ഇവിടെ പങ്കു വയ്ക്കുന്നത്. ഞെട്ടലോടെയാണ് ഞാൻ ഈ വാർത്തയറിഞ്ഞത്. അദ്ദേഹത്തിന്റെ ഭാര്യ മരിച്ചുവെന്ന വാർത്ത കേട്ടിരുന്നു. ഇന്നലെയാണ് അദ്ദേഹം വളരെ ഗുരുതരനിലയിൽ ആശുപത്രിയിലാണെന്ന് അറിഞ്ഞത്. പക്ഷേ എത്രത്തോളം ആധികാരികമാണ് ഈ വാർത്ത എന്നറിയാത്തതു കൊണ്ട്, അതു തെറ്റായ ഇൻഫർമേഷൻ ആയിരിക്കുമെന്ന് എന്റെ മനസ്സ് പറഞ്ഞു. അങ്ങനെയൊന്നും ആകരുതേ എന്ന പ്രാർഥനയുമുണ്ടായിരുന്നു. പക്ഷേ ഇന്ന് അദ്ദേഹത്തെക്കുറിച്ചുള്ള സങ്കടകരമായ വാർത്ത അറിയുന്നു. വാക്കുകൾ കൊണ്ട് പറയാൻ പറ്റില്ല സത്യത്തിൽ ഈ വിഷമം. നല്ലൊരു സുഹൃത്ത് ആയിരുന്നു. ഒരുപാട് അവസരങ്ങളിൽ ഞങ്ങൾ ഒരുമിച്ച് പാചക മത്സരങ്ങൾ ജഡ്‌ജ്‌ ചെയ്തിട്ടുണ്ട്. ‌‌

തമ്മിൽ കാണുമ്പോൾ സംസാരിക്കുന്നത് ഞങ്ങളുടെ പൊതുവായ ഇഷ്ടമായ പാചകത്തെപ്പറ്റിയായിരുന്നു; അതിലെ മാറുന്ന ട്രെൻഡുകൾ, കാഴ്‌ചപ്പാടുകൾ, ഇപ്പോഴത്തെ അവസ്ഥ അങ്ങനെ ഒരുപാട് കാര്യങ്ങൾ. വളരെ സൗമ്യമായി ചെറുചിരിയോടെ സംസാരിക്കുന്ന വളരെ സിംപിളായ ഒരാളാണ് നൗഷാദെന്നാണ് തോന്നിയിട്ടുള്ളത്. ഒരുപാട് സൗഹൃദങ്ങൾ ഉള്ള ഒരു നല്ല വ്യക്തി.

കുറച്ചു മാസങ്ങൾക്കു മുമ്പ് അദ്ദേഹത്തിന്റെ ഒരു സുഹൃത്തിന്റെ ആവശ്യത്തിനായി എന്നെ വിളിച്ചിരുന്നു. അപ്പോൾ, കുറച്ചുനാളായി കാണുന്നില്ലല്ലോ, സോഷ്യൽ മീഡിയയിലൊന്നു ആക്ടീവുമല്ല, എന്തുപറ്റി എന്നു ഞാൻ ചോദിച്ചപ്പോഴാണ് കുറേ നാളായി ചികിത്സയിലാണെന്നു പറയുന്നത്. അന്ന് അദ്ദേഹത്തിന്റെ മെഡിക്കൽ കണ്ടീഷനെക്കുറിച്ചും സംസാരിച്ചു. വളരെ സീരിയസായി കുറേ നാൾ കിടന്നിരുന്നെന്നും ഇപ്പോൾ ആരോഗ്യം മെച്ചപ്പെടുന്നുണ്ടെന്നും എന്നോടു പറഞ്ഞു. ഇനി പാചകരംഗത്ത് വീണ്ടും ആക്ടീവ് ആകണമെന്നും പറഞ്ഞു. വളരെ ശുഭാപ്തിവിശ്വാസത്തിലാണ് അന്ന് അദ്ദേഹം സംസാരിച്ചത്. വളരെ നല്ല കാര്യമാണെന്നു ഞാൻ പറഞ്ഞു. ഇപ്പോൾ സോഷ്യൽ മീഡിയ എല്ലാവരും നല്ല പ്ലാറ്റ്‌ഫോം ആയി ഉപയോഗിക്കുന്നുണ്ടല്ലോ. നൗഷാദിന് നല്ല സ്കോപ് ഉണ്ട്. ഒരു യൂട്യൂബ് ചാനൽ തുടങ്ങണം എന്നൊക്കെ ഞാൻ പറഞ്ഞു. ഞങ്ങൾ കുറേ നേരം സംസാരിച്ചിരുന്നു. എത്രയും പെട്ടെന്ന് നൗഷാദ് മിടുക്കനായി തിരിച്ചു വരും എന്നു തന്നെയായിരുന്നു എന്റെ പ്രതീക്ഷ. പക്ഷേ വീണ്ടും അവസ്ഥ വളരെ മോശമായെന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത്. വല്ലാതെ സങ്കടമായിപ്പോയി.

noushad-lekshmi-nair

അദ്ദേഹം വളരെ ചെറിയ പ്രായത്തിൽ പോയി എന്നു തന്നെ പറയേണ്ടി വരും. കാരണം പാചകമേഖലയ്ക്കും സമൂഹത്തിനും ഇനിയുമൊരുപാടു സംഭാവനകൾ നൽകേണ്ടയാളായിരുന്നു അദ്ദേഹം. ഒരുപാട് പ്രതീക്ഷകളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടുംബാഗങ്ങൾക്ക് ഈ വിയോഗം താങ്ങാനുള്ള ശക്തി ദൈവം കൊടുക്കട്ടെ. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.’

English Summary : Lekshmi Nair writes about celebrated chef and film producer Noushad.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA