‘സ്വർണ്ണ കടലാസിൽ പൊതിഞ്ഞ ചോക്ലേറ്റ് കൈയിൽ തന്നത് തിരികെ വാങ്ങിയതാണ് സങ്കടമായത്’

HIGHLIGHTS
  • ഒരു പെട്ടി നിറയെ, സ്വർണ്ണ കടലാസിൽ പൊതിഞ്ഞ ചോക്ലേറ്റുമായി അവൾ വന്നു
  • പുറമെ കാണാൻ തന്നെ എന്താ ഭംഗി? അപ്പോൾ അകത്ത് എന്ത്‌ രുചിയാവും...
chocolate
Image Credit : dejavu/ Shutterstock
SHARE

കൂട്ടുകാരിയും അവളുടെ കുഞ്ഞുങ്ങളും കൂടി പെട്ടന്ന് കയറി വന്നതായിരുന്നു കഴിഞ്ഞ ദിവസം.  നിനക്കൊന്ന് പറഞ്ഞിട്ട് വന്നു കൂടായിരുന്നോ എന്നു പരിഭവിച്ച്, പിള്ളേർക്ക് എന്തെങ്കിലും കൊടുക്കാൻ നോക്കിയപ്പോൾ കൈയിൽ തടഞ്ഞത് ചോക്ലേറ്റ് ആണ്. കുട്ടികൾക്ക് കൊടുത്തു, നീയും എടുക്കെന്ന് പറഞ്ഞ് അവൾക്ക് നീട്ടിയപ്പോൾ അവളൊരു കഥ പറഞ്ഞു.

അടുത്ത ബന്ധുവായ ഒരു കുട്ടിയുടെ കൂടെയാണ് അവൾ സ്കൂളിൽ പൊയ്ക്കൊണ്ടിരുന്നത്. ആ കുട്ടിയുടെ  അച്ഛൻ വിദേശത്താണ്, നല്ല ജോലിയാണ്.  എല്ലാ വർഷവും അവധിക്ക് നാട്ടിൽ വരും. അപ്പോൾ ആ കൂട്ടുകാരി നല്ല നിറമുള്ള, വേറെ ആർക്കുമില്ലാത്ത തരം പുതിയ ഉടുപ്പുകളും ഒക്കെയിട്ട് എക്സ്ട്രാ ക്‌ളാസുള്ള ദിവസങ്ങളിൽ സ്കൂളിൽ വരും, അച്ഛന്റെ കൂടെ ടൂർ പോയ പുതിയ സ്ഥലങ്ങളെ കുറിച്ച് വർണ്ണിക്കും. അച്ഛൻ തിരികെ പോകാൻ നേരം എടുക്കുന്ന ഒരുപാട് ഫോട്ടോകൾ കൊണ്ട് കാണിക്കും.

അഞ്ചിലോ ആറിലോ പഠിക്കുന്ന സമയം, ഒരു ദിവസം സ്കൂൾ വിട്ടു വരുന്ന വഴി വലിയൊരു ഇടിയും മഴയും. വീട്ടിൽ കയറിയിട്ട് പോകാമെന്നു പറഞ്ഞപ്പോൾ ആ കുട്ടിയുടെ കൂടെ ഇവളും അവരുടെ വീട്ടിൽ കയറി. അച്ഛൻ അവധിക്ക് വന്ന സമയമാണ്. നീ ഇരിക്ക്, ഞാൻ ചോക്ലേറ്റ് എടുത്തിട്ട് വരാമെന്നു പറഞ്ഞ് സുഹൃത്ത് അകത്തേക്ക് പോയി. ഫ്രിജിൽ നിറയെ ഇരിക്കുന്ന ചോക്ലേറ്റുകളെ പറ്റി പറഞ്ഞു പല തവണ അവൾ കൊതിപ്പിച്ചതാണ്. അങ്ങനെ ഒരു പെട്ടി നിറയെ, സ്വർണ്ണ കടലാസിൽ പൊതിഞ്ഞ ചോക്ലേറ്റുമായി അവൾ വന്നു. ആദ്യമായാണ് അങ്ങനെ ഒന്ന് കാണുന്നത് പോലും. പുറമെ കാണാൻ തന്നെ എന്താ ഭംഗി? അപ്പോൾ അകത്ത് എന്ത്‌ രുചിയാവും .

അവൾ അതിൽ നിന്നും രണ്ടെണ്ണം എടുത്തു. മിട്ടായി എടുത്തതും, ആ കുട്ടിയുടെ അമ്മ അകത്തുനിന്ന് വന്ന് തുറിച്ച് ഒരു നോട്ടം. എന്നിട്ട് അവളുടെ ഭാഷയിൽ 'ഒട്ടിച്ചു വച്ച ചിരിയും കൊണ്ട് അടുത്ത് വന്നിരുന്നു '. "ഇതാണോ കൊടുക്കുന്നെ, എന്ന് പറഞ്ഞ് മകളോട് മുറിയിൽ നിന്ന് മറ്റൊരു കവറിലെ മിട്ടായി എടുത്തു കൊണ്ട് വരാൻ പറഞ്ഞു. "അതിങ്ങു തന്നേരെ... "എന്നും പറഞ്ഞ് ഇവളുടെ കയ്യിൽ നിന്നും ചോക്ലേറ്റ് തിരികെ വാങ്ങി.

പകരം കിട്ടിയ മിഠായി അലുത്ത് ഒട്ടിയിരുന്നു. തീരെ കൊള്ളാത്ത എന്തോ ഒരു തരം. " നമ്മടെ നാരങ്ങാ മുഠായിക്കൊക്കെ അതിലും രുചി കാണുമെടീ " എന്നാണ് അവൾ പറഞ്ഞത്. "എന്റെ ചാച്ചൻ റബ്ബറും വെട്ടി, അമ്മച്ചി പശൂനെയും ആടിനെയുമൊക്കെ വളർത്തിയല്ലേ ഞങ്ങൾ അന്ന് കഴിഞ്ഞിരുന്നത്, എനിക്ക് വല്ല്യ വിലയുള്ള ചോക്ലേറ്റിന്റെ ആവശ്യം ഇല്ലെന്ന് അവർ കരുതിക്കാണും. ഞാനവിടുന്ന് വേഗം ഇറങ്ങി. കുറച്ചു നേരം കൂടി ഇരുന്നാൽ ചിലപ്പോൾ കരഞ്ഞേനെ. അത്രക്ക് ആഗ്രഹം ആയിരുന്നു ചോക്ലേറ്റ് കഴിക്കാൻ. അവർ ഒന്നും തന്നില്ലായിരുന്നെങ്കിലും വേണ്ടില്ല, തന്നത് തിരികെ വാങ്ങിയതാ വിഷമം ആയത്".  അവള് പറഞ്ഞു നിർത്തിയപ്പോൾ ഞാൻ ആകെ സങ്കടം ആയി, അവളെയും നോക്കിയങ്ങനെ ഇരിക്കുവാണ്.

അപ്പോൾ ദാണ്ടേ അവൾ : " നീയെന്നാ ഇങ്ങനെ നോക്കുന്നെ? ഇതെങ്ങാനും വല്ല ശോക-പോസ്റ്റും ആക്കിയാൽ നിന്നെ ഞാൻ ശരിയാക്കും. നിനക്കറിയാമോ? അത് വരെ പഠിക്കാനൊന്നും എനിക്ക് വല്യ ഇഷ്ടമില്ലാരുന്നു. നല്ല ഉഴപ്പി ആയിരുന്നു. പക്ഷേ അന്നാണ് ഞാൻ തീരുമാനിച്ചത്. നന്നായി പഠിക്കണം. പഠിച്ചൊരു നഴ്‌സ് ആകണം, എന്നിട്ട് ഗൾഫിൽ പോയി ഒത്തിരി ചോക്ലേറ്റ് കഴിക്കണം എന്ന് ". അതും പറഞ്ഞു പൊട്ടിച്ചിരിച്ചു...

 " എന്നിട്ടിപ്പോ നീ ചോക്ലേറ്റ് കഴിച്ചു മടുത്തോ? " എന്റെ ചോദ്യം.

"ഓ...  ഇപ്പൊ ആ കൊതിയൊന്നും ഇല്ലടീ. എന്നാലും ലുലുവിൽ പോകുമ്പം ഇത് കാണുമ്പോഴൊക്കെ ഞാൻ ഓർക്കും. വേറെ ഒരു കാര്യം കൂടിയുണ്ട്. ഇന്നാള് അവരുടെ ഇളയ മോൾടെ കല്യാണം ആരുന്നേ. അതിന്റെ ഫോട്ടോ അമ്മച്ചി അയച്ചു തന്നാരുന്നു. അതിൽ കഴിഞ്ഞ തവണ അമ്മച്ചി ഇവിടെ വന്നപ്പോൾ ഞാൻ എടുത്തു കൊടുത്ത മാലയും ഇട്ടാണ് അവർ നിന്നത്. അത്രേം നല്ലത് അവർക്കില്ലെന്നും പറഞ്ഞ് കല്യാണത്തിന് ഇടാൻ അമ്മച്ചീടെ കയ്യീന്ന് വാങ്ങീന്ന് ". ഇത് പറഞ്ഞിട്ട് ഒന്നുകൂടി അവൾ നിസംഗമായി ചിരിച്ചു. ഇങ്ങനെയുള്ള കൂട്ടുകാരെ കിട്ടുന്നതും ഭാഗ്യമാണ്. എത്ര നെഗറ്റിവിറ്റിയുള്ള കാര്യം ആണെങ്കിലും പിടിച്ചു പോസിറ്റീവ് ആക്കിത്തരും.

anu-eby
അനു എബി

English Summary : Chocolate is the first luxury, It has so many things wrapped up in it. Chocolate memories wrote by Anu Eby

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA