ADVERTISEMENT

ഹോൾ വീറ്റ് ബ്രെഡിൽ ഇനി പേരിനു മാത്രം ഗോതമ്പും ഗാർലിക് ബ്രെ‍ഡിൽ പേരിനു മാത്രം വെളുത്തുള്ളിയും അടങ്ങിയാൽ പോരാ. 14 തരം ബ്രെഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാനായി കേന്ദ്രം ചട്ടം കൊണ്ടുവരാൻ ഒരുങ്ങുന്നു. ഭക്ഷ്യസുരക്ഷാ അതോറിറ്റി കരട് ചട്ടം മന്ത്രാലയത്തിനു കൈമാറി. ഗാർലിക് ബ്രെഡിൽ 2 ശതമാനമെങ്കിലും വെളുത്തുള്ളിയോ, അനുബന്ധ പ്രകൃതിദത്ത ചേരുവയോ വേണമെന്നാണ് നിർദേശം. ഓട്മീൽ ബ്രെഡിൽ 15 ശതമാനമെങ്കിലും ഓട്സ് അടങ്ങിയിരിക്കണം. ഹോൾ വീറ്റ് ബ്രെഡിൽ 75 % ഗോതമ്പ് തന്നെയായിരിക്കണം. മൾട്ടി ഗ്രെയിൻ ബ്രെഡിൽ ഗോതമ്പിനു പുറമേ 20 ശതമാനത്തോളം മറ്റു ധാന്യപ്പൊടികളും വേണം. മിൽക്ക് ബ്രെഡിൽ 6% പാലും ഹണി ബ്രെഡിൽ 5% തേനും ചീസ് ബ്രെഡിൽ 10% വെണ്ണയും ഉൾപ്പെടുത്തണം. പേരിനു മാത്രം ചേരുവ ഉൾപ്പെടുത്തി ഉയർന്ന വിലയ്ക്ക് ബ്രെ‍ഡ് വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ചട്ടം കൊണ്ടുവരുന്നത്.

 

ബ്രെഡ് എത്ര ദിവസം കേടാകാതെയിരിക്കും?

ഏറ്റവും എളുപ്പത്തിൽ കേടാകുന്ന ഭക്ഷണസാധനമാണു ബ്രെഡ്. റൊട്ടിയിലെ പൂപ്പൽ വയറിളക്കവും ഛർദിയുമുണ്ടാക്കും. പായ്‌ക്ക് ചെയ്‌ത ഡേറ്റ് നോക്കി വേണം കടയിൽനിന്നു ബ്രെഡ് വാങ്ങാൻ. പായ്‌ക്ക് ചെയ്‌തു മൂന്നു ദിവസത്തിനകം ബ്രെഡ് കഴിച്ചുതീർക്കണം. ചില ബ്രെഡ് കഴിക്കുമ്പോൾത്തന്നെ രുചിവ്യത്യാസം തോന്നാം. അങ്ങനെയുള്ളവയിൽ പൂപ്പൽ പടർന്നിട്ടുണ്ടോ എന്നു ശ്രദ്ധിക്കണം. പൂപ്പൽ ഇല്ലെങ്കിൽ അന്നുതന്നെ ഉപയോഗിച്ചു തീർക്കണം. ബ്രെഡ് ഒന്നോ രണ്ടോ ദിവസം ഫ്രിഡ്‌ജിൽ വച്ചശേഷം മൊരിച്ചെടുത്ത് ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ, രണ്ടുദിവസത്തിൽ കൂടുതൽ പഴകിയ ബ്രെഡ് ഉപയോഗിക്കരുത്.

ബ്രെഡ് കൊണ്ട് തയാറാക്കാവുന്ന ചില വ്യത്യസ്ത രുചികൾ...

∙ അരക്കപ്പ് ക്രീംപീസ് തണുപ്പു മാറ്റിയതും നാലു ചെറിയ സ്പൂൺ പഞ്ചസാരയും ചേർത്തു നന്നായി യോജിപ്പിക്കുക. അരികു മുറിച്ച ബ്രെഡ് സ്ലൈസ് ഒന്നു പരത്തി അതിൽ ക്രീംപീസ് മിശ്രിതം നിരത്തി, ചോക്ലൈറ്റ് ചിപ്സോ ജീരകമിഠായിയോ സ്പ്രിങ്കിൾസോ വിതറി അമർത്തി ചുരുട്ടിയെടുക്കുക. ബ്രെഡ്റോളപ്പ് റെഡി.

∙ ഒരു സ്ലൈഡ് ബ്രെഡ് ടോസ്റ്റ് ചെയ്ത്. അതിൽ അൽപം റിക്കോട്ടാ ചീസ് നിരത്തുക. അതിനു മുകളിൽ ആറു സ്ട്രോബെറി സ്ലൈസ് ചെയ്തതു നിരത്തി അൽപം തേനും തൂവുക, ഫ്രൂട്ടി ഹണി ചീസി ടോസ്റ്റ് തയാർ.

∙ അരകപ്പ് പഞ്ചസാര പാനിയാക്കി അൽപം ഏലയ്ക്ക പൊടിച്ചതു ചേർത്തു വയ്ക്കണം. എട്ടു സ്ലൈസ് ബ്രെഡ് ടോസ്റ്റ് ചെയ്തു. പൊടിച്ചു വയ്ക്കുക. ഇതിലേക്ക് ഒരു വലിയ സ്പൂൺ പാൽപ്പൊടിയും മൂന്നു വലിയ സ്പൂൺ പാലും ചേർത്തു നന്നായി കുഴച്ചു മാവു തയാറാക്കുക. ഇതു ചെറിയ ഉരുളകളാക്കി ചൂടായ എണ്ണയിലിട്ടു വറുത്തു കോരി പഞ്ചസാര സിറപ്പിൽ ഇടുക. ബ്രെഡ് ജാമൂൻ റെഡി.

∙ നാല് ബ്രെഡ് സ്ലൈഡ് എടുത്ത് അൽപം വെള്ളം തൊട്ട് ഓരോന്നും മെല്ലേ പരത്തണം ഓരോ സ്ലൈസിനും നടുവിൽ ഒരു കഷണം ചോക്ലൈറ്റ് വച്ചു മടക്കി അരിക് വെള്ളം തൊട്ട് ഒട്ടിക്കുക. ഇതു ചൂടായ വെണ്ണയിലിട്ടു മൊരിച്ചെടുക്കുക. ബട്ടർ ചോക്ലൈറ്റ് റെഡി.

∙ അഞ്ചു സ്ലൈഡ് ബ്രെഡ് വെണ്ണ പുരട്ടി ടോസ്റ്റ് ചെയ്ത ശേഷം അരയിഞ്ചു കഷണങ്ങളായി മുറിച്ചു ഡിസേർട്ട് ബൗളിലാക്കി വയ്ക്കണം. അരക്കപ്പ് പാലും അരക്കപ്പ് കണ്ടൻസ്ഡ് മിൽക്കും യോജിപ്പിച്ച് അടിച്ചത് ഇതിനു മുകളിൽ ഒഴിച്ചു നട്സും ഡ്രൈഫ്രൂട്സും കോൺഫ്ലേക്ക്സും വിതറി വിളമ്പാം മിൽക്കി ബ്രെഡ് സ്വീറ്റ് റെഡി.

English Summary : Breadmaking quality test to predict the breadmaking potential of healthy bread formulations.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com