ADVERTISEMENT

ഖൽബ് നിറയെ സ്വപ്നങ്ങളുമായി കണ്ണൂരിൽനിന്നു ദുബായിലേക്കെത്തിയൊരു ചെറുപ്പക്കാരൻ, സുകേഷ് പി.എം. ആദ്യം കിട്ടിയ ജോലി റസ്റ്ററന്റിൽ വെയ്റ്ററായി. എന്തു ജോലിയാണ് ചെയ്യുന്നതെന്ന് വീട്ടിൽ പോലും പറഞ്ഞിരുന്നില്ല. ഓരോ ദിവസത്തെയും പുഞ്ചിരിയോടെ സ്വീകരിച്ചു. പുതിയ അനുഭവങ്ങൾ, കാഴ്ചകൾ, പഠനങ്ങൾ... പരിശ്രമത്തിന്റെ പത്തുവർഷങ്ങൾ കൊണ്ട് മികച്ച കരിയറിലേക്കുയർന്നു. അന്ന് കൂടെയുണ്ടായിരുന്നവരിൽ പലരും സെയിൽസിലും ബാങ്ക് അറ്റൻഡർ ജോലിയിലും ഇപ്പോഴും തുടരുന്നുണ്ട് എന്നതും യാഥാർഥ്യം. എളുപ്പത്തിലുള്ള ഒരു യാത്രയായിരുന്നില്ല അത്. അതിനെപ്പറ്റി സുകേഷ് മനോരമ ഓൺലൈനോട് സംസാരിക്കുന്നു.

ഭക്ഷണം പ്രതിനിധീകരിക്കുന്നത് ഓരോ നാടിന്റെയും സംസ്കാരത്തെയാണ്. അതിഥി ദേവോ ഭവഃ എന്നതാണ് നമ്മുടെ രീതി. യാത്രകളിലൂടെയാണ് റസ്റ്ററന്റ് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നതിനുള്ള ആശയങ്ങൾ കണ്ടെത്തിയത്. ഇന്ത്യൻ ഫുഡ് ഫൈവ്സ്റ്റാർ ലെവലിലേക്ക് ഉയർത്തി ഏറ്റവും മികച്ച രുചിയനുഭവമാക്കുന്നതിനുവേണ്ടി ഇന്ത്യയിലുടനീളം രുചി തേടി യാത്ര ചെയ്തിട്ടുണ്ട്. കേരളം, മഹാരാഷ്ട്ര, കർണാടക, ഗോവ... യാത്രകളിൽ നിന്നാണ് റസ്റ്ററന്റ് സർവീസ് ഡിസൈൻ ചെയ്തത്.

പ്ലസ് ടു കഴിഞ്ഞ് ഹോട്ടൽ മാനേജ്മെന്റ് ലൈഫിലേക്ക്

യാത്രകൾ, മറ്റു നാടുകളിലെ സംസ്കാരവും ഭക്ഷണവും ജീവിതവും അറിയാനുള്ള താല്പര്യം എന്നിവയൊക്കെ ചെറുപ്പത്തിലേ തോന്നിയിരുന്നു. ഒപ്പം പുതിയ ഫാഷൻ ട്രെൻഡുകൾ അറിയാനും അനുകരിക്കാനുമുള്ള ശ്രമവും ഉണ്ടായിട്ടുണ്ട്. എന്റെ ഇത്തരം താൽപര്യങ്ങൾ മനസ്സിലാക്കിയ അധ്യാപകരാണ് ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് തിരഞ്ഞെടുക്കാൻ പ്രേരണ നൽകിയത്. കൂടുതൽ അന്വേഷിച്ചപ്പോൾ എനിക്കും അതിനോട് താൽപര്യം ഉണ്ടായി. ഈ അഭിപ്രായത്തോട് വീട്ടുകാരും ചേർന്നപ്പോൾ, കോയമ്പത്തൂരിലെ കോളജിൽ എത്തി.

2009 ലാണ് കോയമ്പത്തൂരിൽനിന്ന് ബിഎസ്‌സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് സയൻസ് ബിരുദം നേടി പുറത്തിറങ്ങിയത്. അതേ വർഷം തന്നെ ചെന്നൈയിൽ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ ആറുമാസത്തെ ട്രെയിനിങ്ങിനു ചേർന്നു. യൂറോപ്യൻ അതിഥികളുമായി കൂടുതൽ ഇടപഴകാനും പരിചയപ്പെടാനും കഴിഞ്ഞത് ഈ സമയത്താണ്. ആഗ്രഹങ്ങളിലേക്കു തന്നെയാണ് യാത്ര ചെയ്യുന്നത് എന്ന തോന്നൽ എനിക്കുണ്ടായി. ചെന്നൈയിൽ ബെസ്റ്റ് ട്രെയിനിയായി പഠനം പൂർത്തിയാക്കി, ആദ്യം കിട്ടിയ സാലറി കുട്ടികളുടെ പഠനത്തിന് ഒരു ചാരിറ്റി ഗ്രൂപ്പിൽ നൽകി. കാരണം, പഠിച്ചു വന്ന സാഹചര്യത്തിൽ പഠന ആവശ്യങ്ങൾക്കായി ‍‍‍‍ഞാനും ബുദ്ധിമുട്ടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അധിക വരുമാനം ലഭിക്കുമ്പോഴൊക്കെ നമ്മുടെ സമൂഹത്തിന് അതിൽ ഒരു വീതം തിരിച്ചു കൊടുക്കണം എന്നതാണ് എന്റെ ആഗ്രഹം.

ട്രെയിനിങ് പൂർത്തിയാക്കി 2009 ൽ തന്നെ യുഎഇയിൽ ലക്ഷ്വറി ഹോട്ടലിൽ വെയ്റ്റർ ആയി ആദ്യ ജോലി ലഭിച്ചു. പല രാജ്യങ്ങളിലെ അതിഥികളുമായി പരിചയപ്പെടുന്നതിനും അവരുടെ ഭക്ഷണം, സംസ്കാരം എന്നിവ മനസ്സിലാക്കുന്നതിനും സാധിച്ചു. അവിടെ രണ്ടു വർഷം വെയ്റ്റർ ആയി ജോലി ചെയ്യുന്നതിനിടയിൽ ഭാഷയും ബിസിനസ് ട്രിക്സും റസ്റ്ററന്റ് ഓപ്പറേഷൻ മാനേജ്മെന്റിനെക്കുറിച്ചും കൂടുതൽ പഠിച്ചു. സൂപ്പർവൈസർ ആയിട്ടാണ് ആദ്യ പ്രമോഷൻ കിട്ടിയത്. പിന്നീടങ്ങോട്ട് പടിപടിയായി ഉയർച്ചകൾ ഉണ്ടായി; അസിസ്റ്റന്റ് മാനേജർ, മാനേജർ എന്നീ പോസ്റ്റുകളിലേക്ക്. ലോകത്തിലെ പല രാജ്യങ്ങളിലെ ആളുകൾ, സംസ്കാരം ഒക്കെ ഇതിനോടകം മുന്നിലൂടെ കടന്നുപോയി.

അങ്ങനെ ഇരിക്കുമ്പോഴാണ് ഷെഫ് വികാസ് ഖന്നയുടെ കൂടെ ഒരു പുതിയ ഇന്ത്യൻ റസ്റ്ററന്റ് മാനേജ് ചെയ്യാൻ അവസരം ലഭിച്ചത്. വിവിധ രാജ്യങ്ങളിൽ ഉള്ളവർക്ക് ഇന്ത്യൻ ഭക്ഷണത്തിൽ താല്പര്യം ഉണ്ടാക്കുന്നതിനുവേണ്ടി ഞങ്ങൾ ആത്മാർഥമായി പരിശ്രമിച്ചു. ഈ റസ്റ്ററന്റ് നല്ല രീതിയിൽ വിജയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അടുത്തുനിന്നു ധാരാളം കാര്യങ്ങൾ പഠിച്ചു, കരിയറിൽ കൂടുതൽ ഫോക്കസ് ചെയ്യാൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. അദ്ദേഹത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങളിൽ കേരളത്തെയും ഉൾപ്പെടുത്താൻ സാധിച്ചു.

Villiers
സുകേഷ്, ഗ്ലെൻ മാക്സ്‌വെലിനൊപ്പം

കഴിഞ്ഞ രണ്ടു വർഷത്തെ മാറ്റങ്ങൾ ?
കോവിഡ് കാലഘട്ടം ഉണ്ടാക്കിയ പ്രശ്നങ്ങൾ ഞങ്ങൾക്കും നേരിടേണ്ടിവന്നിട്ടുണ്ട്. എങ്കിലും ഈ രണ്ടു വർഷങ്ങൾ ഉണ്ടാക്കിയ മാറ്റം വളരെ വലുതാണ്. ഏതൊരു പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള കരുത്ത് നേടിത്തന്ന ഒരു കാലഘട്ടമാണിത്.

കോവിഡ് വന്നതുകൊണ്ട് മാത്രമായിരിക്കണം ഐപിഎൽ ടീമിനൊപ്പം എനിക്ക് ജോലി ചെയ്യാനുള്ള വലിയ അവസരം ലഭിച്ചത് എന്നു കരുതുന്നു. വളരെ സുരക്ഷിതമായ ബയോ ബബിൾ എന്ന സംവിധാനമൊരുക്കിയാണ് കായികതാരങ്ങളെ ഹോട്ടലുകളിൽ താമസിപ്പിച്ചിരുന്നത്. ബബിൾ മാനേജർ ആയി ജോലി ചെയ്യാനുള്ള അവസരം തേടിയെത്തിയത് എനിക്കാണ്.

സെലിബ്രറ്റികൾക്കൊപ്പം ജോലി ചെയ്യുമ്പോഴുള്ള അനുഭവം

sukesh-pm

വളരെ സുരക്ഷിതത്വബോധവും ജാഗ്രതയും ആവശ്യമുള്ള ജോലിയായിരുന്നു. പുറത്തുനിന്നുള്ളവരുമായി യാതൊരുവിധ കണക്‌ഷനും ഇല്ലാതെ തന്നെ താരങ്ങൾക്കു വേണ്ട കാര്യങ്ങളൊക്കെ ചെയ്തു കൊടുക്കുകയെന്നത് ഒരു വലിയ ചലഞ്ച് ആയിട്ടാണ് ഏറ്റെടുത്തത്. ഇതുവരെ എന്റെ മുന്നിലെത്തിയ അതിഥികൾ വലിയ സെലിബ്രിറ്റികൾ ആയിരുന്നില്ല. എന്നാൽ ഇന്ന് എന്റെ മുന്നിലെത്തുന്നത് ലോകമറിയുന്ന വലിയ താരങ്ങളാണ്. അവർക്ക് യാതൊരു കുറവും പരിഭവവുമില്ലാതെ സൗകര്യങ്ങൾ ഒരുക്കുക എന്നത് വാശിയോടെയാണ് ഏറ്റെടുത്തത്. 58 ദിവസമാണ് അവരോടൊപ്പം കഴിഞ്ഞത്. ഹോട്ടലിലെ മറ്റു ജീവനക്കാരും എല്ലാ സഹായവുമായി ആത്മാർഥമായി കൂടെ നിന്നതും ഈ അവസരത്തിൽ ഓർക്കുന്നു.

കായികതാരങ്ങളുടെ ഹോട്ടൽ ജീവിതം, പരിശീലനം, ഭക്ഷണം, വിനോദം തുടങ്ങിയ സൗകര്യങ്ങൾ മികച്ച രീതിയിൽ ഒരുക്കാൻ ഞങ്ങൾക്കു സാധിച്ചു എന്നാണ് വിശ്വസിക്കുന്നത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ഉൾപ്പെട്ട ടീമായിരുന്നു ഞങ്ങളുടേത്. അവരോടൊപ്പം വർക്ക് ചെയ്യുമ്പോൾ ഞാനും അവരിലൊരാളായി മാറുന്നതുപോലെയാണ് തോന്നിയത്. അവരും തങ്ങളുടെ കൂട്ടത്തിലുള്ള ഒരാളായാണ് എന്നെ പരിഗണിച്ചത്. വിരാട് കോലി അടക്കമുള്ളവർ ഒരു സഹോദരനെപ്പോലെ ചേർത്തുനിർത്തി. കരിയറിലെ വലിയ സന്തോഷത്തിന്റെ ദിവസങ്ങളായിരുന്നു. ഇന്ത്യൻ ഭക്ഷണം ഏറെ ഇഷ്ടപ്പെടുന്നൊരാളാണ് ഓസ്ട്രേലിയൻ കളിക്കാരൻ മാക്സ് വെൽ, അദ്ദേഹം അടുത്ത സുഹൃത്താണ്. ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്സ് സീ ഫുഡ് ഇഷ്ടപ്പെടുന്നയാളാണ്, ഗോൾഫ് കളിക്കാനും എല്ലാം കൂടും. ഈ ദിവസങ്ങളിൽ പരിശീലകൻ സഞ്ജയ് ബംഗാർ ഒരു ദിവസം രാവിലെ സ്റ്റാഫിനെ എല്ലാവരെയും വിളിച്ചു, നിങ്ങൾ ഞങ്ങൾക്കു വേണ്ടി എല്ലാ ദിവസവും ഭക്ഷണം തയാറാക്കുകയല്ലേ, എന്ന് പറഞ്ഞു എല്ലാവർക്കും ചായ തയാറാക്കി തന്നതൊക്കെ രസമുള്ള ഓർമ്മകളാണ്.

ആരോഗ്യകരമായ ഭക്ഷണരീതിയാണ് കായികതാരങ്ങൾക്ക് ഏറെ ഇഷ്ടം. ഓയിലി ഫുഡ് തീരെ ഒഴിവാക്കിക്കൊണ്ടുള്ള ഭക്ഷണക്രമീകരണവും ഡയറ്റിങ്ങും അവരുടെ പരിശീലനവും ഒക്കെ കാണുമ്പോൾ ആരോഗ്യത്തോടെ ശരീരത്തെ എങ്ങനെ നിലനിർത്തണം എന്നതിന്റെ വലിയ പാഠം കൂടിയാണ് ലഭിച്ചത്.

കുടുംബം

ഹോട്ടൽ മാനേജ്മെന്റ് രംഗത്തുതന്നെ പ്രവർത്തിക്കുന്ന നേഹയാണ് ഭാര്യ. അച്ഛൻ സുഗതൻ, അമ്മ സൗദാമിനി. കുടുംബം എല്ലാവിധ പിന്തുണയുമായി ഒപ്പമുണ്ട്.

ഹോട്ടൽ മാനേജ്മെന്റ് രംഗത്ത് മികച്ച സംരംഭകൻ ആവുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള കഠിനാദ്ധ്വാനത്തിലാണ് സുകേഷ്.

English Summary : Sukesh PM, Managing the BEST Indian restaurant in Dubai, Sprinkling his unique magical dust!

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com