ADVERTISEMENT

ഭക്ഷണ പ്രേമിയായ മലയാളി ഇഷ്ടത്തോടെ ചെന്നു വീഴുന്ന കുഴിയാണ് കുഴിമന്തി എന്ന രുചിക്കൂട്ടിന്റേത്. ഒരിക്കൽ വീണാൽ കരകയറുക അസാധ്യം. നാവിൻ തുമ്പിലെപ്പോഴും ആ രുചി, മേളം തീർത്തുകൊണ്ടേയിരിക്കും. കടൽകടന്നു ഗൾഫിലേക്കു പോയവർ നാട്ടിലേക്കു കൊണ്ടുവന്നതു പൊന്നും പണവും മാത്രമായിരുന്നില്ല. വ്യത്യസ്തങ്ങളായ ഭക്ഷണ രുചികൾ കൂടിയാണ്. അതിലൊന്നാണ് കുഴിമന്തിയും. ഇന്ന് കവലകൾ തോറും കുഴിമന്തി വിൽക്കുന്ന കടകൾ കാണാം.

 

കുഴിമന്തിയെന്ന വിഭവത്തെ മലയാളിയുടെ മെനുവിൽ ഉൾപ്പെടുത്തിയവരിൽ പ്രധാനിയാണ് മലപ്പുറം മൂന്നിയൂർ ആലിൻചുവട് സ്വദേശി പുള്ളിശ്ശേരി മുഹമ്മദലി എന്ന ‘മന്തി കാക്ക’. മന്തി വിഭവങ്ങളുണ്ടാക്കുന്നതിലെ മികവുകണ്ട് നാട്ടുകാർ അറിഞ്ഞിട്ട പേരാണ് ‘മന്തിക്കാക്ക’ എന്നത്. 15 വർഷങ്ങൾക്കു മുൻപ് കുഴിമന്തിയെന്ന വിഭവത്തെ മലബാറിനു പരിചയപ്പെടുത്തിയതു തന്നെ താനാണെന്ന് മുഹമ്മദലി പറയുന്നു. 

 

‌‘ ആദ്യമായി മന്തി വിഭവങ്ങൾ വരുന്നത് എന്റെ നേതൃത്വത്തിൽ മലപ്പുറത്തെ ഡെലീഷ്യ ഹോട്ടലിലാണ്. ഏകദേശം 15 വർഷങ്ങൾക്കു മുൻപ്. അന്നതിന് മന്തി എന്നു മാത്രമേ പേരിട്ടിരുന്നുള്ളൂ. കുഴിയിൽ വച്ചല്ലാതെ മന്തി ഉണ്ടാക്കാനാവില്ല. അപ്പോൾപ്പിന്നെ കുഴിമന്തി എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. പിന്നീട് പല ഹോട്ടലുകളും കുഴിമന്തി എന്ന പേരിൽ വിഭവം വിറ്റുതുടങ്ങിയതോടെ ആ പേര് ക്ലിക്കാവുകയായിരുന്നു’

 

യെമനാണ് കുഴിമന്തിയുടെ സ്വദേശമെന്ന് മുഹമ്മദലി പറയുന്നു. സൗദിയിലെ ഒരു മിലിറ്ററി ക്യാംപിൽ കുക്കായി നിൽക്കുമ്പോഴാണ് ഈ വിഭവത്തിന്റെ രുചിക്കൂട്ട് മനസ്സിലാക്കുന്നത്. ക്യാംപിലെ ചീഫ് കുക്ക് യെമൻ സ്വദേശിയായിരുന്നു. അദ്ദേഹത്തിൽനിന്ന് കുഴിമന്തിയുണ്ടാക്കുന്നതിൽ പരിശീലനം നേടി. പിന്നീട് നാട്ടിൽ തിരിച്ചെത്തിയ ശേഷം ഇവിടുത്തുകാർക്കും ഈ വിഭവം പരിചയപ്പെടുത്തിക്കൊടുത്തു. വളരെ ശ്രദ്ധയോടെ പാചകം ചെയ്യേണ്ട വിഭവമാണ് കുഴിമന്തി. അതിനുണ്ടാക്കുന്ന കുഴിക്കു പോലും ചില പ്രത്യേക കൂട്ടുകൾ വേണം. 

ഇപ്പോൾ കേരളത്തിലെ വിവിധ ജില്ലകളിലും പുറത്തുമായി 180ൽ അധികം ഹോട്ടലുകളിൽ കുഴിമന്തിയുണ്ടാക്കാനുള്ള സജ്ജീകരണങ്ങളും മുഹമ്മദലി ഒരുക്കിക്കൊടുത്തു കഴിഞ്ഞു. കുഴി നിർമിക്കുന്നതിന്റെ മേൽനോട്ടം മുതൽ 10 ദിവസം അവിടെ താമസിച്ച് കുഴിമന്തി തയാറാക്കുന്ന വിധം അവിടത്തെ പാചകക്കാർക്ക് പഠിപ്പിച്ചുകൊടുക്കും വരെയുള്ളതാണ് ഇദ്ദേഹം നൽകുന്ന സേവനം.  യെമനിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ചില പ്രത്യേക ചേരുവുകൾ ഉപയോഗിച്ചാണ് മസാല നിർമിക്കുന്നത്. ഇതിന്റെ കൂട്ടു മാത്രം മുഹമ്മദലി ആർക്കും പറഞ്ഞുകൊടുക്കില്ല. അതു ട്രേഡ് സീക്രട്ടാണ്. സ്വന്തം വീട്ടിൽ ഒരു കേറ്ററിങ് യൂണിറ്റ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം.

 

English Summary : Kuzhi mandi conquers hearts and palettes of foodies.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com