ADVERTISEMENT

നിങ്ങളുടെ തീൻമേശയിൽ കൂൺ ഇനിയും ഇടം പിടിച്ചില്ലേ? എങ്കിൽ ഇതാ, ആ വിഭവത്തിനും ഒരു ഇടം കൊടുക്കാൻ സമയമായി. പ്രത്യേകിച്ചും സസ്യാഹാരപ്രിയർ.   മാംസാഹാരത്തിനു പകരം വയ്ക്കാവുന്ന ഈ രുചിക്ക് മികച്ച  പോഷക–രോഗപ്രതിരോധ ഗുണങ്ങളുണ്ടെന്ന് പോഷകാഹാര വിദഗ്ധർ.  അവർ സൂപ്പർ ഫുഡ് ഗണത്തിൽ പെടുത്തിയ 

കൂണിന് കേട്ടതിനേക്കാൾ മേലെയാണ് ഗുണങ്ങളെന്ന് എന്ന് പുതിയ പഠനങ്ങളും പറയുന്നു.

 ആന്റി ഓക്സിഡന്റുകൾ, അമിനോ ആസിഡുകൾ, പ്രോട്ടീൻ തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് കൂണുകളെന്നത് പ്രധാന കാര്യം. 100 ഗ്രാം കൂണിൽ  കാലറി ( 32 k cal)  പ്രോട്ടീൻ (2 ഗ്രാം) കൊഴുപ്പ് (1ഗ്രാം) കാർബോ ഹൈഡ്രേറ്റ് (6ഗ്രാം) ഫൈബർ (2ഗ്രാം) പ‍ഞ്ചസാര ( 2 ഗ്രാം) എന്നിങ്ങനെ അടങ്ങിയിരിക്കുന്നു. സസ്യഗണത്തിൽ പെട്ടതെന്നു പൊതുവേ കരുതുമെങ്കിലും സ്ഥാനം ഫംഗസ് കുടുംബത്തിൽ. എണ്ണിപ്പറയാൻ ഗുണങ്ങളും ഒട്ടേറെ.

അസ്ഥികളുടെ ആരോഗ്യം വർധിപ്പിക്കാൻ:
കൂണിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഡി, കാത്സ്യം ആഗിരണത്തിനു സഹായിക്കുന്നു. ഇത് അസ്ഥികളുടെ സാന്ദ്രത മെച്ചപ്പെടുത്താനും ഓസ്റ്റിയോ പൊറോസിസ് പോലുള്ള അസ്ഥി രോഗങ്ങൾ തടയാനും ഉപകരിക്കും. അതുകൊണ്ടുതന്നെ മധ്യവയസ്സ് പിന്നിട്ടവർ കൂണിനോടു പ്രിയം കൂടുന്നതു ഗുണകരം

രോഗ പ്രതിരോധ ശേഷി കൂട്ടാൻ:
കൂണിൽ കാണപ്പെടുന്ന സെലിനിയം, ആൽഫാ ഗ്ലൂക്കൻ, ബീറ്റാ ഗ്ലൂക്കൻ എന്നിവ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കും.  അണുബാധയ്ക്കെതിരെ പോരാടാൻ ശരീരത്തിനു കരുത്തു പകരുമെന്നതിനാൽ കോവിഡ് കാലത്ത് കൂൺ വിഭവങ്ങളിൽ പ്രത്യേക ശ്രദ്ധ വയ്ക്കാം.

പ്രമേഹത്തെ നേരിടാൻ:
കൂണിലെ ബീറ്റാ ഗ്ലൂക്കന്റെ സാന്നിധ്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ടൈപ്പ് ടു പ്രമേഹസാധ്യത കുറയ്ക്കുകയും ചെയ്യും. ഭക്ഷണക്രമത്തിൽ ദിവസവും ഉൾപ്പെടുത്തിയാൽ പ്രമേഹത്തിനു മികച്ച പ്രതിരോധം.

ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ:
കൂണിലെ ഫൈബർ, പൊട്ടാസ്യം, എൻസൈമുകൾ എന്നിവ ഹൃദയാരോഗ്യത്തിനു ഉത്തമം. ‌  രക്തസമ്മർദം കുറയ്ക്കാനും പൊട്ടാസ്യം സഹായകരം. കാലറി കുറവായതിനാൽ ശരീരഭാരം വർധിക്കുന്നത് തടയുകയും ചെയ്യുന്നു.

കാൻസർ സാധ്യത കുറയ്ക്കാൻ:
കൂണിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ ഡി, ആന്റി ഓക്സിഡന്റുകൾ എന്നിവ കോശങ്ങളുടെ വളർച്ചാചക്രം നിയന്ത്രിക്കുമെന്ന് അമേരിക്കൻ നാഷനൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് പഠനത്തിൽ പറയുന്നു. ശ്വാസകോശാർബുദം, സ്തനാർബുദം,  പ്രോസ്റ്റേറ്റ്  അർബുദം എന്നിവയെ പ്രതിരോധിക്കാനും അൽസ്ഹൈമേഴ്സ് രൂക്ഷമാകുന്നത് തടയാനും കൂൺ ഒരു കൈ സഹായിക്കും.  

കൂണിലും ചതിയന്മാർ
എല്ലാ കൂണുകളും ഭക്ഷ്യയോഗ്യമല്ല എന്നും അറിഞ്ഞിരിക്കണം. കാട്ടിലും പുരയിടങ്ങളിലും വളർന്നു നിൽക്കുന്ന ചില കൂണുകൾ വിഷാംശം അടങ്ങിയവയാണ്. വയറിളക്കം, ഛർദി തുടങ്ങി മരണം വരെ സംഭവിക്കാം. വളർത്തിയെടുത്തതോ മാർക്കറ്റിൽ ലഭ്യമായതോ ഉപയോഗിക്കുന്നതാണ് സുരക്ഷിതം.

English Summary : Mushrooms are a rich, low calorie source of fiber, protein, and antioxidants. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com