ADVERTISEMENT

നല്ല തണുപ്പുള്ള വെളുപ്പാൻ കാലത്ത് ഏറ്റവും പ്രിയപ്പെട്ട ഒരാൾ വന്ന് ഏറെ സ്നേഹത്തോടെ കെട്ടിപ്പിടിച്ചാൽ എങ്ങനെയുണ്ടാകും?. ഒരു നല്ല ചായകുടിച്ച സുഖം എന്നാകും ചായപ്രേമികളുടെ മറുപടി. ചായയെന്നു പറയുന്നത് പലർക്കും ദിനചര്യയുടെ ഭാഗം തന്നെയാണ്. ഒരു കപ്പ് ചായയും കൈയിലൊരു പത്രവുമായി ഒരു ദിവസം തുടങ്ങുന്നത് പലരുടെയും ശീലമാണ്.

 

അത്രയും പ്രിയപ്പെട്ട ചായയോട് തമാശയ്ക്കു പോലും ആരെങ്കിലും ഒരു ദ്രോഹം ചെയ്യുന്നത് ചായപ്രേമികൾക്ക് സഹിക്കാനാകുമോ?. ആ തെറ്റിനോട് അവർ പൊറുക്കില്ലെന്നുമാത്രമല്ല. ആ തെറ്റിന്റെ ഉത്തരവാദിയെ എടുത്തങ്ങ് റോസ്റ്റ് ചെയ്യുകയും ചെയ്യും.  അത്തരമൊരു ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നത്.

 

ചായയിൽ ഒരു അസാധ്യ പരീക്ഷണം നടത്തി കുളമായിപ്പോയതിന്റെ വിഡിയോ പങ്കുവച്ച ഫുഡ്വ്ലോഗറെ കമന്റുകൾ കൊണ്ട് കൈകാര്യം ചെയ്യുകയാണ് ചായയെ പെരുത്തിഷ്ടപ്പെടുന്നവർ. കവറുപാൽ പൊട്ടിച്ച് പാനിലൊഴിച്ച ശേഷം അതിലേക്ക് സ്ക്വാഷ് ഒഴിച്ചാണ് വ്ലോഗറുടെ പരീക്ഷണം. റോസ്മിൽക്കിന്റെ നിറത്തിൽ തയാറാക്കിയ ചായ നിറത്തിൽ കേമനാണെങ്കിലും രുചിയിൽ അമ്പേ പരാജയമാണെന്ന് വ്യക്തമാക്കുന്നതാണ് വിഡിയോയിലെ ദൃശ്യങ്ങൾ.

 

ഡൽഹിയിലെ ഫുഡ്വ്ലോഗർ ചായയിൽ നടത്തിയ പരീക്ഷണത്തിന്റെ വിഡിയോ  2.2 മില്യണിലധികം പ്രാവശ്യമാണ് ആളുകൾ കണ്ടത്. ചാറ്റോർ ബ്രൂത്തേഴ്സ് എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച പരീക്ഷണ വിഡിയോയാണ് ചായപ്രേമികളുടെ ഹൃദയം അമ്പേ തകർത്തുകളഞ്ഞത്. സ്ക്വാഷൊഴിച്ച് തയാറാക്കിയ ചായ ഒരു കവിൾ കുടിച്ചു നോക്കിയ വ്ലോഗർ അതിലും വേഗത്തിലാണ് അതു തുപ്പിക്കളഞ്ഞ ശേഷം ചായക്കപ്പോടെ കമിഴ്ത്തി കളയുന്നത്.

 

ഭക്ഷ്യവസ്തുക്കൾ ഇങ്ങനെ പാഴാക്കിക്കളയുന്നതിന് ഇത്തരം വ്ലോഗർമാർക്കെതിരെ കേസ് കൊടുക്കണമെന്ന് പറഞ്ഞുകൊണ്ടാണ് ചിലയാളുകൾ കമന്റുകളിലൂടെ അവരുടെ രോഷം പ്രകടിപ്പിച്ചത്. ഭക്ഷണസാധനങ്ങളെ ഇങ്ങനെ അപമാനിക്കരുതെന്നും ചിലർ പറയുന്നു. ഭക്ഷണപ്രേമികളുടെ രോഷം ഒരു വശത്ത് അണപൊട്ടിയൊഴുകുമ്പോൾ ‘ഗുലാബ് ചായ്’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചുകൊണ്ട് പ്രചരിക്കുകയാണ് പരീക്ഷണ വിഡിയോ.

 

Content Summary : Food Blogger Tries Rooh Afza Chai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com