ADVERTISEMENT

മുൻവിശ്വസുന്ദരി സുസ്മിതാ സെൻ വാർത്തകളിൽ നിറയുന്നത്  സ്വകാര്യ ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും അവർ സ്വീകരിക്കുന്ന ഉറച്ച നിലപാടുകൾ കൊണ്ടുകൂടിയാണ്. അഭിനയ രംഗത്ത് 27 വർഷം പിന്നിടുന്ന സുസ്മിതയെത്തേടി ഇപ്പോൾ അംഗീകാരങ്ങളെത്തുന്നത് അവരുടെ പുതിയ വെബ്സീരീസിന്റെ പേരിലാണ്. പുതിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്നതിനായി സുസ്മിത അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഒരു ലൈവ് സെഷൻ നടത്തിയിരുന്നു. അപ്പോൾ സുസ്മിത പങ്കുവച്ച ചില സ്വകാര്യ വിശേഷങ്ങളിൽ പ്രിയ രുചികളെക്കുറിച്ചും പരാമർശിച്ചിരുന്നു. 

 

തനിക്ക് ഏറ്റവും പ്രിയപ്പെട്ട രുചി ജാപ്പനീസ് വിഭവമായ സുഷിയാണെന്നും ഹൈദരാബാദി ബിരിയാണിയോട് തനിക്കുള്ളത് ആത്മബന്ധമാണെന്നുമാണ് ഒരു ആരാധകന്റെ ചോദ്യത്തിന് സുസ്മിത നൽകിയ മറുപടി. മക്കളായ അലിഷയ്ക്കും റിനിയ്ക്കുമൊപ്പമാണ് സുസ്മിത തന്റെ പ്രിയപ്പെട്ട ഭക്ഷണങ്ങളെക്കുറിച്ചുള്ള വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ചത്.

 

‘‘ഞാൻ ജനിച്ചത് ഹൈദരാബാദിലാണ്. അതുകൊണ്ടു തന്നെ ഹൈദരാബാദി ബിരിയാണിയോട് എനിക്ക് വൈകാരികമായി ഒരു അടുപ്പമുണ്ട്. മനസ്സിന് വിഷമമുണ്ടാകുന്ന സമയങ്ങളിൽ ഞാൻ ഹൈദരാബാദി ബിരിയാണി കഴിക്കാറുണ്ട്. മനസ്സിന്റെ സന്തോഷം വീണ്ടെടുക്കാനായി എന്നെ സഹായിക്കുന്ന ഭക്ഷണമാണത്. നല്ല മസാലയൊക്കെ ചേർത്ത എരിവുള്ള ബിരിയാണി കഴിക്കാനാണെനിക്കേറെയിഷ്ടം. അതുകഴിക്കുമ്പോഴൊക്കെ ഹൈദരാബാദുമായുള്ള പൊക്കിൾക്കൊടി ബന്ധത്തെക്കുറിച്ച് എനിക്കോർമ വരും.’’ – സുസ്മിത പറയുന്നു.

 

സുഷിയും ഹൈദരാബാദി ബിരായാണിയും കഴിഞ്ഞാൽ സുസ്മിതയ്ക്ക് ഏറെയിഷ്ടമുള്ള മറ്റൊരു വിഭവം അവരുടെ അമ്മയുണ്ടാക്കുന്ന ചില്ലിചിക്കനാണ്. അതേക്കുറിച്ച് സുസ്മിത പറയുന്നതിങ്ങനെ :- ‘‘ എന്റെ അമ്മയുണ്ടാക്കുന്ന ചില്ലിചിക്കനാണ് എനിക്കേറെയിഷ്ടമുള്ള മറ്റൊരു രുചി. നിങ്ങളതൊന്നു കഴിച്ചുനോക്കിയാലേ അതിന്റെ അസാധ്യ രുചി മനസ്സിലാവുകയുള്ളൂ. അമ്മ ഏറ്റവും നന്നായുണ്ടാക്കുന്ന വിഭവങ്ങളിലൊന്നാണ് ചില്ലിചിക്കൻ’’.

 

സുസ്മിത തയാറാക്കുന്ന ചില്ലിചിക്കനും വളരെ രുചികരമാണെന്നാണ് മകൾ അലിഷ പറയുന്നത്. സുസ്മിത ആദ്യമായി ഉണ്ടാക്കിയ ചില്ലിചിക്കന് നല്ല രുചിയുണ്ടായിരുന്നെന്നാണ് അലിഷയുടെ സാക്ഷ്യം. ‘‘ ഞാനങ്ങനെ ഭക്ഷണമൊന്നും പാകം ചെയ്യാറില്ല. അന്ന് ആദ്യമായിട്ടാണ് ചില്ലി ചിക്കൻ പാകം ചെയ്യാൻ നോക്കിയത്. ആദ്യത്തെ പരീക്ഷണമായതുകൊണ്ടു തന്നെ വളരെ വിശദമായിത്തന്നെയാണ് പാചകം ചെയ്യാൻ ശ്രമിച്ചത്. ആദ്യത്തെ പ്രാവശ്യം അതത്ര നന്നായി വന്നില്ല. അതിൽ നന്നായി വർക്ക് ചെയ്ത ശേഷമാണ് വിഭവം നന്നായി വന്നത്’’– മടിയേതുമില്ലാതെ സുസ്മിത തുറന്നു പറഞ്ഞു.

 

Content Summary : Sushmita Sen Talks About Her Soul food

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com