ADVERTISEMENT

രുചിയേറിയ വിഭവങ്ങൾ പാകം ചെയ്ത് ഭക്ഷണപ്രേമികളെ ആകർഷിക്കുന്ന റസ്റ്ററന്റുകൾ നമുക്കു ചുറ്റുമുണ്ട്. അവിടെ സ്നേഹത്തോടെ ആ രുചി വിളമ്പി നൽകുന്ന ജീവനക്കാരും. അവിടെയിരുന്ന് ആസ്വദിച്ച് ഭക്ഷണം കഴിക്കുമ്പോൾ, ആ ജീവനക്കാർ ഭക്ഷണം കഴിച്ചോ എന്ന് എപ്പോഴെങ്കിലും നമ്മൾ ആലോചിക്കാറുണ്ടോ. തന്റെ റസ്റ്ററന്റിലെ ജീവനക്കാർക്കായി ഒരു കഫറ്റേരിയ ആരംഭിച്ച വിഡിയോ കുറച്ചു ദിവസങ്ങൾക്കു മുൻപാണു പാചക വിദഗ്ധൻ സുരേഷ് പിള്ള സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ആ വിഡിയോ വൈറലാവുകയും ആളുകൾ ഏറ്റെടുക്കുകയും ചെയ്തു. ഇതിനെ കുറിച്ച് ഷെഫ് സുരേഷ് പിള്ള പറയുന്നു.

 

∙ പല സ്ഥാപനങ്ങളും ഇത്തരത്തിൽ ജീവനക്കാർക്കായി കഫറ്റേരിയ തുടങ്ങാറുണ്ട്. എന്നാൽ ഒരു റസ്റ്ററന്റിൽ ഇത് അപൂർവം ആയിരിക്കും. കഫറ്റേരിയ ആരംഭിച്ചതിനെക്കുറിച്ച്?

 

സാധാരണ ജീവനക്കാരനായി ഈ ഫീൽഡിലേക്കു വന്നയാളാണ് ഞാൻ. അതിനാൽ ഒരു ജീവനക്കാരനു നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും പ്രയാസങ്ങളെക്കുറിച്ചും നന്നായി അറിയാമായിരുന്നു. പലപ്പോഴും ജീവനക്കാർക്കു സ്വസ്ഥമായൊന്ന് ഇരുന്നു ഭക്ഷണം കഴിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാകാറില്ല. ഉണ്ടെങ്കിലും അവരതിനു തയാറാകാറുമില്ല. ഉച്ചയ്ക്ക് 12 മുതൽ 3 മണി വരെയാകും ഇത്തരം സ്ഥാപനങ്ങളിൽ കൂടുതൽ തിരക്കുണ്ടാകുന്നത്. സ്ഥല പരിമിതിയും മറ്റും മൂലം പലരും ഭക്ഷണം കഴിക്കാൻ പോകുന്നത് അതിനു ശേഷമാകും. ഇതൊക്കെ കണ്ടറിഞ്ഞും അനുഭവിച്ചറിഞ്ഞുമാണു ഞാൻ വന്നത്. അതിനാൽ തന്നെ, ഒരു സ്ഥാപനം തുടങ്ങുമ്പോൾ ജീവനക്കാർക്ക് സ്വസ്ഥമായി ഇരുന്നു ഭക്ഷണം കഴിക്കാൻ ഒരിടം ഒരുക്കണമെന്ന് ഉറപ്പിച്ചിരുന്നു.

 

∙ കഫറ്റേരിയയുടെ പ്രവർത്തനം

 

3 മാസം മുൻപ് റസ്റ്ററന്റ് ആരംഭിക്കുമ്പോൾ അതിനൊപ്പം കഫറ്റേരിയ തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. റസ്റ്ററന്റിൽ ഇതിനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. റസ്റ്ററന്റിനു സമീപത്തായി കുറച്ചു സ്ഥലം വാങ്ങി പിന്നീടാണു കഫറ്റേരിയ ആരംഭിച്ചത്. രണ്ടാഴ്ചയോളമായി ഈ കഫറ്റേരിയ ഞങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാർക്കായി പ്രവർത്തിക്കുന്നു. 60 ജീവനക്കാരാണ് റസ്റ്ററന്റിലുള്ളത്. അവർക്കായി 25 സീറ്റും 4 ശുചിമുറികളും അടങ്ങിയ കഫറ്റേരിയയാണ് നിർമിച്ചത്. ജീവനക്കാരുടെ ആരോഗ്യവും ഭക്ഷണവുമൊക്കെ ശ്രദ്ധിക്കേണ്ടത് എന്റെ കൂടി ഉത്തരവാദിത്തമാണല്ലോ. ഇവിടെ ഭക്ഷണം പാകം ചെയ്യുന്നതിന് 2 ഷെഫുമാരെയും നിയമിച്ചിട്ടുണ്ട്. ജീവനക്കാർക്കിടയിൽ നിന്ന് ഒരു കമ്മിറ്റി ആരംഭിച്ചു. കഫറ്റേരിയയിലെ മെനു തീരുമാനിക്കുന്നതും ചർച്ച നടത്തുന്നതുമൊക്കെ അവരാണ്. 

 

ഈ വിഡിയോ പോസ്റ്റ് ചെയ്തതിനെക്കുറിച്ച് ?

 

ഈ വിഡിയോ ആർക്കെങ്കിലും പ്രചോദനം ആകുന്നെങ്കിൽ അതാകട്ടെ എന്നു കരുതിയാണ് വിഡിയോ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. ഭാവിയിൽ റസ്റ്ററന്റ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന ഒട്ടേറെ യുവാക്കളുണ്ട്. അതിൽ പലരും ഈ വിഡിയോ കണ്ട് മെസേജ് അയച്ചിരുന്നു. ചില പോസ്റ്റുകളിൽ ആരെങ്കിലുമൊക്കെ നെഗറ്റീവ് കമന്റുകൾ ചെയ്യാറുണ്ട്. എന്നാൽ ഇതിന് അത്തരം കമന്റുകൾ ഉണ്ടായിട്ടേയില്ല. 

 

പുതുതായി ആരംഭിക്കുന്ന റസ്റ്ററന്റിലും കഫറ്റേരിയ ഉണ്ടാകുമോ ?

 

പുതുതായി കൊച്ചിയിൽ ആരംഭിക്കുന്ന റസ്റ്ററന്റിലും കഫറ്റേരിയയ്ക്കു സൗകര്യമുണ്ട്. ഇനി ആരംഭിക്കുന്ന റസ്റ്ററന്റുകളിലും ഇത്തരം സൗകര്യം ഉറപ്പു വരുത്തും. അതു ജീവനക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിൽ ഒന്നു കൂടിയായാണു ഞാൻ കാണുന്നത്. 

 

English Summary : Newly opened Staff Cafetereia by Chef Suresh Pillai.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com