ADVERTISEMENT

ഡാ തടിയാ....എന്നു നീട്ടിവിളിച്ചാൽ സന്തോഷത്തോടെ വിളികേൾക്കാൻ ഈ വേനൽക്കാലത്ത് തണ്ണിമത്തൻ മാത്രമേയുള്ളൂ. ഉള്ളിൽ ചുവന്നഹൃദയവുമായി പച്ചയ്‌ക്കൊരു ജീവിതം. തണ്ണിമത്തൻ വെട്ടിനിരത്തി പഞ്ചാരക്കുഴമ്പാക്കി ഐസും വെള്ളവും ചേർത്ത തണ്ണിമത്തൻ ജ്യൂസില്ലാതെ എന്തു വേനൽ? തണുത്ത തണ്ണിമത്തൻ ജ്യൂസും നുണഞ്ഞ് ചൂടിനെ കുറ്റം പറഞ്ഞിരിക്കുമ്പോൾ ആലോചിച്ചിട്ടുണ്ടോ ഈ തണ്ണിമത്തൻ പിറന്നതെവിടെയാണെന്ന്.

 

തണ്ണിമത്തന്റെ പുറത്ത് ഒന്നു സൂക്ഷിച്ചുനോക്കൂ...നല്ല ആഫ്രിക്കൻ ആദിവാസി മുടി പിണഞ്ഞിട്ടതുപോലുള്ള ഡിസനുകൾ കാണുന്നില്ലേ? തണ്ണിമത്തൻ ഒരു തനി ദക്ഷിണാഫ്രിക്കൻ സുന്ദരനാണെന്ന് ചില ചരിത്രകാരൻമാർ പറയുന്നു. എന്നാൽ തണ്ണിമത്തന്റെ ജനനം ആഫ്രിക്കയുടെ ഭൂമധ്യരേഖാ പ്രദേശത്താണെന്നും വാദമുയർന്നപ്പോൾ ഡിഎൻഎ ടെസ്‌റ്റു നടത്തിയാണ് തണ്ണിമത്തന്റെ ദേശമേതാണെന്ന് ശാസ്‌ത്രജ്‌ഞർ കണ്ടെത്തിയത്. ക്ലോറോപ്ലാസ്‌റ്റ് ഡിഎൻഎ പരിശോധന നടത്തിയപ്പോൾ തെളിഞ്ഞത് നമ്മുടെ തണ്ണിമത്തൻ നമീബിയയിലെ ഏതോ കാട്ടുജാതിയിൽപ്പെട്ട മത്തനിൽനിന്നാണ് ജനിച്ചത്. ബിസി രണ്ടായിരം മുതൽ തണ്ണിമത്തൻ ജനപ്രിയഭക്ഷണമായിരുന്നു എന്ന് ചരിത്രകാരൻമാർ പറയുന്നു. ടുറ്റൻഖാമൂൻ എന്ന ഫറവോയുടെ ശവകുടീരത്തിൽ മമ്മിക്കൊപ്പം തണ്ണിമത്തൻ കുരുക്കളും കുഴിച്ചിട്ടിരുന്നു.

 

ഇസ്രായേലി ജനത ഈജിപ്‌റ്റിലായിരുന്നപ്പോൾ തണ്ണിമത്തൻ കഴിച്ചതായി ബൈബിളിലും പരാമർശമുണ്ട്. പത്താം നൂറ്റാണ്ടോടെയാണ് തണ്ണിമത്തൻ ചുവന്നഹൃദയമുള്ള ചൈനയിലേക്ക് കുടിയേറിയത്. പതിമൂന്നാം നൂറ്റാണ്ടിൽ യൂറോപ്പിലും തണ്ണിമത്തൻ ഉരുണ്ടെത്തി. ഏകദേശം ഇതേ കാലഘട്ടത്തിലാണ് നമ്മുടെ നാട്ടിലും തണ്ണിമത്തൻ കൃഷി ചെയ്‌തു തുടങ്ങിയത്.

 

കഥയവിടെ നിൽക്കട്ടെ, തണ്ണിമത്തനു പറയാൻ ചില വിചിത്രകഥകളുമുണ്ട്. തണ്ണിമത്തന്റെ വിത്ത് വറുത്തതു കൊറിച്ചുകൊണ്ടിരിക്കുക എന്നതാണ് വിയറ്റ്‌നാമുകാർ പുതുവർഷപ്പുലരിയിൽ ചെയ്യുന്ന മഹത്തരമായ കാര്യം. അമേരിക്കയിലെ ഓക്‌ലഹോമ സ്‌റ്റേറ്റ് 2007 ഏപ്രിൽ 17ന് തണ്ണിമത്തൻ തങ്ങളുടെ ദേശീയ പച്ചക്കറിയായി പ്രഖ്യാപിച്ചു. ഉടനെ തുടങ്ങി, പ്രതിപക്ഷ ബഹളം. തണ്ണിത്തൻ ഒരു പച്ചക്കറിയാണോ പഴമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്തവരാണോ നാടു ഭരിക്കുന്നത് !

 

English Summary : Watermelon is a tasty, thirst-quenching fruit that many people enjoy in the heat of summer.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com