ബാഡ്ജറിന്റെ കുക്കിങ് പൊളിയല്ലേ, വളർത്തു നായയിൽ നിന്ന് ലോകമറിയുന്ന ഷെഫ് ആയ കഥയിങ്ങനെ; വിഡിയോ

HIGHLIGHTS
  • വൃത്തിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല
Chef Badger
Photo Credit : cookingwithbadger / Instagram
SHARE

പിറന്നാൾ കേക്ക് മുതൽ ഉടമസ്ഥർക്കുള്ള ലഞ്ച് വരെ എന്തും ‘പാചകം ചെയ്യും’ ഈ സൂപ്പർ ഷെഫ്. ബ്രെഡ്, പാസ്ത, ഡെസേർട്ട്സ്, സാലഡ്സ് അങ്ങനെ വെറൈറ്റീസ് പലതുമുണ്ട് യുഎസ്എയിൽ താമസിക്കുന്ന കക്ഷിയുടെ പട്ടികയിൽ. ഗോൾഡൻ റിട്രീവൻ ഇനത്തിൽപ്പെട്ട നായ ഷെഫ് ബാഡ്ജർ ആയതെങ്ങനെയാണെന്ന് അവന്റെ ഇൻസ്റ്റഗ്രാം വിഡിയോസ് പറഞ്ഞു തരും. കുക്കിങ് വിത്ത് ബാഡ്ജർ എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവയ്ക്കുന്ന പാചക വിഡിയോയിലൂടെയാണ് ഈ പെറ്റ്ഷെഫ് പ്രശസ്തനായത്.

‘അച്ഛൻ വർക്ക് ഫ്രം ഹോം ചെയ്യുന്ന ദിവസങ്ങളിൽ അദ്ദേഹം സ്ഥിരമായി നാലുമണിപ്പലഹാരങ്ങൾ ആവശ്യപ്പെടാറുണ്ട്’ എന്ന തലക്കെട്ടോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ബാഡ്ജറിന്റെ ‘കുക്കിങ്’ വിഡിയോ രണ്ടുലക്ഷത്തിലധികം പ്രാവശ്യമാണ് ആളുകൾ കണ്ടത്. ഏറെയാളുകളുടെ ഇഷ്ടം പിടിച്ചു പറ്റിയ ആ വിഡിയോയിൽ യജമാനന് പ്രിയപ്പെട്ട മഫിൻസ് (കപ്പ് കേക്ക് പോലെയുള്ള നാലുമണിപ്പലഹാരം) ആണ് ഷെഫ് ബാഡ്ജർ ‘ഉണ്ടാക്കിയത്’. മാവു കുഴച്ച് അത് പേപ്പർ കപ്പുകളിൽ നിറച്ച് ബേക്ക് ചെയ്തെടുക്കുന്നതുമെല്ലാം ബാഡ്ജർ തന്നെയാണ്. 

വളർത്തു നായ അടുക്കളയിൽ കയറാനോ? എന്ന് മുഖം ചുളിക്കാൻ വരട്ടെ. കലക്കൻ ഷെഫ്ക്യാപ്പും  ഗ്ലൗസുമൊക്കെയണിഞ്ഞ് വൃത്തിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും താൻ തയാറല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഷെഫ് ബാഡ്ജർ പാചകം ചെയ്യുന്നത്. ബേക്കിങ് വിഭവങ്ങൾ മാത്രമല്ല നല്ല രസികൻ സാലഡും ഷെഫിന്റെ മേൽനോട്ടത്തിൽ തയാറാകാറുണ്ട്. 

ഓമനമുഖമുള്ള സുന്ദരൻ നായ ഗ്ലൗസൊക്കെ ധരിച്ച് മാവ് തയാറാക്കുന്നതും ബേക്ക് ചെയ്യുന്നതും വിഭവങ്ങൾ സെർവ് ചെയ്യുന്നതുമൊക്കെ കണ്ട് ഭക്ഷണപ്രേമികളും മൃഗസ്നേഹികളും ബാഡ്ജറിന്റെ ഇൻസ്റ്റഗ്രാം പേജ് ഫോളോ ചെയ്യുന്നുണ്ട്. ബാഡ്ജിന്റെ ആറ്റിറ്റ്യൂഡ് വളരെയിഷ്ടപ്പെട്ടെന്നും ഷെഫ്ക്യാപ് എങ്ങനെ കൃത്യമായി തലയിൽ ഉറപ്പിച്ചു നിർത്തുന്നു എന്നാണ് തങ്ങളുടെ സംശയമെന്നുമാണ് ചിലർ കമന്റുകളിലൂടെ ചോദിക്കുന്നത്.

Content Summary :  Chef Badger wins your heart with his Culinary Skills

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA