ADVERTISEMENT

ഡൽഹിയുടെ പ്രഭാത ഭക്ഷണ ശീലങ്ങൾ ഏറെ വ്യത്യസ്തമാണ്.  ദോശയും ഇഡ്ഡ‌ലിയും  പുട്ടും  ഇടിയപ്പവുമെല്ലാം  കഴിച്ചു ശീലിച്ചു വരുന്നവർക്കു പ്രത്യേകിച്ച്. സമൂസയും പക്കോഡയും മട്ടിയും  പൂരിയുമെല്ലാം  വിളമ്പുന്ന ഇടങ്ങൾ. ഈ നഗരത്തിനു സ്വന്തമായി ഒരു രുചിയില്ലെന്നതാണ് സത്യം. പല വഴികളിൽ നിന്നു വന്നു ചേർന്നതാണ് ഓരോ രുചിയും. ചിലതിനു നൂറ്റാണ്ടുകളുടെ ചരിത്രം. ചിലതിനു വർഷങ്ങളുടെ മാത്രം പഴക്കം. 

സീതാറാം  ബസാർ  രാംസ്വരൂപ് ഹൽവായിയിലെ  നഗോരി ഹൽവ

ഓൾഡ് ഡൽഹിയിലേക്കു തന്നെ പോകാം. പുരാനി ദില്ലിയെന്നു പറയുമ്പോൾ  ബിരിയാണി, കബാബ്, നിഹാരി തുടങ്ങിയ നോൺവെജ് രുചികളുടെ വൈവിധ്യമാണ് ആദ്യം ഓടിയെത്തുന്നത്. എന്നാൽ  അതു മാത്രമല്ല ഈ നഗരത്തിന്റെ ഇടവഴികളിൽ ലഭിക്കുന്നത്. ‘ഈ നഗരത്തിൽ  എത്തിപ്പെട്ട പലരും ഏറെ വൈവിധ്യമുള്ള വെജിറ്റേറിയൻ രുചികൾ പരിചയപ്പെടുത്തിയിട്ടുണ്ട്. അതു പലപ്പോഴും  വിസ്മരിക്കപ്പെടുന്നുവെന്നതാണ് സത്യം’ ഫുഡ് കൺസൽറ്റന്റും  ഷെഫുമായ  സദാഫ് ഹുസൈൻ പറയുന്നു. ജെയിൻ, ബനിയ വിഭാഗങ്ങൾ പരിചയപ്പെടുത്തിയ രുചികൾ ഉൾപ്പെടെ. 

സീതാറാം ബസാറിൽ പ്രഭാതഭക്ഷണ വിഭവങ്ങൾ വിളമ്പുന്ന കട
സീതാറാം ബസാറിൽ പ്രഭാതഭക്ഷണ വിഭവങ്ങൾ വിളമ്പുന്ന കട

നഗരത്തെരുവിന്റെ രാവിലെകൾക്കു ചായയുടെയും  റസ്കിന്റെയും  പതിവു രുചിയുണ്ട്.  തണുപ്പുകാലത്ത്  ഇതു കൂടുതൽ സജീവമാകും. റസ്കെന്നു നമ്മൾ പറയുമെങ്കിലും ഡൽഹിക്കാർക്ക്  അതു പാപ്പെയാണ്.  പല രൂപത്തിൽ പല ഭാവത്തിലുണ്ടിത്. ഹസ്കീറിലും  ഡയമണ്ടിലും  ഗോൾഡൻ ബിസ്ക്കറ്റിലുമെല്ലാം  ലഭിക്കും അതീവരുചികരമായ  പാപ്പെ. ചിലയിടങ്ങളിൽ  റസ്ക് എന്നു പറഞ്ഞാൽ  വില കൂടുതൽ വാങ്ങാറുമുണ്ട്.  പാപ്പെയെന്ന നഗരവിഭവത്തെ മാനിക്കാത്തതിന്റെ  പിഴ.  ചാവ്ഡി ബസാറിന്റെ ഇടവഴികളിലേക്കിറങ്ങാം.  സീതാറാം  ബസാറിലെ  ‘രാംസ്വരൂപ് ഹൽവായി’ എന്ന കടയ്ക്കു മുന്നിൽ രാവിലെ മുതൽ നല്ല തിരക്കുണ്ടാകും. 

del-sweets-image-845-440
സീതാറാം ബസാർ രാംസ്വരൂപ് ഹൽവായിയിലെ നഗോരി ഹൽവ

ബഡ്മി പൂരിയും  നഗോരി ഹൽവയും കഴിക്കാനുള്ള  തിരക്കാണ്.  മെട്രോയിൽ ചാവ്ഡ‍ി ബസാറിൽ ഇറങ്ങി, അവിടെ  നിന്ന് 2 മിനിറ്റിൽ നടന്നെത്താവുന്ന ദൂരം. രാവിലെ ഹൽവയോ എന്നു അത്ഭുതപ്പെടേണ്ട.  മസാല നന്നായി മൊരിച്ചെടുത്ത 2 പൂരിയും  കിഴങ്ങ് നിറഞ്ഞ സബ്ജിയും  കാരറ്റ്  ഉപ്പിലിട്ടതും 20 രൂപയ്ക്കു ലഭിക്കും.  ഫരീദാബാദിൽ നിന്നു കൊണ്ടുവരുന്ന തേക്കിന്റെ ചെറിയ ഇലകളിലാണു പൂരി നൽകുന്നത്. റവ കൊണ്ടുണ്ടാക്കുന്ന ചെറിയ നഗോരിയിൽ  ഹൽവ നിറച്ച്  കഴിക്കുമ്പോൾ വേറിട്ടൊരു രുചിയാണു നിറയുക.  ‘പാനിപൂരി’യിലെ ചെറുപൂരിയുടെ മറ്റൊരു വകഭേദമാണു  നഗോരി. 2 നഗോരിക്കും  ഹൽവയ്ക്കും 15 രൂപ. 

പലയിടത്തുമുണ്ട്  മട്ടി. രാജസ്ഥാനിൽ നിന്നെത്തിയ വിഭവം.  ചാവ്ഡി ബസാർ മെട്രോ സ്റ്റേഷനു സമീപത്തു  ചോലെ ഖുൽച്ചെ വിൽക്കുന്ന രസികൻ ഇടങ്ങൾ ഏറെയുണ്ട്.  വെള്ളക്കടല ഇത്ര രുചികരമായി–വേറിട്ട രീതിയിൽ പാകം ചെയ്യാമെന്നു മനസ്സിലാക്കുന്നതു  വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെത്തുമ്പോഴാണ്.  സീതാറാം ബസാറിന്റെ ഉൾവഴികളിലെത്തിയാൽ  ഉരുളക്കിഴങ്ങ് നല്ല മസാല നിറച്ചു പൊരിച്ചെടുത്തതു വിൽക്കുന്ന ഇടങ്ങളുണ്ട്.  ജോലിക്കു പോകുന്നവരും മറ്റും  പതിവായി  ഇതു വാങ്ങിക്കൊണ്ടാണു  പോകുന്നു; അവരുടെ പ്രഭാത ഭക്ഷണം.  ഓരോ ഇടവഴികളിലും ഇങ്ങനെ പലതുമുണ്ട്. കഥയും  ചരിത്രവും പങ്കുവയ്ക്കുന്ന ഓരോ ഇടങ്ങൾ. ഈ നഗരമൊരു രുചിയിടമായി മാറുന്നതും  ഇതുകൊണ്ടൊക്കെയാണ്.

English Summary : Eat outs from Sita Ram Bazar, Old Delhi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com