ADVERTISEMENT

ഏതു നാട്ടിൽ ചെന്നാലും എത്ര വില കൂടിയ വിഭവം കഴിച്ചാലും നാടൻ രുചി മറക്കുമോ? ആദ്യദിനങ്ങൾ പുതിയ വിഭവങ്ങൾ പുതുമയുള്ളതായി തോന്നിയാലും കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ മടക്കും. അക്കാരണത്താലാവും പലരും അന്യനാട്ടിലേക്കു വിമാനം കയറുമ്പോൾ അച്ചാറുകൾ കൊണ്ടു പോകുന്നത്. അങ്ങനെയൊരു ‘രുചിക്കഥ’ പങ്കുവയ്ക്കുകയാണു  ബെംഗളൂരുവിൽ നിന്നും ബിജി മേരി ജോർജ്.

 

Manorama Online Pachakam Ruchikadha Series - Biji Mary George Memoir
Representative Image. Photo Credit : Akhmad Dody Firmansyah / Shutterstock.com

കാത്തുകാത്തിരുന്ന അമേരിക്കൻ യാത്ര. ആദ്യമായി വിദേശയാത്ര ചെയ്യുന്നതിന്റെ സന്തോഷം. ബെംഗളൂരിൽ നിന്നു ദുബായിലേക്കാണ്  ആദ്യത്തെ ഫ്ലൈറ്റ്. ഫ്ലൈറ്റിൽ കയറി കുറച്ചു  കഴിഞ്ഞപ്പോൾ തന്നെ വല്ലാതെ വിശക്കാൻ തുടങ്ങി. പലവിധത്തിലുള്ള ഐറ്റങ്ങൾ നിറച്ച ബോക്സ് ഭക്ഷണം ആദ്യമായി കണ്ടപ്പോൾ നല്ല സന്തോഷം. ആരെയും ശ്രദ്ധിച്ചില്ല എല്ലാം വളരെ ഇഷ്ടത്തോടെ തന്നെ കഴിച്ചു. പിന്നീടല്ലേ മനസ്സിലായത് എല്ലാ നേരത്തെ ഭക്ഷണവും ഇതൊക്കെ തന്നെ. വലിയ വ്യത്യാസങ്ങൾ ഒന്നും ഇല്ലാത്ത പല നിറത്തിലുള്ള ബോക്സുകൾ. ആദ്യത്തെ ബോക്സ് കൈയ്യിൽ കിട്ടിയപ്പോളുണ്ടായ സന്തോഷം ഒന്നും പിന്നെ ഉണ്ടായിരുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ ന്യൂയോർക്ക് വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു മുൻപു തന്നെ ബ്രഡ്ഡും ബട്ടറും ബ്രെഡ് വെറൈറ്റികളും മടുത്തു കഴിഞ്ഞു. 

 

Manorama Online Pachakam Ruchikadha Series - Biji Mary George Memoir
Representative Image. Photo Credit : Mukesh Kumar / Shutterstock.com

പിന്നീടായിരുന്നു യഥാർത്ഥ ഭക്ഷണ പരീക്ഷണം. ഇറങ്ങിയപ്പോൾ മുതൽ എല്ലാനേരവും കാര്യമായി വെറൈറ്റി ഒന്നുമില്ലാത്ത ആഹാരം.  ചരിത്ര പ്രധാനമായ സ്ഥലങ്ങൾ കാണുന്നതിന്റെ ആവേശത്തിനിടയിലും മെനു അത്ര പിടിക്കുന്നില്ല. ഉപ്പും എരിവും  കാര്യമായി ഇല്ലാത്ത ഫുഡ് കഴിച്ച് സത്യം പറഞ്ഞാൽ മടുത്തുപോയി. ഏതു ആഹാരം കഴിക്കുമ്പോഴും നമ്മുടെ നാടൻ കറികളെ മനസിൽ ധ്യാനിച്ച് കഴിച്ച് വിശപ്പടക്കി. 

 

നയാഗ്ര വെള്ളച്ചാട്ടം കാണാനായി പോയപ്പോൾ അപ്രതീക്ഷിതമായ കാര്യം സംഭവിച്ചു. പാർക്കിങ്ങിൽ നിന്നും വെള്ളച്ചാട്ടത്തിന്റെ പ്രവേശന കവാടത്തിലേക്കു നടന്നു പോകുന്ന വഴിയിൽ ഒരു ഫുഡ് ട്രക്ക്. അതിൽ വിൽക്കുന്നതോ ഇഡ്ഡലിയും സാമ്പാറും. എല്ലാവരുടെയും മനസ്സിൽ ഒന്നിച്ചു ലഡു പൊട്ടി. ഇഡ്ഡലിക്കും സാമ്പാറിനും ഒക്കെ ഇത്ര രുചി ഉണ്ടെന്നു തിരിച്ചറിഞ്ഞ നിമിഷം. സാധാരണ ഇഡ്ഡലിയുടെ കൂടെ സാമ്പാർ കൊടുത്താൽ ‘പ്രതിഷേധിക്കുന്ന’ മകളുടെ പാത്രം നിമിഷം നേരം കൊണ്ട് ക്ലീൻ. അങ്ങനെ വിദേശ മണ്ണിൽ മകളോട് മധുരപ്രതികാരം വീട്ടി. ഫുഡ് ട്രക്കിന്റെ ഉടമ കൊല്ലംകാരൻ അച്ചായനാണെന്ന് അറിഞ്ഞതോടെ ഫുഡ് ട്രക്ക് സ്വന്തം വീട് പോലെ ഞങ്ങൾക്ക് തോന്നി. അത്രയ്ക്ക് നന്നായി അദ്ദേഹം ഞങ്ങളെ ഭക്ഷണം നൽകി സന്തോഷിപ്പിച്ചു. അതോടെ ആറു വയസുകാരി ഉഷാറായി.

 

മടക്ക യാത്രയിൽ ഫ്ലൈറ്റിൽ കയറിയതും മകൾ ഉറക്കെ പ്രഖ്യാപിച്ചു – ബ്രെഡ് എനിക്ക് വേണ്ട. ഞാൻ കഴിക്കില്ല !

 

ആകാശത്തു വീണ്ടും ഞാൻ കുഴങ്ങി – ഇവൾ ഇഡ്‌ലി വേണമെന്നു പറഞ്ഞാൽ എവിടെ നിന്നു സംഘടിപ്പിക്കും. 

 

അങ്ങനെ ഭക്ഷണം വന്നപ്പോൾ ദേ...ബണ്ണും ബ്രെഡും ബട്ടറും !

 

ആറു വയസുകാരി മകൾ തീരുമാനം മാറ്റിയില്ല. അങ്ങനെ ന്യൂയോർക്കിൽ നിന്നു ദുബായ് വരെ ജൂസും കുക്കീസുമായി വിശപ്പടക്കി. ദുബായിൽ നിന്നും ബെംഗളൂരുവിലേക്കുള്ള യാത്രയാണ് അടുത്ത കടമ്പ.

മകൾ ഇനി എന്തെല്ലാം ഡിമാന്റുകൾ വയ്ക്കുമെന്ന ചിന്തയായിരുന്നു മനസിൽ.

Manorama Online Pachakam Ruchikadha Series - Biji Mary George Memoir
ബിജി മേരി ജോർജ്

 

ദുബായിൽ നിന്നും ബെംഗളൂരുവിലേക്കുള്ള വിമാനയാത്രയിൽ ഭക്ഷണം വന്നതും മകൾ ഉഷാറായി.

 

അവൾ സന്തോഷത്തിൽ കൂവി : ദേ.... ചോറ്... ചോറ്... 

 

കുട്ടികൾക്കുണ്ടോ പരിസര ബോധം. അവളുടെ ചോറ് ചോറ്... വിളി വിമാനത്തിൽ പൈലറ്റ് ഒഴികെ എല്ലാവരും കേട്ടതായി തോന്നി.

 

ശോ... ഇവരെന്താ ഇൗ കുട്ടിക്ക് വീട്ടിൽ ചോറ് ഇതുവരെ നൽകിയിട്ടില്ലേ എന്ന ലൈനിൽ എല്ലാവരും ഞങ്ങളെ നോക്കി. 

 

മകൾ ഇതൊന്നും വകവയ്ക്കാതെ ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നു.

 

വീട്ടിൽ ചോറുമായി മകളുടെ പിന്നിലെ നടക്കുന്ന ചിത്രമാണ് എന്റെ മനസിൽ ആദ്യം തെളിഞ്ഞത്. കാലു പിടിച്ചു ചോറ് കഴിപ്പിച്ചിരുന്ന മകൾ ഇപ്പോൾ ആസ്വദിച്ചു ചോറ് കഴിക്കുന്നു !

 

അങ്ങനെ ആ യാത്രയോടെ വീട്ടിലെ മെനുവിൽ നിന്നും ബ്രെഡും സഹോദരനുമായ ബണ്ണും തൽക്കാലം പുറത്തായി. മകൾ നാടൻ രുചികളുടെ ആരാധികയുമായി.

 

 

പ്രിയ വായനക്കാരേ, ‌‌ഭക്ഷണത്തിന്റെ വില അറിഞ്ഞ നിമിഷം, നിങ്ങളെ വിസ്മയിപ്പിച്ച രൂചിക്കൂട്ട്, ഭക്ഷണം കഴിക്കാൻ പോയപ്പോളുണ്ടായ അമളി അങ്ങനെ രസകരമായ രുചി അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ രുചിക്കഥ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

 

Content Summary : Manorama Online Pachakam Ruchikadha Series - Biji Mary George Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com