ADVERTISEMENT

ഭൂമുഖത്ത് രണ്ടു തരത്തിലുള്ള ആളുകളുണ്ട്. ജീവിക്കാൻ വേണ്ടി ഭക്ഷണം കഴിക്കുന്നവരും ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കുന്നവരും. ഇതിൽ രണ്ടാമത്തെ പക്ഷക്കാരനാണ് ഞാൻ. മരിച്ച് സ്വർഗ്ഗ രാജ്യത്തിൽ ചെല്ലുമ്പോൾ തമ്പുരാൻ തീർച്ചയായും ചോദിക്കുന്ന ഒരു ചോദ്യം ഇതായിരിക്കും – ഈ ലോകത്തിൽ സൃഷ്ടിച്ചിട്ടുള്ള അഞ്ഞൂറായിരം ഭക്ഷ്യവിഭവങ്ങളിൽ ഇയാൾ എത്രയിനങ്ങൾ ഭക്ഷിച്ചിട്ടുണ്ട്? 

 

ഒരു ലക്ഷമെങ്കിലും പറയാത്തവനൊക്കെ നരകത്തിൽ പോകുമെന്ന് ഉറപ്പ്. രണ്ടു ലക്ഷമെങ്കിലും തികയ്ക്കണമെന്ന വാശി ചെറുപ്പം മുതൽ എനിക്കുണ്ട്. 

 

കോഴിക്കോട് കിട്ടുന്ന ഒരു നാലുമണിപ്പലഹാരത്തെ കുറിച്ച് കേട്ട് പുലർച്ചെ വീട്ടിൽനിന്ന് ബസ്സുകയറി കൂത്താട്ടുകുളത്തുനിന്നു പ്രഭാത ഭക്ഷണവും കഴിച്ച് കുന്നംകുളത്തെ നായർ ഹോട്ടലിൽ കയറി ഉച്ചയൂണും കഴിച്ച് നാലുമണിക്ക് കുറ്റിപ്പുറത്തെ പലഹാരക്കടയിൽനിന്നു പ്രസ്തുത പലഹാരം കഴിച്ചതൊക്കെ തമ്പുരാന്റെ ഈ ചോദ്യത്തിന് ഉത്തരം പറയാൻ വേണ്ടി മാത്രമാണ്. 

 

ബിരിയാണിയാണെന്റെ ദൗർബല്യം. ഹൈദരാബാദ് ബിരിയാണി കഴിക്കാൻ വേണ്ടി മാത്രം ഹൈദരാബാദിൽ മൂന്നുതവണ പോയിട്ടുണ്ട്. കോഴിക്കോട് റഹ്‌മത്തിലെ ബീഫ് ബിരിയാണിയും കൊച്ചി കായിക്കായുടെ കടയിലെ മട്ടൺ ബിരിയാണിയും, ഡിണ്ടിഗൽ തലപ്പാക്കട്ടി ബിരിയാണിയുമൊക്കെ പോയ വഴിയിൽ കഴിച്ചതല്ല. കഴിക്കാൻ വേണ്ടിത്തന്നെ പോയതാണ്. 

Manorama Online Pachakam Ruchikadha Series - Jaison Joseph Memoir
ജെയ്സൺ ജോസഫ്

 

ഇനി കഥയിലേക്കു വരാം. കാസർകോട്ടെ ഹെർബൽ ചിക്കൻ കഴിക്കാൻ ലക്ഷ്യമിട്ടുള്ള യാത്രയായിരുന്നു. കാഞ്ഞങ്ങാട്ട് നവരംഗ് ഹോട്ടലിലാണ് തങ്ങിയത്. എന്റെ സുഹൃത്ത്‌ സുനിലിന്റെ അച്ഛൻ പുരുഷോത്തമൻ അങ്കിളാണ് ഹോട്ടലിന്റെ നടത്തിപ്പുകാരൻ. താമസവും ഭക്ഷണവുമൊക്കെ ഫ്രീയാണ്. എങ്കിലും ഭക്ഷണവേട്ട ലക്ഷ്യമിട്ടിട്ടുള്ളതു കൊണ്ട് രാവിലെ തന്നെ നായാട്ട് ആരംഭിച്ചു.

 

രുചി വൈവിധ്യങ്ങളുടെ തലസ്ഥാനമാണല്ലോ കാഞ്ഞങ്ങാടും കാസർകോടുമെല്ലാം. എല്ലാ ഹോട്ടലുകൾക്കും മിനിമം ഗ്യാരന്റി ഉറപ്പ്. ഉച്ചയ്ക്ക് ബിരിയാണി കഴിക്കാൻ എലൈറ്റ് ഹോട്ടലാണ് തിരഞ്ഞെടുത്തത്. ഹോട്ടലിലെ മെനു ബോർഡിൽ ബിരിയാണികളുടെ നീണ്ട നിര തന്നെ ഉണ്ട്. പുതിയ ഇനം വേണമെന്നു നിർബന്ധമുള്ളതിനാൽ മറ്റൊരിടത്തും കണ്ടിട്ടില്ലാത്ത എലൈറ്റ് ബിരിയാണിയെന്ന പേര് വെയിറ്ററെ ചൂണ്ടികാട്ടി. കൂടെ ഉണ്ടായിരുന്നവരൊക്കെ മറ്റു പല ബിരിയാണികളും ഓർഡർ ചെയ്തു. സാധാരണ ബിരിയാണികളെക്കാൾ രണ്ടിരട്ടി വിലയാണ് എലൈറ്റ് ബിരിയാണിക്ക്. 

 

വില കൂടുബോൾ ഗുണവും കൂടുമെന്ന വാദം നിരത്തി ഞാൻ സംശയക്കാരെ ഇരുത്തി. ഒടുവിൽ ബിരിയാണി വന്നു. വലിയ തളികയിൽ ഒരു ചട്ടിയുടെ രൂപത്തിൽ ബിരിയാണി പൊത്തി വച്ചിരിക്കുന്നു. മുകളിൽ മുട്ട നടുവേ കീറി വട്ടത്തിൽ നിരത്തിയിട്ടുണ്ട്. ബിരിയാണി കണ്ട മാത്രയിൽ എന്റെ മനസ്സു നിറഞ്ഞു. ബിരിയാണി കഴിച്ചു തുടങ്ങിയപ്പോൾ ആഹ്ലാദം ഇരട്ടിയായി. ധാരളം ചിക്കൻ പീസുകൾ ചോറിൽ പൂഴ്ത്തി വച്ചിട്ടുണ്ട് സാധാരണ കൂടെയുള്ളവർ കഴിച്ചു തീരുന്നതിനു മുൻപ് ഞാൻ കൈ കഴുകി അടുത്ത ഭക്ഷണത്തെപ്പറ്റി ആലോചിക്കാൻ തുടങ്ങുന്നതാണ്. എന്നാൽ ഇക്കുറി പലരും എന്നേക്കാൾ മുൻപെ കഴിച്ചു കഴിഞ്ഞു. എങ്കിലും എന്റെ പോരാട്ടവീര്യത്തിനു മുൻപിൽ തളിക കാലിയായി. 

Manorama Online Pachakam Ruchikadha Series - Jaiseon Joseph Memoir
ജെയ്സൺ ജോസഫ്

 

ഏതു ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ചാലും ബില്ലു കൊടുക്കുമ്പോൾ ആ ഭക്ഷണത്തെ കുറിച്ച് ഒരു നല്ല അഭിപ്രായവും ചില നിർദേശങ്ങളും കൊടുക്കുന്ന ഒരു പതിവ് എനിക്കുണ്ട്. ഇക്കുറിയും ഞാൻ ആ പതിവ് തെറ്റിച്ചില്ല. ബില്ലു കൊടുത്ത ശേഷം അൽപം മധുരം ചേർത്ത ജീരകം വായിലിട്ടുകൊണ്ട് ഞാൻ ഹോട്ടൽ മനേജരോടു പറഞ്ഞു: ‘‘നിങ്ങളുടെ എലൈറ്റ് ബിരിയാണി കൊള്ളാം. പിന്നെ ബിരിയാണിയുടെ അളവ് അൽപം കുറച്ചിട്ട് വിലയും കുറച്ചാൽ സൂപ്പറായിരിക്കും.’’ 

ഇത് കേട്ട് നെറ്റിചുളിച്ചു കൊണ്ട് മനേജർ എന്നോടു ചോദിച്ചു: ‘‘ഒറ്റയ്ക്കാണോ കഴിച്ചത്?’’

ഞാൻ പറഞ്ഞു: ‘‘അതെ’’ 

ഇതുകേട്ട് തലയിൽ കൈ വച്ച് അയാൾ എന്നോട്: ‘‘എന്റെ ചേട്ടാ, അത് ഫാമിലി ബിരിയാണിയാ. എട്ടു പേർക്കുള്ള പോർഷനാ ചേട്ടൻ ഒറ്റയ്ക്കു തിന്നത്.’’ 

 

ഞാൻ പതിയെ ചുറ്റും നോക്കി. ഹോട്ടലിലെ വെയിറ്റർമാർ എന്നെ ഒളിഞ്ഞും തെളിഞ്ഞും നോക്കി അദ്ഭുതപ്പെടുന്നുണ്ട്.

മുഖത്തെ ചമ്മൽ ഒരു ടിഷ്യു എടുത്തു തുടച്ചു കളഞ്ഞ്, ഞാനിതൊക്കെ എത്ര കണ്ടതായെന്ന ഭാവത്തിൽ പതിയെ സ്ഥലം കാലിയാക്കി.

 

പ്രിയ വായനക്കാരേ, ‌‌ഭക്ഷണത്തിന്റെ വില അറിഞ്ഞ നിമിഷം, നിങ്ങളെ വിസ്മയിപ്പിച്ച രൂചിക്കൂട്ട്, ഭക്ഷണം കഴിക്കാൻ പോയപ്പോളുണ്ടായ അമളി അങ്ങനെ രസകരമായ രുചി അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ രുചിക്കഥ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

 

Content Summary : Manorama Online Pachakam Ruchikadha Series - Jaison Joseph Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com