ADVERTISEMENT

ഷാറുഖ് ഖാന് ഇടിയപ്പവും ചിക്കൻ സ്റ്റ്യൂവും ഉണ്ടാക്കിക്കൊടുത്ത മലയാളി ഷെഫ് പയ്യൻ! നയൻതാരയുടെ ഇഷ്ടഭക്ഷണമായ ഇടിയപ്പവും ചിക്കൻ സ്റ്റ്യൂവും അങ്ങ് ബോളിവുഡിലെ കിങ് ഖാന്റെ മുന്നിൽ വരെയെത്തിച്ചത് ‘സെലിബ്രിറ്റി ഷെഫായ’ റാഫി ഷെരീഫ് ആണ്. കുഞ്ചാക്കോ ബോബന്റെ അടുക്കളയിൽനിന്നു നയൻതാര–വിഘ്നേഷ് ദമ്പതികളുടെ പഴ്സനൽ ഷെഫിലേക്കുള്ള യാത്ര അദ്ഭുതവും അനുഗ്രഹവും നിറഞ്ഞതാണെന്നാണ് റാഫി പറയുന്നത്. ചെറിയ കാലയളവിൽത്തന്നെ ഒരുപാട് സിനിമാ ലൊക്കേഷനുകളിൽ പോകാനും അരവിന്ദ് സ്വാമി, വിജയ് സേതുപതി, സാക്ഷാൽ ഷാറുഖ് ഖാൻ തുടങ്ങിയവർക്കൊക്കെ ഭക്ഷണമൊരുക്കാനും റാഫിക്ക് കഴിഞ്ഞു. രുചിയുടെ മാന്ത്രികപ്പരവതാനിയിൽ കയറി ഈ ചെറുപ്പക്കാരന്റെ യാത്ര എങ്ങനെ ബോളിവു‍ഡ് വരെയെത്തി എന്നത് രസകരമായ കഥയാണ്.

aravindswami
റാഫി ഷെരീഫ് അരവിന്ദ് സ്വാമിക്കൊപ്പം.

 

ടു ചാക്കോച്ചൻസ് കിച്ചൻ 

with-aravindswami
ഒറ്റിന്റെ ലൊക്കേഷനിൽ നിന്ന്.

 

‘ഭാഗ്യം കൊണ്ടും നല്ല സമയം കൊണ്ടുമാണ് ചാക്കോച്ചന്റെ അടുത്ത് എത്തുന്നത്. മൂന്നു വർഷത്തോളം ബെംഗളൂരു റാഡിസൻ ബ്ലൂവിൽ ഷെഫായി ജോലി ചെയ്ത ശേഷം കോവിഡിന്റെ സമയത്താണ് നാട്ടിലെത്തുന്നത്. ഒരു സുഹൃത്താണ് കുഞ്ചാക്കോ ബോബന്റെ ഷെഫായി ജോലി ചെയ്യാൻ വേക്കൻസി ഉണ്ടെന്നും ചാക്കോച്ചന്റെ അപ്പോഴത്തെ ഷെഫ് അഭിലാഷിനെ ഒന്ന് വിളിക്കാനും പറഞ്ഞത്. സിനിമയിലെ ആരുമായും ഒരു കോണ്ടാക്ടും ഇല്ലാത്തതുകൊണ്ട് ആദ്യം വിശ്വസിച്ചില്ല. അഭിലാഷിനെ വിളിച്ചപ്പോൾ നേരിട്ടു കാണാമെന്നു പറഞ്ഞു. ചാക്കോച്ചന്റെ ഫ്ലാറ്റിന്റെ അഡ്രസാണെനിക്ക് തന്നതെന്ന് അപ്പോൾ അറിയില്ലായിരുന്നു. അവിടെയെത്തി, വാതിൽ തുറന്നപ്പോൾത്തന്നെ കണ്ടത് പ്രിയച്ചേച്ചിയെ. റൈറ്റ് സൈഡിൽ ചാക്കോച്ചനും അമ്മയും ഇരുന്ന് ഭക്ഷണം കഴിക്കുന്നു. ഒരു സെലിബ്രിറ്റിയെ, അതും അവരുടെ വീട്ടിൽ വച്ച് ആദ്യമായി കാണുമ്പോഴുണ്ടാവുന്ന എല്ലാ എക്സൈറ്റ്മെന്റും എനിക്കുമുണ്ടായിരുന്നു. പിന്നെ ട്രയലായി ഭക്ഷണം ഉണ്ടാക്കിക്കൊടുത്തു, അവർക്കിഷ്ടപ്പെട്ടു, അങ്ങനെ ജോലിക്ക് കയറി. ഗ്രിൽഡ് ഫിഷും സൂപ്പുമാണ് അന്നുണ്ടാക്കിക്കൊടുത്തത്.’

 

ഒറ്റിന്റെ സെറ്റിലെ സദ്യ

 

‘ഞാൻ ജോലിക്ക് കയറിയ ശേഷം ചാക്കോച്ചന്റെ ആദ്യ സിനിമ ഒറ്റ് ആയിരുന്നു. ഗോവയിലായിരുന്നു ആദ്യഭാഗങ്ങളുടെ ഷൂട്ട്. അരവിന്ദ് സ്വാമി സാറിനു ഭക്ഷണമുണ്ടാക്കിക്കൊടുക്കാൻ കഴിഞ്ഞു എന്നുള്ളത് വലിയ സന്തോഷമാണ്. സാർ പക്കാ വെജിറ്റേറിയനാണ്. അതേസമയം നോൺ വെജ് ആണ് ചാക്കോച്ചന്റെ മെയിൻ. ഞാൻ കൂടുതൽ ഉണ്ടാക്കിക്കൊടുത്തിട്ടുള്ളതും അതാണ്. ഒറ്റിന്റെ സെറ്റിൽ വച്ച് എല്ലാവർക്കും സദ്യ ഉണ്ടാക്കാമെന്ന് പറഞ്ഞപ്പോൾ ആദ്യം ചാക്കോച്ചന് വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. പിന്നെ ഉണ്ടാക്കിക്കഴിഞ്ഞ് അത്രയും വിഭവങ്ങൾ കണ്ടപ്പോൾ മീനൊന്നും വേണ്ട എന്ന് പറഞ്ഞ് ചാക്കോച്ചനും ഫുൾ വെജിറ്റേറിയൻ സദ്യ തന്നെ കഴിച്ചു. അന്നത്തെ ആ സദ്യ എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്നത് സന്തോഷമാണ്.

Sethupathi

 

ചാക്കോച്ചന്റെ പിറന്നാളും ഈ സെറ്റിൽ വച്ചുതന്നെയായിരുന്നു. അന്ന് പ്രിയച്ചേച്ചിക്ക് വരാൻ പറ്റിയിരുന്നില്ല. ഞാൻ തന്നെ സ്പെഷൽ മെനു ഇട്ട് കുറച്ച് വെറൈറ്റി ഐറ്റംസ് ഒക്കെ ഉണ്ടാക്കി. അന്ന് ചേച്ചി എന്നെ വിളിച്ച് താങ്ക്സ് പറഞ്ഞു. പ്രിയ ചേച്ചി ഫുൾ സപ്പോർട്ടാണ് എല്ലാ കാര്യങ്ങളിലും. ചാക്കോച്ചന്റെ ഇഷ്ടവിഭവങ്ങളൊക്കെ ‘പ്രിയച്ചേച്ചി സ്റ്റൈലി’ലുണ്ടാക്കാനൊക്കെ എന്നെ പഠിപ്പിച്ച് തന്നിരുന്നു. എല്ലാ തരം ഭക്ഷണവും ആസ്വദിച്ചുകഴിക്കുന്ന ഒരാളാണ് ചാക്കോച്ചൻ. അതനുസരിച്ച് ഡയറ്റും നോക്കും.

 

നയൻതാരയുടെ അടുത്തേക്ക്

 

‘നിഴൽ സിനിമയുടെ സമയത്താണ് ഒരാഴ്ച നയൻതാര മാഡത്തിന്റെ അടുത്ത് നിൽക്കാമോ എന്നു പ്രിയച്ചേച്ചി വിളിച്ചു ചോദിക്കുന്നത്. അങ്ങനെയാണ് ആദ്യമായി മാഡത്തിനെ കാണുന്നതും ഭക്ഷണമുണ്ടാക്കിക്കൊടുക്കുന്നതും. പിന്നീട് നിഴലിന്റെ ലാസ്റ്റ് ഷെഡ്യൂളായപ്പോൾ സ്ഥിരമായി ഒരു ഷെഫിനെ വേണമെന്നു പറഞ്ഞ് മാഡത്തിന്റെ മാനേജർ വിളിച്ചു. ചാക്കോച്ചന്റെ മുൻപത്തെ ഷെഫ് അഭിലാഷ് തിരിച്ചുവന്ന സമയം കൂടി ആയിരുന്നു അത്. പുള്ളി ചാക്കോച്ചന്റെ കൂടെ നിൽക്കാമെന്നും ഞാൻ മാഡത്തിന്റെ അടുത്ത് പോകാമെന്നും അവസാനം തീരുമാനിച്ചു. ലേഡി സൂപ്പർസ്റ്റാറിന്റെ ഷെഫായി ജോലി ചെയ്യാൻ പറ്റുമെന്നൊന്നും ഒരിക്കലും വിചാരിച്ചിട്ടില്ല. മാഡത്തിന്റെ കല്യാണസമയത്തും കൂടെ ഉണ്ടാവാൻ പറ്റിയെന്നതൊക്കെ വലിയൊരു ഭാഗ്യമായി തന്നെയാണ് കാണുന്നത്.

 

വിക്കി സാറും മാഡവും സ്റ്റാഫുകളോടൊക്കെ നല്ല കമ്പനിയാണ്. മാഡത്തിന്റെ അമ്മയും വളരെ സ്നേഹത്തോ‍ടെയാണ് നമ്മളോടൊക്കെ സംസാരിക്കുന്നത്. വീട്ടിലെ വിശേഷങ്ങളൊക്കെ ചോദിക്കും. അമ്മയുണ്ടാക്കുന്ന ഭക്ഷണമാണ് മാഡത്തിനു കഴിക്കാൻ ഏറ്റവും ഇഷ്ടം. അതുകൊണ്ട് അമ്മയുടെ സ്പെഷൽ റെസിപ്പികൾ പഠിപ്പിച്ചു തരും. ഇടിയപ്പവും ചിക്കൻ സ്റ്റ്യൂവുമാണ് മാഡത്തിന്റെ ഫേവറൈറ്റ്. സാറിന് ഇതേ കോംബിനേഷൻ തേങ്ങാപ്പാൽ കൂട്ടി കഴിക്കാനാണ് ഇഷ്ടം. ചിക്കൻ വെറൈറ്റീസാണ് രണ്ടുപേരും കൂടുതൽ ട്രൈ ചെയ്യുന്നത്. മാഡം അത്ര ഹെവിയായി കഴിക്കാറില്ല. കൃത്യമായി ഡയറ്റും കാര്യങ്ങളും ശ്രദ്ധിക്കും. ഓരോ സിനിമയ്ക്കും ഓരോ ഡയറ്റാണ് ഫോളോ ചെയ്യുന്നത്. സാറിന്റെ കൂടെ ഷൂട്ടിനു പോയാൽ സാറിനു വേണ്ടതെന്താണെന്ന് ചോദിച്ച് അതുണ്ടാക്കിക്കൊടുക്കാറുണ്ട്. ചിക്കനും എഗ് ഐറ്റംസും അടങ്ങിയ ലഞ്ചാണ് സാർ കൂടുതൽ കഴിക്കാറുള്ളത്.

 

'കാതുവാക്കുലെ രണ്ടു കാതൽ' പടത്തിന്റെ സമയത്ത് സാമന്തയ്ക്കും വിജയ് സേതുപതി സാറിനും ഭക്ഷണമുണ്ടാക്കിക്കൊടുക്കാൻ പറ്റി. നന്നായി ഭക്ഷണം കഴിക്കുന്ന ആളാണ് സേതുപതി സാറും. എന്നെ വിളിച്ച് സെപ്പറേറ്റ് ബീഫൊക്കെ ഉണ്ടാക്കിപ്പിച്ചിട്ടുണ്ട്. പിന്നെ കാണുമ്പോളൊക്കെ ‘ഇന്നെന്താ എനിക്കുണ്ടാക്കുന്നത്’ എന്നൊക്കെ ചോദിക്കുമായിരുന്നു. സിനിമയിലുള്ള കുറേ അധികം ആളുകൾക്ക് ഇതുപോലെ ഭക്ഷണമുണ്ടാക്കിക്കൊടുക്കാൻ പറ്റി എന്നുള്ളത് സന്തോഷം തരുന്ന കാര്യമാണ്.’

 

വിത്ത് കിങ് ഖാൻ ഇൻ ജവാൻ

 

‘ഇപ്പോൾ വർക്ക് ചെയ്യുന്നത് ജവാന്റെ സെറ്റിലാണ്. ഷാറുഖ് സാറിനു ഭക്ഷണമുണ്ടാക്കിക്കൊടുക്കാൻ പറ്റുമെന്ന് ഒട്ടും വിചാരിച്ചിരുന്നില്ല. മാഡത്തിനുണ്ടാക്കിക്കൊടുത്ത എഗ് സാൻവിച് മാഡം സാറിനു ഷെയർ ചെയ്യുകയായിരുന്നു. അതുകഴിഞ്ഞ് പിറ്റേന്ന് സെറ്റിൽ വന്നപ്പോൾ എന്നെ വിളിച്ച് എനിക്കും ഇങ്ങനെ ഉണ്ടാക്കിത്തരാമോ എന്നു ചോദിച്ചു. അങ്ങനെ സാറിനുവേണ്ടി എഗ് സാൻവിച് ഉണ്ടാക്കി. വേറൊരു ദിവസം ഇടിയപ്പവും സ്റ്റ്യൂവും ഉണ്ടാക്കി. അതും ഷാറുഖ് സാറിന് ഇഷ്ടമായി. വിശ്വസിക്കാൻ പറ്റാത്ത കുറേ കാര്യങ്ങളാണ് ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നയൻതാര മാഡത്തിന്റെ കല്യാണത്തിൽ പങ്കെടുക്കാൻ പറ്റി. അന്നും ഒരുപാടു താരങ്ങളെ കാണാൻകഴിഞ്ഞു. ഇതൊക്കെ സന്തോഷം തരുന്ന കാര്യങ്ങളാണ്. തിരുവോണദിനത്തിൽ ഷൂട്ടുണ്ട്. ഷാറുഖ് സാറിനു വേണ്ടി സദ്യ ഉണ്ടാക്കാൻ പറ്റുമെന്നാണ് വിചാരിക്കുന്നത്’.

 

നല്ല ഭക്ഷണത്തിലൂടെ, കഴിക്കുന്നവരുടെ വയറും മനസ്സും നിറയ്ക്കുന്ന ആളാണ് റാഫിയെന്ന് സാക്ഷാൽ കിങ് ഖാൻ വരെ സാക്ഷ്യപ്പെടുത്തിയെന്നത് ഈ ചെറുപ്പക്കാരനു കിട്ടിയ വലിയൊരു അംഗീകാരമാണ്. കുഞ്ചാക്കോ ബോബൻ നയൻതാരയ്ക്ക് കുറച്ചു നാൾ മുൻപേ കൊടുത്ത ഓണസമ്മാനമാണ് റാഫി. റാഫിക്ക് ഓണനാളിൽ കിട്ടുന്ന ഏറ്റവും വലിയ സമ്മാനം ഷാറുഖ് ഖാന്‍ കഴിക്കാൻ പോകുന്ന സദ്യയാവട്ടെയെന്ന് പ്രതീക്ഷിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com