ADVERTISEMENT

ചൂടു പൊറോട്ടയും മട്ടൻ കറിയും എങ്ങനെ കഴിക്കണം? വിശപ്പിന്റെ തോത് അനുസരിച്ചു കഴിക്കാമെന്ന് ഉത്തരം പറയാൻ വരട്ടെ. സമൂഹമാധ്യമങ്ങളിലൂടെ അജു വർഗീസ് പങ്കുവച്ച വിഡിയോ കണ്ടാൽ ഏതൊരു ഭക്ഷണപ്രേമിയുടെയും വായിൽ കപ്പലോടും. കൊല്ലം ‘എഴുത്താണിക്കട’യിൽനിന്ന് പോറോട്ടയും മട്ടൻ കറിയും ആസ്വദിച്ചു കഴിക്കുന്ന അജുവും നിവിൻ പോളിയുമാണ് വിഡിയോയിലുള്ളത്. 

‘നമ്മളെന്താ ചെയ്യേണ്ടതെന്ന് അറിയാമോ... ഇച്ചിരി എടുത്തിട്ട് മട്ടൻ ചാറിൽ മുക്കി... നല്ല ചൂടുണ്ടേ... ഇങ്ങനെ... മ്മീംംം...’ എന്ന ലൈവ് കമന്ററിയുമുണ്ട്. വിഡിയോ ഭക്ഷണപ്രേമികളും താരങ്ങളുടെ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. 

 

റോഷൻ ആൻഡ്രൂസ് ചിത്രം സാറ്റർ‌‍ഡേ നൈറ്റിന്റെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി കൊല്ലത്തെത്തിയപ്പോഴാണ് താരങ്ങൾ എഴുത്താണിക്കടയിൽ ഭക്ഷണം കഴിക്കാനെത്തിയത്. നവീൻ ഭാസ്കർ തിരക്കഥ എഴുതുന്ന ചിത്രത്തിൽ നിവിനും അജുവിനുമൊപ്പം സിജു വിൽസൻ, സൈജു കുറുപ്പ്, മാളവിക ശ്രീനാഥ്, സാനിയ ഇയ്യപ്പൻ, ഗ്രെയ്സ് ആന്റണി എന്നിവരുമുണ്ട്. 

 

എഴുത്താണിക്കടയെന്ന രുചിയുടെ മെഗാസ്റ്റാർ

 

കൊല്ലം - കൊട്ടാരക്കര റൂട്ടിൽ കേരളപുരത്താണ് എഴുത്താണിക്കട. 1948 ൽ ഒരു ചായക്കടയായിട്ടായിരുന്നു തുടക്കം. ഇന്നും അതൊരു നാടൻ ചായക്കട തന്നെയാണ്. പഴയ ചായക്കടകളുടെ ഗൃഹാതുരത ഉണർത്തുന്ന വെട്ടുകേക്കാണ് ഇവിടുത്തെ സൂപ്പർസ്റ്റാർ. ഇവിടുത്തെ മട്ടൻ കറിയും കിടിലനാണ്. ഇടിയപ്പത്തിനും പൊറോട്ടയ്ക്കുമൊപ്പമാണ് ഇവിടെ മട്ടൻ കറി വിളമ്പുന്നത്. മിക്ക വിഭവങ്ങൾക്കൊപ്പവും ഒരു പപ്പടവും നല്കുന്നു എന്നത് എഴുത്താണിക്കടയുടെ മാത്രം പ്രത്യേകതയാണ്. 

 

വെട്ടുകേക്കും കട്ടൻ ചായയും കുടിച്ചു കൊണ്ടാണ് എഴുത്താണിക്കടയിലേക്കുള്ള വരവ് എല്ലാവരും ആഘോഷിക്കാറ്. ദിവസേന അയ്യായിരത്തോളം വെട്ടുകേക്കാണ് ഇവിടെ വിൽക്കുന്നത്. താറാവിന്റെ മുട്ടയും ഏലക്കാപ്പൊടിയും പഞ്ചസാരയും മൈദയും സോഡാപ്പൊടിയും മാത്രമാണ് വെട്ടുകേക്കിന്റെ ചേരുവകൾ. ഇവ നന്നായി കുഴച്ച്, കൂട്ടിയോജിപ്പിച്ച് നീളത്തിൽ, അല്പം കനത്തിൽ പരത്തി മുറിച്ചെടുത്ത് ചെറിയൊരു വെട്ടു നൽകിയാണ് തിളയ്ക്കുന്ന എണ്ണയിലേക്കിടുന്നത്. എണ്ണയിൽ വീണു കഴിയുമ്പോൾ, വെട്ടു നൽകിയ ഭാഗത്തുനിന്നും ഇരുകഷ്ണങ്ങളായി ഇത് വിടർന്നു വികസിച്ചു വരുന്ന കാഴ്ച മനോഹരമാണ്.

 

എഴുത്താണിക്കടയിൽ മട്ടൻ കൊണ്ട് ഒറ്റ വിഭവമേയുള്ളൂ– മട്ടൻ കറി. നല്ലതുപോലെ കുറുകിയ മട്ടൻ ചാറിൽ മുക്കി പൊറോട്ടയും ഇടിയപ്പവുമൊക്കെ കഴിക്കുമ്പോൾ വല്ലാത്തൊരു നിർവൃതിയാണ്. മട്ടൻ കറി തയാറാക്കുന്നതിനുമുണ്ട് ഇവിടെ ചില പ്രത്യേകതകൾ. വലിയ ഉരുളിയിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ സവാളയും പച്ചമുളകും ഇട്ട് അടച്ചു വച്ചതിനുശേഷം അല്പസമയം കഴിഞ്ഞു വെളുത്തുള്ളിയും ഇഞ്ചിയും അരച്ചതും മഞ്ഞൾപ്പൊടിയും ചേർത്ത്, കഴുകി വെച്ചിരിക്കുന്ന മട്ടനും ചേർത്ത് ഇളക്കി വെള്ളമൊഴിച്ച് അടച്ചുവെയ്ക്കുക.

 

മട്ടൻ വെന്തു പരുവമായി വരുമ്പോൾ അതിലേക്കു ഉപ്പും മല്ലിപ്പൊടിയും പെരുംജീരകവും ഗരംമസാലപൊടിയും ചേർക്കുക. വേറൊരു പാത്രത്തിൽ എണ്ണ ചൂടാക്കി അതിലേക്കു കറിവേപ്പിലയും വെളുത്തുള്ളി അരച്ചതും ചേർത്ത് മൂത്തതിന് ശേഷം മുളകുപൊടി കൂടിയിട്ട് മൂപ്പിച്ച് മട്ടൻ കറിയിലേക്കു ചേർക്കുക. പൊറോട്ടയുടെ ഒപ്പം ഇതിന്റെ രുചി കെങ്കേമമെന്നാണ് എഴുത്താണിപ്പുരയിലെത്തുന്നവർ സാക്ഷ്യപ്പെടുത്തുന്നത്.

 

പുറംകാഴ്ചയിൽ ചെറിയ കടയെന്നു തോന്നിപ്പിക്കുമെങ്കിലും ''കോട്ടയം അയ്യപ്പാസുപോലെ അകം വിശാലമാണ് ബ്രോ'' എന്ന ഒരു ന്യൂജൻ പയ്യന്റെ കമന്റ് കേട്ടുകൊണ്ടാണ് കടയിലേക്ക് കാലെടുത്തുവെച്ചത്. ആ പയ്യന്റെ വാക്കുകൾ അക്ഷരംപ്രതി ശരിയാണ്. വിശാലവും വൃത്തിയുമുള്ള ഉൾവശവും എത്രപേർക്ക് വേണമെങ്കിലും കയറിയിരുന്നു കഴിക്കാനുള്ള സൗകര്യങ്ങളും ഈ രുചിപ്പുരയുടെ സവിശേഷതകളാണ്. രാവിലെ 8 മണിക്ക് പ്രവർത്തനം ആരംഭിക്കുന്ന കട രാത്രി 10.30 നാണ് അടയ്ക്കുക. കട തുടങ്ങിയത് മീരാസാഹിബ്ബും സഹോദരങ്ങളും കൂടിയാണെങ്കിലും ഇന്ന് നടത്തിപ്പുകാരൻ മീരാസാഹിബ്ബിന്റെ മകനാണ്. ഇടിയപ്പവും പൊറോട്ടയും മാത്രമല്ല ദോശയും മുട്ടക്കറിയും പോലുള്ള വിഭവങ്ങളും ഇവിടെ വിളമ്പുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com