ADVERTISEMENT

വിശേഷ ദിവസങ്ങളിലെങ്കിലും രുചിയുള്ള ഭക്ഷണം കഴിച്ചില്ലെങ്കിൽ ആർക്കാണ് സങ്കടം തോന്നാത്തത്? അന്യനാട്ടിൽ ജോലി ചെയ്യുന്നവർക്ക് അറിയാം വീട്ടിലെ രുചിയുടെ മഹത്വം. അതുകൊണ്ടാവാം അവധിക്ക് നാട്ടിലെത്തുമ്പോൾ ഡയറ്റ് പ്ലാനെല്ലാം കാറ്റിൽ പറത്തുന്നത്. ക്രിസ്മസ് ദിനത്തിൽ നാട്ടിൽ പോകാൻ അവധി ലഭിക്കാത്തവരുടെ സങ്കടം അനുഭവിച്ചാലേ മനസ്സിലാകൂ. അങ്ങനെയൊരു അനുഭവം പങ്കുവയ്ക്കുകയാണ് ബെംഗളൂരുവിൽ െഎടി കമ്പനിയിൽ ജോലി ചെയ്യുന്ന ബിനേഷ് ജോൺ.

 

പതിനേഴ് വർഷം മുൻപാണ്. പഠനം കഴിഞ്ഞ് ബെംഗളൂരുവിൽ ജോലിക്ക് കയറിയ ശേഷമുള്ള ആദ്യ ക്രിസ്മസ് ദിനം. നാട്ടിൽ പോകാൻ ലീവ് കിട്ടിയില്ല. നാലു മണിക്ക് എഴുന്നേറ്റ് പ്രിംറോസ് റോഡ് പള്ളിയിൽ അഞ്ചരയ്ക്കുള്ള ശുശ്രൂഷയ്ക്ക് പോകാൻ തീരുമാനിച്ചു. ക്രിസ്മസ് ദിനമായത് മാത്രമല്ല ആവേശത്തിന്റെ രഹസ്യം. കഴിഞ്ഞ ഇരുപത്തിനാല് ദിവസവും നോമ്പായിരുന്നു. പള്ളിയിലെ കുർബാന കഴിഞ്ഞിട്ട് വേണം നോമ്പു വീടാൻ. ക്രിസ്മസ് ദിനത്തിൽ‍ ‘തീറ്റ പ്ലാൻ’ രണ്ടു ദിവസം മുൻപേ സെറ്റാക്കി. കോറമംഗലയിലുള്ള മലയാളി ഹോട്ടലിലെ പാലപ്പവും ചിക്കൻ സ്റ്റൂവും. അതിൽ തുടങ്ങണം. വളരെ മൃദുവായ ആവി പറക്കുന്ന അപ്പം, ഇഞ്ചിയും പച്ചമുളകും നീളത്തിൽ കീറിയിട്ടു നല്ല കുറുകിയ തേങ്ങാപ്പാലും ഇട്ടുണ്ടാക്കിയ അടിപൊളി ചിക്കൻ സ്റ്റൂ. അപാര രുചിയാണ്. രണ്ടു ദിവസമായി ഈ ചിന്ത മാത്രമാണ് മനസ്സിലുള്ളത്. അതുകൊണ്ട് എവിടെ പോയാലും മൂക്കിൽ ചിക്കൻ സ്റ്റൂവിന്റെ മണമാണ്.

 

വെളുപ്പാൻ കാലത്ത് തണുപ്പ് കൂസാതെ മടിവാള ബസ് സ്റ്റോപ്പിലേക്ക് ഞാൻ ആഞ്ഞുവലിഞ്ഞു നടന്നു. അഞ്ചരയോടെ പ്രിംറോസ് റോഡ് പള്ളിയിൽ എത്തി. വിശേഷ ദിവസമായതിനാൽ പള്ളിയുടെ ഭൂരിഭാഗവും ജനങ്ങൾ നിറഞ്ഞു കഴിഞ്ഞു. എന്തുകൊണ്ടോ  അന്നത്തെ പാട്ടും പ്രാർഥനയും പ്രസംഗവുമെല്ലാം സാധാരണയിൽ കൂടുതൽ സമയം എടുക്കുന്നുണ്ടോ എന്നൊരു സംശയം. അതുകൊണ്ടു ഇടയ്ക്ക് വാച്ചിൽ നോക്കി.

 

ആശീർവാദം കഴിഞ്ഞു പുറത്തിറങ്ങി അവിടെനിന്ന് കിട്ടിയ ക്രിസ്മസ് കേക്കും കാപ്പിയും കുടിച്ചു ബസ് സ്റ്റോപ്പിലേക്ക് വച്ചുപിടിച്ചു. കുറെ നേരം നിന്നിട്ടും നമുക്ക് പോകാനുള്ള റൂട്ടിൽ ഒരു ബസും വന്നില്ല. എതിർദിശയിലേക്കു ബസുകളുടെ ഘോഷയാത്രയാണ്. അല്ലെങ്കിലും അങ്ങനെയാണല്ലോ പ്രതിഭാസം. വിശപ്പു കൂടി വന്നപ്പോൾ ശരിക്കും ദേഷ്യം വന്നു.  ഒടുവിൽ എങ്ങനെയോ ഒരു ബസ് കിട്ടി കോറമംഗലയിൽ ഇറങ്ങി. ഹോട്ടലിനെ ലക്ഷ്യമാക്കി നടന്നു. ചുറ്റും ഉള്ളതൊന്നും കാണാൻ കഴിയുന്നില്ല. മനസ്സിൽ പാലപ്പവും ചിക്കൻ സ്റ്റൂവും മാത്രം !

ruchikadha-series-binesh-john-memoir
ബിനേഷ് ജോൺ

 

ക്രിസ്മസ് ദിനമായതിനാൽ ഹോട്ടലിൽ തിരക്ക് തുടങ്ങിയിട്ടില്ല. കൈ കഴുകി, സീറ്റിൽ ഇരുന്നു ഓർഡർ എടുക്കാൻ വെയിറ്റ് ചെയ്യുക... അങ്ങനെയുള്ള മര്യാദകൾ ഒന്നും പാലിക്കാതെ തന്നെ അടുക്കളുടെ അടുത്ത് ചെന്ന് ‘ചേട്ടാ... ഒരു പ്ലേറ്റ് അപ്പം ചിക്കൻ സ്റ്റൂ....’ എന്ന് വിളിച്ചു പറഞ്ഞു, കൈ കഴുകി സീറ്റിൽ ഇരുപ്പുറപ്പിച്ചു. 

 

അഞ്ചു മിനിറ്റിനുള്ളിൽ വിഭവം മുന്നിലെത്തി. പ്രതീക്ഷിച്ച പോലെ തന്നെ ആവി പറക്കുന്ന അപ്പം, നീളത്തിൽ അരിഞ്ഞ ഇഞ്ചിയും പച്ചമുളകും പിന്നെ തേങ്ങാപ്പാലിന്റെ ആ സൗരഭ്യവും. ഇന്ന് ക്രിസ്മസ് പൊളിക്കും. അപ്പത്തിന്റെ ഒരു ചെറിയ കഷ്ണം കീറി മുറിച്ചു സ്റ്റൂവിൽ മുക്കിയപ്പോൾ ആണ് ആ ഭീകര കാഴ്ച കണ്ടത്. സ്റ്റൂവിൽ ഏതോ ഒരു ജീവി അതാ ചത്ത് മലർന്നു കിടക്കുന്നു. ഇനി എന്ത് ചെയ്യും? ഒരു സ്പൂണിൽ കോരി ‘ഈ ശവം മറവു’ ചെയ്തിട്ട്, ആ സൗരഭ്യം വീണ്ടെടുത്തലോ. എന്തായാലും കടക്കാരനെ വിളിച്ചു കാണിച്ചു. അദ്ദേഹം ക്ഷമ ചോദിച്ചു. പകരം ചിക്കൻ വറുത്തരച്ചതു തരട്ടെ എന്ന് ചോദിച്ചു. വറുത്തരച്ചത് ആണെങ്കിൽ കറിയിൽ എന്തെങ്കിലും വീണു കിടന്നാൽ പോലും കാണാൻ കിട്ടില്ല എന്ന ചിന്ത വന്നത് കൊണ്ട് ഞാൻ മുട്ടക്കറിക്ക് ഓർഡർ ചെയ്തു. 

 

എന്തൊക്കെ ആയിരുന്നു... നീളത്തിൽ ഇഞ്ചി, പച്ചമുളക്, കുറുകിയ തേങ്ങാപ്പാല്.... അവസാനം പണി തേങ്ങാപാലിൽ തന്നെ കിട്ടി !

 

 

പ്രിയ വായനക്കാരേ, ‌‌ഭക്ഷണത്തിന്റെ വില അറിഞ്ഞ നിമിഷം, നിങ്ങളെ വിസ്മയിപ്പിച്ച രൂചിക്കൂട്ട്, ഭക്ഷണം കഴിക്കാൻ പോയപ്പോളുണ്ടായ അമളി അങ്ങനെ രസകരമായ രുചി അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ രുചിക്കഥ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

 

Content Summary : Manorama Online Pachakam Ruchikadha Series - Binesh John Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com