ADVERTISEMENT

എന്തിനും ഏതിനും ഗൂഗിൾ മാപ്പിൽ തപ്പുന്ന ഇക്കാലത്ത് ഇഷ്ടഭക്ഷണം എവിടെ കിട്ടുമെന്നു ഗൂഗിൾ മാപ്പിനോടു ചോദിച്ചാൽ കുറ്റം പറയാൻ പറ്റുമോ? ദോശ തിന്നാൻ ആശയായപ്പോൾ ഗൂഗിൾ മാപ്പിൽ തപ്പി ഇറങ്ങിയ അനുഭവമാണ് ടിംറ്റോ രവീന്ദ്രൻ രുചിക്കഥയിൽ പങ്കുവയ്ക്കുന്നത്. 

 

കുവൈത്തിൽ ജോലി ചെയ്യുന്ന കാലത്ത് സഹമുറിയന്മാരുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ‘ദോശ’ ചർച്ചാവിഷയമായി. അങ്ങനെ നാലു പേരും ചേർന്ന് അന്ന് വൈകിട്ട് ദോശ തന്നെ കഴിക്കാൻ തീരുമാനിച്ചു. ‌‌‌അടുത്തൊരു സ്ഥിരം ഹോട്ടലിൽനിന്ന് ദോശ കഴിക്കാമെന്ന് പറയും മുൻപ് സഹമുറിയൻ പ്രഖ്യാപിച്ചു: ‌‘സ്ഥിരം ഹോട്ടലിൽനിന്നു വേണ്ട. അടുത്തൊരു തമിഴ് ഹോട്ടലുണ്ട്. നല്ല മസാല ദോശയും നെയ്‌റോസ്റ്റും കിട്ടും’

 

അത്ര ദൂരം പോണോ സഹോ... സ്ഥിരം ഹോട്ടലിൽനിന്നു പോരേ എന്ന് തിരക്കിയപ്പോൾ തമിഴ് ഹോട്ടിലിലെ ദോശയെക്കുറിച്ച് സഹമുറിയൻ വാചാലനായി: ‘ഒാഫിസിലെ ചില സഹപ്രവർത്തകർ അവിടെനിന്നു കഴിച്ചിട്ടുണ്ട്. നല്ല അഭിപ്രായമാണ്...’

 

ഇത് കേട്ടതും മനസ്സിൽ ദോശക്കല്ല് ചൂടായി. ഹോട്ടൽ എവിടെയാണെന്ന് അറിയാമോ എന്ന് ചോദിച്ചപ്പോൾ, അറിയാൻ എന്തിരിക്കുന്നു നമുക്ക് ഗൂഗിൽ മാപ്പ് നോക്കി നോക്കി പോകാം എന്നായിരുന്നു മറുപടി. സംഭവം സെറ്റ്. ഗൂഗിൽ മാപ്പിൽ‍ സഹമുറിയൻ ഒന്നാമൻ തിരക്കി. സെർച്ച് ഫലം വിശപ്പ് ആളിക്കത്തിച്ചു. സുമാർ രണ്ടു കിലോമീറ്ററിനുള്ളിൽ നമ്മൾ തേടിയ തമിഴ് ഹോട്ടലുണ്ട്.

 

നടന്ന് സ്ഥിരം ഹോട്ടലിന്റെ മുന്നിൽ എത്തിയപ്പോൾ ‘ഫീലിങ് പുച്ഛ’ ഭാവത്തിൽ പുറത്തേക്കു നോക്കി. അങ്ങനെ ഗൂഗിൽ മാപ്പിനെ കൂട്ട് പിടിച്ച് പുതിയ തമിഴ് ഹോട്ടലിൽ എത്തി. ഹോട്ടലിന്റെ പേരു വായിച്ചപ്പോൾത്തന്നെ ഞങ്ങൾക്ക് സന്തോഷമായി. ഞങ്ങളുടെ കൂട്ടുകാരൻ ‘കണ്ടാ കണ്ടാ’ എന്ന ഭാവത്തോടെ ഞങ്ങളെ നോക്കി.

 

ഹോട്ടലിൽ കയറി മസാല ദോശ ഓർഡർ ചെയ്തു. നല്ല വിശപ്പുണ്ടായിരുന്നതു കൊണ്ട് ഹോട്ടലിന്റെ അകത്തൊന്നും ഞങ്ങൾ കൂടുതൽ ശ്രദ്ധിച്ചില്ല. എങ്കിലും അകത്തുനിന്നു മലയാളത്തിൽ സംസാരിക്കുന്നതു പോലെ തോന്നി.

 

ഓ... മലയാളം സംസാരിച്ചാലും ശരി ദേ... ഇപ്പോൾ കിട്ടുമല്ലോ... നല്ല ചൂട് ദോശ !

 

പ്ലേറ്റിൽ ദോശ വന്നതും ചറ പറ സെൽഫി... ദോശയുടെ ചിത്രം വിത്ത് ചമ്മന്തി... വിത്തൗട്ട് ചമ്മതി...

 

Manorama Online Pachakam Ruchikadha Series - Timto Raveendran Memoir
ടിംറ്റോ രവീന്ദ്രൻ

എന്നാലിനി അറ്റാക്ക് എന്ന് അക്രോശിച്ച് ഒന്നാം സഹമുറിയൻ ദോശ വായിൽ വച്ചു.

 

രണ്ടാമനും മൂന്നാമനും ഞാനും ഒരുമിച്ച് ഒന്നാമനെ നോക്കി.

 

ഒന്നാം സഹമുറിയന്റെ മുഖത്ത് ‘ആകെ ശോകമായല്ലോ ദോശ’ എന്ന ഭാവം തെളിഞ്ഞ് കാണാം

 

ഞങ്ങളുടെ അനുഭവവും അതു തന്നെ. വളരെ മോശം ദോശ.

 

വിശപ്പും കൊടുത്ത കാശും ഒാർത്തപ്പോൾ ആ ദോശ ഒരുവിധം അകത്താക്കി വേഗം പുറത്തിറങ്ങി.

 

ഗൂഗിൾ മാപ്പ് നോക്കിയ കൂട്ടുകാരനെ ഞങ്ങൾ മൂന്നുപേരും കൂടി ദേഷ്യത്തോടെ നോക്കി.

 

കാശും പോയി വിശപ്പ് മാറിയുമില്ല.

 

ഞങ്ങളുടെ ദേഷ്യത്തോെടയുള്ള നോട്ടം കണ്ടപ്പോൾ കക്ഷി ദയനീയമായി പറഞ്ഞു : ‘‘എന്നോട് എന്തിനാ ദേഷ്യപ്പെടുന്നത്. ഭക്ഷണം കഴിച്ചിട്ടാണോ ഗൂഗിൾ മാപ്പ് വഴി പറഞ്ഞ് തരുന്നത്.’’

 

പ്രിയ വായനക്കാരേ, ‌‌ഭക്ഷണത്തിന്റെ വില അറിഞ്ഞ നിമിഷം, നിങ്ങളെ വിസ്മയിപ്പിച്ച രൂചിക്കൂട്ട്, ഭക്ഷണം കഴിക്കാൻ പോയപ്പോളുണ്ടായ അമളി അങ്ങനെ രസകരമായ രുചി അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ രുചിക്കഥ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

 

Content Summary : Manorama Online Pachakam Ruchikadha Series - Timto Raveendran Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com