ADVERTISEMENT

ദസറ ആഘോഷിക്കാൻ ഒരുങ്ങിക്കഴിഞ്ഞു മിക്ക ഇന്ത്യൻ സംസ്ഥാനങ്ങളും. ദസറ എന്നു കേട്ടാൽ നമ്മുടെ മനസ്സിൽ ആദ്യം തെളിയുന്നത് ദീപാലംകൃതമായ മൈസൂർ കൊട്ടാരമാണ്. പിന്നെ അതിമധുരം കിനിയുന്ന പലഹാരങ്ങളും. നമ്മുടെ രാജ്യത്തെ ഓരോ സംസ്ഥാനത്തും ഓരോ ആഘോഷവേളയേയും സവിശേഷമാക്കുന്ന ചില വിഭവങ്ങളുണ്ട്, നമ്മുടെ ഓണത്തിനുള്ള കായ വറുത്തതും ശർക്കരവരട്ടിയും പോലെ. ദസറക്കാലത്തെ മുംബൈക്ക് അത് ഫാഫ്‍ടാ ജിലേബിയാണ്. രാവണനു മേൽ ശ്രീരാമൻ നേടിയ വിജയത്തിന്റെ ഓർമ നൂറ്റാണ്ടുകളായി മഹാനഗരം ആഘോഷിക്കുന്നത് ഈ ഗുജറാത്തി പലഹാരത്തിന്റെ മധുരത്തിലലിഞ്ഞാണ്.

കണ്ടാൽ നമ്മുടെ മടക്കുസാൻ ഒന്നു മെലിഞ്ഞതു പോലെ തോന്നുമെങ്കിലും ആൾ ചില്ലറക്കാരനല്ല. 2020 ലെ ദസറക്കാലത്ത് മുംബൈ നഗരത്തിൽ മാത്രം വിറ്റു പോയത് 45 കോടി രൂപയുടെ ഫാഫ്ടാ ജിലേബിയാണ്! മുംബൈ ഏറ്റെടുത്തെങ്കിലും ഫാഫ്ടാ ജിലേബി ഗുജറാത്തിയാണ്. നവരാത്രിക്കാലത്ത് ഉപവാസത്തിനു ശേഷം ഗുജറാത്തികൾ കഴിക്കുന്ന വിഭവങ്ങളിലൊന്നാണിത്. പല ആരോഗ്യഗുണങ്ങളും ഇതിനുണ്ടെന്ന് അവർ വാദിക്കുകയും ചെയ്യുന്നു.

മുംബൈയിൽ ഫാഫ്ടാ ജിലേബി ദസറയുടെ അവിഭാജ്യ ഘടകമാണ്. ദസറയുടെ അന്ന് പുലർച്ചെ മുതൽ പലഹാരക്കടകൾക്കു മുൻപിൽ ഈ ജിലേബിക്കായുള്ള നീണ്ട ക്യൂ കാണാം. ഫെഡറേഷൻ ഓഫ് സ്വീറ്റ് ആൻഡ് നാംകിൻ മാനുഫാക്ചേഴ്സ് ഡയറക്ടർ ഫിറോസ് നഖ്‌വി വെളിപ്പെടുത്തുന്നത് 2020 ലെ ദസറ ദിനത്തിൽ മുംബൈ നഗരവാസികൾ ഏതാണ്ട് 45 കോടി രൂപയുടെ ഫാഫ്ടാ ജിലേബി കഴിച്ചു എന്നാണ്. കോവിഡ് മഹാമാരി കത്തിനിന്ന 2020 ൽ മുൻവർഷത്തേക്കാൾ ഉയർന്ന അളവിലാണ് ഈ ജിലേബി വിറ്റു പോയത്!

ഫാഫ്ടാ ജിലേബിയുടെ കഥ കേട്ട് നാവിൽ വെള്ളമൂറുന്നോ? എന്നാൽ മുംബൈ മഹാനഗരത്തിൽ ഏറ്റവും രുചികരമായ രീതിയിൽ ഈ ജിലേബി വിളമ്പുന്ന അഞ്ചിടങ്ങൾ പരിചയപ്പെടുത്താം !

1) ഖണ്ടോയ് രജനിഭായ് മോർബിവാല
മബംബൈയിൽ ഗുജറാത്തികൾ ഏറ്റവും കൂടുതൽ വസിക്കുന്ന ഘാട്കോപ്പറിൽ ഫാഫ്ടാ ജിലേബിക്കൊപ്പം ആളുകൾ ഓർത്തിരിക്കുന്ന ഒരു പേരാണ് മോർബി വാലായുടേത്. ഘാട്കോപ്പറിൽത്തന്നെ തിലക് റോഡ് , 90 ഫീറ്റ് റോഡ്, ഗിർഗാവോൺ ഗൈവാദി തുടങ്ങിയ ഭാഗങ്ങളിൽ ഇവരുടെ കടകൾ ഉണ്ട്. ചൂട് ഫാഫ്ടാ ജിലേബിക്കു പുറമേ ഉയർന്ന ഗുണമേന്മയുള്ള ഡ്രൈ ഫ്രൂട്ട്സും റോസാപ്പൂ ഇതൾ ജിലേബിയും ഇവരുടെ പ്രത്യേകതകളാണ്.

2) മുംബൈദേവി ജലേബീവാല
കറുമുറേ പാപ്ടിക്കൊപ്പം ചൂട് ജിലേബി തിന്നാൻ ആഗ്രഹമുണ്ടോ?... എന്നാൽ ഈ കട നിങ്ങൾക്കുള്ളതാണ്. വർഷങ്ങളായി മുംബൈ നിവാസികളുടെ ആദ്യ ജിലേബി ചോയിസുകളിൽ ഒന്നാണ് ഈ ഷോപ്പ്. നമ്മുടെ കൺമുമ്പിൽത്തന്നെ ജിലേബി ഉണ്ടാക്കുന്നു എന്നതാണ് ഇവരുടെ പ്രത്യേകത. ബോറിവ്‌ലി, ഖണ്ടിവാലി, താനെ എന്നിവിടങ്ങളിൽ ഇവർക്ക് കടകൾ ഉണ്ട്.

3) ജദേശ്വർ സ്വീറ്റ്സ് ആൻഡ് ഫർസാൻ
ദഹിസർ, ബോറിവ്‌ലി നിവാസികളുടെ രുചി ഭേദങ്ങളെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി മാറ്റിമറിച്ച കടയാണ് ഇത്. ബോറിവ്‌ലിയിലെ അവധുത് നഗർ, ദഹിസർ, ജമ്പ്ളി ഗല്ലി എന്നിവിടങ്ങളിലെ ഇവരുടെ കടകൾക്ക് മുൻപിൽ ഫാഫ്ടാ ജിലേബിക്കായി നീണ്ട ക്യൂ തന്നെ കാണാം. ചൂട് സമൂസ, നൈലോൺ ഫാഫ്ടാ എന്നിവയും ഇവരുടെ മാത്രം പ്രത്യേകതകളാണ്.

4) പുരുഷോത്തം ഖണ്ടോയ് ഹരിഭായ് ദാമോദർ മിഠായിവാല
രുചി, ഗുണമേന്മ എന്നിവയിൽ തലമുറകളായി പുലർത്തുന്ന സ്ഥിരതയാണ് ഇവരുടെ പ്രത്യേകത. വാൾകേശ്വർ, ബോറിവ്‌ലി, മധുങ്ക, ഘാട്കോപ്പർ, സാന്റാക്രൂസ് എന്നിവിടങ്ങളിലാണ് ഇവരുടെ ഔട്ട്‌ലെറ്റുകൾ ഉള്ളത്. ജിലേബിക്ക് പുറമേ ഡ്രൈഫ്രൂട്ട്സ്, മധുരപലഹാരങ്ങൾ, ചെറുകടികൾ എന്നിവയ്ക്കും ഇവർ പ്രശസ്തരാണ്. തങ്ങളുടെ പ്രത്യേക പാക്കിങ് ബോക്സുകളിലൂടെ ഉപഭോക്താക്കളുടെ ഇഷ്ടം പിടിച്ചു പറ്റാനും ഇവർക്ക് കഴിഞ്ഞിട്ടുണ്ട്.

5) മിഷ്ൻതാൻ കൾച്ചർ
പലഹാരങ്ങളുടെ മൊത്ത വിപണിയിൽ തങ്ങളുടേതായ മുദ്ര പതിപ്പിച്ചതിനു ശേഷം മിഷ്താൻ കൾച്ചർ മീരാ റോഡിലും ഗോറിഗാവോണിലും ഔട്ട്‌ലെറ്റുകൾ തുറന്നിട്ടുണ്ട്. ശുദ്ധമായ നെയ്യ്, കുങ്കുമപ്പൂവ് എന്നിവ കൊണ്ട് തയ്യാറാക്കുന്ന ഏതാണ്ട് 3000 കിലോയിലേറെ ജിലേബിയാണ് ഓരോ ദസറക്കാലത്ത് ഇവർ വിറ്റഴിക്കുന്നത്.

Content Summary : : Dussehra Celebration, Mumbaikars ate fafda jalebi worth rupees 45 crore!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com