ADVERTISEMENT

സ്വന്തം വീട്ടിലെ ഭക്ഷണത്തിന്റെ വില അറിയണമെങ്കിൽ കുറച്ച് നാൾ പ്രവാസിയായി ജീവിക്കണമെന്ന് തമാശയായി പലരും പറയാറുണ്ട്. അന്യനാട്ടിൽ ജോലി ചെയ്യാനും മറ്റും പോകുന്നവർ പെട്ടിയിൽ ഒരു അച്ചാർ കുപ്പിയെങ്കിലും കരുതുന്നതും നാട്ടിലേക്കു മടങ്ങുംമുമ്പ് വീട്ടിലൊരുക്കേണ്ട ഭക്ഷണത്തിന്റെ നീണ്ട ലിസ്റ്റ് അയയ്ക്കുന്നതും അതുകൊണ്ടാണ്. അങ്ങനെയൊരു അനുഭവം പങ്കുവയ്ക്കുകയാണ് രുചിക്കഥയിൽ ദേവി കൃഷ്ണ.

 

കുട്ടിക്കാലത്ത് ആഴ്ചയിൽ മൂന്ന് ഞായറാഴ്ചകൾ ഉണ്ടവണമേ എന്നായിരുന്നു എന്റെ പ്രാർഥന. ഞായറാഴ്ചകളിൽ അച്ഛൻ പാകം ചെയ്യുന്ന ചിക്കൻ കറിക്കു പ്രത്യേക രുചിയായിരുന്നു. രഹസ്യമായി മറ്റൊരു പ്രാർഥനയുമുണ്ടായിരുന്നു– ‘ദൈവമേ, ഇന്ന് വിരുന്നുകാർ ആരും വരല്ലേ.’ അച്ഛന്റെ സ്പെഷൽ ചിക്കൻ കറിക്ക്  ചോറുകലം പെട്ടെന്നു കാലിയാക്കാനുള്ള സിദ്ധിയുണ്ടായിരുന്നു. അമ്മരുചിയുടെ കാര്യം അങ്ങനെ മറക്കാൻ കഴിയുമോ? അമ്മയുടെ കയ്യിൽനിന്നു കിട്ടിയ ചില രഹസ്യ രൂചിക്കുട്ടുകൾ പിന്നിട് പ്രവാസിയായപ്പോൾ പാചകത്തിനു കൂട്ടായി.

 

അങ്ങനെ പാചകവും വാചകവും കൊണ്ട് ജീവിതം മൂൻപോട്ട് പോയപ്പോൾ കോവിഡ് എന്ന ഇത്തിരിക്കുഞ്ഞൻ വൈറസ് ജീവിതം പെട്ടെന്ന് ബ്രേക്കിട്ട് നിർത്തി. കോവിഡ് കാലം വന്നെത്തി. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം കോവിഡ് കേസുകൾ ഒന്നൊതുങ്ങിയപ്പോൾ നാട്ടിലേക്കു പോകാൻ മോഹം. മാനേജരോട് ജഗതി മോഡലിൽ മനസ്സിൽ മേരാ ജീവൻ ബഹുത് കഷ്ട് ഹേ മുതലാളി... എന്ന ലൈനിൽ അവധി ചോദിച്ചു. അങ്ങനെ ഒരു മാസം അവധി കിട്ടി നാട്ടിലേക്ക് പറന്നു.

 

നാട്ടിലേക്കു വിമാനം കയറുന്നത് മുൻപേ ഭക്ഷണത്തിന്റെ നീണ്ട ലിസ്റ്റ് കൊടുക്കാൻ മറന്നില്ല. പുട്ടു മുതൽ അച്ഛൻ സ്പെഷൽ ചിക്കൻ കറി വരെ. 

 

ruchikadha-series-devi-krishna-memoir-author-image
ദേവി കൃഷ്ണ

നാട്ടിൽ കാലുകുത്തിയതും ക്വാറന്റീനിൽ പോകണമല്ലോ. ഒന്നും രണ്ടും ദിവസമല്ല, 14 ദിവസം. മനസ്സിൽ ലഡു പൊട്ടി. 14 ദിവസം 28 ഇനം മെനു ! അതായത് രണ്ടു നേരവും വെറൈറ്റി മെനു. അങ്ങനെ വീട്ടിലെത്തി അച്ഛനെയും അമ്മയേയും ദൂരെ കണ്ടിട്ട് മുകളിലത്തെ മുറിയിൽ വിശ്രമം. ഇനി 14 ദിവസം മുറിയിൽത്തന്നെ ജീവിതം. 

 

ആദ്യ ദിനം തന്നെ വാട്സാപ്പിൽ നോട്ടിഫിക്കേഷൻ അമ്മയുടെ വക – ഭക്ഷണം റെഡി. വാതിൽ തുറന്ന് എടുത്ത് കഴിക്കൂ. നല്ല  ചൂട് കുത്തരി ചോറും വെളിച്ചെണ്ണയിൽ മൂപ്പിച്ചെടുത്ത പയർ മെഴുക്കു പുരട്ടിയും ചെമ്മീനും തേങ്ങാചമ്മന്തിയും. മഴ കാത്തിരിക്കുന്ന വേഴാമ്പൽ എന്നൊക്കെ പറയുന്നതിന്റെ ഫീൽ ആദ്യ ഉരുളയിൽത്തന്നെ അനുഭവിച്ചറിഞ്ഞു.

 

അങ്ങനെ ഒന്നും രണ്ടും ദിവസം ഇഷ്ട ഭക്ഷണം ആസ്വദിച്ച് കഴിച്ചും ഉറങ്ങിയും ജോളിയായി പോയി. മൂന്നാം ദിനം മുൻപിൽ ചൂടുചോറും അച്ഛന്റെ സ്പെഷൻ ചിക്കൻ കറിയും ! നല്ല കുറുകിയ ചിക്കൻ കറിയുടെ ചാറിൽ മുക്കി ആദ്യ ഉരുള വായിൽ വച്ചതും എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. എന്റെ രുചിയും മണവും പോയിരിക്കുന്നു! ചുരുക്കി പറഞ്ഞാൽ എന്തു കഴിച്ചാലും ഒരു പോലെ. എനിക്കും കോവിഡ് പിടിച്ചിരിക്കുന്നു. ഇഷ്ട ഭക്ഷണം കഴിക്കാൻ കിട്ടിയ  സമയത്ത് തന്നെ പണി കിട്ടി. എനിക്ക് ആകെ വിഷമം തോന്നി.

 

കോവിഡ് നെഗറ്റീവായിക്കഴിഞ്ഞിട്ടും ആരോഗ്യം വീണ്ടെടുക്കാൻ കുറേ സമയം വേണ്ടി വന്നു. രുചിയുടെ വിലയറിയിച്ച മഹാമാരിയേ... നിനക്ക് നന്ദി.

 

പ്രിയ വായനക്കാരേ, ‌‌ഭക്ഷണത്തിന്റെ വില അറിഞ്ഞ നിമിഷം, നിങ്ങളെ വിസ്മയിപ്പിച്ച രൂചിക്കൂട്ട്, ഭക്ഷണം കഴിക്കാൻ പോയപ്പോളുണ്ടായ അമളി അങ്ങനെ രസകരമായ രുചി അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ രുചിക്കഥ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

 

Content Summary : Pachakam Ruchikadha Series - Devi Krishna Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com