ADVERTISEMENT

ഏതു രാജ്യത്തു ചെന്നാലും ചില പഴങ്ങൾക്കു നമ്മുടെ നാട്ടിലെ പഴങ്ങളുമായി സാമ്യമുണ്ടാകും. അങ്ങനെ തെറ്റിദ്ധരിച്ചു വാങ്ങുന്നവ ചിലപ്പോൾ തലവേദനയുമാകും. അങ്ങനെയൊരു അനുഭവം രുചിക്കഥയിൽ പങ്കുവയ്ക്കുകയാണ് ദുബായിൽനിന്ന് സി.പി. ഇർഫാനാ.

 

പേര് കേട്ടപ്പോൾ കൗതുകം തോന്നിയതു കൊണ്ടുമാത്രമല്ല സൂപ്പർ മാർക്കറ്റിൽ പോയപ്പോൾ ‘ദുരിയൻ’ ഫലത്തിന്റെ കൗണ്ടറിനു മുൻപിൽ നിന്നത്. കാഴ്ചയിൽ നമ്മുടെ ചക്കയോട് നല്ല സാമ്യമുള്ളതു കൊണ്ടും കൂടിയാണ്. തായ്‌ലൻഡ്, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചിട്ടുള്ളവരാണെങ്കിൽ തീർച്ചയായും ‘ദുരിയൻ’ പഴം ഒരു പ്രാവശ്യമെങ്കിലും കണ്ടിട്ടുണ്ടാകും. ഇന്റർനെറ്റിൽ തപ്പിയാൽ 'The World's Smelliest Fruit' എന്ന വിവരണത്തോടെ പേജുകളിൽ നിറയും.

 

Manorama Online Pachakam Ruchikadha Series - C. P. Irfana Memoir
സി.പി. ഇർഫാനാ

വാങ്ങണോ വേണ്ടയോ എന്ന് ഒരുപാട് ആലോചിച്ച ശേഷം ഏതായാലും പരീക്ഷിക്കാമെന്ന് കരുതി ഞങ്ങളും വാങ്ങി ഒരെണ്ണം. പല ആൾക്കാരും ഞങ്ങളെ പോലെ തന്നെ ആ പഴവും നോക്കി നിൽക്കുന്നുണ്ടായിരുന്നു. കൂർത്ത്‌, ബലമുള്ള മുള്ളുകളോടു കൂടിയ ഫലം. വളരെ സൂക്ഷിച്ചു വേണം പിടിക്കാൻ. സൗത്ത് ഈസ്റ്റ്‌ ഏഷ്യൻ രാജ്യങ്ങളിൽ ഇതു നല്ല കട്ടിയുള്ള കയ്യുറകൾ ഉപയോഗിച്ചാണ് പിടിക്കുന്നതെന്ന് ഗൂഗിളിൽ കാണുകയും ചെയ്തു. വീട്ടിൽ കൊണ്ടു വന്ന ശേഷം നല്ലൊരു സമയം നോക്കി ഞങ്ങൾ ദുരിയൻ മുറിച്ചു. വിവരിക്കാൻ പറ്റാത്ത തരത്തിലുള്ള മണമായിരുന്നു മുറിയിൽ നിറഞ്ഞത്. കൗതുകത്തിന് വാങ്ങിയത് ശരിക്കും തലവേദനയായി. മണം മുറിയാകെ നിറഞ്ഞപ്പോൾ രുചിച്ചു നോക്കാനും തോന്നിയില്ല, വീട്ടിൽ എല്ലാവരും ‘ദുരിയനെ’ കൈവിട്ടു. അങ്ങനെ ആഘോഷിച്ച് കൊണ്ടു വന്ന പാവം ദുരിയൻ നേരെ വേസ്റ്റിലേക്കു പോയി.

 

സമയം കഴിയും തോറും മണത്തിന്റെ തീവ്രത കൂടി വരുന്നു. ഹൗസ് കീപ്പിങ്ങ് സ്റ്റാഫ് വന്നു ദുരിയനെ വീട്ടിൽനിന്നു കൊണ്ടു പോയതോടെയാണ് ആശ്വാസമായത്. ഒരിക്കൽ ദുരിയന്റെ മണം അറിഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ ജീവിതത്തിൽ മറക്കില്ല. സിംഗപ്പൂരിൽ ടാക്സിയിലൊന്നും ദുരിയനെ കൊണ്ടുപോകാൻ അനുവദിക്കില്ല. ഇങ്ങനെയൊക്കെയാണെങ്കിലും ദുരിയന്റെ രുചിയും മണവും ഇഷ്ടപ്പെടുന്നവർ ഒരുപാടുണ്ട്. മലേഷ്യയിലും സിംഗപ്പൂരിലും ദുരിയൻ മാത്രം ലഭിക്കുന്ന കടകളുണ്ട്. കൈയിൽ മണം പിടിക്കാതിരിക്കാൻ കയ്യുറ ധരിച്ചാണ് ദുരിയൻ കഴിക്കുന്നത്. ദുരിയന് പല ഒൗഷധഗുണങ്ങളുണ്ടെന്നാണ്  പറയുന്നത്. ചൈനക്കാർ ദുരിയൻ പഴത്തിനെ വിശേഷിപ്പിക്കുന്നത് ‘പഴങ്ങളുടെ രാജാവ്’ എന്നാണ്.  ഇത് വായിക്കുമ്പോൾ, ഇത്ര കഷ്ടപ്പെട്ട് എന്തിനു ദുരിയൻ വാങ്ങാൻ പോയി എന്ന് ചിലർക്കെങ്കിലും തോന്നിയാൽ എനിക്ക് ഒറ്റ ഉത്തരമേയൂള്ളൂ – ഒരു 'ദുരിയൻ' അപാരത.

 

പ്രിയ വായനക്കാരേ, ‌‌ഭക്ഷണത്തിന്റെ വില അറിഞ്ഞ നിമിഷം, നിങ്ങളെ വിസ്മയിപ്പിച്ച രൂചിക്കൂട്ട്, ഭക്ഷണം കഴിക്കാൻ പോയപ്പോളുണ്ടായ അമളി അങ്ങനെ രസകരമായ രുചി അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ രുചിക്കഥ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

 

Content Summary : Manorama Online Pachakam Ruchikadha Series - C. P. Irfana Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com