ADVERTISEMENT

"ഇതെന്ത് മറിമായം,
എനിക്ക് പ്രാന്തായി  പോയതാണോ,
അതോ നാട്ടുകാർക്ക് മൊത്തം പ്രാന്തായോ " മായാവി എന്ന ചിത്രത്തിൽ സലിംകുമാർ അവതരിപ്പിച്ച സ്രാങ്ക് എന്ന കഥാപാത്രത്തിന്റെ ഡയലോഗാണിത്.

ഭക്ഷണസാധനങ്ങൾക്ക്  സംസാരിക്കാൻ കഴിയുമായിരുന്നു എന്നു  കരുതുക, എങ്കിൽ രുചി കൊണ്ട് പണ്ടേ തന്നെ ഫൂഡികളുടെ മനസ്സിൽ  ഇടംപിടിച്ച ഒരു കുഞ്ഞൻ മോൺസ്റ്റർ കുക്കിയും ഇപ്പോൾ ഇതേ ഡയലോഗ്  പറഞ്ഞേനെ..! വൈശാഖിന്റെ സംവിധാനത്തിൽ കഴിഞ്ഞദിവസം പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം മോൺസ്റ്റർ സമൂഹമാധ്യമങ്ങളിലും ചാനലുകളിലും വലിയ തോതിലുള്ള ചർച്ചകൾക്കു വഴി തുറന്നിരിക്കുകയാണ്. ലാലേട്ടന്റെ തിരിച്ചുവരവ് എന്ന് ചിലരൊക്കെ അവകാശപ്പെടുമ്പോൾ മറ്റു ചിലരാകട്ടെ പടം അത്ര പോരാ എന്ന അഭിപ്രായക്കാരാണ്.

സിനിമ നല്ലതോ  ചീത്തയോ ആകട്ടെ, എന്തായാലും മോൺസ്റ്റർ എന്ന സിനിമപ്പേരിൽ കോളടിച്ചത് അതേ വാക്കിൽ പേര്  തുടങ്ങുന്ന മോൺസ്റ്റർ കുക്കി എന്ന ഭക്ഷ്യവിഭവത്തിനാണ്.

സമൂഹമാധ്യമങ്ങളിൽ എന്തെങ്കിലും ഒരു പ്രത്യേക വിഷയത്തെപ്പറ്റിയുള്ള അപ്ഡേറ്റുകൾ ലഭിക്കാൻ സാധാരണ എല്ലാവരും പിന്തുടരുന്ന വഴിയാണ് ഹാഷ് ടാഗുകൾ  ഉപയോഗിച്ചുള്ള അന്വേഷണം.

 ലാലേട്ടന്റെ പുതിയ ചിത്രം റിലീസ് ആകുമ്പോൾ സ്വാഭാവികമായും അദ്ദേഹത്തിന്റെ ആരാധകർ ആ സിനിമയുടെ പേര് ഹാഷ്ടാഗാക്കി ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പരതുന്നതു സ്വാഭാവികമാണ്.

എന്നാൽ #monster എന്ന പേര് വഴി തെറ്റി  #monstercookie യിൽ എത്തിയാൽ! സിനിമയുടെ റിവ്യൂ, കളക്ഷൻ എന്നിവയെപ്പറ്റി അറിയാനായി പരത്തിയ പലരും  ഈ കുക്കികളുടെ ഫോട്ടോ കണ്ട് ആദ്യം ഒന്ന് ഞെട്ടിയെങ്കിലും, പുതിയൊരു വിഭവം  പരിചയപ്പെടാൻ സാധിച്ച സന്തോഷത്തിലാണ്. വേറെ ചിലരാകട്ടെ വീടുകളിൽ അത് പരീക്ഷിച്ചു നോക്കുമെന്ന തീരുമാനത്തിലും.

സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ മോൺസ്റ്റർ കുക്കികൾക്കായി പലരും തിരച്ചിൽ ആരംഭിച്ചു കഴിഞ്ഞു.

എന്താണ് മോൺസ്റ്റർ കുക്കി?

തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷ്യവിഭവങ്ങളിൽ ഒന്ന് എന്നാണ് അമേരിക്കൻ വൈസ് പ്രസിഡന്റ്‌  കമലഹാരിസ്  മോൺസ്റ്റർ കുക്കിയെ  വിശേഷിപ്പിക്കുന്നത്. പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പു കാലത്ത് കമലഹാരിസിന്‍റെ പേരിൽ ഏറെ പ്രശസ്തമായ ഒരു യൂട്യൂബ് വിഡിയോയിൽ, ഒരു ഹൈസ്കൂൾ വിദ്യാർഥിനിയുടെ വീട്ടിലേക്ക് കമലാഹാരിസ് ചെല്ലുന്നതും രണ്ടു പേരും ചേർന്നു മോൺസ്റ്റർ കുക്കി തയാറാക്കുന്നതും കാണാം.

ഉള്ളതു പറഞ്ഞാൽ പേരിൽ മാത്രമേ ഈ ഭീകരതയൊക്കെ ഉള്ളൂ, വളരെ കുറച്ചു ചേരുവകൾകൊണ്ടു തയാറാക്കാവുന്ന രുചിക്കൂട്ട്. പീനട്ട് ബട്ടർ, ചോക്ലേറ്റ്ചിപ്സ്, ഓട്സ്  തുടങ്ങിയവ കൊണ്ടാണ് ഈ കുക്കി തയാറാക്കുന്നത്. ആവശ്യമായ അളവിൽ ഇവ ഓരോന്നും ചേർത്തു യോജിപ്പിച്ച ശേഷം അവ്നിൽ ബേക്ക് ചെയ്ത് എടുക്കും.

ബേക്ക് ചെയ്തു കഴിയുമ്പോൾ, ഫന്റാസ്റ്റിക് ഫോർ പരമ്പരയിലെ  ബെൻ ഗ്രിമ്മിന്റെ ലുക്ക്‌ വരുന്ന കൊണ്ടാണോ അതോ നിറയെ ഫില്ലിംഗ് നൽകുന്ന  പഫി ലുക്ക്‌ ആണോ ഇവയ്ക്ക് ഈ പേര് സമ്മാനിച്ചതെന്ന് അറിയില്ല.!

എന്തായാലും ചെറു ചൂടോടെ വിളമ്പുന്ന ഈ കുക്കികൾക്ക് ആരാധകർ ഏറെയാണ്. ഹാലോവീൻ പാർട്ടികളിൽ,  തീമിന് അനുസരിച്ചു  പ്രത്യേകം അലങ്കരിച്ച  മോൺസ്റ്റർ കുക്കികൾ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്..!

Content Summary : Thick and Chewy Monster Cookies are loaded with peanut butter, oats, M&Ms and chocolate chips. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com