ADVERTISEMENT

മധുരത്തിനു നല്ലത് പഞ്ചസാരയോ ശർക്കരയോ? ഏറെക്കാലമായി ഭക്ഷണപ്രേമികളും ആരോഗ്യവിദഗ്ധരുമൊക്കെ ഇക്കാര്യത്തിൽ ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. കരിമ്പുനീര് സംസ്കരിച്ച്് ഉൽപാദിപ്പിക്കുന്ന മധുരമാണ് പഞ്ചസാര. അസംസ്കൃത കരിമ്പുനീരിൽനിന്നാണ് ശർക്കരയുണ്ടാക്കുന്നത്.

 

പഞ്ചസാര ഇത്ര കൊടുംഭീകരനാണോ?

ജീവകോശങ്ങളെപ്പോലും ക്ഷീണിപ്പിക്കാൻ കഴിവുണ്ട് പഞ്ചസാരയ്ക്ക്. കോശത്തിനുള്ളിൽ കടന്ന് ഡിഎൻഎയെ ദുർബലമാക്കും. ഇത് കോശങ്ങളുടെ അകാല വാർധക്യത്തിന് വഴിയൊരുക്കും.  കോശങ്ങളുടെ വിഘടനത്തെപ്പോലും തടസപ്പെടുത്തി ശരീരത്തിന്റെ വളർച്ചയും വികാസവും മന്ദഗതിയിലാക്കുന്ന അത്രയും ഭീകരനാണ് അമിതമധുരം എന്ന യാഥാർഥ്യം.

 

എന്നാൽ ഇതിൽ ഏതാണു നല്ലത് എന്ന മട്ടിലുള്ള ചോദ്യങ്ങൾക്ക്, ‘ശർക്കരയോ പഞ്ചസാരയോ’ എന്ന തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ മറുപടി നൽകുകയാണ് സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റ് റുജുത ദിവേകർ.

മധുരത്തിനായി പഞ്ചസാരയോ ശർക്കരയോ തിരഞ്ഞെടുക്കുമ്പോൾ ഏറെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അവർ പറയുന്നു. ശൈത്യകാലത്തു ശർക്കരയാണ് നല്ലത്. ബജ്ര റൊട്ടി, തിൽ കാ ലഡ്ഡു എന്നിവ ഉണ്ടെങ്കിൽ പ്രത്യേകിച്ചും. എന്നാൽ വേനൽകാലത്ത് സർബത്ത് പോലുള്ള പാനീയങ്ങളുടെ ഉപഭോഗം കൂടാൻ സാധ്യത ഉള്ളതിനാൽ പഞ്ചസാരയാണ് നല്ലതെന്നും റുജുത പറയുന്നു.

 

ദിവസേന കഴിക്കുന്ന പഞ്ചസാരയ്ക്ക് പകരം ശർക്കര ഉൾപ്പെടുത്തണോ എന്ന ചോദ്യത്തിന് അവർ നൽകുന്ന മറുപടി, പഞ്ചസാരയ്ക്ക് പകരം ശർക്കര പൂർണമായി ഉപയോഗിക്കാൻ കഴിയില്ല എന്നാണ്. എന്നാൽ വീട്ടിൽ തയാറാക്കുന്ന മധുര പലഹാരങ്ങളിൽനിന്നു പഞ്ചസാരയെ പൂർണമായി ഒഴിവാക്കാമെന്നും അവർ ഓർമിപ്പിക്കുന്നു. അത്തരം മധുരങ്ങളെ ഒരു ആഘോഷമായി കണ്ടുകൊണ്ട് മറ്റുള്ളവരുമായി പങ്കുവയ്ക്കണമെന്ന സ്‌നേഹപൂർവമായ നിർദേശവും റുജുത പങ്കുവയ്ക്കുന്നു .

 

പാക്കറ്റ് ഭക്ഷണ സാധനങ്ങൾ, സംസ്കരിച്ച ഉത്പന്നങ്ങൾ എന്നിവയിലെ മധുരമാണ് പാടേ ഒഴിവാക്കേണ്ടത്. എന്നാൽ സമീകൃത ആഹാരത്തിലെ പഞ്ചസാര ഒഴിവാക്കേണ്ടതില്ലെന്നും അവർ പറയുന്നു. കാലാവസ്ഥയ്ക്ക് അനുസരിച്ചു വീട്ടിൽ തയാറാക്കുന്ന മധുരവിഭവങ്ങൾ, ചായയിലും കാപ്പിയിലുമുള്ള മധുരം എന്നിവ കഴിക്കാമെന്നു റുജുത പറയുന്നു ഇത്തരം ശീലങ്ങൾ വഴി കുറഞ്ഞ ഭാരം, മികച്ച ചർമകാന്തി എന്നിവ സ്വന്തമാക്കാമെന്നും അവർ ഉറപ്പു നൽകുന്നു

 

പഞ്ചസാരയെപ്പറ്റി ഒരാശങ്ക നമ്മുടെ സമൂഹത്തിനുണ്ടെന്ന് റുജുത വിലയിരുത്തുന്നു. അതു മുതലെടുക്കാൻ ഭക്ഷ്യ വിപണന രംഗത്തെ സംരംഭങ്ങൾ ശ്രമിക്കാറുണ്ട്. പഞ്ചസാര ഉത്പാദിപ്പിക്കുന്ന അതേ കമ്പനികൾ തന്നെയാണ് ലോ ഷുഗർ പാക്കറ്റുകളും വിപണിയിൽ എത്തിക്കുന്നത്. ലോ ഷുഗർ ഐസ്ക്രീം, ലോ ഷുഗർ യോഗർട്ട് എന്നിവയുടെ വിപണതന്ത്രവും ഇത് തന്നെയാണ് എന്ന് റുജുത പറയുന്നു.


Content Summary : Jaggery is not a replacement for sugar.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com